ലോക്പാല്‍ സമിതി യോഗം ബഹിഷ്‌കരിക്കും

ലോക്പാല്‍ സമിതി യോഗം ബഹിഷ്‌കരിക്കും

ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ദല്‍ഹി രാംലീലാ മൈതാനിയില്‍ ഉപവാസ സമരം നടത്തിയ ബാബ രാംദേവിനെയും അനുയായികളെയും ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ
ദല്‍ഹിയില്‍ നടക്കേണ്ട ലോക്പാല്‍ സമിതി യോഗം ബഹിഷ്‌കരിക്കാന്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹപ്രതിനിധികള്‍ തീരീമാനിച്ചു.  ബി.ജെ.പിക്കു പുറമെ  ഇടതു പാര്‍ട്ടികളും സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചു.

അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭത്തെ പൊലീസിനെ വിട്ട് അമര്‍ച്ച ചെയ്ത നടപടി ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടാണ് പൗരസമൂഹ പ്രതിനിധികളുടേത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ദിരാ ഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥക്കു സമാനമായ സാഹചര്യത്തിലേക്ക് രാജ്യം തിരിച്ചു പോകുന്നതിന്റെ സൂചനയാണ് ദല്‍ഹി രാം ലീലാ മൈതാനിയില്‍ കണ്ടതെന്നും പൗര സമൂഹം വിലയിരുത്തി.   ജനാധിപത്യവിരുദ്ധമായ നടപടികളെ ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ ലാത്തിച്ചാര്‍ജ് ചെയത പൊലീസ് നടപടി  തികച്ചും മനുഷ്യത്വരഹിതമാണെന്നും അദ്ദഹം ആരോപിച്ചു. മുന്‍ നിയമ മന്ത്രി ശാന്തി ഭൂഷന്‍, പൗരാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്, സന്തോഷ് ഹെഗ്‌ഡെ എന്നിവരും പൊലീസ് നടപടിയെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി രാജി വെച്ച് ഭരണം ഇടക്കാല സര്‍ക്കാറിന് കൈമാറണമെന്ന ആവശ്യവും ശാന്തിഭൂഷണണ്‍ ഉന്നയിച്ചു.

അതേ സമയം ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സഹചര്യത്തില്‍ നിരാഹാരം അവസാനിപ്പിക്കാന്‍ ബബാ രാംദേവ് സന്നദ്ധമാകണമായിരുന്നുവെന്നും അഗ്‌നിവേശ് പറഞ്ഞു. ഉപവാസം തുടരാന്‍ തീരുമാനിച്ചതു കാരണമാണ് പൊലീസ് നടപടിയിലൂടെ നിരപരാധികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായത്.

കള്ളപ്പണത്തിന്റെ ഉടമകളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗം കൂടിയാണോ പൊലിസ് നടപടിയെന്ന് സംശയിക്കണമെന്ന് മുന്‍ നിയമ മന്ത്രി കൂടിയായ ശാന്തിഭൂഷണ്‍ പറഞ്ഞു. സമാധാനപരമായി പ്രതികരിക്കാള്ള അവകാശം ജനങ്ങള്‍ക്കില്ലേ എന്നതാണ് ഉന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം. ഉറങ്ങാന്‍ കിടന്ന ആയിരങ്ങള്‍ക്കു നേരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടി ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴവാക്കണമായിരുന്നു.

 സര്‍ക്കാറിന് അധികാരത്തിന്റെ ലഹരിയിലാണെന്നും സേഛാ നിലപാടുകള്‍ക്കെതിരെ ഇന്ത്യ മുഴുക്കെ പ്രതിഷേധം ഉയരണണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇത്രയും കടുത്ത നടപടിക്ക് വഴിയൊരുക്കിയ സാഹചര്യം എന്തെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം.

തികച്ചും അനീതിപരമായ നടപടിയാണിതെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. ഉറങ്ങി കിടന്ന ജനങ്ങളെ ഇവ്വിധം കൈകാര്യം ചെയ്യുന്നത് ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ രാംദേവ് ഉയര്‍ത്തിയ പ്രതിഷേധം മുഴുവന്‍ ഇന്ത്യക്കാരുടെയും ആശങ്കയാണ്.

പൊലീസ് നടപടി തികച്ചും കിരാതമാണെന്ന് മേധാ പട്കര്‍ പറഞ്ഞു. മനുഷ്യത്വവിരുദ്ധവും മൃഗീയവുമാണ് പൊലീസ് നടപടിയെന്നും അവര്‍ കുറ്റപ്പെടുത്തി. അഹിംസാ മാര്‍ഗത്തിലുള്ള പ്രക്ഷോഭത്തെ ഇവ്വിധം കൈാര്യം ചെയ്യുന്നത് ശരിയല്ല. അഴിമതി അമര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്നാണ് ഇതില്‍ നിന്നു തെളിയുന്നതെന്നും മേധ ചൂണ്ടിക്കാട്ടി.

നാളെ ദഹിയില്‍ ചേരുന്ന ലോക്പാല്‍ സമിതി യോഗം ബഹിഷ്‌കരിക്കാനുള്ള  പൗരസമൂഹ പ്രതിനിധികളുടെ തീരുമാനത്തെ നിര്‍ഭാഗ്യകരമെന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. തീരുമാനം ബന്ധപ്പെട്ടവര്‍ പുന:പരിശോധിക്കണമെന്ന് കപില്‍ സിബല്‍ പറഞ്ഞു.

 അണ്ണാ ഹസാരെയുമെ നേതൃത്വത്തിലുള്ള അഞ്ച് പ്രമുഖരാണ് ലോക്പാല്‍ സമിതിയിലെ പൗര സമൂഹത്തിന്റെ പ്രതിനിധികള്‍.

സി.പി.എം, സി.പി.ഐ ഉള്‍പ്പെടെ ഇടതു പാര്‍ട്ടികളും സര്‍ക്കാറിനെതിരെ ശക്തമായി രമഗത്തു വന്നു. അഴിമതി തടയാനും കള്ളപ്പണം തിരികെ കൊണ്ടു വരാനും ആത്മാര്‍ഥമായ നടപടി സ്വീകരിക്കുന്നതിനു പകരം സമാധാനപരമായ പ്രക്ഷോഭങ്ങളെ ബലം ;പാേയഗിച്ച് നേരിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഇരു പാര്‍ട്ടികളും മുന്നറിയിപ്പ് നല്‍കി.

 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.