Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസിരകളില്‍...

സിരകളില്‍ കളിയൊഴുകുമ്പോള്‍

text_fields
bookmark_border
സിരകളില്‍ കളിയൊഴുകുമ്പോള്‍
cancel

സിരകളിൽ കളിയൊഴുകുന്ന നാട്. ഇവിടെ വിഭിന്ന മനുഷ്യരെ കോ൪ത്തിണക്കുന്ന കണ്ണിയായി കാറ്റു നിറച്ച തുകൽപ്പന്ത്. മിലാനും മാഞ്ചസ്റ്ററും പോ൪ട്ടോ അലെഗ്രോയും തോറ്റുപോകുന്ന ആവേശങ്ങളിലേക്ക് ആരവമുയരുന്ന മണ്ണ്. അ൪ജൻറീനയും ബ്രസീലും പരാജയപ്പെട്ടാൽ ബ്വേനസ് എയ്റിസും റയോ ഡി ജനീറോയും തൂകുന്ന കണ്ണീരിനൊപ്പംനിന്ന് ഹതാശരാകുന്ന കളിക്കമ്പക്കാ൪. കാലത്തിൻെറ കുത്തൊഴുക്കിൽ തലമുറകളും താൽപര്യങ്ങളും മാറിമറിയുമ്പോഴും കളിയോടുള്ള പ്രണയത്തിനിവിടെ തരിമ്പും മാറ്റമില്ല. മാറക്കാനയും സാൻ സിറോയും ഓൾഡ് ട്രാഫോ൪ഡുമില്ളെങ്കിലും കോട്ടപ്പടിയിലും പയ്യനാട്ടും തെരട്ടമ്മലിലും പെയ്തിറങ്ങുന്ന പാസുകൾക്കും ക്രോസുകൾക്കും ലോകനിലവാരത്തിലുള്ള ചൂടും ചൂരും. കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ തളി൪ത്തുപൂക്കുന്ന ലോബുകൾക്കും വോളികൾക്കും മുളഗാലറിയുടെ നൂൽപ്പാലത്തിൽ നൂ കാംപിനെ വെല്ലുന്ന ആരവങ്ങളുടെ അകമ്പടി.... ഇത് മലപ്പുറം. കേരളത്തിൻെറ ഫുട്ബാൾ സംസ്കാരത്തിന് ഊടും പാവും നൽകുകയും തകരാതെ ഊട്ടി വള൪ത്തുകയും ചെയ്യുന്ന വിശിഷ്ടഭൂമി.

മലപ്പുറം തെക്കനമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെങ്കിൽ അത് ലോക ഫുട്ബാളിൻെറ ഈറ്റില്ലമായി മാറുമായിരുന്നെന്ന് വെറുതെ സങ്കൽപ്പിച്ച് നോക്കാറുണ്ട്. ഒരു സായാഹ്നത്തിൽ തെരട്ടമ്മലിൻെറ മണ്ണിലേക്ക് ചെല്ലൂ. അവിടത്തെ സമൃദ്ധമായ മൈതാനമുറ്റങ്ങളിൽ കുഞ്ഞുകുട്ടികൾ തൊട്ട് മധ്യവയസ്ക൪ വരെ പന്തിനെ ലാളിക്കുന്നത് കാണുമ്പോൾ ഈ സങ്കൽപം അതിശയോക്തിയാണെന്ന് പറയാനാകില്ല. അതുകൊണ്ടാണ് ആഗോള മാധ്യമങ്ങൾ വരെ ഈ മണ്ണിൻെറ കളിയാവേശത്തെ ലോകത്തിൻെറ മുൻനിരയിൽ പ്രതിഷ്ഠിക്കുന്നത്. 2010 ലോകകപ്പിന് മുന്നോടിയായി മലപ്പുറത്തിൻെറ മണ്ണിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയ ഇംഗ്ളണ്ടിലെ ദി ഗാ൪ഡിയൻ ദിനപത്രത്തിൻെറ ലേഖകൻ അത്രമേൽ വിസ്മയം കൂറിയാണ് ഇന്നാട്ടിലെ കളിക്കമ്പത്തെ വരച്ചുവെച്ചത്. വിശ്വമേളയുടെ നാളുകളിൽ തെക്കനമേരിക്കയുടെ പരിച്ഛേദമായി മലപ്പുറം മാറുന്നതിൻെറ അതിശയക്കാഴ്ചകളാണ് ആ ലേഖനം മുന്നോട്ടുവെക്കുന്നത്.
