കൊച്ചി: സ്വര്‍ണത്തിന് പോയവാരം വില കൂടി. എന്നാല്‍, കറുത്ത പൊന്നിന് വിലയിടിഞ്ഞു. തേയിലക്കും വില കുറഞ്ഞു. റബര്‍, വെളിച്ചെണ്ണ വിലകള്‍ ഉയര്‍ന്നുനില്‍ക്കുന്നു.
ആഗോള വിപണികളിലെ വിലക്കയറ്റത്തിനൊപ്പം ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന് വില കൂടി നില്‍ക്കുന്നു. നിക്ഷേപത്തിന് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വാരാദ്യം ഗ്രാമിന് 2110 എന്നത് വാരാവസാനം 2105 രൂപയായി കുറഞ്ഞെങ്കിലും ഉയര്‍ന്ന വിലകളില്‍ തന്നെയാണ് സ്വര്‍ണനിരക്ക്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് താരതമ്യേന 15 ഡോളര്‍ കുറഞ്ഞിട്ടുണ്ട്. 1535 ഡോളറാണ് നിലവിലെ വില.
റബര്‍ വിപണിയില്‍ വില കുതിച്ചു. ആര്‍.എസ്.എസ് -4ന് വാരാദ്യം ക്വിന്റലിന് 21500 രൂപ ആയിരുന്നത് വാരാവസാനം 22700 രൂപയായി. മൊത്തം 1200 രൂപ വര്‍ധിച്ചു. ആര്‍.എസ്.എസ് -5നും വില കൂടി. മൊത്തം 900ഓളം രൂപ വര്‍ധിച്ച് ക്വിന്റലിന് 22400 രൂപയാണ് വില. ലോട്ടിന് കിലോക്ക് 100 രൂപ വര്‍ധിച്ചു. വരുംദിവസങ്ങളില്‍ വില കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
മഴ കനത്തതോടെ വെളിച്ചെണ്ണ വില ഉയര്‍ന്നു. ഇടക്കാലത്ത് അല്‍പ്പം കുറഞ്ഞെങ്കിലും വീണ്ടും ഉയരാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ സീസണ്‍ പൂര്‍ണ പ്രഭാവത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തില്‍ വില്‍പ്പന സമ്മര്‍ദമേറി. ഇതനുസരിച്ചാകും കേരളത്തില വില വ്യതിയാനം. വില കുറയാനാണ് സാധ്യത. അതുവരെ കുറച്ചുദിവസം ഇപ്പോഴത്തെ വില തുടരും. മഴയായതിനാല്‍ തമിഴ്‌നാട്ടിലും ചരക്ക് വെളിച്ചെണ്ണയാക്കി മാറ്റാന്‍ കഴിയുന്നില്ല. കേരളത്തില്‍ ചരക്ക് ഒട്ടുമില്ല. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കിട്ടിക്കൊണ്ടിരുന്ന കൊപ്രയുടെ 50 ശതമാനം പോലും ഇപ്പോഴില്ല. അതുകൊണ്ടുതന്നെ തമിഴ്‌നാട് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് കൂടുതലാണ്. വാരാദ്യം കിന്റലിന് 9900 ആയിരുന്നത് വാരാവസാനം 9950 ആയിട്ടുണ്ട്.
കര്‍ണാടകയുടെ വില്‍പ്പന സമ്മര്‍ദത്തില്‍ കേരളത്തില്‍ കുരുമുളകുവില ഇടിഞ്ഞു. പോയവാരം ഗാര്‍ബിള്‍ഡ് ഇനത്തില്‍ 400 രൂപയുടെ കുറവുണ്ടായി. വാരാദ്യം ക്വിന്റലിന് 28300 രൂപ ആയിരുന്നത് വാരാവസാനം 27900 ആയി.
അണ്‍ഗാള്‍ബിള്‍ഡിന് വാരാദ്യം 27500, വാരാവസാനം 27100. കേരളത്തെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ എവിടെയും ചരക്കെത്തിച്ച് നല്‍കാന്‍ കര്‍ണാടക തയാറാണെന്നതിനാല്‍ കേരളത്തിലെ കര്‍ഷകര്‍ വിഷമവൃത്തത്തിലാണ്. അന്താരാഷ്ട്ര വിപണിയിലും ഇതേ അവസ്ഥയാണ് തുടരുന്നത്. ഇന്ത്യന്‍ ഇനത്തിന് 6600 ഡോളര്‍ ഉള്ളപ്പോള്‍ ഇന്തോനേഷ്യന്‍ ഇനത്തിന് 6300-6400, വിയറ്റ്‌നാമിന് 6100, ബ്രസീലിന് 6300 എന്നിങ്ങനെയാണ് വില നിലവാരം. ഏറക്കുറെ ഇന്ത്യന്‍ ഇനം വിപണിയില്‍നിന്ന് പുറന്തള്ളപ്പെട്ടു.
