Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകളികള്‍ക്കപ്പുറത്തെ...

കളികള്‍ക്കപ്പുറത്തെ നാണക്കേട്

text_fields
bookmark_border
കളികള്‍ക്കപ്പുറത്തെ നാണക്കേട്
cancel

കോമൺവെൽത്ത് ഗെയിംസിൽ ജയാപചയങ്ങളേക്കാൾ വാ൪ത്തയായത്, ഇന്ത്യൻ അധികൃതരുടെ അറസ്റ്റാണ്

ഉദ്ഘാടനചടങ്ങിൽ ഇന്ത്യയുടെ ത്രിവ൪ണ പതാക തല കീഴാക്കി ഉയ൪ത്തിയതിനെ അതുയ൪ത്തിയവരുടെ കൈതെറ്റായി നമുക്ക് ക്ഷമിക്കാം.
മലയാളി താരം ടിൻറു ലൂക്ക ഉൾപ്പെട്ട റിലേ ടീം അയോഗ്യരാക്കപ്പെട്ടതും നമുക്ക് പൊറുക്കാം.
എന്നാൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറലും ഗുസ്തി റഫറിയും കോമൺവെൽത്ത് ഗെയിംസിനിടയിൽ അറസ്റ്റിലായ നാണക്കേട് എങ്ങനെ ക്ഷമിക്കും, മറക്കും? തെളിവുകളില്ല എന്ന സാങ്കേതികത്വത്തിൻെറ നൂലിഴയിൽ അവ൪ തൽക്കാലം കേസിൽ നിന്നു രക്ഷപ്പെട്ടെങ്കിലും, 215അംഗ ഇന്ത്യൻ സംഘമുണ്ടായിട്ടും ഗെയിംസ്വില്ളേജിൽ താമസിക്കാൻകൂടിയില്ലാതിരുന്നവരാണ് രണ്ടുപേരും. സ്വകാര്യ ഹോട്ടലിൽ അന്തിയുറങ്ങിയവ൪.
മദ്യപിച്ച് വാഹനമോടിച്ചതിനാണ്, രാജീവ്മത്തേ പിടിയിലായതെങ്കിൽ, വീരേന്ദ്രമാലിക്കിനെതിരായ കുറ്റം ലൈംഗിക പീഡനമായിരുന്നു. കബഡി എന്ന ചെറിയ അസോസിയേഷൻെറ സാരഥ്യത്തിൽനിന്നും ഒരു സുപ്രഭാതത്തിൽ ഐ.ഒ.എയുടെ രണ്ടാം നമ്പറുകാരനായി ഉയ൪ത്തപ്പെട്ട മത്തേ രക്ഷപ്പെട്ടപ്പോൾ രാജ്യാന്തര അമ്പയറായ മാലിക്കിനെതിരെ അദ്ദേഹത്തിൻെറ സംഘടന വാളെടുത്തിരിക്കുന്നു. മത്തേക്കെതിരെ ഉത്തരഖണ്ഡ് സ൪ക്കാ൪, സാമ്പത്തിക തിരിമറി ആരോപിക്കുന്നുമുണ്ട്.
ബ്രിട്ടനും മുൻ അധിനിവേശ രാജ്യങ്ങളുമായി 71 രാഷ്ട്രങ്ങളിൽനിന്ന് നാലായിരത്തിലേറെ കായികതാരങ്ങൾ പങ്കെടുത്ത 20ാമത് മേളക്ക് സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോയിൽ കൊടി ഇറങ്ങുന്ന ദിവസമാണ്, സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോയിൽ നിന്ന് ഈ ഞെട്ടിപ്പിക്കുന്ന അറസ്റ്റ് വാ൪ത്തകൾ പുറത്തുവന്നത്.
ഒളിമ്പിക്സും ഏഷ്യൻ ഗെയിംസും എന്ന പോലെ നാലു വ൪ഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മേളയാണ് 12 ദിവസം ഗംഭീരമായി നടന്നത്. ബ്രിട്ടീഷ് എംപയ൪ ഗെയിംസ് എന്ന പേരിൽ കാനഡയിലെ ഹാമിൽട്ടണിൽ 1930ൽ ആരംഭിച്ച ശേഷം നാലായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്ന ആദ്യ മീറ്റാണിത്. 2018 അടുത്ത ഗെയിംസ് ആസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ നടക്കാനിരിക്കേ 2022ലെ ഗെയിംസിനുവേണ്ടി ഡ൪ബനും (ദക്ഷിണാഫ്രിക്ക) എഡ്്മൻടണും (കാനഡ) കാ൪ഡിഫും (വെയിൽസ്) സജീവമായി രംഗത്ത് വരത്തക്കവിധം പ്രാമുഖ്യമുള്ള കായിക മാമാങ്കം.
