കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ പി.ജി പ്രവേശനം പൂര്‍ണമായും നിയമാനുസൃതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെയര്‍മാന്‍ എം.വി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് നടന്നത്. ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിക്കാം. പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യൂവും അടക്കമുള്ള എല്ലാ നടപടികള്‍ക്കും ശേഷമാണ് അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് പ്രവേശനം നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ മാനേജ്‌മെന്റ് ക്വോട്ടയിലാണ് പ്രവേശനം. സര്‍ക്കാറിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനാല്‍ പല പ്രമുഖരുടെയും മക്കള്‍ പരിയാരത്ത് പഠിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. വസ്തുത ഇതായിരിക്കെ കോളജ് മാനേജ്‌മെന്റിനെ അടൂര്‍ പ്രകാശ് സഹായിക്കുന്നതായി ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്.
21 പി.ജി സീറ്റുകളാണ് പരിയാരം മെഡിക്കല്‍ കോളജിലുള്ളത്. കഴിഞ്ഞ വര്‍ഷം 10 സീറ്റായിരുന്നു. ഈ വര്‍ഷം 11 സീറ്റുകള്‍ കൂടി ലഭിച്ചു. ഇവയില്‍ അഞ്ചു സീറ്റുകള്‍ സര്‍ക്കാറിന് നല്‍കാമെന്നും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ക്വോട്ടയിലേക്ക് സീറ്റ് വിട്ടുതരാമെന്ന് അറിയിച്ച ഏകസ്ഥാപനവും പരിയാരം മെഡിക്കല്‍ കോളജാണ്. മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച പ്രവേശന തീയതി മേയ് 31 ആണ്. അതിനാല്‍, മേയ് 25ന് പുതിയ മന്ത്രിസഭക്ക് വീണ്ടും കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അഞ്ചു സീറ്റുകളാണ് സര്‍ക്കാറിന്റെ അനുമതി കാത്ത് ഒഴിച്ചിട്ടിരിക്കുന്നത്. 18 പി.ജി സീറ്റുകള്‍ അനുവദിക്കാനുള്ള ഫയല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ ക്വോട്ടയിലേക്ക് വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന ലളിതമായ കാര്യം ചെയ്യാന്‍പോലും സര്‍ക്കാര്‍ തയാറായില്ല.
യു.ഡി.എഫ് സര്‍ക്കാറും സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മെറിറ്റ് സീറ്റിന് 3.5 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്നാണ് ഹൈകോടതി പോലും വിധിക്കുന്നത്. മെറിറ്റ് ക്വോട്ടപോലും വില്‍ക്കുമെന്ന് ഭീഷണി മുഴക്കുന്ന സ്വാശ്രയസ്ഥാപനങ്ങളെ നിലക്കു നിര്‍ത്തണം. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സ്ഥാപനത്തിന് ഒരു കോടി രൂപ ചെലവായി. 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇത്തരം പ്രശ്‌നങ്ങളും കോളജ് അനുഭവിക്കുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.



നിങ്ങളുടെ അഭിപ്രായങ്ങള്‍