ഇതിനിടെ, ആഗോള ആവശ്യകത വര്‍ധിക്കുന്നതിനാല്‍ കുരുമുളകുവില ജൂണ്‍ -ജൂലൈ മാസത്തില്‍ കിലോക്ക് 2,90,300 രൂപയിലെത്തുമെന്ന് ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. വിവിധ വിപണികളിലെ ലഭ്യതയും ആവശ്യവും വിലയിരുത്തിയാണ് ഈ പഠനം. മുന്‍ വര്‍ഷം ഇതേ മാസങ്ങളില്‍ കിലോക്ക് 100 -140 രൂപ നിലവാരമുണ്ടായിരുന്ന കുരുമുളകിന് ഇപ്പോള്‍ 250 രൂപയാണ് വില. വ്യാഴാഴ്ച കൊച്ചിയില്‍ പുതിയ കുരുമുളകിന് 265 രൂപയും അണ്‍ഗാര്‍ബിള്‍ഡിന് 270 രൂപയും ഗാര്‍ബിള്‍ഡിന് 278 രൂപയുമാണ് വില.
അവധി വില 290 രൂപയായി. വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ ഉല്‍പ്പാദക രാജ്യങ്ങളില്‍ വിളവ് കുറഞ്ഞതും ആഗോള ആവശ്യം വര്‍ധിച്ചുവരുന്നതുമാണ് കുരുമുളക് വിലയിലെ കുതിപ്പിന് കാരണം.
കര്‍ണാടകയില്‍ കുടക്, ചിക്മംഗലൂര്‍ മേഖലയിലാണ് കുരുമുളക് കൃഷി മുഖ്യമായും നടക്കുന്നത്. കാപ്പിച്ചെടികള്‍ക്കിടയില്‍ ഇടവിളയായാണ് അവിടെ കുരുമുളക് വളര്‍ത്തുന്നത്. ഇന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ കര്‍ണാടകയാണ് കുരുമുളക് ഉല്‍പ്പാദനത്തില്‍ മുന്നില്‍. മൊത്തം ഉല്‍പ്പാദനത്തിന്റെ 30 ശതമാനം അവരുടെ സംഭാവനയാണ്. കേരളത്തിലെ പ്രധാന കുരുമുളക് ഉല്‍പ്പാദന മേഖലകള്‍ വയനാട്, ഇടുക്കി ജില്ലകളാണ്.
ലോകത്തില്‍ കുരുമുളക് ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് വിയറ്റ്‌നാമാണ്. ഒരു ലക്ഷം ടണ്ണിലേറെയാണ് അവരുടെ ഉല്‍പ്പാദനമെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ സംഭാവന 45,000 -55,000 ടണ്ണിനിടയിലാണ്.
കയറ്റുമതിക്കാര്‍ ആവശ്യക്കാരായുണ്ടെങ്കിലും വില ഇനിയും ഇടിയുമെന്ന പ്രതീക്ഷയില്‍ വാങ്ങാനെത്തുന്നില്ല. ഇടനിലക്കാരാണ് വില കൂട്ടാന്‍ സമ്മര്‍ദം ചെലുത്തുന്നത്. 100 കോടി ചെലവില്‍ 3300 ടണ്‍ കുരുമുളക് ഇടനിലക്കാര്‍ വാങ്ങിവെച്ചിട്ടുണ്ട്. 300-400 രൂപയാകുമെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ശക്തരായ കയറ്റുമതി -ഇറക്കുമതി ലോബി വില കുറക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇനിയും കുറയാനാണ് സാധ്യത.
കര്‍ഷകരെ ആശങ്കപ്പെടുത്തുംവിധം ആഗോള വിപണിയില്‍ തേയിലക്ക് വില ഇടിഞ്ഞു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി കുറഞ്ഞതാണ് ഡിമാന്റും വിലയും കുറയാനിടയാക്കിയത്. കലാപം നടക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ തേയില വിപണി നിശ്ചലമാണ്.
ഇവിടങ്ങളിലേക്ക് തുടര്‍ച്ചയായ ഇറക്കുമതി നിലച്ചതോടെ കൊച്ചി വിപണിയിലെ കയറ്റുമതി ബുക്കിങ് കുറഞ്ഞിരുന്നു. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ലേലത്തില്‍ ഇലത്തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പൊടിത്തേയിലക്ക് ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതോടെ വില കുറഞ്ഞു.
പൊടിത്തേയിലയിലെ ഓര്‍ത്തഡോക്‌സിന് കിലോക്ക് രണ്ടു രൂപ കുറഞ്ഞു. സി.ടി.സി പൊടിത്തേയില കടുപ്പം കൂടിയ ഇനങ്ങള്‍ ഒഴികെ മറ്റെല്ലാ ഇനങ്ങള്‍ക്കും രണ്ടു രൂപ വിലക്കുറവിലാണ് ലേലം നടന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