Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവിദ്വേഷ പ്രചാരകരെ...

വിദ്വേഷ പ്രചാരകരെ വെച്ചുപൊറുപ്പിക്കരുത്

text_fields
bookmark_border
വിദ്വേഷ പ്രചാരകരെ വെച്ചുപൊറുപ്പിക്കരുത്
cancel

ഉത്തരവാദപ്പെട്ട ഒരു കേന്ദ്രമന്ത്രിയിൽനിന്ന് കേൾക്കേണ്ടിവന്ന അധിക്ഷേപകരമായ വാക്കുകളുടെ പേരിൽ ചൊവ്വാഴ്ച പാ൪ലമെൻറിൻെറ ഇരുസഭകളും പ്രക്ഷുബ്ധമായത് മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കേണ്ടത്, വിദ്വേഷം വമിച്ചുകൊണ്ട് പാ൪ട്ടിയെ വള൪ത്താൻ തുനിഞ്ഞിറങ്ങിയ ഹിന്ദുത്വ നേതൃത്വത്തെയും അവ൪ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ്. കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പശ്ചിമ ഡൽഹിയിലെ ശ്യാംനഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് വിവാദമായ പരാമ൪ശങ്ങൾ നടത്തിയത്. രാമൻെറ മക്കളുടെ സ൪ക്കാ൪ വേണമോ അതല്ല, ജാരസന്തതികളുടെ വേണമോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നാണ് ജനത്തോട് മന്ത്രിക്ക് പറയാനുണ്ടായിരുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും രാമൻെറ മക്കളാണെന്നും എന്നാൽ, രാമനിലും അഖണ്ഡഭാരതത്തിലും വിശ്വസിക്കാത്തവ൪ ‘ഹറാംസാദെ’ ആണെന്നുമാണ് മന്ത്രിയുടെ ഭാഷ്യം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മരുമകൻ റോബ൪ട്ട് വാദ്രയെയും കടിച്ചുകീറാനും സന്ന്യാസിനി മറന്നില്ല. മന്ത്രിയുടെ അങ്ങേയറ്റം പ്രകോപനപരമായ പരാമ൪ശങ്ങൾ വിവാദമായപ്പോൾ ആദ്യം അവ൪ അതിനെ ന്യായീകരിക്കാനാണത്രെ ശ്രമിച്ചത്. വിഭാഗീയമായി ചിന്തിക്കുന്നവരെയും ദേശവിരുദ്ധരെയും ഉന്നംവെക്കുന്നതാണ് തൻെറ വാക്കുകൾ എന്നായിരുന്നു അവരുടെ വിശദീകരണം. എന്നാൽ, മാന്യതയുടെയും സഭ്യതയുടെയും സകല സീമകളും ലംഘിക്കുന്നതാണ് മന്ത്രിയുടെ ജൽപനങ്ങളെന്ന് ബി.ജെ.പിയിതര പാ൪ട്ടികൾ പാ൪ലമെൻറിൽ ഏകകണ്ഠമായി എടുത്തുകാട്ടിയപ്പോൾ പരാമ൪ശങ്ങൾ പിൻവലിക്കാനും മാപ്പു പറയാനും അവ൪ നി൪ബന്ധിതരാവുകയായിരുന്നു. എന്നാൽ, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഒരു മന്ത്രിയുടെ വായിൽനിന്ന് നി൪ഗളിച്ച ഇത്രക്കും വിഷലിപ്തമായ വാക്കുകൾക്കു ശേഷവും മന്ത്രിപദവിയിലിരിക്കാൻ നിരഞ്ജൻ ജ്യോതിക്ക് അ൪ഹതയില്ളെന്നും അവ൪ രാജിവെച്ചാൽ മാത്രം പോരാ വിദ്വേഷപ്രചാരണത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭാതലം പ്രക്ഷുബ്ധമാക്കിയത്.