1930, 50, 62, 86 വ൪ഷങ്ങളിലൊഴിച്ചു, എല്ലാ തവണയും ഈ മഹാമേളയിൽ പങ്കെടുത്തുവരുന്ന രാജ്യമാണ് ഇന്ത്യ. 1934ൽ ഒരൊറ്റ മെഡലുമായി മടങ്ങിയ ടീം കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ഗെയിംസ് ദൽഹിയിൽ നടന്നപ്പോൾ മെഡൽ പട്ടികയിൽ സെഞ്ച്വറി കടന്നു രണ്ടാം സ്ഥാനത്തത്തെുകയുണ്ടായി. അതിനുമുമ്പ് ഇന്ത്യയുടെ ഏറ്റവുംവലിയ നേട്ടം 30 സ്വ൪ണവുമായി 2002ൽ നേടിയതത്രെ.
എന്തൊരു ആവേശത്തോടെയാണ് ഇത്തവണത്തെ മേള ജൂലൈ അവസാനവാരത്തിൽ ആരംഭിച്ചത്. 71 രാഷ്ട്രങ്ങളിൽ ഗെയിംസ് സന്ദേശം ഉയ൪ത്തി എത്തിയ ബാറ്റൺ സെൽറ്റിക് പാ൪ക്കിൽ സ്വീകരിച്ചു ബ്രിട്ടീഷ് രാജ്ഞി എലിസബത്താണ് ഉദ്ഘാടനം നി൪വഹിച്ചത്. കഴിഞ്ഞ തവണത്തെ ആതിഥേയരെന്ന നിലക്ക് മാ൪ച്ച് പാസ്റ്റ് നയിക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചപ്പോൾ, ഇന്ത്യയുടെ പതാകാവാഹകനായി ഒളിമ്പിക് വെള്ളി മെഡൽ ഷൂട്ട൪ വിജയകുമാ൪ നിയുക്തനായി.
ഇന്ത്യൻ സംഘത്തിൽ അത്ലറ്റിക്സിലെ ഒമ്പത്പേ൪ക്ക് പുറമെ സ്ക്വാഷിലെ ദീപിക പള്ളിക്കൽ, ബാഡ്മിൻറണിലെ പി.സി. തുളസി, ഹോക്കിയിലെ പി.ആ൪. ശ്രീജേഷ് എന്നിവരും ചേ൪ന്നതോടെ മലയാളി പ്രാതിനിധ്യവും ശ്രദ്ധേയമായി. മത്സരത്തിന് കൊടി താണപ്പോൾ 1990നുശേഷം ഒന്നാംസ്ഥാനം വിട്ടുകൊടുക്കാത്ത ആസ്ട്രേലിയക്ക് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി നിൽക്കേണ്ടിവന്നു. 37 മെഡൽ വ്യത്യാസത്തിൽ ഇംഗ്ളണ്ടാണ് അവരെ കവച്ചുകടന്നത്. ഇംഗ്ളണ്ട് 58 സ്വ൪ണവും 59 വെള്ളിയും 57 വെങ്കലവുമായി വിജയപീഠം കയറി. മുൻ ചാമ്പ്യന്മാ൪ക്ക് 49,42,46 നിലയിൽ വന്നുനിൽക്കാനേ സാധിച്ചുള്ളൂ.
കാനഡ 32,16,34 എന്ന നിലയിൽ മൂന്നാംസ്ഥാനം ഏന്തിപ്പിടിച്ചപ്പോൾ 19,15,19 എന്ന സ്കോറിൽ നാലാംസ്ഥാനം ആതിഥേയരായ സ്കോട്ട്ലാൻഡ് കരസ്ഥമാക്കി. അവരേക്കാൾ 11 മെഡലുകൾ കൂടുതൽ നേടിയിട്ടും കഴിഞ്ഞ തവണത്തെ രണ്ടാംസ്ഥാനക്കാരായ ഇന്ത്യക്ക് (15,30,19) മെഡൽ പട്ടികയിൽ ആ കൊച്ചുരാജ്യം മുകളിൽ കയറി നിൽക്കുന്നത് കാണേണ്ടിവന്നു. 38,27,36 എന്ന മികവോടെ നാലുവ൪ഷം മുമ്പ് സ്വന്തം മണ്ണിൽ നേടിയ നിലയിൽ നിന്നു മൂന്നു പടി പിറകിൽ.
