Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപക്ഷിപ്പനി: വേണ്ടത് ...

പക്ഷിപ്പനി: വേണ്ടത് മുന്‍കരുതല്‍

text_fields
bookmark_border
പക്ഷിപ്പനി: വേണ്ടത്  മുന്‍കരുതല്‍
cancel

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമാണെന്ന് കണ്ടത്തെിയത് കേരളീയരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലാണ് ഇത് എച്ച് 5 വിഭാഗത്തിൽപെട്ട ഇൻഫ്ളുവൻസ വൈറസ് മൂലമാണെന്നത് സ്ഥിരീകരിച്ചത്. കഴിഞ്ഞവ൪ഷങ്ങളിൽ മേഘാലയ, ത്രിപുര, ബംഗാൾ, മണിപ്പൂ൪, മഹാരാഷ്ട്ര, ഗുജറാത്ത്, ക൪ണാടക എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയിൽ മാരകമായ പക്ഷിപ്പനി റിപ്പോ൪ട്ട് ചെയ്തത്. അവയെല്ലാംതന്നെ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെങ്കിലും ഫലപ്രദമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. 2003ൽ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ ആരംഭിച്ച പക്ഷിപ്പനി തുട൪ന്ന്, ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മനുഷ്യരിൽ മരണമുണ്ടാക്കുന്നതിനു പുറമെ, കോഴികളുടെയും മറ്റു പക്ഷികളുടെയും ജീവനാശവും അനുബന്ധ വ്യവസായങ്ങളുടെ തക൪ച്ചയും വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. രോഗത്തെപ്പറ്റി മനസ്സിലാക്കുന്നത് ആവശ്യമായ മുൻകരുതലുകളെടുക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും സഹായകമാവും.

എല്ലാ പക്ഷികളെയും ബാധിക്കുന്ന ഈ രോഗം ഉണ്ടാക്കുന്നത് ഇൻഫ്ളുവൻസ വൈറസ് ടൈപ് എയാണ്. ഇതിൽ മാരകശേഷിയുള്ളതാണ് എച്ച് 5 എൻ. 1 എന്നയിനം ട൪ക്കിക്കോഴികളിലും സാധാരണകോഴികളിലുമാണ് ഈ വൈറസ് വളരെ പെട്ടെന്ന് മരണകാരണമാകുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടു മുതൽ അഞ്ചു ദിവസത്തിനകം രോഗലക്ഷണം കാണിച്ചുതുടങ്ങുന്നതോടെ ഇവ ചത്തൊടുങ്ങുന്നു. കണ്ണിൽനിന്നും മൂക്കിൽനിന്നുമുള്ള വെള്ളമൊലിപ്പ്, പൂവിനും താടക്കും വീക്കത്തോടുകൂടിയ നീലനിറം, രക്താതിസാരം, ശ്വാസതടസ്സം, കണങ്കാലിൽ തൊലിക്കടിയിലുള്ള രക്തസ്രാവം കാരണമുള്ള ചുവപ്പുനിറം, തള൪ച്ച എന്നിവയാണ് രോഗലക്ഷണങ്ങൾ . താറാവ്, ഒട്ടകപ്പക്ഷി, ദേശാടനപ്പക്ഷികൾ, മറ്റു ജലപ്പക്ഷികൾ എന്നിവയിൽ രോഗലക്ഷണം കാണിക്കാതെതന്നെ വൈറസ് കാണപ്പെടാറുണ്ട്. രക്തം, തൊണ്ടയിൽനിന്നും മലദ്വാരത്തിൽനിന്നുമെടുക്കുന്ന നീര് എന്നിവ പരിശോധിച്ചാൽ വൈറസിൻെറ സാന്നിധ്യം മനസ്സിലാക്കാം.

രോഗംപകരുന്നത് പ്രധാനമായും ഭക്ഷണം, വെള്ളം, വായു എന്നിവ വഴിയാണ്. രോഗം ബാധിച്ച പക്ഷികളിൽനിന്ന് വിസ൪ജ്യം വഴിയും മറ്റും ധാരാളം വൈറസുകൾ പുറത്തുവരും. സാധാരണ ഊഷ്മാവിലോ ശീതീകരിക്കുന്നതുവഴിയോ ഇവ എളുപ്പം നശിക്കുന്നില്ല. ഈ വൈറസുകൾ തീറ്റയിലോ കുടിവെള്ളത്തിലോ കലരാനിടയാവുകയോ പൊടിപടലങ്ങളോ വെള്ളത്തുള്ളികളോ വഴിയായി ശ്വസിക്കാനിടയാവുകയോ ചെയ്താൽ രോഗബാധയുണ്ടാകാം. ഒരു രാജ്യത്തുനിന്ന് മറ്റൊരിടത്തേക്ക് രോഗം പകരുന്നത് പ്രധാനമായും രോഗമുള്ളതോ രോഗവാഹികളോ ആയ പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങൾ, ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവയുടെയും, കയറ്റുമതി വഴിയോ ദേശാടനപ്പക്ഷികളിലൂടെയോ ആണ്. മനുഷ്യരിൽ രോഗമുണ്ടാക്കാനുള്ള ശേഷിയുണ്ടെങ്കിലും മനുഷ്യരിലേക്ക് വളരെവേഗം പകരാനുള്ള ശേഷി ഈ വൈറസുകൾ കൈവരിച്ചിട്ടില്ല എന്നതാണ് ഇപ്പോഴുള്ള ആശ്വാസം. ജനിതകമാറ്റത്തിലൂടെയോ ഹ്യൂമൻ ഇൻഫ്ളുവൻസ വൈറസുമായുള്ള ജീൻ കൈമാറ്റം വഴിയോ വൈറസുകൾ ഈ ശേഷി കൈവരിച്ചാൽ അതിൻെറ ഫലം ഭയാനകമായിരിക്കും. ഇത്തരത്തിലുള്ള പാൻഡമിക് ഇൻഫ്ളുവൻസകളാണ് 1918ൽ രണ്ടു കോടിയിലധികം ആളുകളുടെ മരണത്തിനിടയാക്കിയ സ്പാനിഷ് ഫ്ളൂവും 1957ലും 1968ലും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഇൻഫ്ളുവൻസകളും. ഇക്കാരണങ്ങൾകൊണ്ടുതന്നെ പക്ഷിപ്പനി എത്രയുംവേഗം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ്.

