രഹസ്യധാരണ ലംഘിച്ചത് രാംദേവിന്റെ വഞ്ചന -സര്‍ക്കാര്‍

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറുമായുള്ള രഹസ്യധാരണ ലംഘിച്ചത് രാംദേവ് ചെയ്ത വഞ്ചനയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വഞ്ചനയാണ് രാംലീല മൈതാനിയില്‍ പൊലീസ് നടപടിയിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
രാംദേവുമായുണ്ടാക്കിയ രഹസ്യ കരാര്‍ വളരെ ബോധപൂര്‍വമാണ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടതെന്ന് കേന്ദ്ര മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഒരു നിലക്കും വാക്കുപാലിക്കാന്‍ തയാറാകാതിരുന്ന രാംദേവിന് മേലുള്ള അവസാന സമ്മര്‍ദമെന്ന നിലയിലായിരുന്നു വെളിപ്പെടുത്തല്‍. അനുയായികള്‍ ഈ വിവരമറിഞ്ഞ ശേഷവും ഉപവാസവുമായി മുന്നോട്ടുപോകാന്‍ രാംദേവ് തീരുമാനിച്ചതിനാല്‍ പൊലീസ് നടപടി അനിവാര്യമാവുകയായിരുന്നു. പൊലീസ് നടപടികൊണ്ടാണ് തലസ്ഥാന നഗരി ക്രമസമാധാന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും സിബല്‍ അവകാശപ്പെട്ടു. യോഗ നടത്തുന്നവര്‍ അതുമായി നടന്നാല്‍ മതിയെന്നും രാഷ്ട്രീയം കളിക്കേണ്ടെന്നും രാംലീലയിലേത് ഭാവിയില്‍ എല്ലാവര്‍ക്കുമുള്ള പാഠമാണെന്നും കപില്‍ സിബല്‍ മുന്നറിയിപ്പ് നല്‍കി.
ഭരണഘടനാപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ന്യായീകരിച്ച കോണ്‍ഗ്രസ് സെക്രട്ടറി ദിഗ് വിജയ് സിങ് രാംദേവ് ചതിയനാണെന്ന് ആരോപിച്ചു. രാംദേവുമായുണ്ടാക്കിയ കരാര്‍ നിരന്തര ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണെന്ന് കേന്ദ്ര മന്ത്രി സുബോധ്കാന്ത് സഹായ് പറഞ്ഞു. സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയ ശേഷവും രാംദേവ് നുണ പറഞ്ഞ് ഉപവാസത്തില്‍ തുടര്‍ന്നതിനാല്‍ പൊലീസ് നടപടിയല്ലാതെ സര്‍ക്കാറിന് മുന്നില്‍ മാര്‍ഗങ്ങളില്ലായിരുന്നു. 5000 പേര്‍ക്ക് ഒരു മാസം യോഗ നടത്താനാണ് രാംദേവ് മൈതാനം വാടകക്കെടുത്തത്. എന്നിട്ടും 65,000 പേരുമായി ഒരു ദിവസം ഉപവാസം നടത്താന്‍ രഹസ്യധാരണ അനുസരിച്ച് അനുമതി നല്‍കി. ഒരു ദിവസം കഴിഞ്ഞ് ഉപവാസം അവസാനിപ്പിക്കാമെന്ന വാക്ക് പാലിക്കാതെ ബാബ വഞ്ചിച്ചുവെന്ന് സഹായിയും കുറ്റപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.