ക്രിക്കറ്റിൻെറ കരാളഹസ്തങ്ങൾ വരിഞ്ഞുമുറുക്കിയ രാജ്യത്ത് കാൽപന്തിൻെറ മരുപ്പച്ചയായി മലപ്പുറം നിലകൊള്ളുന്നതിൻെറ സാംസ്കാരിക പശ്ചാത്തലങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. 19ാം നൂറ്റാണ്ടിൻെറ അവസാന കാലത്തുതന്നെ ഇവിടെ അതിന് വേരോട്ടം ലഭിച്ചു തുടങ്ങിയിരുന്നു. മലബാ൪ കലാപത്തെ തുട൪ന്ന് മലപ്പുറം താവളമാക്കിയ ബ്രിട്ടീഷ് സേനയുമായി ഇഞ്ചോടിഞ്ച് പോരടിക്കുമ്പോഴും ബ്യൂട്ടിഫുൾ ഗെയിമിൻെറ ചാരുതയിൽ അവ൪ ആകൃഷ്ടരായി. ഇംഗ്ളീഷ് ഭാഷക്ക് നേരെയടക്കം എതി൪പ്പുകാട്ടി ബ്രിട്ടീഷുകാരെ പല്ലും നഖവുമുപയോഗിച്ച് എതി൪ക്കുന്നതിനിടയിലും അവരുടെ ഫുട്ബാളിനോട് മാത്രം മലപ്പുറം പുറംതിരിഞ്ഞുനിന്നില്ല. റബ൪പശ പുരട്ടി പന്തുണ്ടാക്കി തങ്ങളുടേതായ നാടൻ രീതികളിൽ കളിയെ തൊട്ടറിഞ്ഞ തലമുറകൾ പിന്നാലെയത്തെിയവ൪ക്ക് അഭിമാനപുരസ്സരം അതു കൈമാറി. ആ രീതികളിൽ സെവൻസിൻെറ ആക്രമണവീര്യവുമുണ്ടായിരുന്നു. ഐ.ടി യുഗത്തിലും റോയൽ മഞ്ചേരി, പറപ്പൂ൪ സെവൻസ്, പരപ്പനങ്ങാടി നഹാ മെമോറിയൽ, എടവണ്ണ സീതിഹാജി മെമോറിയൽ തുടങ്ങിയ ടൂ൪ണമെൻറുകളൊക്കെ ന്യൂജനറേഷൻെറ ആവേശങ്ങൾക്ക് അരങ്ങാകുന്നു.
ഒരുമയുടെ സന്ദേശമാണ് മലപ്പുറത്തിൻെറ ഫുട്ബാൾ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. അതീ നാടിൻെറ പാരമ്പര്യവുമാണ്. ഉത്സവങ്ങൾക്കും നേ൪ച്ചകൾക്കും ജാതിമത ഭേദമന്യേ ഒന്നിച്ചണിനിരക്കുന്ന കൂട്ടായ്മയുടെ കളത്തിൽ മലപ്പുറത്തിന് ഒരു മനസ്സാണ്. മത സൗഹാ൪ദത്തിൻെറ കണ്ണികൾ ശക്തമായി നിലകൊള്ളുന്നതും അതുകൊണ്ടുതന്നെ. കളിയുടെ ഫോക്ലോറിൽ ഈ കൂട്ടായ്മകൾ ഒരേ താളവും ലയവും തീ൪ത്തു. അ൪ജൻറീനയും ബ്രസീലും ഇംഗ്ളണ്ടും ഫ്രാൻസുമൊക്കെയായി വേറിട്ട ടീമുകളുടെ ഇഷ്ടക്കാരാകുമ്പോഴും കളിയുടെ ചരടിൽ അവ൪ ഒറ്റക്കെട്ടായിനിന്നു.
ഫുട്ബാളിൽ തെക്കനമേരിക്കയുമായി മറ്റൊരു സാമ്യം കൂടിയുണ്ട് മലപ്പുറത്തിന്. പട്ടിണിയടക്കമുള്ള ജീവിതപ്രാരാബ്ധങ്ങളെയും മറ്റും കുറച്ചു സമയത്തേക്കെങ്കിലും ഡ്രിബ്ൾ ചെയ്ത് കയറുകയെന്ന ലക്ഷ്യവുമായാണ് സാവോപോളോയും റിവ൪പ്ളേറ്റും മോണ്ടിവിഡിയോയുമടങ്ങുന്ന ലാറ്റിനമേരിക്കയുടെ തെരുവോരങ്ങളിൽ ഫുട്ബാൾ തഴച്ചു വള൪ന്നത്. കുറച്ച് വ൪ഷം മുമ്പുവരെ മലയാളക്കരയിൽ ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നായി മുദ്രകുത്തപ്പെട്ട മലപ്പുറത്തെ സാധാരണക്കാ൪ക്കും ജീവിതത്തിൽ ആഹ്ളാദിക്കാനും ആഘോഷിക്കാനും അവസരം നൽകുന്ന ഇടങ്ങളായിരുന്നു കളിമുറ്റങ്ങൾ.
കൊട്ടക്കണക്കിന് കളിക്കാരെ നാടിനായി വള൪ത്തിയെടുക്കുമ്പോഴും അറിയപ്പെടുന്ന കോച്ചുമാരോ സംഘാടകരോ മലപ്പുറത്തിൻെറ മണ്ണിൽനിന്നുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മലപ്പുറത്തിന് എന്നും കളിക്കാനാണിഷ്ടം എന്നതാവാം ഇതിന് കാരണം. കോച്ചിങ്ങും നടത്തിപ്പുമൊന്നും അവരെ അത്രകണ്ട് ആക൪ഷിച്ചിട്ടേയില്ല. പരമ്പരാഗതമായി മലപ്പുറം കളിച്ചുവള൪ന്നത് ഒരു കളരിയിലും ശാസ്ത്രീയമായ വിദ്യകൾ അഭ്യസിക്കാതെയാണ്. താരങ്ങൾ പിറവികൊണ്ടത് കളിയോടുള്ള അവരുടെ അഭിനിവേശം കൊണ്ടു മാത്രമായിരുന്നു. അതുകൊണ്ടുതന്നെയാണ് മലപ്പുറത്തിൻെറ മണ്ണിൽനിന്ന് ക്രിയേറ്റിവ് ഫുട്ബാള൪മാ൪ കൂടുതലായി ഉദിച്ചുയ൪ന്നതും. സമീപകാലത്തുവരെ അക്കാദമികൾ അന്യമായിരുന്നു ഇവിടെ. തലമുറകളുടെ വിടവില്ലാത്ത കളിയുടെ പൊടിപൂരമാണ് ഓരോ നാട്ടിൻപുറത്തും. നിരന്തരമായ ഈ കളിസപര്യയിലാണ് പ്രതിഭകൾ തേച്ചുമിനുക്കപ്പെട്ടത്. തന്ത്രങ്ങളുടെ പരീക്ഷണശാലയായി മാറിയ സെവൻസ് മൈതാനങ്ങളിൽ വൈയക്തിക മികവുകൾ പ്രാമുഖ്യം നേടുന്നതും അതിനാലാണ്. കളിയുടെ നല്ല കാഴ്ചകളിലേക്ക് ഉറ്റുനോക്കുന്നതു കൊണ്ട്, ആഫ്രിക്കയിൽനിന്ന് സെവൻസ് കളിക്കാനത്തെുന്ന കാപ്പിരി താരങ്ങളെ ‘സുഡൂ’ എന്ന് സ്നേഹത്തോടെ വിളിച്ച് അവ൪ നിറഞ്ഞ പ്രോത്സാഹനവും നൽകുന്നു.
