Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിവാഹ ധൂര്‍ത്തിനെതിരെ...

വിവാഹ ധൂര്‍ത്തിനെതിരെ മുസ്‌ലിം ലീഗ് നേതാക്കള്‍ മാതൃകയാകട്ടെ

text_fields
bookmark_border
muslim-league
cancel

വിവാഹ ധൂ൪ത്തിനും ആ൪ഭാടത്തിനും പൊങ്ങച്ചത്തിനുമെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ബോധവത്കരണം നടത്താൻ മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ എടുത്ത തീരുമാനം ശ്ളാഘനീയവും സ്വാഗതാ൪ഹവുമാണ്. സമുദായത്തെ ബാധിച്ച രോഗവും ജീ൪ണതയും തിരിച്ചറിഞ്ഞ് ചികിത്സിക്കാനുള്ള ശ്രമമായി ഇതിനെ ന്യായമായും വിലയിരുത്താവുന്നതാണ്.
ഓരോ മലയാളി മുസ്ലിമുമിന്ന് വിവാഹാഘോഷം ആ൪ഭാടപൂ൪ണമാക്കാൻ കഴിവിൻെറ പരമാവധി ശ്രമിക്കുന്നു. പാവപ്പെട്ടവ൪ കടം വാങ്ങിയും പിരിവെടുത്തും പതിനായിരങ്ങൾ കല്യാണങ്ങൾക്കായി ചെലവഴിക്കുന്നു. ഇടത്തരക്കാ൪ ലക്ഷങ്ങളും പണക്കാ൪ കോടികളും ധൂ൪ത്തടിക്കുന്നു.
ഏറെപ്പേരുടെയും വിവാഹവേളകൾ പൊങ്ങച്ചവേദികളാണ്. സ്വന്തം പണവും പദവിയും പ്രൗഢിയും പ്രകടിപ്പിക്കാനുള്ള അവസരം. അതിനാലാണ് ലക്ഷങ്ങളും കോടികളും തുലച്ച് കല്യാണങ്ങൾ കേമമാക്കുന്നത്. വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും വിതരണംചെയ്യുന്ന വിഭവങ്ങളുടെ വൈവിധ്യവും മഹത്ത്വത്തിൻെറയും മാന്യതയുടെയും മാനദണ്ഡമായി മാറിയിരിക്കുന്നു. ജീവിതവിശുദ്ധിയും മഹിതമൂല്യങ്ങളുംകൊണ്ട് മാന്യത നേടാനാവാത്ത അൽപന്മാ൪ അങ്ങാടിയിൽനിന്ന് വാങ്ങുന്ന ചരക്കുകളിലൂടെ അതുണ്ടാക്കാൻ നടത്തുന്ന പരിഹാസ്യ ശ്രമങ്ങളാണ് പല വിവാഹാഘോഷങ്ങളിലും കാണപ്പെടുന്നത്. എല്ലാവരും സാധ്യതകൾ പരമാവധി സ്വരൂപിച്ച് കല്യാണം ഗംഭീരമാക്കാനാണ് ശ്രമിക്കുന്നത്. പൊങ്ങച്ചം ദൈവത്തിൻെറ ശാപകോപങ്ങൾക്ക് കാരണമാകുന്ന ഗുരുതരമായ കുറ്റമാണെന്ന വസ്തുത വിവാഹകാര്യത്തിൽ മതഭക്തരെന്ന് കരുതപ്പെടുന്നവ൪പോലും വിസ്മരിക്കുന്നു.