വള൪ത്തുപക്ഷികളെ പരിപാലിക്കുന്നവ൪ പുതുതായി പക്ഷികളെ വാങ്ങുന്നത് ഒഴിവാക്കുകയും കൈവശമുള്ളതിനെ പുറത്തുള്ള പക്ഷികളുമായി ബന്ധപ്പെടുന്നത് തടഞ്ഞ് കൂട്ടിൽതന്നെ സൂക്ഷിക്കുകയും ചെയ്യണം. വിവിധയിനം പക്ഷികളെ (ഉദാ. കോഴി, താറാവ്, പ്രാവ് എന്നിവ) ഒരുമിച്ച് വള൪ത്തരുത്. കാരണം, പ്രാവ് പോലെയുള്ളവ പുറത്തുനിന്ന് രോഗം എത്തിക്കാൻ സാധ്യതയുള്ളതാണ്. താറാവ് പോലെയുള്ള ജലപക്ഷികൾ രോഗവാഹകരായേക്കാം. പക്ഷിവള൪ത്തുകേന്ദ്രങ്ങളിൽ സന്ദ൪ശകരെയും വാഹനങ്ങളേയും ക൪ശനമായി നിയന്ത്രിക്കേണ്ടതാണ്. പാദരക്ഷകളും വാഹനങ്ങളുടെ ടയറുകളും അണുനശീകരണം നടത്തുകയും വേണം. കുടിവെള്ള ടാങ്കുകളും ജലപക്ഷികൾക്ക് നീന്താനം വെള്ളം കുടിക്കാനും മറ്റുമുണ്ടാക്കുന്ന ജലസംഭരണികളും നെറ്റ് ഉപയോഗിച്ച് മൂടേണ്ടതാണ്. വെള്ളം കാണുമ്പോൾ പുറത്തുനിന്ന് ദേശാടനപ്പക്ഷികളടക്കമുള്ളവ ഇറങ്ങിവരുന്നത് ഒഴിവാക്കാൻ വേണ്ടിയാണിത്. പറവകളെയോ കൂടോ കൈകാര്യം ചെയ്യുന്നവ൪ കൈയുറയും മാസ്കും ധരിക്കുന്നത് നല്ലതാണ്.

മാംസവും മുട്ടയും നന്നായി പാകം ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഒരു കാരണവശാലും പക്ഷിപ്പനി പകരില്ല. 70 ഡിഗ്രി സെൻറിഗ്രേഡിൽ ഒരു സെക്കൻഡ് ചൂടായാൽതന്നെ വൈറസുകൾ പൂ൪ണമായും നശിക്കും. മുട്ടയുടെ ഉൾവശം കട്ടിയാവുന്നതുവരെയും മാംസത്തിൻെറ ചുവപ്പുനിറം മാറുന്നതുവരെയും വേവിച്ചാൽ ഇത് സാധ്യമാകും.

പക്ഷിപ്പനിയുടേതടക്കമുള്ള രോഗാണുക്കളിൽനിന്ന് രക്ഷനേടാൻ മാംസം മുറിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കട്ടിങ് ബോ൪ഡ്, കത്തി, പാത്രങ്ങൾ എന്നിവ ചൂടുവെള്ളത്തിൽ കഴുകിയതിനുശേഷം മാത്രമേ പഴങ്ങളും സലാഡുകളും മറ്റും മുറിക്കാൻ ഉപയോഗിക്കാവൂ. കൂടാതെ, മാംസവും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാൽ സോപ്പുപയോഗിച്ച് നന്നായി കൈ കഴുകേണ്ടതാണ്. വീട്ടിലോ കടകളിലോ വള൪ത്തുന്ന കോഴികൾ പക്ഷിപ്പനിയുടെ ലക്ഷണം കാണിക്കുകയോ പെട്ടെന്ന് ചത്തൊടുങ്ങുകയോ ചെയ്താൽ അടുത്തുള്ള മൃഗാശുപത്രിയിൽ ഉടനെ വിവരമറിയിക്കേണ്ടതാണ്.


(കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയ൪ വെറ്ററിനറി സ൪ജനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story