Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇടവഴികള്‍

ഇടവഴികള്‍

text_fields
bookmark_border
ഇടവഴികള്‍
cancel

പണ്ടൊന്നും വഴികൾക്ക് ഇത്രയേറെ വസൂരിക്കലകൾ മുഖത്തുണ്ടായിരുന്നില്ല. മഴപെയ്താൽ, വിയ൪പ്പിൻെറ ഒരു ചാലുകീറും പോലൊരൊഴുക്കിന് ഇടമുണ്ടാവും. ഒന്നു കുത്തിപ്പെയ്താൽ, എന്നാലിവിടെക്കിടക്ക് എന്ന മട്ടിൽ സൂര്യൻെറ ചൂടുകൊള്ളും നേരം വരെ വെള്ളത്തിനെ കിടത്തും. ചുമന്ന മണ്ണിൻെറ മേലാപ്പ്, ആളുകൾ നടന്ന് നടന്ന് പതം വരുത്തിയ ചെറുകല്ലുകൾ, ഇടക്കോടി മറയുന്ന വണ്ടിച്ചക്രങ്ങളുടെ കനമുള്ള അഹങ്കാരം. ഇങ്ങനെയൊക്കെ ശീലത്തിൻെറ ഒരു ജാംബവാൻ കിടപ്പ് നെടുനീളെയങ്ങ് വിസ്തരിച്ചതിലൂടെയാണ് എൻെറയും അതിനുമുമ്പുള്ള തലമുറയും ഓടിയും നടന്നും കൊത്തങ്കല്ലു കളിച്ചും ഇവിടെവരെ വന്നത്.
ടാറിൻെറ വാ൪മുടി കെട്ടും മുമ്പ് വഴികൾക്കൊക്കെ ഒരു നാട്ടു ചന്തമുണ്ടായിരുന്നു. പാദത്തിനു കീഴിൽ ചെരിപ്പിൻെറ ഇടനില വരും മുമ്പുള്ള ചന്തം. ചെരിപ്പുകൾ ഭൂമിയുമായുള്ള കാലിൻെറ നേരിട്ടുള്ള ബന്ധത്തിന് ആദ്യ തടസ്സമാവുമ്പോഴും ഇടക്ക്, പാദത്തിൽനിന്ന് ഉരിയെറിഞ്ഞ് മണ്ണിലേക്കത്തെുന്ന ഒരു നഗ്നബാന്ധവം കാലുകൾക്ക് ഉണ്ടായിരുന്നു. ഭൂമിയിലെങ്ങും ഒരു ചെറുമുറിവോ, വേദനയുടെ കൂ൪ത്തമുഖമോ കാത്തിരിക്കുന്നുവെന്നുള്ള പേടിയാണ് കാലിനെ രക്ഷകൻെറ വാറുകൾ അണിയിച്ചത്. അമ്പലത്തിലോ, ആൾക്കൂട്ടമുള്ളിടത്തോ അഴിച്ചിട്ടാൽ രക്ഷകന്മാരെ ചൂണ്ടാൻ മറ്റ് കാലുകൾ വരുമെന്ന പേടിയും കൂടി അക്കാലത്ത് ഉണ്ടായിരുന്നു. ആദ്യമായിടുന്ന ചെരിപ്പിൻെറ കടിയേറ്റ് കാലുകൾ കുമിളക്കുമ്പോൾ, വെള്ളത്തിൽ നടക്കുമ്പോൾ പിന്നിലെ നാക്കുകൊണ്ട് ചെളിയും വെള്ളവും ചന്തിവരെ തെറിക്കുമ്പോൾ കുറ്റം പറയാതെ, കുറ്റമുള്ള നോട്ടം നോക്കാതെ കഴുകി കൈയിലെടുത്ത് ഉള്ളിൽ വെയ്ക്കുന്ന ചെരിപ്പുകളെ നോക്കി വഴികൾ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

തൊട്ടാവാടി, കാക്കപ്പൂവ്, മുക്കുറ്റി, കമ്യൂണിസ്റ്റ് പച്ച തുടങ്ങി പല ജാതിക്കൂട്ടിൻെറ ഒരു മേളം വഴിക്കിരുപുറത്തുമുണ്ടായിരുന്നു. ഏകവിളത്തോട്ടങ്ങളുടെ വംശശുദ്ധി ഇങ്ങനെ പട൪ന്നുവരുമുമ്പുള്ള കാലത്തിൻെറ ഇടകലരുകൾ അങ്ങനെയൊക്കെയായിരുന്നു. ഒരു ചേര, ഓന്ത്, അരണ അങ്ങനെ ഇഴയുന്ന ജീവനുകൾ ഈ പച്ചക്കൂട്ടത്തിൽനിന്ന് വഴിമുറിച്ച് ഓടിപ്പോയാലും പേടിപ്പിച്ചല്ളോ എന്നൊരു അത്ര ഒച്ചയില്ലാത്തൊരു പരാതിയിൽ എല്ലാം തീ൪ന്നിരുന്നു. വഴിക്ക് കുറുകെ ഒരു പൂമ്പാറ്റ പറക്കുമ്പോൾ മല൪ന്നു കിടന്നു വഴി അതിൻെറ ചന്തം കാണും. ഇടക്ക് ആ പൂഴിയിൽതന്നെ ഒരിക്കലും നിറങ്ങൾകൊണ്ട് ചേ൪ക്കാൻ കഴിയാത്തത്ര വ൪ണോജ്വല പ്രൗഢിയിൽ ഒരുചിറക് മരണത്തിൻെറ ഉജ്ജ്വല നേരം അവിടെ ചേ൪ത്തുവെച്ചിട്ടുണ്ടാവും. ഓടി വരുന്ന ഒരു കുട്ടിയുടെ കാലടിയിൽ പതിഞ്ഞ് അവൻെറ കാലുകൾക്ക് ചിറകിൻെറ ഊ൪ജം കൊടുത്ത് വിസ്മൃതമാവും.

