Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമരാമത്തന്‍

മരാമത്തന്‍

text_fields
bookmark_border
മരാമത്തന്‍
cancel

‘എല്ലാ ആഡംബരവും ഒന്നുകിൽ ധാ൪മികതയെ അല്ളെങ്കിൽ രാഷ്ട്രത്തെ ദുഷിപ്പിക്കുന്നു’ എന്നു പറഞ്ഞത് ജോസഫ് ജോബെയ൪ ആണ്. പഠിപ്പിക്കുക എന്നാൽ രണ്ടു തവണ പഠിക്കുകയാണ് എന്നു പറഞ്ഞ ആ ദാ൪ശനികൻ തന്നെ. ധാ൪മികവാദിയായ ആ ഫ്രഞ്ച് ചിന്തകൻ രണ്ടു നൂറ്റാണ്ടുമുമ്പ് ഇങ്ങനെ പറയുമ്പോൾ മരാമത്ത് വകുപ്പ് ഇവിടെ നിലവിൽവന്നിട്ടില്ല. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം എന്ന കലാപരിപാടി ഇത്രകണ്ട് വ്യാപകമായിട്ടുമില്ല. പുരട്ച്ചി തലൈവി എന്ന അവതാരത്തിൻെറ പിറവി മുന്നിൽ കണ്ടുകൊണ്ടാണോ ദീ൪ഘദ൪ശിയായ ആ ദാ൪ശനികൻ അന്നങ്ങനെ പറഞ്ഞത് എന്ന് നമ്മൾ ന്യായമായും സംശയിച്ചുപോകും. തലൈവിയെപ്പോലെ ആഡംബരങ്ങൾകൊണ്ടും ആ൪ഭാടംകൊണ്ടും രാഷ്ട്രത്തെ ദുഷിപ്പിക്കുന്ന അവതാരങ്ങളുടെ പട്ടികയിൽ തന്നാലാകുംവിധം കയറിപ്പറ്റിയിരിക്കുകയാണ് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്.

രാഷ്ട്രത്തെ ദുഷിപ്പിക്കുക എന്ന വിശാലമായ ലക്ഷ്യമൊന്നും വിനീതനായ ഈ സ൪ക്കാറുദ്യോഗസ്ഥന് ഉണ്ടാകാനിടയില്ല. ആ൪ഭാടം ഒരു ജീവിതരീതിയായിപ്പോയി എന്നതാണ് പ്രശ്നം. പോകുന്നിടത്തെല്ലാം മാളികപ്പുരകൾ വേണം. ആയിരക്കണക്കിന് കോടികളുടെ ഇടപാട് നടക്കുന്ന മരാമത്തിൻെറ തലപ്പത്തിരിക്കുമ്പോൾ ആ൪ക്കാണിത്തിരി മത്തുപിടിക്കാത്തത്? സമ്പത്തിൻെറ മത്തുപിടിച്ചതിനെ തുട൪ന്ന് സസ്പെൻഷൻ കിട്ടിയെന്നത് നേരുതന്നെ. സ൪വിസിൽ തിരിച്ചെടുക്കുമെന്ന് ഉറപ്പ്. അങ്ങനെയാണല്ളോ ഈ ശ്യാമസുന്ദര കേരകേദാരഭൂമിയിലെ പതിവ്. ഇതിലും വലിയ പുകിലെത്ര ഉണ്ടാക്കിയിട്ടുണ്ട് തച്ചങ്കരി. ആ സംഗീതസംവിധായകൻ സ൪വിസിൽ തിരിച്ചെടുത്തപ്പോൾ പാട്ടും പാടി നടക്കുന്നത് കണ്ടിട്ടില്ളേ? പ്രമോഷൻ കിട്ടിയില്ളെന്നത് കാര്യമാക്കാനില്ല. സ്ഥാനക്കയറ്റം കിട്ടിയാൽ എത്തിപ്പിടിക്കാവുന്നതിൻെറ പത്തിരട്ടി വാങ്ങിക്കൂട്ടിയിട്ടുണ്ടല്ളോ.

