Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൂട്ടക്കൊലയുടെ...

കൂട്ടക്കൊലയുടെ കാഥികര്‍

text_fields
bookmark_border
കൂട്ടക്കൊലയുടെ കാഥികര്‍
cancel

അടുത്തെവിടെനിന്നോ ഉയരുന്ന വെടിയൊച്ചകളുടെ ശബ്ദം കേട്ട് ന്യൂസ്ഡെസ്ക്കിൽ അവ൪ അസ്വസ്ഥയായി ഇരുന്നു. യുദ്ധടാങ്കുകളുടെ അകമ്പടിയോടെ ഇസ്രായേൽ സൈന്യം അവ൪ താമസിക്കുന്ന അൽ റിമാലിലെ ആ അപാ൪ട്ട്മെൻറ് വളയുമ്പോൾ അക്കാര്യം പുറംലോകത്തെ അറിയിക്കണമെന്നുണ്ടായിരുന്നു അവ൪ക്ക്. ഗസ്സയിലെ മറ്റെല്ലാ സ്ഥലങ്ങളെയുംപോലെ അവിടവും ആക്രമിക്കപ്പെടുകയാണ്. ആ കോലാഹലങ്ങൾക്ക് നടുവിലിരുന്നാണ് പത്രപ്രവ൪ത്തകയും ഗവേഷകയുമായ അമൽ അബു ആഇശ സംസാരിക്കുന്നത്. നാലു കുട്ടികളുടെ മാതാവാണ് അമൽ. അമലും കുടുംബവും ഇതുവരെ ഫലസ്തീൻെറ മറുഭാഗമായ വെസ്റ്റ് ബാങ്ക് കണ്ടിട്ടില്ല. രണ്ടു പതിറ്റാണ്ടായി ഗസ്സക്കുള്ളിൽ തളക്കപ്പെട്ടതാണ് അവരുടെ ജീവിതം.

ഫലസ്തീനികൾക്ക് വിരളമായി മാത്രം ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഫ്ളാറ്റിലാണ് അമലും കുടുംബവും താമസിക്കുന്നത്. അഭയാ൪ഥി ക്യാമ്പുകൾ പോലും സുരക്ഷിതമല്ലാത്ത ഗസ്സയിലെ കാഴ്ചകൾ വിവരിക്കുമ്പോൾ അതിൽ അമലിൻെറയും കഥയുണ്ട്. അമലിനെയുംഅവരുടെ എഴുത്തിലെ കഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന അദൃശ്യരേഖ, വരാൻപോകുന്ന വിപത്തുകളെക്കുറിച്ചുള്ള ആവലാതിയാണ്. മാധ്യമപ്രവ൪ത്തനത്തിൻെറ പരമ്പരാഗത നി൪വചനങ്ങൾക്കുമപ്പുറമുള്ള ഒരു സ്വത്വം അമലിനുണ്ട്. ഗസ്സയുടെ കഥയും ആ കഥയുടെ കഥാകാരിയുമാണ് അവ൪. അമലിനെപ്പോലുള്ള എഴുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ചുറ്റുമുള്ളവരെക്കുറിച്ച് എഴുതുന്നതിലൂടെ സ്വന്തംകഥ പറയുന്നവരാണവ൪. ‘ഗസ്സയിൽ ജീവിതമില്ല, മരണത്തെ അവഗണിക്കുക സാധ്യവുമല്ല’ - അവ൪ ആദ്യമേ പറഞ്ഞു.
* * *
ലോകത്തിലെ മുൻനിര ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് മാധ്യമ റിപ്പോ൪ട്ടിങ്ങിലെ പക്ഷപാതത്തെ (reporting bias) ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ‘പക്ഷപാതത്തിൻെറ അഭാവമാണ് റോയിട്ടേഴ്സിനെ റോയിട്ടേഴ്സാക്കുന്നത്. ദേശാതി൪ത്തികൾ ഇല്ലാത്ത ഒരു വാ൪ത്താ ദാതാവാണ് ഞങ്ങൾ. ഞങ്ങളുടെ ന്യൂസ്റൂമുകളിൽ നാനാത്വം സ്വാഗതം ചെയ്യുകയും എല്ലാ ജോലിക്കാരോടും സ്വന്തം രാഷ്ട്രീയവും രാഷ്ട്ര വ്യക്തിത്വവും ദൂരെക്കളയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു വിഷയത്തിൻെറ എല്ലാ തലങ്ങളെയും കൃത്യത എന്നതൊഴിച്ച് മറ്റൊരജണ്ടയുമില്ലാതെ അഭിസംബോധന ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് ഞങ്ങളുടെ സ്ഥാപനത്തിൻെറ മുഖമുദ്രയായ ഈ നിഷ്പക്ഷതയാണ്.’

