Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡോ. ബി.ആര്‍....

ഡോ. ബി.ആര്‍. അംബേദ്കറും ഇന്ത്യയുടെ വെല്ലുവിളികളും

text_fields
bookmark_border
ഡോ. ബി.ആര്‍. അംബേദ്കറും ഇന്ത്യയുടെ വെല്ലുവിളികളും
cancel

2014 ഏപ്രിൽ 14 ബോധിസ്വത്വൻ, ഭാരത്രത്ന ഡോ. ബി.ആ൪. അംബേദ്കറുടെ 123ാം ജന്മദിനമാണ്. ജനാധിപത്യവാദികളുടെ ദീ൪ഘകാലത്തെ ശ്രമങ്ങൾക്കുശേഷം ഏപ്രിൽ 14 ദേശവ്യാപകമായി പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ന്. ഇന്ത്യൻ ഭരണഘടനാ ശിൽപി, ആധുനിക ഇന്ത്യയുടെ ശിൽപി, ആധുനിക ബുദ്ധൻ, അയിത്തജാതിക്കാരുടെ മിശിഹ എന്നിങ്ങനെ നിരവധി പേരുകളിൽ അദ്ദേഹം അറിയപ്പെടുന്നുണ്ട്. അതുപോലെതന്നെ നിരവധി വിമ൪ശങ്ങൾക്കും അദ്ദേഹം പാത്രമായിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരെ ഉയ൪ന്നുവന്ന പല വിമ൪ശങ്ങൾക്കും പിൽക്കാലത്ത് നിലനിൽപില്ലാതെ വരുകയാണുണ്ടായത്.
കോളനി ഭരണകാലഘട്ടത്തിൽ ഡോ. അംബേദ്ക൪ പുല൪ത്തിയ നിലപാടുകൾ, ദലിത്-പിന്നാക്ക സമൂഹങ്ങളുടെ സാമൂഹിക സാഹചര്യങ്ങൾ ച൪ച്ചചെ യ്യപ്പെട്ടുതുടങ്ങിയ കാലഘട്ടത്തോടുകൂടി പ്രാധാന്യം വ൪ധിച്ചുവരുകയാണ് ചെയ്തത്. ഭാരതീയ സാമൂഹിക ക്രമങ്ങളാൽ അരികുകളിലാക്കപ്പട്ട സ്ത്രീകൾ, അയിത്തസമൂഹങ്ങൾ, ശൂദ്രസമൂഹങ്ങൾ, സാമൂഹികമായി നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയ ന്യൂനപക്ഷ സമൂഹങ്ങൾ തുടങ്ങിയവരുടെ പ്രശ്നങ്ങളെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് ഉയ൪ത്തിക്കൊണ്ടുവരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും ചരിത്രം, സമ്പദ്ശാസ്ത്രം, തത്ത്വശാസ്ത്രം, നിയമം തുടങ്ങിയ മേഖലകളിൽ അദ്ദേഹം തുറന്നിട്ട വഴികളും ഇന്ന് വളരെ പ്രധാനപ്പെട്ട സംഭവങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്.
ഭാരതീയ സാമൂഹിക സാഹചര്യങ്ങളിൽ ചരിത്രപരമായ കാരണങ്ങളാൽ മറക്കപ്പെട്ടുപോയവരുടെ ശബ്ദത്തെ ഉയ൪ത്തിക്കൊണ്ടുവന്നു എന്നതാണ് അദ്ദേഹത്തിൻെറ സംഭാവനകളിൽ ഏറ്റവും പ്രധാനമായ മറ്റൊരു മണ്ഡലം. ഇന്ത്യയിൽ മുഖ്യധാര വൈജ്ഞാനിക, സാമ്പത്തിക, സാംസ്കാരിക, അധികാര ബന്ധങ്ങളാൽ തിരസ്കൃതരായിത്തീരുകയും മൂടിപ്പോവുകയും ചെയ്ത ഭാരതീയ യാഥാ൪ഥ്യങ്ങളെ ദേശീയവും അന്ത൪ദേശീയവുമാക്കി മാറ്റിത്തീ൪ത്തു എന്നതാണ് അതിലൊന്ന്. ഭാരതീയ ജാതിവ്യവസ്ഥയെയും വ൪ണാശ്രമ ധ൪മങ്ങളെയും മേൽക്കീഴ് നിലകളെയും സംബന്ധിച്ച അദ്ദേഹത്തിൻെറ നിരീക്ഷണങ്ങൾ പരമ്പരാഗത ഭാരതീയ അന്ധതകളിൽ അടിസ്ഥാനപ്പെട്ട നിലപാടുകളെ അസ്ഥിരപ്പെടുത്തുകയും അടിത്തട്ടുകളിൽനിന്നുള്ള പുതിയ കാഴ്ചപ്പാടുകളും പാരായണങ്ങളും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിന് വഴിയൊരുക്കുകയുണ്ടായി.
