ബുഷിനോളം വരുമോ ബിന്‍ലാദിന്‍?

നിരപരാധികളെ കൊലക്കു കൊടുക്കുന്ന ഭീകരവാദവും തീവ്രവാദവും അടിച്ചമര്‍ത്തപ്പെടേണ്ട സാമൂഹിക വിപത്തെന്ന കാര്യത്തില്‍ സമാധാന കാംക്ഷികള്‍ക്ക് പക്ഷാന്തരമുണ്ടാവാനിടയില്ല. ഭീകരാക്രമണങ്ങളുടെ സൂത്രധാരനായി അറിയപ്പെടുന്ന ബിന്‍ലാദിന്‍ കൊല്ലപ്പെട്ടതില്‍ ദുഃഖിക്കുന്നവര്‍ ഏറെയുണ്ടാവാനുമിടയില്ല. ലാദിന്‍ വധിക്കപ്പെട്ട രീതിയില്‍ അയാളുടെ മൃതദേഹത്തോട് കാണിച്ച സമീപനത്തോടും അഭിപ്രായാന്തരം ഉണ്ടെന്നത് മറ്റൊരു കാര്യം.
എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ ബിന്‍ ലാദിനെയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും താരതമ്യ വിധേയമാക്കിയാല്‍ ബുഷിന്റെ കൊടും ക്രൂര ചെയ്തിക്ക് മുന്നില്‍ ബിന്‍ലാദിന്‍േറത് ഒന്നുമല്ലന്നേ നിഷ്പക്ഷമതികള്‍ പറയൂ.
 ഇറാഖിലെ സദ്ദാമിനെതിരെ കള്ളാരോപണം ചുമത്തി ലോക സമാധാനവാദി ചമഞ്ഞ്, 2003ല്‍ ഇറാഖിനെതിരെ ബുഷ് നടത്തിയ സൈനികാധിനിവേശം, 10 ലക്ഷത്തിലേറെ സാധാരണജനങ്ങളുടെ ജീവനല്ലേ നഷ്ടപ്പെടുത്തിയത്! ബിന്‍ലാദിനെ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനില്‍ മാത്രം ബുഷിന്റെ അമേരിക്ക ബോംബിട്ട് കൊന്നത് ഒരു ലക്ഷത്തിലധികം നിരപരാധികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മനുഷ്യമക്കളെ ആയിരുന്നു!
ഇറാഖിലെ ഉപരോധകാലത്ത് അഞ്ചു ലക്ഷം കുട്ടികളല്ലേ പോഷകാഹാരം ലഭിക്കാതെ മരണമടഞ്ഞത്! മധ്യപൂര്‍വ ദേശത്താകെയുള്ള എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തിക നിയന്ത്രണം കൈക്കലാക്കുകയെന്ന ദുഷ്ടലക്ഷ്യത്തിന് വേണ്ടി ജനലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന അമേരിക്കന്‍ ഭരണാധികാരികളുടെ മനുഷ്യക്കശാപ്പും നരഹത്യയും ബിന്‍ലാദിന്റെ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നല്ലേ പറയാനാവൂ.
അധികാരവും സൈനികശേഷിയും മാരകായുധങ്ങളും സ്വന്തമായുള്ള ഭരണാധികാരികളുടെ ഇത്തരം മനുഷ്യത്വരഹിത ഭീകരചെയ്തികള്‍, അതൊന്നുമില്ലാത്ത ബിന്‍ലാദിന്മാരുടെ വഴിവിട്ട ചെയ്തികളേക്കാള്‍ ഭീകരവും മാപ്പര്‍ഹിക്കാത്തതുമല്ലേ?
ബുഷുമാരും ഒബാമമാരും മറ്റു രാഷ്ട്രങ്ങളിലെ പാവപ്പെട്ട ജനങ്ങള്‍ക്കു നേരെ നടത്തുന്ന അധിനിവേശാക്രമണങ്ങള്‍ നിര്‍ത്താത്ത കാലത്തോളം പ്രതിപ്രവര്‍ത്തനത്തിന്റെ അപഥമേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബിന്‍ലാദിന്മാര്‍ 'ശക്തി' തെളിയിക്കുകയാവും ഫലം.
'അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ നിലനില്‍ക്കുമ്പോള്‍ ഭീകരതക്ക് അന്ത്യമുണ്ടാവാനിടയില്ല. ബിന്‍ലാദിന്മാര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടുകൊണ്ടു തന്നെയിരിക്കും.' (ദേശാഭിമാനി 3.5.11). ഡോ. കെ.എന്‍. പണിക്കരുടെ ഈ നിരീക്ഷണത്തിന് കാലികപ്രസക്തി ഏറെയാണ്.
റഹ്മാന്‍ മധുരക്കുഴി


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.