ഉറ്റവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയാല്‍ തിരിച്ചുവരുന്നതുവരെ ഉത്കണ്ഠയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണിന്ന് കേരളത്തിലെ കുടുംബങ്ങള്‍. കേരളത്തില്‍ റോഡപകടങ്ങളില്‍ മരണമടയുന്നവരുടെയും ഗുരുതരമായ പരിക്കുകള്‍ പറ്റുന്നവരുടെയും സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്.
റോഡപകടങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് -റോഡ് സുരക്ഷാ വാരാചരണം, ബോധവത്കരണ ക്ലാസ്, ലഘുലേഖകള്‍, മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പ്രത്യേകം പരിശോധനകള്‍ -അങ്ങനെ ഈയിനത്തില്‍ കോടികള്‍ ചെലവഴിച്ച് ഖജനാവ് കാലിയാക്കുന്ന ഒട്ടേറെ കലാപരിപാടികള്‍ മാസംേതാറും നടത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ, വാഹനാപകടങ്ങളില്‍ രക്തസാക്ഷിത്വം വരിക്കുന്നവരുടെയും ഗുരുതരമായി പരിക്കുപറ്റി 'ജീവിക്കുന്നതിലും ഭേദം മരിക്കുന്നതായിരുന്നു' എന്നു പറഞ്ഞ് വിധിയെ ശപിച്ച് ജീവിതം തള്ളിനീക്കുന്ന ഹതഭാഗ്യരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയല്ലാതെ കുറയുന്നില്ല. കേരളത്തേക്കാള്‍ ജനസാന്ദ്രതയേറിയതും വാഹനപ്പെരുപ്പവുമുള്ള നഗരങ്ങള്‍ വേറെയുണ്ട്. അവിടെയൊക്കെ അപകടനിരക്കും അതുവഴിയുള്ള മരണനിരക്കും ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഭരണാധികാരികള്‍ക്കും നിയമത്തിനും കഴിയുന്നു. എന്തുകൊണ്ട് ഇവിടെ സാധ്യമാകുന്നില്ല?
ഭരിക്കുന്ന സര്‍ക്കാര്‍ വാഹനാപകടങ്ങള്‍ കുറക്കുന്നതിനായി ക്രിയാത്മകമായി ഇടപെടുന്നില്ലെന്നു തന്നെവേണം കരുതാന്‍. കാരണം, ഒരുവന്‍ തന്റെ വാഹനം അതിവേഗത്തിലും അശ്രദ്ധമായും ഓടിച്ച് നിരപരാധിയായ വഴിപോക്കനെ ഇടിച്ചിട്ട് ഗുരുതരമായി പരിക്കുപറ്റുന്നതിന് ഇടവരുത്തിയാല്‍ കുറ്റവാളിക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ നമ്മുടെ ശിക്ഷാ നിയമമനുസരിച്ച് 2000 രൂപ പിഴയോ ആറുമാസം തടവോ മാത്രമാണ്. പരിക്കേറ്റയാള്‍ മരിച്ചാല്‍ ശിക്ഷ പരമാവധി 5000 രൂപ പിഴയോ രണ്ടുവര്‍ഷം തടവോ വരെയാകാം.
കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 35,000നും 40,000നും ഇടക്ക് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്രതന്നെ കേസുകള്‍ വിവിധ മജിസ്‌ട്രേറ്റ് കോടതികളില്‍ എത്തുന്നുവെന്നാണ് അര്‍ഥമാക്കേണ്ടത്. ഇതില്‍ ബഹുഭൂരിപക്ഷം കേസുകളിലും കുറ്റവാളി അഥവാ പ്രതി കുറ്റം സമ്മതിച്ച് പിഴയൊടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. കാരണം, പിഴ സംഖ്യയിലെ ലഘുത്വമാണ്. പ്രതി വിചാരണക്ക് വിധേയനായാലും ഭൂരിപക്ഷ കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതാണ് കാണുന്നത്. ഇത് തടയുന്നതായി ശിക്ഷാനിയമവും മോട്ടോര്‍ വാഹന നിയമവും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കുകയാണ് വേണ്ടത്. ഒരാള്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ശിക്ഷാനിയമം (ഐ.പി.സി) 279, 337 വകുപ്പുകള്‍ പ്രകാരം ഇപ്പോള്‍ നല്‍കിവരുന്ന 1500 രൂപ പിഴ ശിക്ഷക്കു പകരമായി 10,000 രൂപയും കഠിനമായ ദേഹോപദ്രവത്തിന് ഇടവരുത്തിയാല്‍ 279, 338 വകുപ്പുകള്‍ പ്രകാരം 2000 രൂപ പിഴ ശിക്ഷക്കു പകരം 25,000 രൂപയും മരണത്തിനുകൂടി ഇടവരുത്തിയാല്‍ 279, 338, 304 (എ) വകുപ്പുകള്‍ പ്രകാരം ഒരു ലക്ഷം രൂപയും പിഴയായി അടക്കേണ്ടി വന്നാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കുറച്ചൊക്കെ വീണ്ടുവിചാരം ഉണ്ടാകും. കൂടാതെ, മദ്യപിച്ചും മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവര്‍ നിരവധിയാണ്. നിലവില്‍ മദ്യപിച്ച് വാഹനം ഓടിച്ചാല്‍ മോട്ടോര്‍വാഹന നിയമം വകുപ്പ് 185 പ്രകാരം ആദ്യപാദത്തില്‍ 2000 രൂപ പിഴ ശിക്ഷയോ ആറു മാസം തടവോ മൂന്നു വര്‍ഷത്തിനിടയില്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവോ മാത്രമാണ് ലഭിക്കുക. മദ്യാസക്തിയില്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതിനിടയില്‍ ഒരുവനെ ഇടിച്ച് അവന്റെ നട്ടെല്ല് കൂടി ഒടിച്ചാലും രണ്ടായിരത്തിനുപുറമെ ശിക്ഷാനിയമപ്രകാരമുള്ള 2000 രൂപ കൂടി ചേര്‍ത്ത് പിഴയൊടുക്കിയാല്‍ മതി. സംഗതിയെത്ര എളുപ്പം. നട്ടെല്ല് പൊട്ടിയവന്‍ ജീവിതകാലം മുഴുവന്‍ കട്ടിലില്‍ തന്നെ കിടന്നാലും കുറ്റം ചെയ്തവന്‍ ഇത് അറിയുന്നുപോലും ഉണ്ടാവില്ല. സമീപകാലത്ത് രണ്ടു നിരപരാധികളായ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കുറ്റവാളി, മദ്യപിച്ച് വാഹനം ഓടിച്ച പൊലീസുകാരന്‍ ആയിരുന്നല്ലോ?
ഇന്ന് കേരളത്തില്‍ ഉണ്ടാവുന്ന വാഹനാപകടങ്ങളില്‍ നല്ലൊരു പങ്ക് മദ്യപിച്ചും മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചും വാഹനം ഓടിക്കുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്. ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ ഒരു ദയയും കാണിക്കാതെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുകയും 25,000 രൂപയില്‍ കുറയാത്ത പിഴ ശിക്ഷ ചുമത്തുകയും ചെയ്യേണ്ടതാണ്. മദ്യപിച്ച് വാഹനം ഓടിച്ചതുവഴി അപകടം വരുത്തി മറ്റൊരുവന് ദേഹോപദ്രവം ഉണ്ടാകുന്നതിനിടയായാല്‍ അപകടത്തിനിരയായവനുള്ള നഷ്ടപരിഹാര ബാധ്യത ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊടുക്കുന്നതിനുപുറമെ വാഹനം ഓടിച്ച കുറ്റവാളിയായ ഡ്രൈവറുടെ മേല്‍ വ്യക്തിപരമായി സാമ്പത്തിക ബാധ്യത വരുംവിധം വാഹനാപകട നഷ്ടപരിഹാര വ്യവസ്ഥയിലും ഭേദഗതി ആലോചിക്കാവുന്നതാണ്.
അഡ്വ. സന്തോഷ് നാരായണന്‍
വെണ്ണല, കൊച്ചി


നിങ്ങളുടെ അഭിപ്രായങ്ങള്‍