വഴികളെല്ലാം ഇടംവലം പിരിഞ്ഞ വൻമരങ്ങളാണെന്ന് നടന്നുനടന്നു തീരുമ്പോൾ മാത്രമാണ് അറിയുക. ഒരു വഴിക്കുതന്നെ പിന്നെയും വഴികൾ. ചിലത് നേ൪ത്തത് ചിലത് മേദസ്സുകൊണ്ട് വിട൪ന്നത്. ചിലതോ ഒരു കയ്യാല ഓട്ടയിലേക്ക് നൂണ്ടുകയറാൻ പാകമായൊരു ഈരിഴ. നീണ്ടുനിവ൪ന്നു കിടക്കുന്ന വഴിയൊരു കാലപുരുഷൻെറ ശരീരമാണെന്നും അറിയുക വഴികൾ നടന്നുതീരുമ്പോഴാണ്. മണ്ണ്, ചളി, പൊടി, ടാറ്, കുഴി... ഒറ്റനടത്തത്തിൽ അപ്പുറമത്തൊൻ പെടാതെ കാലിൻെറ ഞെരിയാണിയിലുടക്കുന്ന വഴിദണ്ഡങ്ങളാണിത്. ഇടക്ക് എതിരെ വരുന്ന ആൾരൂപം പണ്ട് കണ്ടതിലും മുഖം ചുളിഞ്ഞ്, വാക്കുകൾ കൂട്ടിക്കെട്ടാനാവാതെ പിണഞ്ഞ്, ഓ൪മകൾ മറ്റേതോ വഴി മറഞ്ഞിട്ടും കണ്ണിലെ നോട്ടം കൊണ്ട് എല്ലാം ഇപ്പോൾ തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിൽ നോക്കി നോക്കി നിന്ന്, പിന്നെ ഒന്നും പറയാതെ പോകുമ്പോൾ.

ആ മനുഷ്യൻ കാലുവെക്കുന്ന മണ്ണിലൊരിടത്ത് നമുക്ക് പരിചിതമായ ഒരു ഭൂതകാലം തലയുയ൪ത്തനാവാതെ കിടക്കുന്നതു കാണാം. തിരിച്ച് നോക്കാൻ സൂചികൾ ഇല്ലാത്തതിനാൽ ഘടികാരത്തിൻെറ ഭ്രമണ വഴിയിലെങ്ങും നമ്മൾ ഉറങ്ങാതെ ഇരിക്കുന്നു. പിന്നാലെ വരുന്ന ആമയെ ഓ൪ത്ത്, അതിൻെറ മന്ദഗമനത്തിൻെറ ശ്രദ്ധയിൽ,ഒരിടവേള ഉറക്കത്തിനുവേണ്ടി അടഞ്ഞു പോയാലുണ്ടാവുന്ന ഭവിഷ്യത്തുകൾ ഓ൪ത്ത്. ഇതാണ് വഴിയെന്ന് പറഞ്ഞുതരുന്ന കൈചൂണ്ടലിനപ്പുറത്തേക്ക് എത്തിനോക്കാതെ നടക്കുന്ന കാലിൻെറ ശ്വാസത്തിന് ഒരേ അളവും തൂക്കവുമാണ്. മുന്നിൽ പോയവരുടെ അതേ ഗന്ധവും. ഇതാണിപ്പോൾ കാലിൻെറ ശീലം. അടയാളങ്ങൾ, കൈചൂണ്ടികൾ, നേരത്തേ പറഞ്ഞുവിട്ട വാക്ക്, വായിച്ചറിഞ്ഞ അറിവിൻെറ ഓ൪മപ്പെടുത്തൽ, അങ്ങനെ തെറ്റാതെ തെറ്റാതെ നടക്കുന്നു. ഒടുവിലത്തെ വഴിയത്തെുംവരെ എന്ന സമാധാനത്തോടെ.

ഇടക്ക് മറ്റൊരു വഴിയുണ്ടെന്ന ഗന്ധമറിഞ്ഞ് കാല് ചലിച്ചാൽ പേടിയാണ് നമുക്ക്. നടക്കുന്ന, ഓടുന്ന, വഴിക്ക് ഒരു നേരത്തേ ഭക്ഷണത്തേക്കാൾ വിലകൊടുത്ത്, വേഗങ്ങളെ സ൪ക്കസുകാരൻെറ ശരീരം പോലെ വിട൪ന്നു കിടന്ന് സ്വീകരിക്കുന്ന വഴികളിലൂടെ നമ്മൾ പോകുന്നു. ഇടംവലം നോക്കാതെ, മുന്നിലേക്ക് മാത്രം ഒരമ്പിൻെറ മൂ൪ച്ചയിൽ കണ്ണ് പായിച്ച് നമ്മുടെ യാത്ര. ഇടംവലം പഴയ പച്ചയുടെ കൂട്ടില്ല. വെയിൽ അവിടെ കൂടുവെച്ചു. ഇഴയാൻ ഒരു ജീവനില്ല. തിളക്കുന്ന ഒരു പകലിലോ രാത്രിയിലോ വഴിതെറ്റി വന്ന ഒരാൾ ഈ വഴി കണ്ട് ഭയന്ന് തിരിച്ചുപോകാൻ തുടങ്ങിയാൽ അയാൾക്ക് തിരക്കുകളില്ലാതെ മടങ്ങാൻ ഒരിടവഴി ഉണ്ടോ? തന്നിലേക്ക്തന്നെ മടങ്ങാൻ മറ്റൊരു വഴിയുണ്ടോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story