Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'നില്‍പ് '...

'നില്‍പ് ' തുടരുമ്പോള്‍

text_fields
bookmark_border
നില്‍പ്  തുടരുമ്പോള്‍
cancel

ഇന്ന് മനുഷ്യാവകാശ ദിനം

സെക്രട്ടേറിയറ്റിന് മുന്നിൽ ആദിവാസികളുടെ നിൽപ് തുടങ്ങിയിട്ട് 155 ദിവസമായി. ഇരിക്കാൻ ഇടമില്ലാത്തവരുടെ നിൽപ്പാണിത്. ജനാധിപത്യത്തിൻറെ പൊയ് മുഖങ്ങളാകെ ആദിവാസികൾക്ക് മുന്നിൽ അഴിഞ്ഞുവീണു കൊണ്ടിരിക്കുന്നു. മുഖ്യധാര രാഷ് ട്രീയ പ്രസ്ഥാനങ്ങളിൽ പലരും അഭിവാദ്യം അ൪പ്പിക്കാനത്തെിയെങ്കിലും നിയമസഭയിൽ പോലും നിൽപ്പ് വിഷയമാവുന്നില്ല. മന്ത്രി പറയുന്നതനുസരിച്ച് ഉന്നയിക്കപ്പെട്ട ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കഴിഞ്ഞുവെന്നാണ്. എന്നാൽ എന്താണ് അംഗീകരിച്ചതെന്നാണ് ആദിവാസികളുടെ ചോദ്യം. സമരത്തിന് ആധാരമായി അവ൪ ഉന്നയിച്ചതാകട്ടെ 2001ലെ കുടിൽകെട്ടി സമരത്തെ തുട൪ന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണിയുമായുണ്ടാക്കിയ ആദിവാസി കരാ൪ നടപ്പാക്കണമെന്ന് മാത്രമാണ്. ഏതാണ്ട് ഒരു വ്യാഴവട്ടത്തിന് മുമ്പ് സ൪ക്കാ൪ അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ നടപ്പാക്കണം.

കരാറിലെ വ്യവസ്ഥകളെന്തെങ്കിലും സ൪ക്കാ൪ മറന്നു പോയിട്ടുണ്ടെങ്കിൽ അത് ഓ൪മ്മപ്പെടുത്തുന്നതിന് ആദിവാസികൾ തന്നെ അത് വീണ്ടും സ൪ക്കാരിന് എഴുതി നൽകി. ഇതിൽ ഒന്നാമത്തെ ആവശ്യം, 2010ൽ സുപ്രീംകോടതി അന്തിമായി തീ൪പ്പ് കൽപ്പിച്ച 19,000 ഏക്ക൪ വനഭൂമിയാണ്. ആദിവാസികളുടെ കുടിൽകെട്ടി സമരത്തെ തുട൪ന്ന് സംസ്ഥാന സ൪ക്കാ൪ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 30,000 ഏക്ക൪ വനഭൂമിയായിരുന്നു. വനഭൂമി വിട്ടു നൽകുന്നതിന് പല വ്യവസ്ഥകളും കേന്ദ്രം മുന്നോട്ടുവെച്ചു. അതെല്ലാം അംഗീകരിച്ചു. വനഭൂമിക്ക് വിലയായി നൽകേണ്ട തുകക്ക്‌ ആദിവാസി പുനരധിവാസത്തിനായതിനാൽ സുപ്രീംകോടതി ഇളവു നൽകുകയും ചെയ്തു. ഇക്കാര്യത്തിൽ സംസ്ഥനത്തെ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും നിരക്ഷരരാണ്. അതുകൊണ്ട് വനഭൂമി വിട്ടു നൽകിയതിനെക്കുറിച്ച് ആദിവാസികൾ മുഖ്യധാര രാഷ്ട്രീയക്കാരെ ഹരിശ്രീ പഠിപ്പിക്കുന്നു. നിലത്തെഴുത്തു കഴിയുമ്പോൾ വീണ്ടും അവ൪ക്കെല്ലാം സംശയമാണ്, കേട്ടതെല്ലാം സത്യമാണോയെന്ന്.

അട്ടപ്പാടിയിൽ നിരാഹാരസമരം നടത്തിയ എം.ബി. രാജേഷ് പറയുന്നത് വട്ടലക്കിയിലെ 1200 ഏക്ക൪ വനഭൂമി ഉമ്മൻചാണ്ടിയുമായി ഉണ്ടാക്കിയ കരാ൪ അനുസരിച്ച് പുനരധിവാസത്തിന് വിട്ടു നൽകുമെന്നാണ്. എന്നാൽ, വട്ടലക്കിയിൽ 2100 ഏക്ക൪ വനഭൂമി വിട്ടുനൽകാൻ സുപ്രീംകോടതി അനുമതി നൽകിയ വിവരം രാജേഷിന് അറിയില്ല. അതേസമയം പൂക്കോട് ഇത്തരത്തിൽ വിട്ടുനൽകിയ വനഭൂമിയിലാണ് വെറ്റനറി കോളേജിൻെറ നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തിയത്. ഇത് നിയമ വിരുദ്ധമാണെന്ന കത്ത് നൽകിയ തെക്കൻ വയനാട് ഡി.എഫ്.ഒ ധനേഷ് കുമാറിനെ മുഖ്യമന്ത്രി വിരട്ടി. അതു കണ്ട് സ൪വകാലാശാല വൈസ് ചാൻസല൪ ബി. അശോകൻ സന്തോഷിച്ചു. സാധാരണ സ൪വകലാശാലയുടെ തലപ്പത്തിരിക്കുന്നവ൪ രാജ്യത്തെ ഭരണഘടനയും ജനാധിപത്യ നിയമങ്ങളും പാലിക്കുമെന്നാണ് ആദിവാസികളുടെ വിശ്വാസം. എന്നാൽ ഇവിടെ ആദിവാസികൾക്കെതിരെ നിയമം ലംഘിച്ച് കൈയേറ്റം നടത്തുന്നതിൽ മുന്നിൽ നിന്നത് വി.സി തന്നെയാണ്. ഒടുവിൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഇടപെട്ടാണ് സ൪വകലാശാല നടത്തുന്ന നിയമലംഘന പ്രവ൪ത്തനം നി൪ത്തിവെച്ചത്.

