കുവൈത്ത് സിറ്റി: വിടരുംമുമ്പേ പൊഴിയാന്‍ വിധിക്കപ്പെട്ട കരുന്നുകള്‍ക്കായുള്ള അഭയകേന്ദ്രം 'ബെയ്ത്ത് അബ്ദുല്ല'യുടെ നിര്‍മാണ പുരോഗതി കാണാന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹ് എത്തി. കാന്‍സര്‍ ബാധിച്ച കുരുന്നുകളെ താമസിപ്പിക്കുന്നതിനായി സുലൈബിയയില്‍ 22,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് ബെയ്ത്ത് അബ്ദുല്ല ഒരുങ്ങുന്നത്. കാന്‍സര്‍ ബാധിച്ചുമരിച്ച തങ്ങളുടെ പ്രിയ പുത്രന്‍ അബ്ദുല്ലയുടെ ഓര്‍മക്കായി സ്വദേശി ദമ്പതികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സര്‍ക്കാറും വിവിധ സന്നദ്ധഗ്രൂപ്പുകളും സഹായസഹകരണവുമായി കൂടെയുണ്ട്. കാന്‍സറിന്റെ പിടിയില്‍ നിന്ന് മോചനമില്ലെന്ന് ഉറപ്പായി മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് അവശേഷിക്കുന്ന കാലം അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉല്ലാസത്തോടെ കഴിയാനുള്ള ഇടമാണ് ബൈത്ത് അബ്ദുല്ല അഥവാ അബ്ദുല്ലയുടെ വീട്. മറക്കാനാകാത്ത ഒരു വേര്‍പാടിന്റെ വേദനിയില്‍ നിന്നാണ് ഒരു സ്വദേശി കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബൈത്ത് അബ്ദുല്ല പദ്ധതിയുടെ പിറവിയെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ പറയുന്നു.
തങ്ങളുടെ പിഞ്ചോമന പുത്രന്‍ അബ്ദുല്ല അര്‍ബുധത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ സമ്പത്തിനും സ്വാധീനത്തിനും കുറവൊന്നുമില്ലാഞ്ഞിട്ടും കുടുംബത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജീവിതം തുടങ്ങും മുമ്പേ ഈ ലോകത്തോട് വിട പറയാന്‍ വിധിക്കപ്പെട്ട ആ കുരുന്നിന്റെ അവശേഷിക്കുന്ന നാളുകളെങ്കിലും സന്തോഷ പ്രദമാക്കാനായിരുന്നു രക്ഷിതാക്കളുടെ തീരുമാനം. ആശുപത്രിയുടെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്കുള്ള മടക്കം മകന് ആശ്വാസം പകരുമെന്ന് അവര്‍ മനസ്സിലാക്കി.
നൊമ്പരം മാത്രം ബാക്കിയാക്കി പ്രിയപുത്രന്‍ ലോകത്തോട് വിട പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ ചിന്തിച്ചത് സമാനമായ അവസ്ഥയില്‍ കഴിയുന്ന മറ്റു കുരുന്നുകളെയാണ്. അവര്‍ക്ക് ആശ്വാസം നല്‍കാന്‍ എന്തെങ്കിലും ചെയ്യണമെന്ന നിലക്കാണ്'ബൈത്ത് അബ്ദുല്ല' ഒരുക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്കകം തന്നെ 'ബൈത്ത് അബ്ദുല്ല' പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആയുസ്സിന്റെ അവസാനനാളുകളെണ്ണിക്കഴിയുന്ന കുട്ടികള്‍ക്കായി ഇവിടെ അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ക്ക് പുറമെ, വിനോദോപാധികളും വീട്ടിലേതിന് സമാനമായ പരിചരണവുമാണ് ഇവിടെ ഒരുക്കുന്നത്.
കുട്ടികള്‍ക്കുള്ള കളിക്കളം, പൂന്തോട്ടം, ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍, റെസ്‌റ്റോറന്റെ് എന്നിവയെല്ലാം ഇവിടെയുണ്ടാകും. രോഗികളായ കുട്ടികള്‍ക്കൊപ്പം അവരുടെ ഉറ്റ ബന്ധുക്കള്‍ക്കും ബൈത്ത് അബ്ദുല്ലയില്‍ കഴിയാം. ഇതിലൂടെ പരമാവധി സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച് അവശേഷിക്കുന്ന ദിനങ്ങള്‍ സന്തോഷകരമായി കഴിച്ചുകൂട്ടാന്‍ ഹതഭാഗ്യരായ കുരുന്നുകള്‍ക്ക് സാധിക്കണമെന്നാണ് ബെയ്ത് അബ്ദുല്ലയുടെ ശില്‍പികള്‍ ആഗ്രഹിക്കുന്നത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