കോഴിക്കോട്: ഒരാള്‍ക്ക് ഒരു പദവിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗിന്റെ പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചുമതലപ്പെടുത്തി. രണ്ട് സ്ഥാനങ്ങള്‍ വഹിക്കുന്ന സംസ്ഥാന ഭാരവാഹികള്‍ ഒരു സ്ഥാനം രാജി വെക്കുന്നതായി യോഗത്തില്‍ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ എത്രയും വേഗം പാണക്കാട് തങ്ങള്‍ തീരുമാനമെടുക്കും. അതുവരെ നിലവിലെ ഭാരവാഹികള്‍ ചുമതല തുടരാനും തീരുമാനമായി. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം വരെ ഇങ്ങനെ പുനഃസംവിധാനം ചെയ്യും. പോഷക സംഘടനകളിലും മാറ്റമുണ്ടാകും. കഴിവുള്ള പ്രവര്‍ത്തകര്‍ക്ക് നേതൃനിരയില്‍ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തകസമിതി തീരുമാനമെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുപ്രധാന സ്ഥാനങ്ങളില്‍ ഹൈദരലി തങ്ങള്‍ നേരിട്ട് തീരുമാനമെടുക്കും. താഴെ തട്ടിലുള്ള ചില സ്ഥാനങ്ങളിലെ മാറ്റം പൂര്‍ത്തിയാക്കാന്‍ തങ്ങളുടെ ഗൈഡ്‌ലൈന്‍ ഉണ്ടാകും. പാര്‍ലമെന്ററി സംവിധാനവും പാര്‍ട്ടിയും രണ്ടായി പ്രവര്‍ത്തിക്കും. നിയമസഭ പ്രവര്‍ത്തനം നടത്തേണ്ടവര്‍ അവരുടെ ജോലി ചെയ്യും. ബോര്‍ഡ്, കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ക്കും ഒരു പദവി ബാധകമാകും. അംഗത്വ കാമ്പയിന്‍ പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക സംവിധാനം തുടരും. അഞ്ചാം മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമോയെന്ന ചോദ്യത്തിന് ഭരണകാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നും സംഘടന കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചയില്‍ വിഷയീഭവിച്ചതെന്നും കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി.
നാല് മണ്ഡലങ്ങളിലെ പരാജയ കാരണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയതായി കെ.പി.എ. മജീദ് പറഞ്ഞു. ഇരവിപുരം മണ്ഡലത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എ, സി. മമ്മുട്ടി എം.എല്‍.എ എന്നിവരും ഗുരുവായൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എന്നിവരും കുന്ദമംഗലത്ത് കെ.എന്‍. ഖാദര്‍ എം.എല്‍.എ, പി.പി.എ. കരീം എന്നിവരും കുറ്റിയാടിയില്‍ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, പി. ഉബൈദുല്ല എം.എല്‍.എ എന്നിവരുമാണ് സമിതി അംഗങ്ങള്‍. ഒരു മാസത്തിനകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പിക്കും.
അഞ്ചാം മന്ത്രി സ്ഥാനത്തെക്കുറിച്ച ചര്‍ച്ച യു.ഡി.എഫ് ലൈസണ്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതീക്ഷിച്ച നിലയിലേക്ക് നീങ്ങുന്നതായാണ് യോഗം വിലയിരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



നിങ്ങളുടെ അഭിപ്രായങ്ങള്‍