തിരുവനന്തപുരം: 2011 ലെ എന്‍ജിനീയറിങ് റാങ്ക്‌ലിസ്റ്റ് തയാറാക്കുന്നതിന് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും യോഗ്യതാ പരീക്ഷയില്‍ (പ്ലസ് ടു/ തത്തുല്യം) ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കുന്നതിനാല്‍ യോഗ്യതാ പരീക്ഷാമാര്‍ക്ക് ഓണ്‍ലൈന്‍ വഴി അറിയിക്കണമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ അറിയിച്ചു. രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയില്‍ (പ്ലസ് ടു/ തത്തുല്യം) മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച ഗ്രേഡ്/ മാര്‍ക്കിനെ പ്രോസ്‌പെക്ടസ് ക്ലോസ് 9,7,4 (ബി)(II) പ്രകാരം നോര്‍മലൈസേഷന്‍ പ്രക്രിയക്ക് വിധേയമാക്കും. ഇപ്രകാരം നോര്‍മലൈസ് ചെയ്ത മാര്‍ക്കിനും എന്‍ജിനീയറിങ് പ്രവേശ പരീഷയുടെ രണ്ട് പേപ്പറിനും കൂടി ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കിയാണ് റാങ്ക്‌ലിസ്റ്റ് തയാറാക്കുക.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍, അവര്‍ക്ക് രണ്ടാംവര്‍ഷ യോഗ്യതാ പരീക്ഷയില്‍ (പ്ലസ് ടു/ തത്തുല്യം), മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ബയോടെക്‌നോളജി/ ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കേണ്ടതാണ്. ഇതിനായി ജൂണ്‍ ആറ് മുതല്‍ 15 വരെ വെബ്‌സൈറ്റ് ലഭ്യമാകും.
അപേക്ഷാര്‍ഥികള്‍ അവരവരുടെ അപേക്ഷാ നമ്പര്‍, റോള്‍ നമ്പര്‍, കീ നമ്പര്‍ എന്നിവ നല്‍കി ഒരു പാസ്‌വേഡ് സെറ്റ്‌ചെയ്ത് ഹോംപേജില്‍ കയറണം. യോഗ്യതാ പരീക്ഷ പാസായ ബോഡ്, വര്‍ഷം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇപ്രകാരം രേഖപ്പെടുത്തുമ്പോള്‍ ഈ വിദ്യാര്‍ഥിയുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ ഓഫിസില്‍ ലഭ്യമാണെങ്കില്‍ അതത് വിഷയത്തിന്റെ മാര്‍ക്കുകള്‍ സൈറ്റില്‍ തെളിയും. ഈ ഓഫിസില്‍ മാര്‍ക്കുവിവരം ലഭ്യമാക്കിയ ബോഡുകളിലെ മാര്‍ക്കുവിവരമാണ് ഇങ്ങനെ കാണാന്‍ കഴിയുന്നത്. ഇപ്രകാരം സൈറ്റില്‍ തന്നെ മാര്‍ക്ക് വിവരം ലഭ്യമാകുന്ന വിദ്യാര്‍ഥികള്‍ പുതുതായി മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതില്ല. മറിച്ച് സൈറ്റില്‍ ലഭ്യമായ മാര്‍ക്കുകള്‍ ശരിയാണോ എന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന്‌ശേഷം കണ്‍ഫേം ചെയ്യേണ്ടതാണ്. മാര്‍ക്‌സ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ ഓഫിസില്‍ ലഭ്യമല്ലാത്തപക്ഷം വിദ്യാര്‍ഥികള്‍ അവരവരുടെ ബോര്‍ഡ്, പാസായ വര്‍ഷം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം ഓരോ വിഷയത്തിനും ലഭിച്ച മാര്‍ക്കുകള്‍ വെബ്‌സൈറ്റില്‍ നിഷ്‌കര്‍ഷിക്കുന്നതുപോലെ രേഖപ്പെടുത്തി. കണ്‍ഫേം ചെയ്യേണ്ടതാണ്. കണ്‍ഫേം ചെയ്തശേഷം മാര്‍ക്ക് സബ്മിഷന്‍ ഡാറ്റയുടെ ഒരു പ്രിന്റൗട്ട് എടുക്കണം. ഈ പ്രിന്റൗട്ട് വിദ്യാര്‍ഥി സ്വയം സാക്ഷ്യപ്പെടുത്തി, പ്ലസ് ടു/തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് ഗസറ്റഡ് ഓഫിസര്‍ അറ്റസ്റ്റ് ചെയ്ത് പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫിസില്‍ 17 ന് വൈകുന്നേരം അഞ്ചിന് മുമ്പ് എത്തിക്കേണ്ടതാണ്.
മേല്‍പറഞ്ഞ പ്രകാരം വെബ്‌സൈറ്റില്‍കൂടി മാര്‍ക്കുകള്‍ രേഖപ്പെടുത്താത്തതും വിദ്യാര്‍ഥി സാക്ഷ്യപ്പെടുത്തിയ മാര്‍ക്‌സ് സബ്മിഷന്‍ ഡാറ്റയും യോഗ്യതാ പരീക്ഷയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും യഥാസമയം ഹാജരാക്കാത്ത വിദ്യാര്‍ഥികളെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതല്ല.
ഈ കാലയളവില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി കേരളത്തിലുടനീളം ഫെസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്‌ക്കുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറുകളായ 0471 2339101, 2339102, 2339103, 2339104 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.



നിങ്ങളുടെ അഭിപ്രായങ്ങള്‍