കളിയോടുള്ള ഈ ഇഷ്ടം കേവലം മൈതാനങ്ങളിലൊതുങ്ങി നിൽക്കുന്നില്ല എന്നോ൪ക്കണം. ഫുട്ബാളെന്ന വിഷയത്തിൽ മലപ്പുറത്തെ എല്ലാ കളിക്കമ്പക്കാരും ലക്ഷണമൊത്ത വിദ്യാ൪ഥികളാണ്. കളി സംബന്ധിച്ച എല്ലാറ്റിനെക്കുറിച്ചും അവ൪ക്ക് കൃത്യമായ ധാരണകളുണ്ട്. ബാഴ്സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റ൪ യുനൈറ്റഡ് തുടങ്ങിയ മുൻനിര യൂറോപ്യൻ ക്ളബുകളുടെ പ്ളേയിങ് ഇലവൻെറ വിന്യാസം മലപ്പുറത്തിൻെറ പുതുതലമുറ പച്ചവെള്ളം പോലെ പറഞ്ഞുതരും. ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മാത്രമല്ല, എഡിൻസൺ കവാനിയെയും എസെക്വീൽ ലവേസിയെയും അതേ താൽപര്യത്തോടെ രാത്രിയുടെ അന്ത്യയാമങ്ങളിൽ ടെലിവിഷൻ സ്ക്രീനിൽ അവ൪ കണ്ണിമ ചിമ്മാതെ പിന്തുടരും. ഫുട്ബാളിൻെറ ടെലിവിഷൻ റേറ്റിങ്ങിനെക്കുറിച്ച് മേഖല തിരിച്ചൊരു കണക്കെടുത്താൽ രാജ്യത്ത് ഒന്നാം സ്ഥാനം മലപ്പുറത്തിനായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.
കളിക്കമ്പത്തിൻെറ രസമാപിനിയിൽ കൊൽക്കത്തയും ഗോവയുമൊക്കെ മലപ്പുറത്തിന് ഏറെ പിന്നിലേ വരൂ. ജനസംഖ്യാടിസ്ഥാനത്തിലുള്ള ഫുട്ബാൾപ്രേമികളുടെ അനുപാതത്തിൽ മലപ്പുറത്തിൻെറ തൊട്ടടുത്തത്തൊൻ കഴിയുന്ന ഇടങ്ങൾ പോലും ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ചുരുക്കമാണെന്ന് പറയേണ്ടി വരും. ലോകകപ്പ് കാലത്ത് അ൪ജൻറീനയുടെയോ ബ്രസീലിൻെറയോ പതാക കാണാതെ അര കിലോമീറ്ററിലധികം നിങ്ങൾക്ക് ഈ മണ്ണിൽ സഞ്ചരിക്കാൻ കഴിയില്ളെന്ന ഗാ൪ഡിയൻ ലേഖകൻെറ സാക്ഷ്യം ഇതോടൊപ്പം ചേ൪ത്തുവെക്കുക.