ആക്ടിവിസത്തിനൊപ്പം നിരന്തരമായ രചനകളും യൂറോപ്യൻ വിദ്യാഭ്യാസത്തിൻെറ ഭാഗമായി ലഭിച്ച അക്കാദമിക രചനാ പദ്ധതികളും അദ്ദേഹം സ്വീകരിച്ചു. ഊഹാപോഹരചനകൾക്കും സങ്കൽപ രചനകൾക്കും പകരം വസ്തുതാപരമായതും ഡോക്യുമെൻറലായതും ഒരുപക്ഷേ, കോളനി ആധുനികതയിൽ അത്ര പരിചിതമില്ലാതിരുന്ന ഗവേഷണ സ്വഭാവത്തോടുകൂടിയ എഴുത്തുരൂപങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തു. മറ്റു പ്രസ്ഥാനങ്ങളെപോലെതന്നെ നിരവധി പ്രസിദ്ധീകരണങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു.
ഇന്ത്യയിലെ അടിത്തട്ടുജനതയെ സംബന്ധിച്ചിടത്തോളം സംഭവിക്കാൻ പാടില്ലാതിരുന്നതും എന്നാൽ സംഭവിച്ചതുമായ കാര്യങ്ങളിലൊന്ന് ഡോ. ബി.ആ൪. അംബേദ്കറും ഗാന്ധിജിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു. ഒന്നാം ഘട്ടത്തിൽ ബ്രാഹ്മണിക ചാതു൪വ൪ണ്യ വ്യവസ്ഥയോടും രണ്ടാം ഘട്ടത്തിൽ ഗാന്ധിജിയോടും മൂന്നാം ഘട്ടത്തിൽ ഇന്ത്യൻ മാ൪ക്സിസത്തോടും വിയോജിക്കേണ്ടിവന്നു എന്നതാണ് അംബേദ്കറെ സംബന്ധിച്ചിടത്തോളം നമുക്ക് ലഭ്യമാവുന്ന ചരിത്രം. അതേസമയംതന്നെ ഡോ. അംബേദ്ക൪ ജനാധിപത്യവാദികളെയും നവോത്ഥാന പുരോഗമന വാദികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സാമൂഹിക മുന്നേറ്റങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത് എന്ന കാര്യവും ഓ൪ക്കേണ്ടതായുണ്ട്.
ഡോ. ബി.ആ൪. അംബേദ്ക൪ മറ്റൊരു ഇന്ത്യയെ നി൪മിച്ചെടുക്കുകയായിരുന്നു. ശ്രീബുദ്ധനും കബീറും ജ്യോതി ബാഫൂലെയുമാണ് തൻെറ ഗുരുനാഥന്മാ൪ എന്ന നിരീക്ഷണവും സ്വാതന്ത്ര്യാനന്തരമുള്ള ദേശരാഷ്ട്ര രൂപവത്കരണത്തിൽ പങ്കാളിത്തമുറപ്പിക്കുകയും (ഒരുപക്ഷേ, ഇന്ത്യൻ പാ൪ലമെൻറിൽനിന്ന് അദ്ദേഹത്തെ മാറ്റിനി൪ത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടും) ഭരണഘടനാ നി൪മാണത്തിൽ അധ്യക്ഷനായിക്കൊണ്ട് മുഖ്യമായ പങ്ക് നി൪വഹിക്കുന്നതുമെല്ലാം ഇതിൻെറ ഭാഗമായിരുന്നു.
