തിരുവനന്തപുരം: സാമൂഹികവനവത്കരണത്തിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഒന്നാം ക്ലാസ് മുതല്‍ നടപ്പാക്കുമെന്ന് വനം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.
അന്താരാഷ്ട്ര വനവര്‍ഷത്തിന്റെ ഭാഗമായി വനം വകുപ്പ് നടപ്പാക്കുന്ന സമഗ്രവൃക്ഷവത്കരണ പരിപാടിയുടെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് സരസ്വതിവിദ്യാലയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വാഭാവികവനം നേരിട്ടുകാണാനും അനുഭവിച്ചറിയാനും വിദ്യാലയങ്ങളിലെ നേച്ചര്‍ ക്ലബുകള്‍ക്ക് അവസരമൊരുക്കും.
വനം വെട്ടിവെളുപ്പിക്കാനും കൈയേറാനും അനുവദിക്കില്ല. അതേസമയം അതിന്റെ പേരില്‍ ആദിവാസികളെയും പട്ടികവര്‍ഗക്കാരെയും കൃഷിക്കാരെയും ഉപദ്രവിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുകയുമില്ല. തമിഴ്‌നാട്ടിലെ മുതുമലയില്‍ നഷ്ടമായ ചതുപ്പ് പുനരുജ്ജീവിപ്പിക്കാന്‍ എം.ജി.ആര്‍ സ്വീകരിച്ച മാതൃക അനുകരണീയമാണ്.
അത്തരത്തിലുള്ള ശ്രമങ്ങള്‍ നമ്മുടെ നാട്ടിലും നടപ്പാക്കും. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും മറ്റും തടയാന്‍ ജൈവവേലി നിര്‍മിക്കും. കുടുംബശ്രീയുടെയും ആദിവാസികളുടെയും സഹകരണത്തോടെയായിരിക്കും ജൈവവേലിയുടെ നിര്‍മാണം. വനമേഖല സംരക്ഷിക്കുന്നതിനുള്ള ഫെന്‍സിങ്ങിന് കേന്ദ്രസര്‍ക്കാറിന് പദ്ധതി സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മറയൂരിലെ ചന്ദക്കൊള്ള തടയുന്നതിന് സത്യസന്ധരായ ഉദ്യാഗസ്ഥരെ നിയമിക്കും. മുഴുവന്‍ വനമേഖലയും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളും. അതിന്റെ ആദ്യഭാഗമായി ഗവിയിലേക്കുള്ള ബസില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. ബോധവത്കരണത്തിനുശേഷം പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കവയിത്രി ബി.സുഗതകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി.പി.നായര്‍, കൗണ്‍സിലര്‍ റ്റി.കെ.ശ്രീലേഖ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ടി.എം.മനോഹരന്‍, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍പീറ്റര്‍, ഗ്രാമവികസന കമീഷണര്‍ എ.ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