പത്രധ൪മത്തിൻെറ കാതലായി കരുതപ്പെടുന്ന ഈ നിലപാട് ഫലസ്തീനിൽ എത്രകണ്ട് ഫലവത്താണ്? ഫലസ്തീനി മാധ്യമപ്രവ൪ത്തക൪ക്ക് സ്വന്തം രാഷ്ട്രീയവും രാഷ്ട്രവ്യക്തിത്വവും ദൂരെക്കളഞ്ഞ് ന്യൂസ്റൂമുകളിലേക്ക് പ്രവേശിക്കുക സാധ്യമാണോ? അവരുടെ ജോലി അത് ആവശ്യപ്പെടുന്നുണ്ടോ?

ഗസ്സയിലെ വത്വനിയ്യ വാ൪ത്താ ഏജൻസിയുടെ എഡിറ്റ൪ ഇൻ ചീഫായ മുഹമ്മദ് അൽ മദ്ഹൂൻ റോയിട്ടേഴ്സിൻെറ ഈ നിലപാടിനെ പൊളിച്ചടുക്കുന്നുണ്ട്. ‘ഈയുദ്ധം റിപ്പോ൪ട്ട് ചെയ്യുന്നതിൽ എനിക്ക് ഒരു നിഷ്പക്ഷതയുമില്ല. എനിക്കും എൻെറ കുടുംബത്തിനുമെതിരെയുള്ള ആക്രമണമാണിത്. ഞങ്ങൾക്ക് ‘ഭീഷണി’ എന്ന വിശേഷണം ചാ൪ത്തപ്പെട്ടിരിക്കുന്നു. എന്നാൽ, ഇസ്രായേൽ ഫലസ്തീനു മാത്രമല്ല, ലോകത്തിനു മുഴുവൻ ഭീഷണിയാണ്. ഗസ്സയിലാണ് താമസിക്കുന്നതെങ്കിലും ഇസ്രായേലിലെ ഹദാറോമിലെ മജ്ദാൽ അസ്ഖലാനെയാണ് സ്വന്തം ജന്മഭൂമിയായി അദ്ദേഹം കണക്കാക്കുന്നത്. 1948ൽ ഇസ്രായേൽ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടപ്പോൾ മുഹമ്മദിൻെറ മുത്തച്ഛനെ ഈ പട്ടണത്തിൽനിന്ന് ഇറക്കിവിട്ടതായിരുന്നു.
മാധ്യമപ്രവ൪ത്തക൪ക്ക് സുരക്ഷയും സംരക്ഷണവും പ്രദാനംചെയ്യുന്ന ഇൻറ൪നാഷനൽ പ്രസിൻെറ നി൪ദേശരേഖകൾ ഫലസ്തീനിലെ മാധ്യമപ്രവ൪ത്തകരുടെ കാര്യത്തിൽ പ്രാവ൪ത്തികമല്ല. അവിടെ സഞ്ചാര സ്വാതന്ത്ര്യമില്ല. ബോംബുകളും ബുള്ളറ്റുകളും മാധ്യമപ്രവ൪ത്തകരുടെ നേ൪ക്കുകൂടിയാണ് പായുന്നത്. ജൂലൈയിൽ തുടങ്ങിയ ആക്രമണത്തിൽ ‘പ്രസ്’ എന്നെഴുതിയ കവചം ധരിച്ച ഒമ്പത് മാധ്യമപ്രവ൪ത്തകരാണ് കൊല്ലപ്പെട്ടത്.
* * *
ആക്ടിവിസ്റ്റ്, ഗവേഷക എഴുത്തുകാരി എന്നീ നിലകളിലുള്ള തൻെറ ജോലി സ്വന്തം നിലനിൽപ്പിനും തിരിച്ചും അത്യന്താപേക്ഷിതമാണെന്ന് അമലിനറിയാം. യു.എൻ കണക്കു പ്രകാരം ഫലസ്തീനിലെ 20.9 ശതമാനംപേരും തൊഴിൽരഹിതരാണ്. 200ലധികം ഫലസ്തീനികളെ ഭീകരവേട്ടയെന്ന പേരിൽ കൊന്നൊടുക്കിയും പതിനായിരത്തിലേറെ പേരെ പരിക്കേൽപിച്ചും ലക്ഷക്കണക്കിന് ആളുകളെ അഭയാ൪ഥികളാക്കിയും മുന്നേറുന്ന അയൽരാജ്യമായ ഇസ്രായേലിൽ ഈകണക്ക് 5.6 ശതമാനമാണ്. ഗസ്സയെക്കുറിച്ച് നിങ്ങൾ എഴുതുമ്പോൾ 1948 (ഇസ്രായേൽ രാഷ്ട്രം രൂപവത്കരിച്ചത്), 1967 (കൈയേറ്റവും യുദ്ധവും),1993 (ഓസ്ലോ ഉടമ്പടി) എന്നീ വ൪ഷങ്ങൾ ലേഖനത്തിലുണ്ടാവണം. ഈ വ൪ഷങ്ങൾ അക്കങ്ങളായി ലേഖനത്തിലില്ളെങ്കിലും, ഒരു ജനതയുടെ കൂട്ടക്കുരുതിയുടെയും അവരുടെചെറുത്തു നിൽപിൻെറയും ഓ൪മകളായി ഫലസ്തീൻ ചരിത്രത്തിൽ ഇവവേണം.

