തേഞ്ഞിപ്പലം: ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും കോഴിത്തൊടി ഇക്ബാലിന്റെ മകളുമായ അസ്‌ന ലുലുവിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിനി അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്. വ്യഴാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പുത്തൂര്‍ പള്ളിക്കലിന് സമീപം പുത്തൂര്‍ വലിയതോട്ടിലാണ് അസ്‌ന ലുലുവിനെ ഒഴുക്കില്‍ കാണാതായത്. കൂടെ അപകടത്തില്‍പ്പെട്ട രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാള്‍ നീന്തി രക്ഷപ്പെടുകയും മറ്റൊരാളെ സഹപാഠി തോട്ടില്‍ചാടി രക്ഷപ്പെടുത്തുകയുമായിരുന്നു. അസ്‌നലുലുവിനെ കണ്ടെത്താന്‍ വ്യാഴാഴ്ച മുതല്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. വെള്ളിയാഴ്ച ദേശീയ ദുരന്ത നിവാരണ സേനയും തേഞ്ഞിപ്പലത്തുനിന്നെത്തിയ മണല്‍ തൊഴിലാളികളും രാത്രി വൈകുവോളം കുത്തൊഴുക്കുള്ള പുത്തൂര്‍ തോട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച 2.30ഓടെയാണ് മൃതദേഹം ലഭിച്ചത്. ഇടിമൂഴിക്കല്‍ സ്വദേശി നജീബും സുഹൃത്തായ ശരീഫും പുത്തൂര്‍ തോട്ടിലെ മണല്‍ കുഴിയില്‍ മുങ്ങി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ചാത്രത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