അപകടത്തില്‍പ്പെട്ടവര്‍ക്ക് മന്ത്രി രക്ഷകനായി

ആലപ്പുഴ: അപകടത്തില്‍പെട്ട് മരണത്തോട് മല്ലടിച്ച കാര്‍ യാത്രികരെ മന്ത്രി ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. ഗതാഗത-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മാതൃകകാട്ടിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ കരുവാറ്റയില്‍ ദേശീയപാതയിലാണ് കാറുകള്‍ കൂട്ടിമുട്ടി അപകടമുണ്ടായത്. ഏഴുപേര്‍ക്ക് സാരമായി പരിക്കേറ്റു. അപകടത്തില്‍പെട്ടവര്‍ സഹായത്തിനായി അപേക്ഷിച്ചെങ്കിലും കടന്നുവന്ന വാഹനങ്ങളൊക്കെ നിര്‍ത്താതെ പോവുകയായിരുന്നു.

പരിസ്ഥിതി ദിനത്തില്‍ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു മന്ത്രി. കൊല്ലം സ്വദേശികളും ഹരിപ്പാട് സ്വദേശികളും സഞ്ചരിച്ചിരുന്ന മാരുതി കാറുകളാണ് കൂട്ടിയിടിച്ചത്. രക്തത്തില്‍ കുളിച്ചുകിടന്ന സ്ത്രീകള്‍ അടക്കമുള്ള അഞ്ച് യാത്രക്കാരെ മന്ത്രിയുടെ ഇന്നോവകാറില്‍ കയറ്റി. മറ്റുരണ്ടുപേരെ പൈലറ്റ് വാഹനത്തിലും. പ്രൈവറ്റ് സെക്രട്ടറി പി. സുനില്‍കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാര്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ രണ്ടുപേരെക്കൂടി പൈലറ്റ് വാഹനത്തിലേക്ക് മാറ്റി. 20 മിനിറ്റിനുള്ളില്‍ പരിക്കേറ്റവരുമായി മന്ത്രിയും കൂട്ടരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. എല്ലാവരെയും അത്യാഹിത വിഭാഗത്തില്‍ എത്തിച്ചശേഷം സൂപ്രണ്ട് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി പിന്നീട് എറണാകുളത്തേക്ക് തിരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.