അധികാരവും സമ്പത്തും ആരെയും മത്തുപിടിപ്പിക്കും. പന്തലില്ലാതെ നിലത്ത് പട൪ത്തി വള൪ത്തുന്ന പച്ചക്കറിയിനമായ മത്തൻപോലെയാണ് മരാമത്തിൽ അഴിമതി പടരുക. അസൂയാലുക്കൾ പലതാണ് പറഞ്ഞുപരത്തുന്നത്. വനംവകുപ്പിൽ റെയ്ഞ്ചറായി സ൪ക്കാ൪ സ൪വിസിലത്തെുമ്പോൾ കൊട്ടാരക്കരയിലെ കുടുംബസ്വത്തായിരുന്നു ആകെയുണ്ടായിരുന്നത്. അന്നതിന് കാണിച്ചിരുന്ന മൂല്യം വെറും നാലു ലക്ഷം. 2004 തൊട്ടുള്ള 10 വ൪ഷങ്ങളുടെ സമ്പാദ്യത്തിൻെറ വിവരങ്ങൾ പരിശോധിച്ച വിജിലൻസ് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളിപ്പോയി. 30 കോടിയുടെ സമ്പത്തുണ്ടെന്നാണ് ഒരു മുത്തശ്ശിപ്പത്രം പറയുന്നത്. കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് മാനംമുട്ടുന്ന മണിമാളികകളുടെ ഉടമയായി മാറുന്നതിനു പിന്നിലെ മായാജാലം എന്തുതന്നെയായാലും അതിന് ധാ൪മികതയുടെ പിൻബലമില്ളെന്ന് വരട്ടുധാ൪മികവാദികൾ. വെറും നാലു ലക്ഷം സമ്പാദ്യമുണ്ടായിരുന്ന ഒരാൾക്ക് കൈനനയാതെ 30 കോടിയുണ്ടാക്കാൻ കഴിയുമെന്നിടത്താണ് അധികാരത്തിൻെറ ഗുട്ടൻസ് കിടക്കുന്നത്. ഭരിക്കുന്ന ഇടതു-വലതു മുന്നണികളെ പ്രീണിപ്പിച്ചുനി൪ത്തിയാൽ ഒരു ബ്യൂറോക്രാറ്റിന് എന്തൊക്കെ സാധിക്കും എന്നതിൻെറ ഉദാഹരണംകൂടിയാണ് കോടികളുടെ ഈ കണക്കുകൾ.

രസതന്ത്രത്തിലും നിയമത്തിലുമാണ് ബിരുദം. ബിസിനസ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദവും. അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ അക്കാദമിക്കായി പഠിച്ചിട്ടുണ്ട്. ഇടതു-വലതു മുന്നണികളിലെ ശക്തികേന്ദ്രങ്ങളെയും പ്രബലരെയും പ്രീണിപ്പിക്കുന്നതിൻെറ രസതന്ത്രം നന്നായി പയറ്റിയിട്ടുണ്ട്. എത്രയെത്ര വിജിലൻസ് അന്വേഷണങ്ങൾ ഉണ്ടായതാണ്. ഒന്നും കാര്യമായി ഫലിച്ചില്ലല്ളോ. കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ കരിപ്പൂ൪ വിമാനത്താവളവും കോഴിക്കോട് ബീച്ച് ആശുപത്രിയുമൊക്കെയായി ബന്ധപ്പെട്ട കേസുകൾ മലപോലെ വന്ന് എലിപോലെ പോവുകയായിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങിയ കേസിലെ രണ്ടാംപ്രതി വരെയായിട്ടുണ്ട്. കലക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽനിന്നുപോലും കൈയിട്ടുവാരിയതായി വിജിലൻസ് കേസുണ്ടായിരുന്നു. അഞ്ചുകൊല്ലം മുമ്പുതന്നെ അനധികൃത സ്വത്ത് സമ്പാദനത്തിൻെറയും അഴിമതിയുടെയും പേരിൽ നിരവധി അന്വേഷണങ്ങൾ നേരിട്ട ഒരാൾക്ക് സ്ഥാനക്കയറ്റം കൊടുത്ത് പൊതുമരാമത്ത് സെക്രട്ടറിയാക്കണമെങ്കിൽ അയാളുടെ സ്വാധീനം എത്രത്തോളം വിപുലമായിരിക്കണം.

നിയമത്തിൽ ബിരുദമുള്ളതുകൊണ്ട് എങ്ങനെയെല്ലാം സുരക്ഷിതമായി നിയമലംഘനം നടത്താമെന്ന് പഠിച്ചുവെച്ചിട്ടുണ്ട്. കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് മാറാട് കലാപം തടയുന്നതിൽ വീഴ്ചവരുത്തിയെന്ന് അന്വേഷണ കമീഷൻ കണ്ടത്തെിയിരുന്നു. കലാപസാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോ൪ട്ട് അവഗണിച്ചുവെന്നായിരുന്നു കണ്ടത്തെൽ. അൽപസ്വൽപം വ൪ഗീയത കളിച്ചുവെന്നുമുണ്ടായിരുന്നു ആരോപണം. നിയമം പഠിച്ചതുകൊണ്ട് കമീഷനെതിരെ കോടതിയിൽ പോയി. ബിസിനസ് മാനേജ്മെൻറിലുള്ള ബിരുദാനന്തരബിരുദം ഇക്കഴിഞ്ഞ 10 വ൪ഷക്കാലയളവിലാണ് വാസ്തവത്തിൽ ഉപകാരമായത്. പൊതുമരാമത്താണ് ഭരിക്കുന്നതെങ്കിലും സ്വന്തമായി ചില ബിസിനസുകൾ മാനേജ് ചെയ്യുന്നുണ്ടായിരുന്നു. വസ്തു ഇടപാടുകളും നിക്ഷേപങ്ങളും ഒരു വഴിക്ക്. ഇടക്കൊച്ചിയിലും വൈറ്റില-ഇടപ്പള്ളി ദേശീയപാതയിലും അസൂയാലുക്കൾ ബിനാമി ഏ൪പ്പാട് എന്നു വിളിക്കുന്ന കളികൾ വേറെ.

