12:30:26
04 Oct 2015
Sunday
Facebook
Google Plus
Twitter
Rssfeed

ഇനി തെരഞ്ഞെടുപ്പ് ആരവങ്ങളുടെ കാലം

ഇനി തെരഞ്ഞെടുപ്പ് ആരവങ്ങളുടെ കാലം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യക്രമം എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള ഇന്ത്യ 16ാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് തീയതിയും നടപടിക്രമങ്ങളും ഇലക്ഷന്‍ കമീഷന്‍ പ്രഖ്യാപിച്ചതോടെ വരുംദിവസങ്ങള്‍ ജനായത്ത ആരവങ്ങള്‍കൊണ്ട് മുഖരിതമാവും. 543 ജനപ്രതിനിധികളെ തെരഞ്ഞെടുക്കേണ്ട ബാധ്യത ഇത്തവണ 81.4 കോടി സമ്മതിദായകരുടെ ചുമലിലാണ്. 2009ലെ തെരഞ്ഞെടുപ്പിനു ശേഷം 10 കോടി വോട്ടര്‍മാരാണ് കൂടിയിരിക്കുന്നത്. ഒമ്പതു ഘട്ടങ്ങളിലായിരിക്കുമത്രെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുക. ഏപ്രില്‍ ഏഴിനു തുടങ്ങി മേയ് 12 വരെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പോളിങ് നടത്താനാണ് ഇലക്ഷന്‍ കമീഷന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ വോട്ടര്‍മാര്‍ ഏപ്രില്‍ 10ന് ആയിരിക്കും പോളിങ്ബൂത്തിലേക്ക് നീങ്ങുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു കഴിഞ്ഞു. ഇനി വാഗ്ദാനങ്ങളുടെയും അവകാശവാദങ്ങളുടെയും പ്രകോപനങ്ങളുടെയും പ്രലോഭനങ്ങളുടെയും ആരവങ്ങള്‍കൊണ്ട് നമ്മുടെ ജീവിതപരിസരം കലുഷിതമാവുമെന്ന് തീര്‍ച്ച.
ജനഹിതം പ്രതിഫലിപ്പിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം എന്നനിലയില്‍ തെരഞ്ഞെടുപ്പിന് അതിന്‍േറതായ പ്രാധാന്യമുണ്ട്. 1952 തൊട്ട് താരതമ്യേന നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പാണ് നമ്മുടെ രാജ്യത്ത് പൂര്‍ത്തിയാക്കാറ്. പോളിങ്ങിന്‍െറ ഒരു ദിവസമെങ്കിലും പൗരന്മാര്‍ക്ക് തങ്ങളുടെ ഹിതം രേഖപ്പെടുത്താന്‍ അവസരം ലഭിക്കുന്നു എന്നതാണ ് ഈ പ്രക്രിയയിലെ രചനാത്മകമായ വശം. അല്ലാതെ, തെരഞ്ഞെടുപ്പ് എന്ന അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള അനുഷ്ഠാനത്തിനു ഒരിക്കലും ജനായത്തവ്യവസ്ഥിതിയുടെ പ്രഭാവം ബഹിസ്ഫുരിപ്പിക്കാനോ സൃഷ്ടിയോന്മുഖമായ ദിശയില്‍ രാജ്യത്തെ നടത്തിക്കാനോ അവസരം ലഭിക്കുന്നില്ല. നമ്മുടെ വ്യവസ്ഥിതിയുടെ മൗലികമായ ദൗര്‍ബല്യങ്ങളും പോരായ്മകളുംതന്നെ കാരണം. ഭരണഘടനാ ശില്‍പി ബാബാസാഹേബ് അംബേദ്കര്‍ ആശങ്കപ്പെട്ടതു പോലെ സാമൂഹിക ജനാധിപത്യം പുലരാത്ത കാലത്തോളം രാഷ്ട്രീയ ജനായത്തക്രമത്തിന് സചേതനമായ സരണിയിലൂടെ സഞ്ചരിക്കുക ദുഷ്കരമായിരിക്കും. കോടിക്കണക്കിന് നിരക്ഷരരും പട്ടിണിപ്പാവങ്ങളും ജീവിക്കുന്ന ഒരു രാജ്യത്ത് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ സന്ദേശം പോലും ഉള്‍ക്കൊള്ളാന്‍ കെല്‍പില്ലാത്ത വലിയൊരു ജനതയെ മുന്നില്‍ കാണിച്ചാണ് മഹത്തായ ജനാധിപത്യത്തിന്‍െറ മഹിമയെക്കുറിച്ച് നാം ഊറ്റംകൊള്ളുന്നത്. പണത്തിന്‍െറ ദു$സ്വാധീനവും ക്രിമിനല്‍-മാഫിയ സംഘത്തിന്‍െറ നീരാളിപ്പിടിത്തവും കോര്‍പറേറ്റ് ദുശ്ശക്തികളുടെ ദൂഷിതവലയവുമൊക്കെ മറ്റേത് ജനായത്ത സ്ഥാപനത്തെയും ഞെരിച്ചുകൊല്ലുന്നതു പോലെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും വികൃതമാക്കുന്നുണ്ട്.
10,000 കോടി രൂപ ചെലവഴിച്ച് നാം തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ എന്തു ജനാധിപത്യധര്‍മമാണ് പാലിക്കുന്നതെന്ന് വോട്ടര്‍മാര്‍ ആഴത്തില്‍ അന്വേഷിക്കേണ്ട സന്ദര്‍ഭമാണിത്. 15ാം ലോക്സഭ ലോകത്തിനു മുന്നില്‍ കാഴ്ചവെച്ച പ്രകടനം ലജ്ജാവഹമായിരുന്നു. ഒന്നാം ലോക്സഭ നല്ളൊരു നാളെയെക്കുറിച്ച് കിനാവു കാണാനെങ്കിലും കരുത്തു പകര്‍ന്നെങ്കില്‍ 2014ല്‍ എത്തിയപ്പോഴേക്കും ഇതുപോലൊരു പാഴ്ച്ചെലവും വൃഥാവ്യായാമവും ജനാധിപത്യം ഇത്രക്കും ആഭാസകരമായ ഏര്‍പ്പാടാണോ എന്ന് നമ്മെക്കൊണ്ട് സ്വയം ചോദിപ്പിച്ചു. 15ാം ലോക്സഭ 63 ശതമാനം മാത്രമാണത്രെ ഉല്‍പാദനക്ഷമമായത്. കേവലം 13 ശതമാനം സമയമാണ് നിയമനിര്‍മാണത്തിന് ചെലവിട്ടത്. 20 ബില്ലുകള്‍ അഞ്ചു മിനിറ്റുകൊണ്ട് പാസാക്കി നാം ചരിത്രം സൃഷ്ടിച്ചു. 74 ബില്ലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. പാര്‍ലമെന്‍റിന്‍െറ നടത്തിപ്പിന് പ്രതിവര്‍ഷം ഖജനാവില്‍നിന്ന് 245 കോടി രൂപയാണ് ചെലവഴിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ ഓരോ മിനിറ്റിനും 2.5 ലക്ഷം രൂപ ചെലവാക്കുന്നെന്ന് ചുരുക്കം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഈ വക മൗലിക സമസ്യകളെക്കുറിച്ചും ആഴത്തില്‍ പര്യാലോചനകള്‍ നടക്കേണ്ടതുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus