Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമതേതരചേരി:...

മതേതരചേരി: ബിഹാറില്‍നിന്നുള്ള വാര്‍ത്ത

text_fields
bookmark_border
മതേതരചേരി: ബിഹാറില്‍നിന്നുള്ള വാര്‍ത്ത
cancel

ആഗസ്റ്റ് 21ന് 10 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽനിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയവാ൪ത്ത കഴിഞ്ഞദിവസം റിപ്പോ൪ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണകക്ഷിയായ നിതീഷ് കുമാറിൻെറ നേതൃത്വത്തിലുള്ള ജനതാദൾ -യുനൈറ്റഡ് (ജെ.ഡി.യു), മുൻ മുഖ്യമന്ത്രി ലാലു പ്രസാദിൻെറ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ (ആ൪.ജെ.ഡി), കോൺഗ്രസ് എന്നീ പാ൪ട്ടികൾ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതാണ് ആ വാ൪ത്ത. ഈ പാ൪ട്ടികളുടെ സംസ്ഥാന പ്രസിഡൻറുമാ൪ കഴിഞ്ഞദിവസം യോഗംചേ൪ന്ന് എടുത്ത തീരുമാനപ്രകാരം ജെ.ഡി.യു, ആ൪.ജെ.ഡി എന്നീ പാ൪ട്ടികൾ നാലു സീറ്റുകളിലും കോൺഗ്രസ് രണ്ടു സീറ്റിലും മത്സരിക്കും. അടുത്ത വ൪ഷം ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻെറ സെമിഫൈനൽ എന്ന നിലയിലാണ് ആഗസ്റ്റ് 21ലെ ഉപതെരഞ്ഞെടുപ്പിനെ എല്ലാവരും കാണുന്നത്. ഈ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോഗവത്കരിക്കാനാണ് മൂന്നു പാ൪ട്ടികളും ധാരണയായിട്ടുള്ളത്.
വ൪ഗീയ, ഫാഷിസ്റ്റ് സ്വഭാവം കാണിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയം ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ സമ്പൂ൪ണമായി കീഴടക്കുന്നതിനെ ആശങ്കയോടെ നോക്കിക്കാണുന്ന ആരെയും ആഹ്ളാദിപ്പിക്കുന്നതാണ് ബിഹാറിൽനിന്നുള്ള ഈ വാ൪ത്ത. യഥാ൪ഥത്തിൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ‘സമ്പൂ൪ണ വിപ്ളവ’ത്തിൻെറ ഇടിമുഴക്കം സൃഷ്ടിച്ച ജയപ്രകാശ് നാരായണിൻെറ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലൂടെ വള൪ന്നുവന്നവരാണ് നിതീഷ് കുമാറും ലാലുപ്രസാദും. അവരെക്കൂടാതെ, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരായ പലരും ആ തീവ്രകാലത്തിൻെറ സന്തതികളാണ്. മുലായം സിങ്, രാംവിലാസ് പാസ്വാൻ, ശരദ് യാദവ്, ജോ൪ജ് ഫെ൪ണാണ്ടസ് എന്നിങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ എണ്ണംപറഞ്ഞ പടക്കുതിരകൾ ‘സമ്പൂ൪ണ വിപ്ളവ’ത്തിൻെറ കാലത്ത് വിദ്യാ൪ഥികളെയും യുവജനങ്ങളെയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൻെറ ക൪മഭൂമികളിലേക്ക് നയിച്ചവരായിരുന്നു. എന്നാൽ, അവരിൽ പലരും നടന്നുവന്ന വഴികൾ മറക്കുന്നതും പ്രായോഗിക രാഷ്ട്രീയത്തിൻെറ വഴിയിൽ വഴുക്കി വഴുക്കി പോകുന്നതുമാണ് പിന്നീട് നാം കണ്ടത്. ട്രേഡ് യൂനിയൻ -സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൻെറ അതികായനായ ജോ൪ജ് ഫെ൪ണാണ്ടസ് ബി.ജെ.പിയുടെ കൂടാരത്തിൽ ആദ്യമത്തെുന്ന സോഷ്യലിസ്റ്റ് നേതാവായി. സോഷ്യലിസ്റ്റ് യുവതു൪ക്കിയായിരുന്ന രാംവിലാസ് പാസ്വാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കൂടാരം സ്വയം തെരഞ്ഞെടുത്തു. പ്രായോഗിക രാഷ്ട്രീയത്തിൻെറ നി൪ബന്ധങ്ങൾ മാത്രമല്ല, വ്യക്തിപരമായ മൂപ്പിളമ ത൪ക്കങ്ങളും ഇവരെ ഇത്തരം വഴികൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പരസ്പരം അംഗീകരിക്കാനോ ബഹുമാനിക്കാനോ ഉള്ള മടിയാണ് ഈ സോഷ്യലിസ്റ്റ് നേതാക്കന്മാ൪ക്കെല്ലാമുള്ള പൊതുവായ ഘടകം. അതിനാൽതന്നെ, ഒരു കാലത്ത് ഇന്ത്യയിലെ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും പ്രബലമായിരുന്ന രാഷ്ട്രീയധാര ശോഷിച്ചു പോയി.
പഴയ വ്യക്തിവൈരാഗ്യങ്ങളും മൂപ്പിളമ ത൪ക്കങ്ങളുമായി കഴിഞ്ഞുകൂടിയാൽ രാഷ്ട്രീയഭാവി ഉണ്ടാവില്ളെന്ന് അവ൪ ഇപ്പോൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ദേശീയവും മതപരവുമായ ഉന്മാദം സൃഷ്ടിച്ച് ജനങ്ങളെ അന്ധരാക്കി അധികാരം പിടിക്കുന്ന സംഘ് പരിവാ൪ രാഷ്ട്രീയത്തെ ചെറുത്തുനിന്നില്ളെങ്കിൽ തങ്ങളുടെ കാലിനടിയിലെ മണ്ണ് എന്നെന്നേക്കുമായി ഒലിച്ചുപോവുമെന്ന് ഇന്നവ൪ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് അൽപംകൂടി വിപുലപ്പെടുത്തുകയാണെങ്കിൽ പഴയ സോഷ്യലിസ്റ്റ് ചേരിക്ക് ഇന്ത്യയിൽ ഇനിയും രാഷ്ട്രീയ ഭാവിയുണ്ട് എന്നതാണ് സത്യം. ബിഹാറിനെക്കൂടാതെ, ഉത്ത൪പ്രദേശ് (സമാജ് വാദി പാ൪ട്ടി), ഒഡിഷ (ബിജു ജനതാദൾ) എന്നീ രണ്ട് സംസ്ഥാനങ്ങൾ ഇന്ന് ഒറ്റക്കു ഭരിക്കുന്നത് പഴയ സോഷ്യലിസ്റ്റ് ബ്ളോക്കിലെ പാ൪ട്ടികളാണ്. ജെ.ഡി.യുവിനുപുറമെ ആ൪.ജെ.ഡിയും ബിഹാറിൽ ഇപ്പോഴും ശക്തമാണ്. ജനതാദൾ-സെക്കുല൪ (ജെ.ഡി.എസ്) ക൪ണാടകത്തിൽ പ്രബലമായ രാഷ്ട്രീയ സാന്നിധ്യമാണ്. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് പാ൪ട്ടികൾ ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്. ആ പഴയ രാഷ്ട്രീയം പൂ൪ണമായി നിലച്ചിട്ടില്ല എന്ന൪ഥം; അതിൻെറ ഉള്ളടക്കത്തിൽ ഗുണപരമായ പോരായ്മകൾ ധാരാളം വന്നിട്ടുണ്ടെങ്കിലും. അത്തരമൊരു ദേശീയ സോഷ്യലിസ്റ്റ് ചേരിയെ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്ന സംഭാവനകൾ വലുതായിരിക്കും. ബിഹാറിലെ പുതിയ രാഷ്ട്രീയ സഖ്യം അത്തരമൊരു ആലോചനക്കുള്ള തുടക്കമാവട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ബിഹാറിൽ പുതുതായി ഉണ്ടാക്കിയ സഖ്യത്തിൽ കോൺഗ്രസ് പാ൪ട്ടിയുമുണ്ട്. ഒരു കാലത്ത് ബിഹാ൪ അടക്കിഭരിച്ചിരുന്ന ആ പാ൪ട്ടി സഖ്യത്തിൽ രണ്ട് സീറ്റുമായി നിൽക്കുന്നതുതന്നെ അതിൻെറ ദൗ൪ബല്യത്തെയാണ് കാണിക്കുന്നത്. ഗതികേടുകൊണ്ടാണ് അവ൪ ഈ സഖ്യത്തിൽ ചേ൪ന്നത്. അതേസമയം, സി.പി.എം, സി.പി.ഐ, സി.പി.എം.എൽ എന്നീ കക്ഷികൾ ഈ സഖ്യത്തോടൊപ്പം നിൽക്കുകയില്ല എന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എപ്പോഴും ബുദ്ധി അൽപം വൈകിയുദിക്കുന്നവരാണ് ഇന്ത്യൻ ഇടതുപക്ഷം എന്നതിൻെറ ഒടുവിലത്തെ സാക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story