‘വ൪ഷങ്ങൾക്കുമുമ്പ്, ഫലസ്തീനിലെ യുവകവിയും ആക്ടിവിസ്റ്റുമായ റഫീഫ് സിയാദ അവരുടെ We Teach Life Sir എന്ന കവിത ആദ്യമായി അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. ‘സ്വന്തക്കാരുടെ കുഴിമാടത്തിനു മുകളിൽ മണ്ണു വിതറിയതിനുശേഷം ഫലസ്തീൻ പ്രശ്നത്തെക്കുറിച്ചെഴുതുമ്പോൾ ഒരു പക്ഷമേ ഉണ്ടാവുക തരമുള്ളൂ. അതിൽപരം രാഷ്ട്രീയപരമായി ഒന്നുമില്ലതാനും’ -ഇതാണ് അമലിൻെറ പക്ഷം. ഗസ്സയിൽ വൈദ്യുതി ഉള്ളപ്പോഴെല്ലാം അമലിൻെറ സോഷ്യൽ നെറ്റ്വ൪ക്കിങ് പേജുകൾ സജീവമായിരിക്കും. ഏഴുനില ഫ്ളാറ്റിലെ താരതമ്യേന സുരക്ഷിതമായ അമലിൻെറ വീട്ടിൽ ദിവസത്തിൽ മൂന്നു മുതൽ ആറു മണിക്കൂ൪ വരെ മാത്രമാണ് വൈദ്യുതി ലഭിക്കുക. ഇവിടെനിന്നുമാണ് നഗരത്തിലെ വംശഹത്യയെക്കുറിച്ച് അമൽ സ്കൈപ്, ഫേസ്ബുക്, ട്വിറ്റ൪ തുടങ്ങിയവയിലൂടെ സംസാരിക്കുന്നത്. ഗസ്സയിലെ സംഭവവികാസങ്ങളുടെ ലൈവ് ബ്ളോഗാണ് അമലിൻെറ പോസ്റ്റുകൾ. മിക്ക അപ്ഡേറ്റുകളും അറബി ഭാഷയിലാണ്.
* * *
‘ഇതൊരു മതപരമായ കലാപമല്ല. എന്നാൽ, ആക്രമിക്കപ്പെട്ടവ൪ ആ സമയത്ത് നോമ്പ് അനുഷ്ഠിക്കുകയായിരുന്നു എന്നത് ഒരു വസ്തുതയാണ്. തക൪ക്കപ്പെട്ട കെട്ടിടങ്ങളിൽ 50 എണ്ണം മസ്ജിദുകൾ ആയിരുന്നു. ഇക്കാര്യം ഞങ്ങളുടെ റിപ്പോ൪ട്ടുകളിൽ എടുത്തുപറയുന്നുണ്ട്. കാരണം, ഇവ ആരാധനാലയങ്ങളും അതിനാൽ സംരക്ഷിക്കപ്പെടേണ്ടവയുമാണ്’ -മുഹമ്മദ് അൽ മദ്ഹൂൻ പറഞ്ഞു.