മുസ്ലിംകൾക്ക് വിവാഹവേളകളിൽ നി൪ബന്ധമായും ഒത്തുകൂടേണ്ടത് വരനും വധുവിൻെറ രക്ഷിതാവും രണ്ടു സാക്ഷികളും മാത്രമാണ്. വളരെ അടുത്ത ബന്ധുക്കളും അയൽക്കാരും അതുപോലുള്ള സന്തോഷാവസരങ്ങളിൽ സംബന്ധിക്കുക സ്വാഭാവികം. എന്നാൽ, എന്തിനാണ് വിവാഹാഘോഷങ്ങളിലേക്ക് ആയിരങ്ങളെ ക്ഷണിച്ചുവരുത്തുന്നത്? കല്യാണസദ്യയുടെ സമയം പരമാവധി രണ്ടോ മൂന്നോ മണിക്കൂറാണ്. നാനൂറോ അഞ്ഞൂറോ ആളുകൾ ഒത്തുകൂടിയാൽ പോലും ആതിഥേയന് അവരുമായി ബന്ധം സ്ഥാപിക്കാനോ സൗഹൃദം പുതുക്കാനോ സാധിക്കുകയില്ല. അല്ളെങ്കിലും അതൊന്നുമല്ലല്ളോ വലിയ കല്യാണങ്ങൾ നടത്തുന്നതിൻെറ ഉദ്ദേശ്യം.
ആളുകളെ ക്ഷണിച്ചുവരുത്തി ആഹാരം നൽകുന്നത് നല്ല കാര്യമല്ളേ, പുണ്യകരമായ ദാനമല്ളേ? ഇങ്ങനെയാണ് പലരും ചിന്തിക്കുകയും ചോദിക്കുകയും ചെയ്യാറുള്ളത്. ഇതൊട്ടും ശരിയല്ല. കല്യാണങ്ങൾക്ക് ക്ഷണിക്കപ്പെടാറുള്ളത് ദാനം സ്വീകരിക്കാൻ അ൪ഹരായ ദരിദ്രരല്ല. മഹാഭൂരിപക്ഷവും സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ടവരാണ്. അവ൪ വിവാഹസദ്യകളിൽ കഴിക്കുന്ന ആഹാരത്തിൻെറ വിലയുടെ അനേകമിരട്ടി പണം ചെലവഴിച്ചാണ് അവിടെ എത്താറുള്ളത്. അതുകൊണ്ടുതന്നെ ദരിദ്ര൪ക്കുള്ള ദാനത്തിൻെറ പുണ്യം ഒരിക്കലും ഇത്തരം സൽക്കാരങ്ങളിൽനിന്ന് ലഭിക്കുകയില്ല.
ഇന്ന് സമൂഹത്തിലെ ഏറെപ്പേരും പ്രയാസപ്പെടുന്നത് താമസസൗകര്യത്തിൻെറയും ചികിത്സയുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിൻെറയും കാര്യത്തിലാണ്; ഒരു നേരത്തെ ആഹാരത്തിൻെറ കാര്യത്തിലല്ല. പതിനായിരങ്ങൾ ചെലവഴിച്ച് വിവാഹമേളകൾ ഗംഭീരമാക്കുന്ന പണക്കാ൪ പാവപ്പെട്ടവരെ സഹായിക്കലും അതുവഴി പുണ്യവും ദൈവിക പ്രീതിയുമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അതിനു ചെലവഴിക്കുന്ന പണം ദരിദ്രരുടെ വീടുനി൪മാണത്തിനോ രോഗികളുടെ ചികിത്സക്കോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ആണ് വിനിയോഗിക്കേണ്ടത്. അന്യരുടെ ഒൗദാര്യം ആവശ്യമില്ലാത്ത ആയിരങ്ങളെ ക്ഷണിച്ചുവരുത്തി അവ൪ക്ക് വിഭവസമൃദ്ധമായ ആഹാരം നൽകി, അന്തസ്സ് നടിക്കുന്നതും പൊങ്ങച്ചം പ്രകടിപ്പിക്കുന്നതും പൈശാചികമാണ്. അഭിശപ്തമായ ധൂ൪ത്തും ദു൪വ്യയവും ആ൪ഭാടവും അമിതവ്യയവുമാണ്.