ആദിവാസികൾക്കൊപ്പം ഇവിടെ പരിസ്ഥിതി മന്ത്രാലയം നിലകൊണ്ടത് നിയമം അവ൪ക്ക് അനുകൂലമായതു കൊണ്ടാണ്. പരിസ്ഥിതി മന്ത്രാലയത്തിൻെറ ഇടപെടലാണ് ഇപ്പോൾ നിൽപ്പ് സമരത്തിന് പുതുജീവൻ നൽകിയിരിക്കുന്നത്. 19,000 ഏക്ക൪ വനഭൂമി വീണ്ടും ച൪ച്ചയാവുകയാണ്. അതോടൊപ്പം അട്ടപ്പാടിയിലെ വംശഹത്യയും. മാധ്യമങ്ങൾ പോലും ആദിവാസികളുടെ ജീവിതാവസ്ഥയെന്താണെന്ന് സത്യസന്ധമായി എഴുതാറില്ല. അട്ടപ്പാടിയിലെ പട്ടിണി മരണത്തിൻെറ യഥാ൪ഥ കാരണങ്ങൾ പോലും അന്വേഷിക്കുന്നില്ല. ആദിവാസികളുടെ സംസ്കാരവും കാ൪ഷിക ജീവിതവും തക൪ത്തതിനാലാണ് പട്ടിണിമരണം സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ മാധ്യമങ്ങൾക്കും കഴിയുന്നില്ല.

ഇന്നത്തെ പൊതു സമൂഹത്തിനെക്കാൾ ആരോഗ്യത്തോടെയാണ് ആദിവാസികൾ ജീവിച്ചിരുന്നത്. അവരുടെ ഊരുകൾക്ക് മുന്നിൽ വന്ന് കൈകൂപ്പി നിന്നവരാണ് ഇന്ന് നാട് ഭരിക്കുന്ന നേതാക്കളിൽ പലരും. ഇവരൊക്കെ പിന്നീട് വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്തവ൪ക്കൊപ്പമായി. കൈയേറ്റക്കാ൪ ഭൂമി മറിച്ചുവിറ്റ് ധാരാളം പണമുണ്ടാക്കി. കുന്നിടിച്ചും മലതുരന്നും പണമുണ്ടാക്കിയവരുമുണ്ട്. ഇപ്പോൾ പലരും ഊരു കൈയടക്കി റിസോ൪ട്ടുകൾ നി൪മിക്കുന്നു. ഭരണഘടന ഉറപ്പുവരുത്തുന്ന ജനാധിപത്യം നിഷേധിച്ചപ്പോഴാണ് ദണ്ഡകാരണ്യത്തിലെ ആദിവാസികൾ മാവോവാദികളായി തോക്കെടുത്തതെന്ന് ഓ൪ക്കുക.

വംശഹത്യനേരിടുന്ന സമൂഹത്തിൻെറ അതീജീവനത്തിനായി സ൪ക്കാ൪ അനുവദിക്കുന്ന ഫണ്ടിൻെറ 90 ശതമാനവും രാഷ്ടീയ- ഉദ്യോഗസ്ഥ കൂട്ടികെട്ടിലൂടെ തട്ടിയെടുക്കുന്നുവെന്നത് ആ൪ക്കും നിഷേധിക്കാനാവില്ല. തകരുന്ന ഊരുകൾക്ക് മുന്നിൽനിന്ന് അവശേഷിക്കുന്ന യുവത്വത്തിന് ഇനി ആരിലാണ് പ്രതീക്ഷ? ഈ നിൽപ്പു നീണ്ടുപോയാൽ പിറന്ന മണ്ണും അധികാരവും തിരിച്ചുപിടിക്കാൻ ഏതു സമരമാ൪ഗമാണ് സ്വീകരിക്കുക. ആദിവാസി സംഘടനകളെ മാവോവാദികളായി മുദ്രകുത്തി പ്രവ൪ത്തനം തടയുമ്പോൾ വംശഹത്യ നേരിടുന്നവ൪ എന്താണ് ചെയ്യുക. ജനാധിപത്യബോധമുള്ള പൗരസമൂഹവും മനുഷ്യാവകാശ പ്രവ൪ത്തകരുമെല്ലാം ചേ൪ന്ന കൂട്ടായ്മക്കു മാത്രമേ ഇത്തരം ഭരണകൂട ക്രിമിനൽവത്കരണത്തെ തടയാൻ കഴിയു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story