സി.പി.എമ്മില്‍ ഇനി ശിക്ഷയും പഠനവും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞതോടെ അംഗങ്ങള്‍ക്ക് ശിക്ഷയും പഠനവും നല്‍കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഒരുങ്ങുന്നു. വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടന്ന പരസ്യ പ്രകടനങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ ബ്രാഞ്ച് തലം മുതലുള്ള അംഗങ്ങള്‍ക്ക് പ്രത്യയശാസ്ത്ര വിദ്യാഭ്യാസം നല്‍കാനാണ് പഠന ക്ലാസുകള്‍ ആരംഭിക്കുന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശിക്ഷയുടെയും പഠനത്തിന്റെയും പരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നത്. സ്ഥാനാര്‍ഥിത്വ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനങ്ങളില്‍ 2006 ല്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതൃത്വം കൈക്കൊണ്ടിരുന്നത്. സംസ്ഥാനത്ത് പ്രത്യേകിച്ചും വടക്കന്‍ ജില്ലകളില്‍ വ്യാപകമായി പ്രകടനം നടന്നുവെങ്കിലും അതില്‍ പാര്‍ട്ടി അംഗങ്ങളുടെ പങ്ക് തുച്ഛമായിരുന്നുവെന്നായിരുന്നുവെന്നും കാസര്‍കോട്, നീലേശ്വരം ഭാഗങ്ങളിലാണ് അത്തരത്തില്‍ പ്രകടനം നടന്നതെന്നുമായിരുന്നു നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക വിശകലനം കഴിഞ്ഞതോടെ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് ആലോചന. 2006 ല്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ വ്യാപക അച്ചടക്ക നടപടി എടുത്തുവെങ്കില്‍ ഇത്തവണ അത് ചില ജില്ലകളില്‍ മാത്രമായി ചുരുക്കുമെന്ന സൂചനയാണുള്ളത്.
ഗ്രൂപ്പ് ഭേദമന്യേ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും തെരുവില്‍ ഇറങ്ങി നടത്തിയ പ്രകടനം നേതൃത്തെ ഞെട്ടിച്ചിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലകളിലാണ് ഇത്തവണ പ്രകടനം ഏറെയും നടന്നത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വി.എസ്. അച്യുതാനന്ദന്‍ ഒരു ഗ്രൂപ്പിനും നേതൃത്വം നല്‍കുന്നില്ലെന്നതിനാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം. എന്നാലും അച്ചടക്ക നടപടി എടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശമാവും നല്‍കുകയെന്നതിനാലാണ് നടപടിയിലേക്ക് തിരിയുന്നത്.   
അതേസമയം സി.പി.എം സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി എല്ലാ ജില്ലകളിലെയും കീഴ് ഘടകങ്ങള്‍ മുതലുള്ള പാര്‍ട്ടിയംഗങ്ങള്‍ക്ക് പ്രത്യയശാസ്ത്ര ബോധവത്കരണം നല്‍കുക ലക്ഷ്യമിട്ടാണ് പഠന ക്ലാസ് സംഘടിപ്പിക്കാന്‍ നേതൃത്വം ഒരുങ്ങുന്നത്. സി.പി.എം ഭരണഘടന, പാര്‍ട്ടി നയപരിപാടി മുതല്‍ വൈരുധ്യാത്മിക ഭൗതിക വാദം, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാവും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റിയംഗങ്ങള്‍ വരെയുള്ളവരെയാണ് ക്ലാസുകളില്‍ പങ്കെടുക്കാനായി നിര്‍േദശിച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയിലെ ക്ലാസുകള്‍ ജൂണ്‍ 15 മുതല്‍ ആരംഭിക്കും. രാജ്യത്ത് സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ പാര്‍ട്ടിയംഗങ്ങളില്‍ പാര്‍ട്ടി വിദ്യാഭ്യാസം കുറവാണെന്ന വിമര്‍ശം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇടക്കിടെ നല്‍കിയിരുന്ന ചെറിയ ഇടവേളകളിലെ ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസത്തെ ക്ലാസില്‍ പാര്‍ലമെന്ററി, സംഘടനാ  രംഗങ്ങളില്‍ പാര്‍ട്ടിയംഗങ്ങള്‍ പുലര്‍ത്തേണ്ട അച്ചടക്ക മര്യാദ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിശദമായ ബോധവത്കരണമാവും നടത്തുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.