ഭീഷണിയായി ഡീസല്‍ വിലവര്‍ധന

ഓഹരി അവലോകനം

വ്യക്തമായ ദിശ കണ്ടെത്താന്‍ വിപണിക്ക് കഴിയാതെ പോയ ആഴ്ചയാണ് കടന്നുപോകുന്നത്. ഇടക്ക് കരകയറിയ വിപണികള്‍ വാരാവസാനത്തോടെ നഷ്ടത്തിലേക്ക് വഴുതുകയായിരുന്നു. ഈ ആഴ്ച ഡീസല്‍ വില വര്‍ധന സംബന്ധിച്ച നിര്‍ണായക യോഗം നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വിപണി മുള്‍മുനയിലായിരിക്കും.
വ്യാഴാഴ്ചയാണ് ഡീസല്‍ വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതി യോഗം ചേരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വില വര്‍ധന ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. വര്‍ധന എത്രയായിരിക്കുമെന്നത് മാത്രമാണ് അറിയാനുള്ളത്.
നിലവില്‍ ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ 18 രൂപയോളം പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ധന സബ്‌സിഡി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഡെമോക്ലസിന്റെ വാള്‍ പോലെ ഡീസല്‍ വില വര്‍ധന വിപണിക്ക് മേല്‍ തൂങ്ങി നില്‍ക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പോയവാരം പ്രകടമാവുകയും ചെയ്തു.
നിക്ഷേപകരില്‍ നല്ലൊരു പങ്ക് ലാഭമെടുത്ത് വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ തിരക്കിലായിരുന്നു പോയവാരം. പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നുമില്ല. ഇതേ തുടര്‍ന്ന് പോയവാരം ഭൂരിഭാഗം ദിവസങ്ങളിലും നിക്ഷേപങ്ങളുടെ തോത് വളരെ കുറവായിരുന്നു.
അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ചെറിയ തോതില്‍ നിക്ഷേപ താല്‍പര്യം പ്രകടമാക്കുകയും ചെയ്തു. ജൂണ്‍ 16ന് റിസര്‍വ് ബാങ്കിന്റെ വായ്പാ നയ അവലോകനവും വിപണി സസൂക്ഷ്മം വീക്ഷിക്കും. അതുകൊണ്ടുതന്നെ ഡീസല്‍ വില വര്‍ധനയുടെ പേരില്‍ വിപണി തിരുത്തലിലേക്ക് നീങ്ങിയാല്‍ കാര്യമായ വില്‍പന സമ്മര്‍ദം രൂപപ്പെട്ടേക്കും.
പോയവാരം തുടക്കത്തില്‍ നിക്ഷേപ താല്‍പര്യത്തില്‍ ഓഹരി വിപണി തിരിച്ചുവരവിന് ശ്രമം നടത്തിയ ശേഷമാണ് വില്‍പന സമ്മര്‍ദം ശക്തമായത്. ഈ തിരുത്തലോടെ വിപണി ശക്തമായ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങിയത്. അതേസമയം, വാരാവസാന തിരുത്തലോടെ സൂചികകള്‍ നിര്‍ണായക നിലവാരത്തില്‍ എത്തുകയും ചെയ്തു.
പോയവാരം 18,326.40ലാണ് ബോംബെ ഓഹരി വില സൂചിക ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഇനി 17,800 നിലവാരമാണ് സെന്‍സെക്‌സിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകം. ഈ നിലവാരത്തിലും താഴേക്ക് പോയാല്‍ വിപണി ശക്തമായ തിരുത്തലിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൂചിക 17,800ലും താഴേക്ക് നീങ്ങിയാല്‍ 16,600 വരെ താഴാം എന്ന് പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇതോടൊപ്പം വിദേശ വിപണികള്‍ ദുര്‍ബലമാകുന്നതും ഇന്ത്യന്‍ വിപണികള്‍ക്ക് ഭീഷണിയാണ്. പോയവാരം അമേരിക്കയിലെ വിപണികളില്‍ ഉള്‍പ്പെടെ ശക്തമായ ലാഭമെടുക്കല്‍ പ്രവണത പ്രകടമായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.