അഴിമതിക്കഥകൾ കൊണ്ട് ദൽഹിമേള, കോമൺവെൽത്ത് ഗെയിംസ് എന്ന പ്രസ്ഥാനത്തിനുണ്ടാക്കിയ ചീത്തപ്പേര് നിലനിൽക്കെ തന്നെയാണ് ഇന്ത്യ ഗ്ളാസ്ഗോയിലിറങ്ങിയത്. എന്നാൽ, ബെയ്ജിങ് ഒളിമ്പിക്സിലെ മൂന്നുസ്വ൪ണം, 2012ലെ ലണ്ടൻ ഒളിമ്പ്യാഡിൽ ഇരട്ടിയാക്കിവന്ന ഇന്ത്യക്ക് സ്കോട്ട്ലാൻഡിലെ പതനം ഏറെ വേദനാജനകമായി. 400ലേറെ താരങ്ങളെ ഇറക്കിയ ഇംഗ്ളണ്ടിനും ആസ്ട്രേലിയക്കും ഏതാണ്ടൊ പ്പത്തിനൊപ്പമായിരുന്നു ഇന്ത്യൻ സംഘത്തിൻെറ അംഗബലം. ഒരൊറ്റ അത്ലറ്റിനെ അയച്ച ബ്രൂണായി ഉൾപ്പെടെയുള്ള 71 രാജ്യങ്ങളെ കടത്തിവെട്ടിക്കൊണ്ട്.
ഇന്ത്യക്ക് പ്രതീക്ഷ ഉണ്ടായിരുന്നതും ഡൽഹി ഗെയിംസിൽ ഉണ്ടായിരുന്നതുമായ ടെന്നിസും ആ൪ച്ചറിയും അടക്കം നാലിനങ്ങൾ ഗ്ളാസ്ഗോയിൽ നിന്ന് ഇത്തവണ ഒഴിവാക്കിയിരുന്നു എന്നത് നേര്. 36 മെഡലുകൾക്കുള്ള പോരാട്ടം അങ്ങനെ നടക്കാതെ പോയി. നാലുവ൪ഷം മുമ്പ് നടന്ന ഡൽഹി ഗെയിംസിൽ രണ്ടു സ്വ൪ണമടക്കം 12 മെഡൽ നേടിയ ഇന്ത്യൻ അത്ലറ്റിക് ടീം ഇവിടെ ഒരു സ്വ൪ണം, ഒരു വെള്ളി, ഒരു വെങ്കലം എന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി.
ഒമ്പത് മലയാളികൾ ഉൾപ്പെടെ 32 അംഗ അത്്ലറ്റിക് സംഘവുമായിചെന്ന ഇന്ത്യക്ക് ബഹാദൂ൪ സിങ്ങും പി.ടി. ഉഷയും ഉൾപ്പെട്ട ഒരു ഡസൻ പരിശീലക൪ ഒപ്പമുണ്ടായിട്ടും ഇതായിപ്പോയി കദനകഥ.
മഞ്ഞപ്പിത്തം ബാധിച്ച പുരുഷ റിലേ ടീമംഗം സച്ചിൻ റോബി മടങ്ങിപ്പോയതും പിതാവിൻെറ അസുഖം കാരണം പവ൪ലിഫ്റ്റ൪ സച്ചിൻ ചൗധരിക്ക് തിരിച്ചുപോരേണ്ടിവന്നതും മാത്രമായിരുന്നില്ല ഇന്ത്യൻ ടീമിൻെറ ക്ഷീണം. കേരളത്തിൻെറ ടിൻറു ലൂക്ക ഉൾപ്പെട്ട ടീം വനിതാ റിലേയിൽ ബാറ്റൺ കൈമാറ്റം പിഴച്ച് അയോഗ്യരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
അപ്പീൽ ബോധിപ്പിക്കാൻ പോലും വൈകിയ ഇന്ത്യൻടീം മരുന്നടി വിവാദത്തിൽപ്പെട്ട മലയാളി ട്രിപ്പിൾ ജംപ൪ രഞ്ജിത്ത് മഹേശ്വരിയെയും ലിംഗപരിശോധന വിവാദത്തിൽപ്പെട്ട ഒഡിഷ സ്പ്രിൻറ൪ ദുത്തിചന്ദിനെയും ഒഴിവാക്കിയതിൻെറ സങ്കടം അനുഭവിച്ചു. ഒരൊറ്റ രാത്രിയിൽ എട്ടുപേരെ പട്ടികയിൽനിന്ന് വെട്ടിമാറ്റിയായിരുന്നല്ളോ ഇന്ത്യ സ്കോട്ട്ലാൻഡിലേക്ക് പറന്നത്.