യൂറോപ്യനായിത്തീ൪ന്ന ഒരു അംബേദ്കറിനെയല്ല നമുക്ക് കാണാൻ കഴിയുന്നത്. ഇന്ത്യയുടെ ജനാധിപത്യം ബുദ്ധദ൪ശനങ്ങളിലാണ് കണ്ടത്തൊനാവുക എന്ന് പാ൪ലമെൻറിലെ പ്രസംഗങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത് അതുകൊണ്ടാണ്. പ്രധാനമായും മൂന്നു ലക്ഷ്യങ്ങളുണ്ട് അദ്ദേഹത്തിൻെറ പ്രവ൪ത്തനത്തിന്. ചരിത്രപരമായ കാരണങ്ങളാൽ ഇന്ത്യയിൽ ഏറ്റവും അടിത്തട്ടിലായിപ്പോയ അയിത്തജാതി സമൂഹത്തിൻെറ ഏകീകരണവും ഉയ൪ച്ചയുമായിരുന്നു അതിലൊന്ന്. ജനാധിപത്യവാദികൾ, നവോത്ഥാന പ്രവ൪ത്തക൪, സോഷ്യലിസ്റ്റുകൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ മുൻകൈയിൽ ഐക്യഭാരതത്തിൻെറ ശ്രമവും ബുദ്ധമത പ്രവേശവുമായിരുന്നു മറ്റു രണ്ടു കാര്യങ്ങൾ.
ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വരേണ്യതയും ഹൈന്ദവ ഫാഷിസവും ദേശരാഷ്ട്രത്തിനുമേൽ പിടിമുറുക്കിയിരിക്കുന്ന ആഗോളീകരണ വെല്ലുവിളികളും അടിസ്ഥാന ജനതക്കുമേൽ നടത്തപ്പെടുന്ന നിരന്തര കടന്നാക്രമണങ്ങളും വിഭവങ്ങളിൽനിന്നുള്ള ഒഴിച്ചുനി൪ത്തലുകളും ഇന്ത്യയുടെ ഭാവിക്ക് കനത്ത പ്രഹരമേൽപിക്കുന്ന കാര്യങ്ങളാണ്. അതേസമയംതന്നെ തൊണ്ണൂറുകളോടെ വികാസം നേടിയ സ്ത്രീ, പരിസ്ഥിതി, ദലിത്, ന്യൂനപക്ഷ കാഴ്ചപ്പാടുകളും മതേതര ജനാധിപത്യ കാഴ്ചപ്പാടുകളും സാംസ്കാരിക, സാഹിത്യ, സാമ്പത്തിക ഇടപെടലുകളും അംബേദ്ക൪ ദ൪ശനത്തിൻെറ പ്രസക്തി വ൪ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവിക്കുവേണ്ടി പുതിയ ഇടപെടലും ശ്രമങ്ങളും അനിവാര്യമായിത്തീരുന്നുണ്ട് ഇന്ന്. പരമ്പരാഗതമായ പാരായണങ്ങളും കാഴ്ചപ്പാടുകളും അഴിച്ചുപണി ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിസത്തിനും സോഷ്യലിസത്തിനും ഒറ്റയൊറ്റക്കള്ളികളായി ഇനി മുന്നോട്ടുപോകാൻ കഴിയില്ല. കഴിയാവുന്ന മേഖലകളിൽ ഐക്യപ്പെട്ടുകൊണ്ട് വിമ൪ശാത്മകവും പുത്തനുമായ ഗാന്ധി അംബേദ്ക൪-സോഷ്യലിസ്റ്റ് പ്രായോഗികതയുടെയും ഒന്നിച്ചുനിൽക്കലിൻെറയും ചിന്തകൾകൂടി ഇന്ന് ആവശ്യമായിത്തീ൪ന്നിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story