ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറുമായുണ്ടാക്കിയ രഹസ്യധാരണ ലംഘിച്ചതിന്റെ പേരില്‍ ദല്‍ഹിയില്‍ നിന്ന് നാടുകടത്തി ബാബ രാംദേവിനെ ഹരിദ്വാറിലെത്തിച്ചു. കേന്ദ്ര സര്‍ക്കാറുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച രാംദേവ് ഉപവാസ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. പാതിരാത്രിയില്‍ വന്‍ പൊലീസ് സന്നാഹത്തെ ഇറക്കി ബലപ്രയോഗത്തിലൂടെ ബാബ രാംദേവിനെയും അനുയായികളെയും പുറത്താക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ രാംലീലയിലെ ഉപവാസം അവസാനിപ്പിച്ചത്.
അര്‍ധരാത്രിയിലെ പൊലീസ് നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന കേന്ദ്ര മന്ത്രി പ്രണബ് മുഖര്‍ജി രാംദേവിന്റെ നിലപാടാണ് ഇതിലേക്ക് നയിച്ചതെന്ന് ന്യായീകരിച്ചു. ഉറപ്പ് ലംഘിച്ച് നടത്തിയ ഉപവാസത്തിനെതിരെയുള്ള പൊലീസ് നടപടി സര്‍ക്കാറും കോണ്‍ഗ്രസ് പാര്‍ട്ടിയും കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് കേന്ദ്ര മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
ദേശവ്യാപകമായി രോഷമുയര്‍ത്തിയ പാതിരാത്രിയിലെ പൊലീസ് അതിക്രമത്തിനെതിരെ ഈ മാസം എട്ടിന് ജന്തര്‍ മന്തറില്‍ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ പ്രഖ്യപിച്ചു. തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച രാംദേവ് സോണിയാ ഗാന്ധി ഇറ്റലിക്കാരിയായത് കൊണ്ടാണ് പാതിരാവില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ അതിക്രമത്തിന് പൊലീസിനെ അയച്ചതെന്ന് വിമര്‍ശിച്ചു.
രാംദേവ് അടക്കമുള്ള സമരക്കാര്‍ ഉറക്കത്തിലായ സമയത്താണ് അപ്രതീക്ഷിതമായ പൊലീസ് നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമരത്തിന് അന്ത്യം കുറിച്ചത്. പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നുമില്ലെന്ന് കരുതി രാംലീലയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും അന്നേരം ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ 1.10ന് മൈതാനിയില്‍ പ്രവേശിച്ച വന്‍ പൊലീസ് സന്നാഹത്തിന്റെ ബഹളത്തിനിടയില്‍ ഉണര്‍ന്നെണീറ്റവരോട് ഉപവാസത്തിനുള്ള അനുമതി പാതിരാത്രി 12 മണിയോടെ അവസാനിച്ചുവെന്നും നിരോധനാജ്ഞ നിലവില്‍ വന്നെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ മൈതാനം വിടാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബാബ അറിയിക്കാതെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് അനുയായികള്‍ വ്യക്തമാക്കി. ബലം പ്രയോഗിച്ച് പൊലീസ് വേദിയില്‍ കയറിയപ്പോഴേക്കും വേദിയില്‍ നിന്ന് ചാടിച്ച് ബാബ രാംദേവിനെ വലയത്തിലാക്കി സ്ത്രീകളടക്കമുള്ള അനുയായികള്‍ മനുഷ്യമതില്‍ തീര്‍ത്തു. തിരക്കില്‍ വസ്ത്രം കീറി നഷട്‌പ്പെട്ടതിനെ തുടര്‍ന്ന് വനിതാ അനുയായി നല്‍കിയ സ്ത്രീയുടെ വസ്ത്രം ധരിച്ചാണ് രാംദേവ് മൈതാനത്തില്‍ നിന്ന് പുറത്ത് കടന്നത്.
തുടര്‍ന്ന് അനുയായികളുടെ ചുമലില്‍ കയറിയിരുന്ന് മൈക്കിലൂടെ നീണ്ട പ്രസംഗം നടത്തി.
അനുയായികള്‍ മൈതാനം വിടുന്നില്ലെന്ന് കണ്ടതോടെ രണ്ട് മണിക്ക് പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു. ഇതിനിടയില്‍ വേദിയയുടെ മൂലക്ക് തീപിടിച്ചെങ്കിലും പെട്ടെന്ന് അണച്ചതിനാല്‍ അത്യാഹിതമൊഴിവായി. തുടര്‍ന്ന് ബാബയെ കസ്റ്റഡയിലിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അരലക്ഷത്തില്‍പ്പരം വരുന്ന അനുയായികളുടെ ചെറുത്തുനില്‍പ്പും കല്ലേറും, ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ച് ചെറുത്താണ് ബാബ രാംദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ച് ഇന്ന് രാവിലെയാണ്
46കാരനായ രാംദേവിനെ ദല്‍ഹി പാലം വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് വിമാനമാര്‍ഗം ഡെറാഡൂണിലെത്തിച്ചത്. 14 ദിവസത്തേക്ക് ബാബ രാംദേവ് ദല്‍ഹിയില്‍ പ്രവേശിക്കുന്നത് വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ രാംലീല മൈതാനി ഉള്‍ക്കൊള്ളുന്ന മധ്യ ദല്‍ഹി ജില്ലയില്‍ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യപിച്ചു.
പൊലീസ് നടപിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ലോക്‌നായക് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 39 സമരക്കാര്‍ക്കും 29 പൊലീസുകാര്‍ക്കും പരിക്കേറ്റുവെന്നാണ് ഔദ്യോഗിക ഭാഷ്യം.
രഹസ്യ ധാരണ പ്രകാരം ശനിയാഴ്ച നാല് മണിക്ക് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ഉപവാസം വീണ്ടും തുടര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുടെ കൂടി നിര്‍ദേശപ്രകാരം കടുത്ത നപടിയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ആവശ്യങ്ങളില്‍ സറക്കാര്‍ എടുത്ത നടപടി വിശദീകരിച്ച് നാല് മണിക്ക് കത്ത് നല്‍കിയ ശേഷമായിരുന്നു ഇത്. എന്നാല്‍ ഉപവാസം പിന്‍വലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ച രാംദേവ് ഉടന്‍ തന്നെ മാറ്റിപ്പറഞ്ഞു.
രാംദേവുമായി വീണ്ടുമൊരു ഒത്തുതീര്‍പ്പിനുള്ള സാധ്യതയില്ലാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം തുടരുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭീതിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.



നിങ്ങളുടെ അഭിപ്രായങ്ങള്‍