എന്നാൽ, ഡിസ്കസിൽ പുരുഷ വിഭാത്തിൽ വികാസ് ഗൗഡ നേടിയ സ്വ൪ണം അര നൂററാണ്ടിനുശേഷം അത്ലറ്റിക് വിഭാഗത്തിൽ ഇന്ത്യയെ വിജയപീഠത്തിലത്തെിച്ചതു ശ്രദ്ധിക്കാതിരുന്നുകൂടാ. 1958ൽ കാ൪ഡിഫിൽ പറക്കുംസിക്കുകാരൻ മിൽഖാ സിങ് 440 വാര ഓട്ടം ജയിച്ച് വ൪ഷങ്ങൾക്കുശേഷമെങ്കിലും ക൪ണാടകയിൽ നിന്നുള്ള ഏഷ്യൻ ചാമ്പ്യൻ സ്വ൪ണപ്പതക്കം കഴുത്തിലണിഞ്ഞു.
എന്നാൽ, വനിതാവിഭാഗത്തിൽ കഴിഞ്ഞതവണ ഡിസ്കസിൽ മൂന്ന് സ്ഥാനങ്ങളും തൂത്തുവാരിയ ഇന്ത്യക്ക് സീമാ പുനിയയുടെ വെള്ളിയിൽ ആശ്വാസം കണ്ടെത്തേണ്ടിവന്നു.
ആദ്യ ചാട്ടത്തിൽ വലിയ പ്രതീക്ഷകൾ നൽകിയ അ൪പീന്ദ൪ സിങ് എന്ന അമൃത്സ൪കാരന് ഓട്ടുമെഡലിൽ ഒതുങ്ങിനിൽക്കേണ്ടിവന്നത് മറ്റൊരു ഇന്ത്യൻ ദു$ഖം.
അതേസമയം, ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കാൻ പേര് വിളിച്ചപ്പോൾ പഞ്ചാബിൻെറ രവീന്ദ൪ സിങ് ഖൈറയും ഹരിയാനയുടെ വിപിൻ കസാനയും ഫീൽഡിലിറങ്ങാതെ ഞങ്ങളൊന്നുമറിഞ്ഞില്ളേ എന്ന മട്ടിൽ പുറത്ത് ബെഞ്ചിലിരുന്നുകളഞ്ഞത് ഇന്ത്യക്ക് മറ്റൊരു നാണക്കേടായി.
ഇവക്കെല്ലാമിടയിലും പരുംപള്ളി കാശ്യപ് എന്ന ആന്ധ്രക്കാരൻ ബാഡ്മിൻറണിൽ വ്യക്തിഗത ചാമ്പ്യനായത് ഈ കളിയിൽ ഇന്ത്യയുടെ മികവ് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി ശ്രദ്ധേയമാക്കി.
പ്രകാശ് പദുക്കോൺ 1978ൽ എഡ്മൺടണിലും സയ്യിദ് മോദി 1982ൽ ബ്രിസ്ബെയിനിലും നേടിയ കിരീടമാണ് കാശ്യപ് എന്ന 23കാരൻ രണ്ടാം സെറ്റ് തോറ്റിട്ടും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആവേശം കൊടുമുടികയറിയ മൂന്ന് സെറ്റ് മത്സരത്തിലെ സുവ൪ണജയം, മൂന്ന് പതിറ്റാണ്ടിൻെറ കാത്തിരിപ്പിനാണ് അവസാനം കുറിച്ചത്. നാലുവ൪ഷമായി കൊണ്ടുനടക്കുന്ന വെങ്കലം എന്ന ദു$ഖം കാശ്യപ് അങ്ങനെ കഴുകിക്കളഞ്ഞു. ഗുരുസായിദത്തും ഒരു വെങ്കലമെഡൽ നേടുകയുണ്ടായി.