യു.പിയിലെ ഫത്തേപ്പൂരിൽനിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ സന്ന്യാസിനിയെ നവംബ൪ പത്തിനു നടന്ന മന്ത്രിസഭാ വികസനത്തിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ച ഏകഘടകം നാവെടുത്താൽ വ൪ഗീയവിഷം വമിക്കാനുള്ള അവരുടെ അപാരശേഷി മാത്രമായിരിക്കണം. ഈ വിഷയത്തിൽ ഹിന്ദുത്വത്തറവാട്ടിലെ മറ്റു സന്ന്യാസിനിമാരായ ഉമാഭാരതിയുടെയും സാധ്വി ഋതംബരയുടെയും വിവേകരഹിതമായ രീതിയാവണം അവ൪ അനുധാവനം ചെയ്യുന്നത്. ഭരണനൈപുണിയോ കാര്യപ്രാപ്തിയോ നോക്കിയല്ല, മോദി-അമിത്ഷാ പ്രഭൃതികൾ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതും പാ൪ട്ടി ഭാരവാഹികളെ നിയമിക്കുന്നതും. വ൪ഗീയതയും വിഭാഗീയതയും പ്രസരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പും ഛിദ്രതയും സൃഷ്ടിക്കാനുള്ള കഴിവാണ് സ്ഥാനമാനങ്ങൾക്ക് പലപ്പോഴും മാനദണ്ഡമാക്കാറെന്നു വേണം അനുമാനിക്കാൻ. അങ്ങനെയാണല്ളോ, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു കാലത്ത് അങ്ങേയറ്റത്തെ വിദ്വേഷപ്രസംഗം നടത്തുകയും മോദിയെ അംഗീകരിക്കാൻ തയാറല്ലാത്തവ൪ പാകിസ്താനിലേക്ക് വണ്ടി കയറണമെന്ന് പ്രസംഗിച്ചുനടക്കുകയും ചെയ്ത ഗിരിരാജ് സിങ്ങിന് മന്ത്രിസഭയിൽ സ്ഥാനംനൽകി ആദരിക്കുന്നത്. മന്ത്രിസ്ഥാനത്ത് അവരോധിക്കപ്പെടുന്നതോടെയെങ്കിലും ഉത്തരവാദിത്തബോധത്തോടെ പെരുമാറാനും എല്ലാ വിഭാഗം ജനങ്ങളെയും ഒരേ കണ്ണോടെ കാണാനും ഇവ൪ ശീലിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കാൻ പോലും വകയില്ല എന്നാണ് നിരഞ്ജൻ ജ്യോതിയുടെ പെരുമാറ്റം ഓ൪മപ്പെടുത്തുന്നത്. സന്ന്യാസിനിയുടെ ഉത്തരീയമണിഞ്ഞാണ് ഇത്രക്കും നിന്ദ്യമായ ഭാഷയിൽ സംസാരിക്കാൻ മുതിരുന്നതെന്ന യാഥാ൪ഥ്യം ഒരു സംസ്കൃതിയുടെമേലാണ് കളങ്കം ചാ൪ത്തുന്നതെന്ന് ഇവ൪ ഓ൪ക്കാതെ പോകുന്നു.

ഹിന്ദുത്വരാഷ്ട്രീയം ഇന്നീ കാണുന്ന വള൪ച്ച കൈവരിച്ചത് സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും വള൪ത്തിയാണ്. അതിനു മുഖ്യ ആയുധമായി ഉപയോഗിച്ചതാവട്ടെ പരമതനിന്ദയും ഇതരസമുദായ അവഹേളനവുമാണ്. സംഘ്പരിവാറിനു ഈ ദിശയിൽ ഏതറ്റംവരെ പോകാനും ഒരു സങ്കോചവുമില്ല എന്ന് തെളിയിക്കുന്നതാണ് അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ, വിനയ് കത്യാ൪, ഗിരിരാജ് കിഷോ൪ തുടങ്ങിയവരുടെ ചൊല്ലും ചെയ്തികളും. ജനങ്ങൾക്കിടയിൽ വൈരം വള൪ത്താനും ഛിദ്രത സൃഷ്ടിക്കാനും ശ്രമിക്കുന്നവരെ കൈയോടെ പിടികൂടാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏഴെട്ടുവകുപ്പുകളുണ്ട്. പക്ഷേ, ഇത്തരക്കാരുടെ മുന്നിൽ നമ്മുടെ നിയമവ്യവസ്ഥ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാറ്. മാറാട് സംഭവത്തിൻെറ പശ്ചാത്തലത്തിൽ കേരളത്തിലെ സാമൂഹികാന്തരീക്ഷം അത്യന്തം പ്രക്ഷുബ്ധമായി നിലനിന്ന 2003ൽ പ്രവീൺ തൊഗാഡിയ കോഴിക്കോടു വന്ന് പ്രകോപനപരമായ പ്രസംഗം നടത്തിയത് മന$സാക്ഷിയുള്ള ആരെയാണ് ഞെട്ടിക്കാതിരുന്നത്. എന്നാൽ, അദ്ദേഹത്തിനെതിരായ കേസ് പിൻവലിക്കാനാണ് കേരള സ൪ക്കാ൪ ധൃതി കാണിച്ചതെന്ന് അറിയുമ്പോഴാണ് വ൪ഗീയതയോടും വിഭാഗീയ വിചാരഗതികളോടും സമരസപ്പെടുന്നതിൽ മതേതരത്വത്തിൻെറ അപ്പോസ്തലന്മാ൪ക്കു പോലും അശ്ശേഷം മടിയില്ളെന്ന ഞെട്ടിക്കുന്ന യാഥാ൪ഥ്യത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. വിദ്വേഷപ്രചാരക൪ ആരായാലും അവരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും സ൪ക്കാ൪ മുന്നോട്ടുവന്നാലേ നാവിൻതുമ്പത്ത് വിഷംപുരട്ടി നടക്കുന്ന ക്ഷുദ്രശക്തികളെ നിലക്കുനി൪ത്താനാവൂ. അതിനു മാമൂൽ പ്രതിഷേധത്തിനപ്പുറം, ആത്മാ൪ഥമായ നീക്കങ്ങൾ രാഷ്ട്രീയ പാ൪ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story