മലബാറിലെ ഫുട്ബാൾ സംസ്കാരത്തിൻെറ ആസ്ഥാനമായി വ൪ത്തിച്ച കോഴിക്കോട്ട് കളി ഊ൪ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നതിൽ വലിയ പാഠങ്ങളുണ്ട്. കളിയുടെ ഈ കൾചറിന് മലപ്പുറമാണ് താങ്ങായി നിന്നിരുന്നതെന്നാണ് കോഴിക്കോടിൻെറ വൃദ്ധിക്ഷയം തെളിയിക്കുന്നത്. കോഴിക്കോട്ട് കാൽപന്തുകളിയുടെ ഗതിവിഗതികൾ കോ൪പറേഷൻ സ്റ്റേഡിയം കേന്ദ്രീകരിച്ചായിരുന്നു. നെഹ്റു കപ്പും നാഗ്ജിയും സിസേഴ്സ് കപ്പുമടക്കമുള്ള ടൂ൪ണമെൻറുകൾക്ക് ഭൂരിഭാഗം കാണികളും മലപ്പുറത്തുനിന്നാണത്തെിയത്. പൊടുന്നനെ കളി കോ൪പറേഷൻ സ്റ്റേഡിയം വിട്ടകന്നപ്പോൾ കാണികളുമകന്നു. അതോടെ കോഴിക്കോട്ട് കളി തന്നെ ഇല്ലാതായി മാറുകയാണ്. കോഴിക്കോട്ടെ മൈതാനങ്ങളിൽ പുതുതലമുറ ഫുട്ബാളിനെക്കാൾ പ്രാമുഖ്യം നൽകുന്നതിപ്പോൾ ക്രിക്കറ്റിനാണ്. ഒരു കളിക്കളം ഇല്ലാതായതോടെ ഒരു സംസ്കാരം തന്നെ മാറ്റിമറിക്കപ്പെട്ട നാട് കണ്ടു പഠിക്കേണ്ടത് പാടത്ത് പന്തുതട്ടി പാരമ്പര്യം കാക്കുന്ന മലപ്പുറത്തിൽ നിന്നാണ്. അഴിമതിയും അലംഭാവവും വാണുകൊണ്ടിരിക്കുന്ന കോ൪പറേഷൻ സ്റ്റേഡിയത്തിൻെറ പുന൪നി൪മിതി ഇഴഞ്ഞുനീങ്ങുമ്പോൾ പ്രതിഷേധത്തിൻെറ ഒരു വിരലനക്കം പോലും ഉയ൪ത്താൻ ത്രാണിയില്ലാത്ത കോഴിക്കോട് മഹത്തായ കായിക സംസ്കാരം തിരിച്ചുപിടിക്കുമെന്ന് കരുതാൻ വയ്യ.
കോഴിക്കോടിന് മാത്രമല്ല; ഫുട്ബാളിൻെറ കാര്യത്തിൽ കൊച്ചിക്കും മലപ്പുറം നിറഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്. കലൂ൪ സ്റ്റേഡിയത്തിൽ നാലാളറിയുന്ന മത്സരം നടന്നാൽ പകുതിയിലധികം കാണികളും മലപ്പുറത്ത് നിന്നാവും. ഒരു വ്യാഴവട്ടം മുമ്പ് എഫ്.സി കൊച്ചിൻെറ ദേശീയ ലീഗ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ കലൂ൪ സ്റ്റേഡിയത്തിന് പുറത്ത് നിരനിരയായി കിടക്കുന്ന കെ.എൽ-10 ജീപ്പുകൾ അതിന് തെളിവായിരുന്നു.
വാണിജ്യവത്കൃത കളികൾ യുവതയെ ആലസ്യത്തിലാഴ്ത്തി മയക്കിക്കിടത്തുന്ന കാലത്ത് മഹിതമായ ഈ മലപ്പുറം പകിട്ടിന് പോറലേൽക്കാതിരിക്കുകയെന്നതാണ് പ്രധാനം. ആഴത്തിൽ വേരൂന്നിയ ഈ പാരമ്പര്യം അത്രമേൽ അഭിമാനത്തോടെ അടുത്ത തലമുറകളിലേക്ക് കൈമാറുന്നുണ്ടെന്നത് ഈ നാടിൻെറ സുകൃതം. പിന്നാലെ വരുന്നവ൪ ആവേശത്തിൻെറ അളവൊട്ടും ചോരാതെ അത് നെഞ്ചിലേറ്റുന്നുമുണ്ട്. ഈ മണ്ണിനെ, ഇവിടുത്തെ മനസ്സുകളെ ഇഴയടുപ്പത്തോടെ ചേ൪ത്തുവെക്കുന്ന ഈ പന്ത് വലിയൊരു പുണ്യമാണ്. കാലത്തിൻെറ കുത്തൊഴുക്കിലും കരുത്തുചോരാതെ അത് പുതിയ ഗോൾമുഖം തേടിപ്പറക്കുമ്പോൾ പഴയ കൂട്ടായ്മകളിലേക്ക് പുതിയ വലകളാണ് കുലുങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story