കഴിഞ്ഞ തവണ സ്വ൪ണം നേടിയ സൈന നെഹ്്വാളിന് പരിക്ക്കാരണം ടീമോടൊത്തു ചേരാൻ കഴിയാഞ്ഞപ്പോൾ, വനിതാ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷകള൪പ്പിച്ചത് പി.വി. സിന്ധുവിൽ ആയിരുന്നു. പക്ഷേ, സെമിഫൈനലിലത്തെി തോറ്റ ഈ ആന്ധ്രക്കാരിക്ക് വെങ്കലമെഡലുമായി മടങ്ങേണ്ടിവന്നു.
ഡബിൾസിലാകട്ടെ, കഴിഞ്ഞ തവണ ഡൽഹിയിൽ കിരീടം ചൂടിയ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും സ്ട്രയിറ്റ് സെറ്റുകളിൽ മലേഷ്യൻ ടീമിന് കീഴടങ്ങി. രണ്ടാം ഗെയിമിലും അവസാനഘട്ടത്തിൽ നാലു പോയൻറിന് ലീഡ് ചെയ്തശേഷം എന്തായാലും ഹൈദരാബാദിലെ അക്കാദമിയിൽ അവ൪ക്കൊക്കെ പരിശീലനം നൽകിവന്ന ചീഫ്കോച്ച് പുല്ളേല ഗോപിചന്ദിന് അഭിമാനിക്കാം. ബാഡ്മിൻറൺ നേട്ടങ്ങളിൽ.
ഒളിമ്പിക് ഇനമല്ലാത്ത സ്ക്വാഷിലെ ഡബിൾസിൽ മലയാളിതാരം ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും ചേ൪ന്ന് നേടിയസ്വ൪ണം രാജ്യം ഈയിനത്തിൽ കരസ്ഥമാക്കുന്ന ചരിത്രത്തിലാദ്യത്തെ നേട്ടമായി. മുൻ ഇന്ത്യൻ വനിതാ ക്യാപ്റ്റൻ സൂസൻ ഇട്ടിച്ചെറിയയുടെ പുത്രിയും ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാ൪ത്തികിൻെറ ഭാര്യയുമായ ഈ പത്തനംതിട്ടക്കാരി അങ്ങനെ കേരളത്തിനും അഭിമാനമായി. കഴിഞ്ഞ ഏഷ്യാഡിൽ പനി പിടിച്ചത് കാരണം പിൻവാങ്ങേണ്ടിവന്ന ദു$ഖവും ഈ 10ാംറാങ്കുകാരി അങ്ങനെ തീ൪ത്തു.
ഈ മീറ്റിൽ ബഹുമതി നേടിയ മറ്റൊരു മലയാളി ഹോക്കി വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൻെറ വൈസ് ക്യാപ്റ്റനായ കൊച്ചിക്കാരൻ പി.ആ൪. ശ്രീജേഷാണ്.
അതേസമയം, 10വ൪ഷത്തിലേറെയായി സ്ക്വാഷ് ടീമിനെ പരിശീലിപ്പിച്ചുവന്ന സൈറ് പോബ എന്ന ദ്രോണാചാര്യ അവാ൪ഡ് ജേതാവിനെ കൂട്ടാതെയാണ് എട്ടംഗ സ്ക്വാഷ് ടീമിനെ ഇന്ത്യ അയച്ചതെന്ന് ഓ൪ക്കണം. വെയ്റ്റ്ലിഫ്ററിങ്ങിൽ നമ്മുടെ താരങ്ങൾ മൂന്നു സ്വ൪ണമടക്കം നേടിയ ഒരു ഡസൻ പതക്കങ്ങൾ മെഡൽ പട്ടികയിൽ ഇന്ത്യയുടെ പദവി അഞ്ചാംസ്ഥാനത്തെങ്കിലും എത്തിച്ചു. ഡൽഹി ഗെയിംസിനെക്കാളും നാലു മെഡൽ കൂടുതൽ നേടിയ പുരുഷ-വനിതാ ലിഫ്റ്റ൪മാരും അവരുടെ കോച്ചുകളായ ഹൻസാ ശ൪മ, വിജയ് ശ൪മ എന്നിവരും അഭിനന്ദനങ്ങൾ അ൪ഹിക്കുന്നു.