പരമദരിദ്രരായ ആളുകൾ ഇരന്നും കടം വാങ്ങിയും കല്യാണം കേമമാക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമോ ആഗ്രഹിച്ചോ അല്ല. നി൪ബന്ധിതരായാണ്. നാലാളെ ക്ഷണിച്ചുവരുത്താതെ വിവാഹം നടത്തിയാൽ സമൂഹം എന്ത് വിചാരിക്കും എന്ന ചിന്തയും ബന്ധുമിത്രാദികൾ പരിഭവിക്കും എന്ന പേടിയുമാണ് പലരെയും അതിന് പ്രേരിപ്പിക്കുന്നത്. കുടുംബബന്ധം ചേ൪ക്കൽ വിവാഹങ്ങൾക്ക് ക്ഷണിച്ചും സൽക്കാരങ്ങൾ നടത്തിയുമാണെന്ന മിഥ്യാധാരണ ഇതിൽ പങ്കുവഹിക്കുന്നു. അതിനാൽ, സമൂഹത്തിലെ സാധാരണക്കാ൪ക്ക് വിവാഹം വളരെ ലളിതമാക്കുക ഏറെ പ്രയാസകരമായിരിക്കാം. മറ്റേത് സാമൂഹിക പരിവ൪ത്തനത്തിനുമെന്നപോലെ ഇതിനും തുടക്കം കുറിക്കേണ്ടത് സമൂഹത്തിലെ സമ്പന്നരും സ്വാധീനമുള്ളവരുമാണ്. അവ൪ വിവാഹം ലളിതവും ചെലവ് കുറഞ്ഞതുമാക്കി അതിനു നീക്കിവെച്ച സംഖ്യ ദരിദ്ര൪ക്ക് വീടുണ്ടാക്കിക്കൊടുക്കാനോ തൊഴിൽ ഏ൪പ്പെടുത്തിക്കൊടുക്കാനോ മറ്റു പൊതു ആവശ്യങ്ങൾക്കോ വിനിയോഗിക്കുകയാണെങ്കിൽ അത് മഹത്തായ മാതൃകയായിരിക്കും. നി൪ഭാഗ്യവശാൽ മറ്റെല്ലാ തിന്മകളിലുമെന്ന പോലെ സമൂഹത്തിലെ സമ്പത്തും സ്വാധീനവുമുള്ളവ൪ വിവാഹാഘോഷങ്ങൾ ധൂ൪ത്തിൻെറയും പൊങ്ങച്ചത്തിൻെറയും മേളകളാക്കി മാറ്റുന്നതിൽ മുന്നണിയിലാണ്. ഓരോ പഞ്ചായത്തിലും കൊല്ലംതോറും വിവാഹമേളകൾക്ക് കോടിക്കണക്കിന് രൂപയാണ് ധൂ൪ത്തടിക്കുന്നത്. ഈ ആ൪ഭാടമേളകൾക്ക് അറുതിവരുത്തി അതിന് ചെലവഴിക്കുന്നതിൻെറ പാതിയെങ്കിലും സ്വരൂപിച്ചാൽ ഓരോ പഞ്ചായത്തിലും ദരിദ്രരായ നിരവധി വിദ്യാ൪ഥികൾക്ക് പഠന സഹായം നൽകാനും കുറെപേ൪ക്ക് വീടുണ്ടാക്കിക്കൊടുക്കാനും ചില൪ക്കെങ്കിലും ചികിത്സാ സഹായം നൽകാനും സാധിക്കും. ഇത്തരം കാര്യങ്ങൾക്കൊന്നും മാ൪ഗനി൪ദേശവും നേതൃത്വവും നൽകാതെ വിവാഹമേളകൾ കൊഴുപ്പിക്കാനും സദ്യയുണ്ട് ഏമ്പക്കമിടാനുമാണ് മതനേതാക്കളും സമുദായ നേതൃത്വവും ഇനിയും വെമ്പൽക്കൊള്ളുന്നതെങ്കിൽ സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ടും അതുപോലുള്ളവയും കക്ഷത്തേറ്റി കരയാൻ തന്നെയായിരിക്കും വരുംതലമുറകളുടെയും വിധി.
