കശ്മീരില്‍ മഞ്ഞിടിഞ്ഞ് 17 സൈനികര്‍ മരിച്ചു

Tuesday, February 9, 2010

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരാമുല്ല്ലയില്‍ കനത്ത മഞ്ഞിടിച്ചിലില്‍ സൈനിക പരിശീലന കേന്ദ്രം തകര്‍ന്ന് 17 ജവാന്‍മാര്‍ മരിച്ചു. 18 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സൈനികരും പോര്‍ട്ടര്‍മാരുമടക്കം മലയില്‍ കുടുങ്ങിയ 476 പേരെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തില്‍ പരിക്കില്ലാതെ രക്ഷപ്പെടുത്തി. സമുദ്രനിരപ്പില്‍നിന്ന് 10,000 അടി ഉയരത്തിലുള്ള ഖിലാന്‍മാര്‍ഗ് മലനിരകളിലെ ഗുജ്ജാര്‍ഹട്ട് മുനമ്പിലാണ് മഞ്ഞിടിച്ചിലുണ്ടായത്.


ഇന്നലെ രാവിലെ 11 മണിക്കുണ്ടായ ദുരന്തത്തില്‍ മരിച്ച 17 പേരുടേയും മൃതദേഹങ്ങള്‍ ലഭിച്ചതായും ഇനിയാരും മഞ്ഞിനടിയില്‍ ഉള്ളതായി വിവരമില്ലാത്തതിനാല്‍ തെരച്ചില്‍ വൈകീട്ട് അഞ്ചുമണിയോടെ അവസാനിപ്പിച്ചതായും സൈനിക വക്താവ് കേണല്‍ ജെ.എസ്. ബ്രാര്‍ 'മാധ്യമ'ത്തോടു പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല. പരിക്കേറ്റ 18 പേരെയും ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മഞ്ഞുകട്ടകള്‍ വീണ് എല്ലുകള്‍ പലയിടത്തും ഒടിഞ്ഞ നിലയിലാണ് ഇവര്‍. ലോകപ്രശസ്തമായ മഞ്ഞുകാല വിനോദ കേന്ദ്രമായ (സ്കീ റിസോര്‍ട്ട്) ഗുല്‍മര്‍ഗിനു സമീപമാണ് ദുരന്തമുണ്ടായ മലനിര. കരസേനയുടെ ഖിലാന്‍മാര്‍ഗ് പര്‍വതനിര പരിശീലന കേന്ദ്രമാണ് മഞ്ഞുവീഴ്ചയില്‍ തകര്‍ന്നത്. അപകട സമയം 300 സൈനികരും 100 പരിശീലകരും 60 സഹായികളും 50 ജോലിക്കാരും കേന്ദ്രത്തില്‍ ഉണ്ടായിരുന്നെങ്കിലും നേരത്തേതന്നെ അധികൃതര്‍ മഞ്ഞിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഭൂരിപക്ഷവും മുന്‍കരുതല്‍ എടുത്തിരുന്നു. ഇതാണ് ആളപായം ഉയരാതിരിക്കാന്‍ സഹായിച്ചതെന്ന് രക്ഷപ്പെട്ട സൈനികര്‍ വിശദീകരിച്ചു. അറുപതംഗ സൈനിക സംഘം മലകയറല്‍ പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം. ഈ സംഘത്തില്‍പ്പെട്ടവരാണ് മരിച്ച എല്ലാവരും. സംഘത്തലവന്‍ ലഫ്റ്റനന്റ് പ്രതീകും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.


ഒരാഴ്ചയായി കനത്ത മഞ്ഞുവീഴ്ചയില്‍ മേഖല മുങ്ങിയിരിക്കുകയാണ്. പൊലീസിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും കൂടി സഹായത്തോടെയായിരുന്നു  രക്ഷാപ്രവര്‍ത്തനം. ശ്രീനഗറില്‍നിന്ന് 50 കിലോമീറ്റര്‍ ദൂരത്തുള്ള ഗുല്‍മര്‍ഗിലെ ഈ അത്യുന്നത പര്‍വതനിരകളില്‍ എല്ലാ മഞ്ഞുകാലത്തും കരസേന പ്രത്യേക പരിശീലനം സംഘടിപ്പിക്കാറുണ്ട്. അപകടത്തില്‍ വിനോദസഞ്ചാരികളാരും ഉള്‍പ്പെട്ടിട്ടില്ല.

മുഖ്താര്‍ അഹ്മദ്

Share/Bookmark