എട്ടുതവണ ഒളിമ്പിക് ചാമ്പ്യൻമാ൪ എന്ന ചരിത്രമുള്ള ഇന്ത്യക്ക് ഹോക്കിയിൽ ഒരിക്കൽ കൂടി ആസ്ട്രേലിയ ബാലികേറാമലയായി. കഴിഞ്ഞ തവണ ഡൽഹിയിൽ നടന്ന ഫൈനലിൽ എട്ടുഗോൾ വഴങ്ങി തോറ്റ നമ്മുടെ പരാജയം, നാലുഗോളിൽ ഒതുക്കാനൊത്തുവെന്നത് ആശ്വസിക്കാമെങ്കിലും ഇത്തവണ ഗ്രൂപ്പ്ലീഗിൽ രണ്ടുഗോൾ തിരിച്ചടിക്കാനെങ്കിലും കഴിഞ്ഞവ൪ക്കാണ് (2-4) ഒരാഴ്ചക്കിടയിൽ മറ്റൊരു കനത്ത പരാജയമേറ്റത്.
റിതുവാണി നേതൃത്വം നൽകിയ വനിതാ ഹോക്കി ടീം, മലേഷ്യൻ പര്യടനത്തിൽ മികവ് കാട്ടിയാണ് വന്നതെങ്കിലും, 2002ലെ മാഞ്ചസ്റ്റ൪ ഗെയിംസ് ജേതാക്കൾക്ക് ഇവിടെയും അഞ്ചാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ബോക്സിങ്ങിൽ തക൪പ്പൻ പ്രകടനത്തിലൂടെ നാല് ഇന്ത്യക്കാ൪ ഫൈനലിലത്തെിയിരുന്നു. എന്നാൽ, ഒളിമ്പിക്സിലെ മുന്നാംസ്ഥാനക്കാരനായ വിജേന്ദ൪ സിങ്ങിനുപോലും വെള്ളിമെഡലിൽ ഇറങ്ങിനിൽക്കേണ്ടിവന്നു. വനിതാ വിഭാഗത്തിൽ ഒരു വെങ്കലം കൂടി കിട്ടിയെന്നുമാത്രം. കഴിഞ്ഞ തവണ മൂന്നു സ്വ൪ണമടക്കം ഏഴ് മെഡലുകൾ ഇന്ത്യ ബോക്സിങ് റിങ്ങിൽ നേടിയിരുന്നു.
14 സ്വ൪ണം, 11 വെള്ളി, 11 വെങ്കലം എന്നിങ്ങനെ, 36 മെഡലുകൾ ഷൂട്ടിങ് റേഞ്ചിൽ തന്നെ കഴിഞ്ഞ തവണ നേടിയ ഇന്ത്യക്ക് ഈ വിഭാഗത്തിൽ വൻ തിരിച്ചടി ഏറ്റു. 10സ്വ൪ണമടക്കം 19 മെഡലുകൾ, ഗുസ്തിഗോദയിൽ നേടിയും പഴയ ചരിത്രവും ഓ൪മ മാത്രമായി.
സമ്മതിക്കുന്നു. ജയാപചയങ്ങൾ കായികരംഗത്ത് സാധാരണമാണ്. എന്നാൽ ,170 കിലോമീറ്റ൪ സൈക്കിൾ റെയിസിൽ അരഡസൻ ഇന്ത്യക്കാരെ പങ്കെടുപ്പിച്ചിട്ടും അവരിൽ ആ൪ക്കും ആ ദൂരം മുഴുമിക്കാൻ പോലും ഒത്തില്ല എന്നു വരുന്നതിന് ഒരു ന്യായീകരണവുമില്ല.
അക്കൂട്ടത്തിൽ ഇന്ത്യൻ കായികരംഗവുമായി ബന്ധപ്പെട്ട രണ്ടുന്നത വ്യക്തികൾ സമാപന ചടങ്ങിനിടയിൽ അറസ്റ്റിലായി എന്ന വാ൪ത്ത കൂടിവരുമ്പോൾ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധിയായ സംഘത്തലവൻ രാജ് സിങ്ങിന് ഈ ഗെയിംസ് ഓ൪മിക്കുന്നതിനേക്കാളേറെ മറക്കാനായിരിക്കും തോന്നുക. കാരണം, തെക്കൻ കൊറിയയിൽ നടക്കാൻ പോകുന്ന അടുത്ത ഏഷ്യൻ ഗെയിംസ് ഒന്നരമാസം അടുത്തത്തെിനിൽക്കുകയാണല്ളേ്ളാ.

ശേഷ വിശേഷം
ഡൽഹിയിലായാലും ഗ്ളാസ്ഗോയിലായാലും കോമൺവെൽത്ത് എന്നു കേട്ടാൽ ആളും അ൪ഥവും പൊതുസ്വത്ത് എന്ന് നമ്മുടെ സംഘാടക൪ കരുതിയോ, ആവോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story