Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഗസ്സ: മൗനത്തിനു...

ഗസ്സ: മൗനത്തിനു ന്യായീകരണമില്ല - അബ്ദുല്ല രാജാവ്

text_fields
bookmark_border
ഗസ്സ: മൗനത്തിനു ന്യായീകരണമില്ല - അബ്ദുല്ല രാജാവ്
cancel

ജിദ്ദ: ഫലസ്തീൻ മക്കളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേലിൻെറ ഭീകരവൃത്തിക്കെതിരെ അന്താരാഷ്ട്രസമൂഹം പുല൪ത്തുന്ന മൗനത്തിനു നീതീകരണമില്ളെന്നും ഇത് സമാധാനത്തെ തിരസ്കരിച്ച് തീവ്രവാദത്തിൻെറ വഴി തെരഞ്ഞെടുക്കുന്ന തലമുറയെ വള൪ത്താനേ ഉപകരിക്കൂ എന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നറിയിപ്പ് നൽകി. ഫലസ്തീനിൽ ഇസ്രായേൽ വകതിരിവില്ലാത്ത കൂട്ടക്കശാപ്പ് നടത്തുന്നു. മാനവതക്കെതിരായ യുദ്ധമാണ് അവരുടേത്. ഭീകരതക്ക് പല തലങ്ങളുണ്ട്. അത് സംഘടനകളോ പാ൪ട്ടികളോ രാഷ്ട്രങ്ങളോ ചെയ്താലും അപകടകരമാണ്. ഇതെല്ലാം നടക്കുന്നത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥമായ അന്താരാഷ്ട്ര സമൂഹത്തിൻെറ മൂക്കിനു ചുവട്ടിലാണ്. എന്നാൽ അവ൪ ഇതെല്ലാം കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്ന് അബ്ദുല്ല രാജാവ് കുറ്റപ്പെടുത്തി. ഭീകരവാദ പ്രവണതകൾക്കെതിരെ അറബ്, മുസ്ലിം സമൂഹങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ വിശദമായ പ്രസ്താവനയിലാണ് അന്താരാഷ്ട്രസമൂഹത്തിൻെറ കുറ്റകരമായ മൗനത്തിനെതിരെ അബ്ദുല്ല രാജാവ് ശക്തമായി ആഞ്ഞടിച്ചത്. ഫലസ്തീൻവിഷയത്തിലെ മൗനത്തിന് ന്യായീകരണമില്ളെന്നും നാഗരികതകളുടെ സംവാദത്തിനു പകരം സംഘ൪ഷവും തീവ്രവാദവും അഭികാമ്യമായി കരുതുന്ന വിഭാഗങ്ങളെ സൃഷ്ടിക്കാനേ അത് കാരണമായിത്തീരൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുഴപ്പത്തെ സൂക്ഷിക്കാനുള്ള ഖു൪ആൻെറ മുന്നറിയിപ്പ് ഓ൪മിപ്പിച്ച സൗദി ഭരണാധികാരി അറബ് മുസ്ലിം ലോകം ചില൪ സംഘ൪ഷഭൂമിയാക്കി മുസ്ലിംവിരുദ്ധ ശക്തികളുടെ താൽപര്യങ്ങൾ നിറവേറ്റിക്കൊടുക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഭീകരവാദികൾ ഇതെല്ലാം ചെയ്യുന്നതും ആളെ കൊല്ലുന്നതുമൊക്കെ മതത്തിൻെറ പേരിലാണ്. അവ൪ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുകയാണ്. എല്ലാ വേണ്ടാത്തരങ്ങൾക്കും അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും അവ൪ മതത്തെ മറയാക്കുമ്പോൾ ഇസ്ലാമിനെ കുറിച്ച് അറിയാത്തവ൪ ഈ വഞ്ചക൪ ചെയ്യുന്നതെല്ലാം കാരുണ്യപ്രവാചകൻെറ ചര്യയായി തെറ്റിദ്ധരിക്കുകയാണ്.
അതിനാൽ ഇസ്ലാമിനെ റാഞ്ചാൻ ശ്രമിക്കുന്നവ൪ക്കും അതിനെ തീവ്രവാദത്തിൻെറയും വിദ്വേഷത്തിൻെറയും ഭീകരതയുടെയും മതമായി അവതരിപ്പിക്കുന്നവ൪ക്കുമെതിരെ നില കൊള്ളാൻ അദ്ദേഹം ഇസ്ലാമിക പണ്ഡിതരെയും നേതാക്കളെയും ആഹ്വാനം ചെയ്തു.
ദൈവികസത്യത്തോടുള്ള ബാധ്യത നിറവേറ്റാൻ ദിവ്യവെളിപാടിൻെറ അവതരണസ്ഥാനത്തു നിന്നും മുഹമ്മദീയ പ്രവാചകത്വത്തിൻെറ മടിത്തട്ടിൽ നിന്നും ഞാൻ ആഹ്വാനം ചെയ്യുന്നു. മുസ്ലിംസമൂഹം ചരിത്രത്തിലെ ഏറ്റവും വലിയ വിഷമസന്ധിയിലൂടെ കടന്നുപോകുന്ന ഈ സന്ദ൪ഭത്തിൽ സത്യം വിളിച്ചു പറയാനും ഒരാക്ഷേപകനെയും കൂസാതിരിക്കാനും അവ൪ തയാറാകണം.
പത്തുവ൪ഷം മുമ്പ് റിയാദ് ഉച്ചകോടിയിൽ അന്താരാഷ്ട്ര ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാൻ താൻ നി൪ദേശിച്ച കാര്യം രാജാവ് അനുസ്മരിച്ചു. അന്ന് ലോകം മുഴുവൻ അത് അംഗീകരിച്ചു. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിൻെറ നിഷ്ക്രിയത്വം കാരണം ആ പ്രതീക്ഷകൾ ഫലവത്താക്കാനായില്ല. ഇന്ന് നിക്ഷിപ്തവും നിഗൂഢവുമായ താൽപര്യങ്ങളുടെ പേരിൽ ഭീകരതക്കെതിരായി ചരിത്രപരമായ ദൗത്യം നിറവേറ്റാതെ വഞ്ചനാനയം സ്വീകരിക്കുന്നവ൪ നാളെ അതിൻെറ ഇരകളായി മാറുമെന്ന് രാജാവ് മുന്നറിയിപ്പ് നൽകി. ആ൪ക്കും രക്ഷപ്പെടാനാവാതെ പോയ അടുത്ത കാലത്തെ അനുഭവത്തിൽ നിന്നു പോലും ആരും പഠിച്ചില്ളെന്നു തോന്നുന്നു - പ്രസ്താവനയിൽ പറയുന്നു.
താൻ ദൗത്യം നിറവേറ്റിയെന്ന് അല്ലാഹുവിൽ സാക്ഷ്യപ്പെടുത്തിയാണ് പ്രസ്താവന അവസാനിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story