ദൈവവിശ്വാസം എന്ന ആശയത്തിന് മാധ്യമ വ്യവസ്ഥയിൽ സ്ഥാനമുണ്ടോ? ഫലസ്തീനിലെ ഭൂരിഭാഗം റിപ്പോ൪ട്ട൪മാ൪ക്കും അവരുടെ ജീവിതത്തെയും എഴുത്തിനെയും അല്ലാഹുവിൻെറ അനുഗ്രഹം എന്ന യാഥാ൪ഥ്യത്തിൽനിന്ന് വേ൪തിരിച്ചുകാണുക സാധ്യമല്ല. അൽ റസാലയിൽ ജോലിചെയ്യുന്ന യാസ്മിൻ സാഖല്ല എന്ന യുവ ഫ്രീലാൻസ് പത്രപ്രവ൪ത്തക അല്ലാഹുവിൻെറ അനന്തമായ കാരുണ്യത്തെക്കുറിച്ച് അവരുടെ സോഷ്യൽ നെറ്റ്വ൪ക്കിങ് താളുകളിൽ സദാ വാചാലയാണ്.
ഫലസ്തീൻ മാധ്യമങ്ങൾ തങ്ങളുടെ വിശ്വാസത്തെ ചേ൪ത്തുപിടിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നതായി യാസ്മിൻ സാക്ഷ്യപ്പെടുത്തുന്നു. യാസ്മിൻ ഗസ്സയിലെ അൽകറാമയിലായിരിക്കുമ്പോൾ റഫയിലെ കുട്ടികൾ അവ൪ക്കേറെ പ്രിയപ്പെട്ട ‘ജനാസ’ കളിക്കുകയായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷികളായവരെയും വഹിച്ചുള്ള വിലാപയാത്രകളെ അനുകരിക്കുകയാണവ൪. പള്ളികളിൽ മൃതശരീരങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതായിത്തീരുകയും ആശുപത്രികളിൽ പരിക്കേറ്റവ൪ ശ്രദ്ധകിട്ടാതെ കിടക്കുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് മരണാഘോഷമല്ലാതെ അനുകരിക്കാൻ എന്താണവശേഷിക്കുന്നത്?

യാസ്മിൻെറ മറ്റൊരു അനുഭവം കൂടി കാണുക: എൻെറ സുഹൃത്ത് മുഹമ്മദ് ദാഹിറിൻെറ കുടുംബത്തെക്കുറിച്ച് ഞാനെഴുതി. മുഹമ്മദിൻെറ രണ്ടു വയസ്സുള്ള മകളുൾപ്പെടെ ആറ് കുടുംബാംഗങ്ങൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂലൈ 19നായിരുന്നു അത്. എന്നാൽ, അയാൾ രക്ഷപ്പെട്ടു. ഇപ്പോൾ ആശുപത്രി ശുശ്രൂഷയിലാണ്. അൽശിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദിൻെറ ആരോഗ്യത്തിനായി ഞാൻ പ്രാ൪ഥിച്ചു. പിന്നെ, ഗസ്സയിലെ അടുത്ത മരണത്തെക്കുറിച്ചുള്ള റിപ്പോ൪ട്ടിങ്ങിനായി ഞാൻ പുറത്തുപോയി.

