രാംദേവിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്‌

രാംദേവിന്റെ അറസ്റ്റ്  അടിയന്തരാവസ്ഥയെ  ഓര്‍മിപ്പിക്കുന്നത്‌

തൃശൂര്‍: അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ദല്‍ഹിയില്‍ സമരം പ്രഖ്യാപിച്ച യോഗാചാര്യന്‍ ബാബ രാംദേവിനെ അറസ്റ്റ് ചെയ്തരീതി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. രാംദേവിനെക്കുറിച്ചും അയാള്‍ ആഹ്വാനം ചെയ്ത സമര രീതിയെക്കുറിച്ചും ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍ രാത്രി നേരത്ത് അറസ്റ്റ് ചെയ്തത് അഴിമതിക്കെതിരായ നീക്കങ്ങളോടുള്ള അസഹിഷ്ണുതയാണ്. അണ്ണാ ഹസാരെയുടെ സമരം ജനകീയ പ്രതികരണം സൃഷ്ടിച്ചു. എന്നാല്‍ ഗാന്ധിയനായ അദ്ദേഹത്തോട് പോലും അസഹ്യമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയത്.

ഇടതുപ്രസ്ഥാനങ്ങളും മറ്റും അഴിമതിക്കെതിരെ നിലപാടെടുക്കാത്തത് കൊണ്ടാണ് അണ്ണാ ഹസാരെയും രാംദേവുമൊക്കെ സമരത്തിന് ഇറങ്ങേണ്ടി വരുന്നതെന്ന് അഭിപ്രായമില്ല.രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും രംഗത്തിറങ്ങുമ്പോള്‍ അതിനെ രാഷ്ട്രീയമായി മാത്രം വീക്ഷിക്കുമെന്നും വി.എസ്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.