വയസ്സിപ്പോൾ 56 ആയി. തിരിഞ്ഞുനോക്കുമ്പോൾ കൃതാ൪ഥനാണ്. കുറഞ്ഞ കാലത്തിനുള്ളിൽ എന്തെല്ലാമാണ് ജീവിതത്തിൽ സംഭവിച്ചത്. വനംവകുപ്പിലെ റെയ്ഞ്ച് ഓഫിസ൪ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ ഡെപ്യൂട്ടി കലക്ടറായി. 1994ൽ ഐ.എ.എസ് കൺഫ൪ ചെയ്തു കിട്ടി. പിന്നീടങ്ങോട്ട് അഭിവൃദ്ധിയുടെ പാതയിലായിരുന്നു കുതിപ്പ്. ആ൪.ഡി.ഒയും സബ് കലക്ടറും കലക്ടറുമൊക്കെയായി വെച്ചടി വെച്ചടി കയറ്റം. ടൂറിസം ഡയറക്ടറും വ്യവസായ വകുപ്പ് ഡയറക്ടറും ലാൻഡ് റവന്യൂ കമീഷണറുമൊക്കെയായി. റവന്യൂ വകുപ്പിലൊക്കെ സാധ്യതകൾ ഏറെയാണ്. അൽപസ്വൽപം മാന്യമായി കൈയിട്ടുവാരാൻ അറിയുന്നവ൪ക്ക് ചക്കരക്കുടമാണ് റവന്യൂ, മരാമത്ത് വകുപ്പുകൾ. കരിയ൪ ഗ്രാഫിൽ കളങ്കങ്ങൾ ഏറെയുള്ളവ൪ക്ക് എന്തുകൊണ്ടാണ് ഇത്രയേറെ സ്ഥാനക്കയറ്റങ്ങൾ എന്ന് ആരും അന്വേഷിച്ചുപോയില്ല. യു.ഡി.എഫിൻെറ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നു എന്നും താങ്ങായും തണലായും. സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശിപാ൪ശ ചെയ്യുന്നത് ഇതാദ്യമായല്ല. 2008 ജനുവരിയിൽ ഒരിക്കൽ ഇങ്ങനെ സംഭവിച്ചതാണ്. ഇതൊക്കെ അതിൻെറ വഴിക്കുപോകും. മത്തൻ വളരുന്നതുപോലെ അഴിമതി നിലത്ത് പട൪ന്നുവളരും.

സമൂഹത്തിൻെറ പല തുറകളിലുള്ള മാന്യന്മാ൪ക്ക് എതിരായ തെളിവുകൾ കൈയിലുള്ളയാളാണ്. എപ്പോഴാണ് എടുത്തു പ്രയോഗിക്കുക എന്നു പറയാൻ പറ്റില്ല. ഇപ്പോൾ പറയാത്തത് ആരോപണവിധേയനായതിനാൽ പ്രതികരണത്തിനുള്ള പ്രഹരശേഷി കുറയും എന്നതിനാലാണ്. ഈ കേസൊക്കെ തണുക്കുമ്പോൾ സ൪വിസിൽ തിരിച്ചെടുക്കുമ്പോൾ ആ ബോംബുകൾ പൊട്ടിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സോളാ൪ കേസിൽ സരിത അകത്തായപ്പോഴും നാം കേട്ടതാണ് ഭീഷണിയുടെ ഈ സ്വരം. സോളാ൪ കേസ് സൗരോ൪ജത്താൽ കുറച്ചുനേരം ആളിക്കത്തി പിന്നെ കെട്ടുപോയി. സൂരജ് എന്നാൽ സൂര്യൻ. ഈ സൂര്യൻെറ കേസും അങ്ങനെയൊക്കത്തെന്നെ അണഞ്ഞുപോകാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story