ഈ ലേഖികയുമായുള്ള യാസ്മിൻെറ രണ്ടാമത്തെ അഭിമുഖം ഹ്രസ്വമായിരുന്നു. ‘എൻെറ സുഹൃത്ത് മുഹമ്മദ് മരിച്ചു, ആഗസ്റ്റ് ഏഴിന്’ -അവ൪ പറഞ്ഞു. 51 ദിവസത്തെ ആക്രമണത്തിനിടെ ഗസ്സയിൽ 90 കുടുംബങ്ങൾ പൂ൪ണമായും തുടച്ചുനീക്കപ്പെട്ടുവെന്നാണ് കണക്ക്. അതിലൊന്നായിരുന്നു ദാഹിറിൻേറത്.

* * *
ഗസ്സയിലെ ഏക വൈദ്യുതിനിലയം ഇസ്രായേൽ ബോംബാക്രമണത്തിൽ തക൪ന്നതിനാലുണ്ടായ നാലു ദിവസം നീണ്ട വൈദ്യുതിച്ഛേദത്തിനു ശേഷമാണ് അമൽ രണ്ടാമതായി എന്നോട് സംസാരിക്കുന്നത്. ഗസ്സക്ക് പുറത്തുപോയിട്ടില്ലാത്ത അവരുടെ 22കാരിയായ മകൾ റസാനയെക്കുറിച്ചായിരുന്നു ഏറിയപങ്കും അവ൪ പറഞ്ഞത്. ‘ഫാ൪മസി ബിരുദത്തിന് പഠിക്കുന്ന അവൾക്ക് പുറത്തുപോകണമെന്നാണാഗ്രഹം. ഗസ്സയിൽ സാധ്യതകളില്ല. പക്ഷേ, വിസകിട്ടിയാലും അവൾക്ക് അതി൪ത്തികടക്കാൻ കഴിയില്ല’-അമൽ പറഞ്ഞു. 1.76 ലക്ഷംപേ൪ തിങ്ങിപ്പാ൪ക്കുന്ന ഈ തുണ്ടു ഭൂമിയുടെ അതി൪ത്തികടക്കുക എന്നത് ഏറക്കുറെ അസാധ്യമാണ്. ഫലസ്തീൻ മാധ്യമങ്ങൾ ഈപ്രശ്നത്തെക്കുറിച്ച് ധാരാളം എഴുതുന്നുണ്ട്.

ഖാലിദ് ഖാസിം എന്ന യുവപത്രപ്രവ൪ത്തകന് പക്ഷേ ഇത് വെറുമൊരു ന്യൂസ് സ്റ്റോറിയല്ല. തു൪ക്കിയിലേക്ക് യാത്രചെയ്ത സമയത്ത് ഖാസിം ഈ യാഥാ൪ഥ്യം അനുഭവിച്ചറിഞ്ഞതാണ്. എട്ടു മാസങ്ങൾക്കുമുമ്പാണ് അദ്ദേഹം ഇസ്തംബൂളിൽ താമസമാരംഭിച്ചത്. ജോലിചെയ്യാനും പഠിക്കാനുമുള്ള പെ൪മിറ്റുമായി കാത്തിരിക്കുമ്പോഴാണ് അതി൪ത്തി കടക്കുക എന്ന ക്ളേശകരമായ കടമ്പ മുന്നിൽ വരുന്നത്. വിസ കിട്ടുക പ്രയാസമായിരുന്നു. വെസ്റ്റ് ബാങ്കിലും ജറൂസലമിലും മാത്രമാണ് എംബസിയുള്ളത്. അൽസീസി അധികാരമേറ്റെടുത്തശേഷം ഈജിപ്ത് അതി൪ത്തി പൂട്ടിയതുകൊണ്ട് പുറത്തുകടക്കാൻ ഒരുമാസത്തോളം കാത്തിരിക്കേണ്ടിവന്നു. ഇത്തരം വ്യക്തിഗതമായ അനുഭവങ്ങൾ കൂടിയാണ് വ്യത്യസ്തമായ ഒരു കഥപറച്ചിൽ രീതിയുമായി മുന്നോട്ടുവരാൻ ഈ രാജ്യഭ്രഷ്ടരായ ജനതയെ പ്രേരിപ്പിക്കുന്നത്.

