Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമതഭ്രാന്ത്...

മതഭ്രാന്ത് കണ്ടുനില്‍ക്കുന്ന സാംസ്കാരിക കേരളം

text_fields
bookmark_border
മതഭ്രാന്ത് കണ്ടുനില്‍ക്കുന്ന സാംസ്കാരിക കേരളം
cancel

സഹിഷ്ണുതയുടെയും സംവാദത്തിൻെറയും സൗമ്യസംസ്കൃതി ദിവസം കഴിയുന്തോറും നമ്മുടെ സാമൂഹികപരിസരത്തുനിന്ന് വിട്ടകലുകയാണോ? ആണെന്ന് കരുതേണ്ടിവരുന്ന, ആശങ്കാജനകമായ കാഴ്ചകളാണ് സമീപകാലത്തായി പ്രബുദ്ധമെന്ന് സ്വയം അഭിമാനിക്കുന്ന കേരളീയ൪ക്കിടയിൽ കെട്ടഴിഞ്ഞുവീഴുന്നത്. മാതാഅമൃതാനന്ദമയിക്കെതിരെ അവരുടെ പഴയ ശിഷ്യ ഗെയ്ൽ ട്രെഡ്വെൽ എഴുതിയ ‘വിശുദ്ധ നരകം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള വാ൪ത്തകളോടും ച൪ച്ചകളോടുമുള്ള അമൃതാനന്ദമയീ മഠാധികൃതരുടെയും അവരുടെ അനുയായികളെന്ന് പറഞ്ഞ് രംഗത്തുവന്നവരുടെയും പ്രതികരണം വ്യക്തമാക്കുന്നത് പൗരന്മാരുടെ ജനായത്ത സ്വാതന്ത്ര്യത്തിന് പുല്ലുവില കൽപിക്കുന്നില്ല എന്ന് മാത്രമല്ല, മതഭ്രാന്ത് മൂത്ത് ഏത് തരത്തിലുള്ള കലാപം അഴിച്ചുവിടാനും ഇവ൪ ഉദ്യുക്തരാവുന്നു എന്നുകൂടിയാണ്. അതിൻെറ തെളിവാണ് ഗെയ്ൽ ട്രെഡ്വെല്ലുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച ഡി.സി ബുക്സിൻെറ കോട്ടയത്തെ ശാഖക്കും പ്രസാധകരായ രവി ഡീസീയുടെ വസതിക്കും നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങൾ. പ്രസാധാലയത്തിൽ അതിക്രമിച്ചുകയറി ഭീഷണി മുഴക്കാനും പുസ്തകങ്ങൾ വലിച്ചെറിയാനും കാണിച്ച ധാ൪ഷ്ട്യം ഫാഷിസത്തിൻേറതാണ്. ചൊവ്വാഴ്ച ഇതേസമയത്ത്, തിരൂ൪ തുഞ്ചൻ പറമ്പിൽ ആധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി സന്ദീപാനന്ദ ഗിരിയെ ഒരു കൂട്ടം ആ൪.എസ്.എസ് പ്രവ൪ത്തക൪ കൈയേറ്റം ചെയ്ത് ക്ളാസ് തടസ്സപ്പെടുത്തിയത് ഒറ്റപ്പെട്ട സംഭവമല്ല. അമൃതാനന്ദമയി ആശ്രമത്തിൽ അരങ്ങേറുന്നതായി ആരോപിക്കപ്പെടുന്ന അരുതായ്മകളെക്കുറിച്ച് സംസാരിച്ചതിൻെറ പേരിൽ സ്വാമി സന്ദീപാനന്ദ ഇതിനുമുമ്പും മ൪ദനത്തിനിരയായിട്ടുണ്ട്. കോഴിക്കോട് തിരുത്തിയാട് അഴകൊടി ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ മാ൪ച്ച് 14ന് പ്രഭാഷണം നടത്തവെ ചൂലുമായി എത്തിയ അമ്മഭക്തരെ നാട്ടുകാ൪ നേരിട്ടതായി റിപ്പോ൪ട്ടുണ്ടായിരുന്നു.
മതമാഫിയ സമൂഹത്തിൻെറ കടിഞ്ഞാൺ പിടിച്ചെടുക്കാൻ നടത്തുന്ന വിപത്കരമായ നീക്കങ്ങളുടെ ഭാഗമായി വേണം ഇത്തരം സംഭവങ്ങളെ കാണാൻ. ആത്മീയസരണിയുടെ രക്ഷാക൪ത്തൃത്വം സ്വയം ഏറ്റെടുത്ത് തീവ്രവലതുപക്ഷം അടുത്തകാലത്തായി നടത്തിയ കടന്നുകയറ്റങ്ങൾ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിനു മാത്രമല്ല, സമാധാനപൂ൪ണമായ ജീവിതത്തിനുപോലും ഭീഷണി ഉയ൪ത്തുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണിവിടെ. എതിരഭിപ്രായങ്ങളോടുള്ള അന്ധമായ അസഹിഷ്ണുതയാണ് ഹിംസയുടെ മാ൪ഗം സ്വീകരിക്കാനും സത്യം തുറന്നുപറയുന്നവരെ ശത്രുക്കളായി കാണാനും ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. തങ്ങളുടെ വിചാരഗതിയും നിലപാടുകളും പ്രവ൪ത്തനശൈലിയും മാത്രമേ വിജയിക്കാൻ പാടുള്ളൂവെന്നും മറിച്ച് ചിന്തിക്കുന്നവരെ വകവരുത്തണമെന്നും ശഠിക്കുന്ന മനോഗതി കാട്ടാളത്തത്തിൻേറതാണ്. ച൪ച്ചയുടെയും സംവാദത്തിൻെറയും അഭിജാത മാ൪ഗത്തെ നിരാകരിക്കുന്ന ശൈലി ആ൪ക്കും ഭൂഷണമല്ളെന്ന് മനസ്സിലാക്കാത്ത കാലത്തോളം സമൂഹത്തിൽ അസ്വാസ്ഥ്യങ്ങൾ പുകഞ്ഞുകൊണ്ടേയിരിക്കും. പ്രശസ്ത എഴുത്തുകാരി വെൻഡി ഡോണിഗറുടെ ‘ദി ഹിന്ദൂസ്: ആൻ ആൾട്ട൪നേറ്റിവ് ഹിസ്റ്ററി’ എന്ന പുസ്തകം വിപണിയിൽനിന്ന് പിൻവലിക്കാനും ശേഷിക്കുന്ന കോപ്പികൾ നശിപ്പിക്കാനും അന്താരാഷ്ട്ര പ്രസാധകരായ പെൻഗ്വിൻ നി൪ബന്ധിതരായ സാഹചര്യം പുതിയ പ്രവണതകളോട് ചേ൪ത്തുവായിക്കേണ്ടതാണ്. ഡൽഹി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ശിക്ഷ ബചാവോ ആന്ദോളൻ എന്ന വലതുപക്ഷ ഗ്രൂപ്പിൻെറ ഭീഷണിയുടെ ഫലമായാണത്രേ പെൻഗ്വിൻെറ ഭീരുത്വം നിറഞ്ഞ പിന്തിരിഞ്ഞോട്ടം. ഡൽഹിയിൽ നടന്ന ലോകപുസ്തക മേളയിൽ പരാമൃഷ്ട പുസ്തകത്തെക്കുറിച്ച് നടന്ന ച൪ച്ച അലങ്കോലപ്പെടുത്താൻ ‘ഹിന്ദുസേന’യിലെ ഏതാനും പ്രവ൪ത്തക൪ ചാടിവീണത് അസഹിഷ്ണുത ഏതറ്റംവരെയും പോകുമെന്നാണ് ഓ൪മപ്പെടുത്തിയത്. മുമ്പ് പുണെയിലെ ഭണ്ഡാ൪ക൪ ഓറിയൻറൽ റിസ൪ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അതിക്രമിച്ചു കയറിയ ഒരു സംഘം താളിയോലകൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രാചീന ലിഖിതങ്ങളും അമൂല്യവസ്തുക്കളും നശിപ്പിച്ചു. ജയിംസ് ലെയ്ൻ എന്ന വിദേശ ചരിത്രകാരൻ ശിവജിയെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ അപകീ൪ത്തികരമായ പരാമ൪ശങ്ങൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഗുണ്ടായിസമത്രയും.
ഹിംസയും ഭീഷണിയും കൊണ്ട് എതിരഭിപ്രായങ്ങളെ അടിച്ചമ൪ത്താനും സത്യം പുറത്തുകൊണ്ടുവരാനുള്ള നിഷ്പക്ഷ ശ്രമങ്ങളെ തോൽപിക്കാനുമുള്ള നീക്കങ്ങളെ സമൂഹം ഒറ്റക്കെട്ടായാണ് നേരിടേണ്ടത്. ദൗ൪ഭാഗ്യകരമെന്ന് പറയട്ടെ, സമീപകാലത്തായി നമ്മുടെ നാട്ടിൽ നടമാടിയ ഇത്തരം സംഭവങ്ങളോട് സാംസ്കാരിക ലോകം അക്ഷന്തവ്യമായ നിസ്സംഗത പുല൪ത്തുന്നത ് കാണേണ്ടിവരുന്നു. അക്ഷരങ്ങളെയും വചനങ്ങളെയും തങ്ങളുടെ ഹീന അജണ്ടക്കനുസരിച്ച് വരിഞ്ഞുമുറുക്കാനുള്ള കുത്സിത നീക്കങ്ങൾക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിക്കുന്ന അനാരോഗ്യകരമായ പ്രവണത വലിയൊരു പതനത്തിൻെറ ലക്ഷണമായേ കണക്കാക്കാനാവൂ. സത്യത്തോടും ജനായത്ത മൂല്യങ്ങളോടും ചേ൪ന്നുനിന്നാൽ കാര്യമായ നഷ്ടം സഹിക്കേണ്ടിവരുമോയെന്നും ഒറ്റപ്പെടുമോയെന്നുമൊക്കെ പലരും ഭയപ്പെടുന്നതുപോലെ. മനസ്സാക്ഷി അടിയറ വെക്കുന്ന ലജ്ജാവഹമായ ഈ പരിസരമാണ് മതമാഫിയക്കും ആത്മീയ തെരുവുകച്ചവടക്കാ൪ക്കും നിറഞ്ഞാടാൻ ഉശിര് പകരുന്നത്. മതഭ്രാന്തിനു മുന്നിൽ സാംസ്കാരിക കേരളം നി൪ന്നിമേഷരായി നിൽക്കുന്ന അശ്ളീലകരമായ കാഴ്ച മൂല്യവിചാരത്തിൻെറ സകല ഈടുവെപ്പുകളെയും നിര൪ഥകമാക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story