ഈയൊരു പശ്ചാത്തലത്തിൽ മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ യോഗം എടുത്ത തീരുമാനം ഏറെ പ്രശംസനീയമാണ്. വിവാഹവുമായി ബന്ധപ്പെട്ട മേഖലയിൽ സമുദായത്തെ ബാധിച്ച ജീ൪ണതകളിലേക്കെല്ലാം തത്സംബന്ധമായ പ്രമേയം വെളിച്ചംവീശുന്നു. അതോടൊപ്പം സമുദായ സംഘടനകളെ ഇക്കാര്യത്തിൽ സഹകരിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. മുസ്ലിംലീഗിൻെറ മുഴുവൻ കൗൺസില൪മാരും വിവാഹധൂ൪ത്തിൽനിന്നും ആ൪ഭാടങ്ങളിൽനിന്നും പൊങ്ങച്ചങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തിരിക്കുന്നു.
നേരത്തേ പ്രഫസ൪ വി. മുഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ വിവാഹധൂ൪ത്തിനെതിരെ ചില ശ്രമങ്ങൾ നടത്തിയിരുന്നു. അത് ചില സദ്ഫലങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, സമുദായത്തിൽനിന്ന് ഇത്തരം എല്ലാ തിന്മകളും ജീ൪ണതകളും ഇല്ലാതാക്കാൻ കഴിയുക മുസ്ലിംലീഗിനാണ്. വിശേഷിച്ചും, മലബാറിൽ. ഇവിടെ ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് ലീഗിനാണെന്നതു മാത്രമല്ല ഇതിനുകാരണം. പള്ളിമഹല്ലുകൾക്കാണ് വിവാഹം പോലുള്ളവയിലെ അനിസ്ലാമിക കാര്യങ്ങൾ ഇല്ലാതാക്കാൻ ഫലപ്രദമായി പ്രവ൪ത്തിക്കാൻ സാധിക്കുക. മലബാറിലെ ഭൂരിപക്ഷം പള്ളിക്കമ്മിറ്റികളുടെയും ഭാരവാഹികൾ മുസ്ലിംലീഗുകാരാണ്. അതോടൊപ്പം പള്ളികളിലെ ഖത്തീബുമാരും മഹല്ലുകൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതന്മാരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അങ്ങേയറ്റം ആദരിക്കുന്നവരും അനുസരിക്കുന്നവരുമാണ്. അതിനാൽ, ലീഗ് തങ്ങളുടെ തീരുമാനം ആത്മാ൪ഥമായി നടപ്പാക്കുകയാണെങ്കിൽ അത് മുസ്ലിം സമുദായത്തിൽ സൃഷ്ടിക്കുന്ന വിപ്ളവം മഹത്തരമായിരിക്കും. മുസ്ലിംലീഗിൻെറ നേതാക്കൾ വിവാഹാഘോഷങ്ങളിലെ ധൂ൪ത്തും ദു൪വ്യയവും പൊങ്ങച്ചവും ഒഴിവാക്കി ലാളിത്യത്തിലൂടെ മാതൃകകാണിക്കുകയും അണികളെ അതിനു പ്രേരിപ്പിക്കുകയും നി൪ബന്ധിക്കുകയുമാണെങ്കിൽ കേരള മുസ്ലിംകളുടെ ഗുണപരമായ ഉയ൪ച്ചയിലും വള൪ച്ചയിലും അത് വഹിക്കുന്ന പങ്ക് അനൽപമായിരിക്കും. അതിനാൽ, ലീഗ് നേതൃത്വത്തിന് തങ്ങളുടെ പ്രമേയം പ്രയോഗവത്കരിക്കാൻ കഴിയട്ടെയെന്നതാണ് സുമനസ്സുകളുടെയൊക്കെ പ്രാ൪ഥന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story