‘എന്നിൽനിന്ന് കവ൪ന്നെടുക്കപ്പെട്ട മണ്ണിനെയും ഇസ്രായേലി അധിനിവേശത്തിനെയും പറ്റി മാത്രമാണ് ഫലസ്തീനെക്കുറിച്ചെഴുതുമ്പോൾ ഞാനോ൪ക്കുന്നത്. ഭൂമി മാത്രമല്ല, മനസ്സും കൈയേറ്റം ചെയ്യപ്പെടുന്നുണ്ട്. നിത്യജീവിതം ഇതിനിടയിൽ കുടുങ്ങി വ൪ണിക്കാനാകാത്തവിധം സങ്കീ൪ണമാണ്’ -ഖാസിമിൻെറ വാക്കുകൾ.
* * *
അമൽ അബു ആഇശയെ സംബന്ധിച്ച് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയും ഫലസ്തീൻ മാധ്യമപ്രവ൪ത്തക൪ കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്ന നിഷ്പക്ഷത യഥാ൪ഥത്തിൽ ഇസ്രായേൽ അനുകൂല ചായ്വാണ്. സ്വന്തം ക്രൂരകൃത്യങ്ങൾ വെള്ളപൂശുന്നതിൻെറ ഭാഗമായി വെസ്റ്റ് ബാങ്കിലും ഗസ്സയിലും രണ്ട് പ്രതിരൂപങ്ങളാണ്ഇസ്രായേൽ നി൪മിക്കുന്നത്. നിഷ്പക്ഷത എന്ന മറവിൽ ആശയപ്രചാരണമാണ് ഇസ്രായേൽ നടത്തുന്നതെന്ന് അവ൪ നിരീക്ഷിക്കുന്നു. ഗസ്സയെ തീവ്രവാദത്താവളമായും വെസ്റ്റ്ബാങ്കിനെ സന്ധി സംഭാഷണത്തിൻെറ ഇടമായും ചിത്രീകരിക്കുന്നതിനുപിന്നിൽ അജണ്ടകളുണ്ട്. വെസ്റ്റ്ബാങ്കിൻെറ ഏറിയപങ്കും ഇസ്രായേൽ ഇപ്പോൾത്തന്നെ കൈയേറിക്കഴിഞ്ഞിരിക്കുന്നുവെന്നുകൂടി ഇതോടു ചേ൪ത്തു വായിക്കുക.

‘ഞാൻ ആദ്യമായി ഗസ്സയിലത്തെുമ്പോൾ എനിക്ക് 10 വയസ്സായിരുന്നു. നല്ല കടപ്പുറമുള്ളൊരു മനോഹര നഗരം. ആ ബീച്ചും അവിടത്തെ മത്സ്യങ്ങളുമെല്ലാം എനിക്ക് നല്ല ഓ൪മയുണ്ട്. അവിടെയാണ് കാൽപ്പന്ത് കളിക്കിടെ ബക്ക൪ കുടുംബത്തിലെ നാലു കുട്ടികൾ ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു നിലപാട് കൈക്കൊള്ളുക എന്നതിനേക്കാൾ പ്രധാനം നിഷ്പക്ഷതയാണ് എങ്കിൽ, വസ്തുനിഷ്ഠമായി സംസാരിക്കാൻ ലോകം എന്തു വിലയാണ് ചോദിക്കുന്നതെന്ന് ഫലസ്തീനികൾ അദ്ഭുതപ്പെടുന്നു. ഒരുപക്ഷേ, അവ൪ (ലോക മാധ്യമപ്രവ൪ത്തക൪) തെറ്റുകൂടാതെ കേട്ടെഴുതുകയും ഞങ്ങൾ എഴുതപ്പെടേണ്ടതെന്തോ അത് എഴുതുകയുമാകാം ചെയ്യുന്നത് -അമൽ വൃത്തിയായി പറഞ്ഞവസാനിപ്പിച്ചു.

വിവ൪ത്തനം: സുൽഹഫ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story