രാംദേവ്-സര്‍ക്കാര്‍ ഒത്തുകളി പുറത്ത്

രാംദേവ്-സര്‍ക്കാര്‍ ഒത്തുകളി പുറത്ത്

ന്യൂദല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവ് കേന്ദ്ര സര്‍ക്കാറുമായുണ്ടാക്കിയ രഹസ്യധാരണ പൊളിഞ്ഞു. ശനിയാഴ്ച ഇരുകൂട്ടരും തമ്മില്‍ നടത്തിയ ആശയവിനിമയത്തിലെ പിഴവിനിടെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തയാറാക്കിയ രഹസ്യകരാര്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ അബദ്ധത്തില്‍ പുറത്തുവിടുകയായിരുന്നു.
കപില്‍ സിബലിന്റെ നടപടിയില്‍ രോഷാകുലനായ ബാബാ രാംദേവ് നുണയനായ കപില്‍ സിബലുമായി ജീവിതത്തില്‍ ഇനിയൊരിക്കലും സംസാരിക്കില്ലെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാതെ ഉപവാസം നിര്‍ത്തില്ലെന്നും പ്രഖ്യാപിച്ചു. രാംദേവിന്റെ പ്രയോഗത്തിന് പ്രതികരണമായി പരിധി വിടരുതെന്നും സര്‍ക്കാറിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും  ആവശ്യപ്പെട്ട കപില്‍ സിബലിനോട് വേണമെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ബാബ വെല്ലുവിളിച്ചു.  
കോടികള്‍ ചെലവിട്ട് ഉപവാസത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് രണ്ടു ദിവസത്തേക്ക് ഉപവാസം നടത്താന്‍ അനുവദിക്കാമെന്നായിരുന്നു സര്‍ക്കാറും രാംദേവും തമ്മിലുണ്ടാക്കിയ ധാരണ. വെള്ളിയാഴ്ച ന്യൂദല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബലും സുബോധ്കാന്ത് സഹായിയും നടത്തിയ അഞ്ചു മണിക്കൂര്‍ ചര്‍ച്ചയില്‍ രാംദേവില്‍നിന്ന് ഇത്തരത്തിലൊരു കരാര്‍ മന്ത്രിമാര്‍ എഴുതി വാങ്ങുകയായിരുന്നു. രാംദേവിന്റെ അടുത്ത സഹായി ബാലകൃഷ്ണയാണ് കരാറില്‍ പേരെഴുതി ഒപ്പുവെച്ചത്. സര്‍ക്കാര്‍ ഈ കരാര്‍ ശനിയാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കപില്‍ സിബല്‍ പുറത്തുവിട്ടതോടെ തന്റെ വിളി കേട്ട് ദല്‍ഹിയിലെത്തിയ ലക്ഷത്തോളം വരുന്ന സ്വന്തം അനുയായികളെ രാംദേവ് അറിഞ്ഞുകൊണ്ട് കബളിപ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുകയായിരുന്നു. സര്‍ക്കാര്‍ കരാര്‍ പുറത്തുവിട്ടത് യാദൃച്ഛികമായി ചെയ്തതാണോ ബോധപൂര്‍വം കളിച്ചതാണോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയായിരുന്നു ന്യൂദല്‍ഹിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഡിറ്റോറിയത്തില്‍ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ നടത്തിയ വാര്‍ത്താസമ്മേളനം. കപില്‍ സിബലിന്റെ വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോഴേക്കും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്നും സമരം അവസാനിച്ചെന്നും പ്രഖ്യാപിച്ച് രാംദേവും അനുയായികളും ആഘോഷം തുടങ്ങിയിരുന്നു.  എന്നാല്‍, സര്‍ക്കാര്‍ ഉറപ്പ് എഴുതി നല്‍കാതെ തങ്ങളുമായുണ്ടാക്കിയ കരാര്‍ പുറത്തുവിട്ടുവെന്ന് അറിഞ്ഞ നിമിഷം ഉപവാസത്തിന് ആന്റി ക്ലൈമാക്‌സായി. രോഷാകുലനായ രാംദേവ് ഉപവാസം അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചു.
തുടര്‍ന്ന് വേദിയിലിരുന്ന് അനുയായികളെ സാക്ഷി നിര്‍ത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രാംദേവ് പതറി. രഹസ്യമാക്കി വെക്കാമെന്ന് പറഞ്ഞ് എഴുതി വാങ്ങിയ ഉറപ്പ് പുറത്തുവിട്ട കപില്‍ സിബലിനെ നുണയനെന്ന് വിളിച്ചു. ജൂണ്‍ ആറിന് ഉപവാസം അവസാനിപ്പിക്കാമെന്നും കത്ത് പുറത്തുവിടില്ലെന്നും സര്‍ക്കാര്‍ സമ്മതിച്ചതായിരുന്നു. പ്രധാനമന്ത്രിയുടെ സന്തോഷത്തിന് കൊണ്ടുപോകുകയാണെന്നും ആ കത്ത് ആര്‍ക്കും കാണിച്ചുകൊടുക്കില്ലെന്നു ഉറപ്പു നല്‍കിയിരുന്നെന്നും രാംദേവ് പറഞ്ഞു. രണ്ടു ദിവസത്തിനകം അവര്‍ ഉറപ്പ് ഇങ്ങോട്ടു എഴുതിത്തരുമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടേ ഈ ഉറപ്പ് പുറത്തുവിടൂ എന്ന് പറഞ്ഞ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് രാംദേവ് കുറ്റപ്പെടുത്തി.
ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം അവസാനിപ്പിക്കണമെന്ന് അനുയായികള്‍ ബഹളംവെച്ചതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് രാംദേവ് ഉപവാസം തുടര്‍ന്നു. അനുയായികളുടെ ആവേശം ആശയക്കുഴപ്പത്തിന് വഴിമാറിയതോടെ ഉപവാസത്തിന്റെ ചൈതന്യം നഷ്ടപ്പെടുകയും ചെയ്തു.
ആര്‍.എസ്.എസ് പിന്തുണ തെളിയിച്ച വിവാദത്തോടെയാണ്  അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള ഉപവാസത്തിന് യോഗാചാര്യന്‍ ബാബാ രാംദേവ് തുടക്കമിട്ടത്.
ബാബരി ധ്വംസനക്കേസിലെ പ്രതിയും വിശ്വഹിന്ദു പരിഷത്തിന്റെ തീപ്പൊരിയുമായിരുന്ന സാധ്വി ഋതംബരയെ വേദിയിലിരുത്തിയാണ് ന്യൂദല്‍ഹിയിലെ രാംലീല മൈതാനിയില്‍ ബാബാ രാംദേവ് ഉപവാസത്തിന് തുടക്കം കുറിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.