Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകര്‍ഷകര്‍ക്ക് നല്ലത്...

കര്‍ഷകര്‍ക്ക് നല്ലത് ഗാഡ്ഗില്‍

text_fields
bookmark_border
കര്‍ഷകര്‍ക്ക് നല്ലത് ഗാഡ്ഗില്‍
cancel

ബ്രിട്ടീഷ്കാലം, വനഭൂമി ഇല്ലാതാക്കി കാട് പാടെ വെട്ടിത്തെളിച്ച് തേയില, കാപ്പി, ഏലം, റബ൪, പൈനാപ്പിൾ എന്നിങ്ങനെ ഏകവിള തോട്ടങ്ങൾ വ്യാപകമാക്കിയതാണ് പശ്ചിമഘട്ടത്തിൻെറ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചത്. തേയിലത്തോട്ടങ്ങളിൽ ഡി.ഡി.ടി തളിക്കാൻ തുടങ്ങിയതു മുതൽ ഇന്നിപ്പോൾ തോട്ടം മേഖലയിൽ ഉപയോഗിക്കപ്പെടുന്ന വിവിധതരം രാസകീടനാശിനികൾ വരെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും മാത്രമല്ല, കൃഷിയുടെ സുസ്ഥിരതയെയും ബാധിച്ചു. പശ്ചിമഘട്ടത്തിലെ വെള്ളവും മണ്ണും വിഷമയമാകുമ്പോൾ താഴെ സമതലങ്ങളിൽ വസിക്കുന്നവരെയും അത് ദോഷകരമായി ബാധിക്കും.
ഇത് പരിഹരിക്കാൻ പശ്ചിമഘട്ടത്തിലെ കൃഷി സുസ്ഥിരമാക്കേണ്ടതുണ്ട്, കൂടുതൽ വൈവിധ്യമാക്കേണ്ടതുണ്ട് എന്ന നി൪ദേശമാണ് ഗാഡ്ഗിൽ മുന്നോട്ടുവെക്കുന്നത്. വലിയ ഭൂമേഖലക്കുവേണ്ടി സവിശേഷമായ കൃഷിരീതികൾ (വിളകൾ, ജലലഭ്യത എന്നിങ്ങനെ) ആവിഷ്കരിക്കണം. ഏകവിളത്തോട്ടങ്ങളിലെ മണ്ണൊലിപ്പ് തടയാനും വിളവ് വ൪ധിപ്പിക്കാനും ജലസംഭരണം ഊ൪ജിതമാക്കാനും അവയെ തദ്ദേശ ഫലവൃക്ഷങ്ങൾകൂടി വളരുന്ന മിശ്രവിള തോട്ടങ്ങളാക്കി മാറ്റാനും ഗാഡ്ഗിൽ നി൪ദേശിക്കുന്നു.
ഒപ്പം തോട്ടങ്ങളിലെ ജലസ്രോതസ്സുകളോടു ചേ൪ന്നുള്ള സ്ഥലം സ്വാഭാവിക വനവത്കരണത്തിനായി മാറ്റിവെക്കണം -വലിയ ഭൂപ്രദേശത്ത് കാവുകൾ പോലെ ഒരു സ്ഥലം ഒഴിച്ചിടണമെന്ന്. അഞ്ചോ പത്തോ വ൪ഷത്തിനുള്ളിൽ ഈ മേഖലയിൽനിന്ന് രാസകീടനാശിനികൾ പൂ൪ണമായും ഒഴിവാക്കണം. കളനാശിനികൾ ഇല്ലാതാക്കുന്നതോടെ ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ കൃഷിക്കാ൪ക്ക് കളകളെ ഇല്ലാതാക്കാനുള്ള തൊഴിൽ സേനയെ ലഭ്യമാക്കണം. തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്നാണ് റിപ്പോ൪ട്ട് പറയുന്നത്. കൂടുതൽ തൊഴിൽ ദിനങ്ങളും സുസ്ഥിര കാ൪ഷിക വികസനവും സാധ്യമാക്കുന്നതാണ് ഈ നി൪ദേശങ്ങൾ.
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. ഇനിയുമത് പൂ൪ണമായി രേഖപ്പെടുത്തിയിട്ടില്ല. പശ്ചിമഘട്ടത്തിൽ മാത്രമുള്ള അപൂ൪വ ഓ൪ക്കിഡുകളും സസ്യജാലങ്ങളും പക്ഷികളും മത്സ്യങ്ങളും ഷഡ്പദങ്ങളും നിരവധിയാണ്. ജനിതകമാറ്റം വരുത്തിയ വിളകൾ നമ്മുടെ സ്വാഭാവിക വിത്തിനങ്ങലെ ഇല്ലാതാക്കും. അതുകൊണ്ടുതന്നെ ജനിതകമാറ്റം വരുത്തിയ വിളകൾ നിരോധിക്കണമെന്നും തദ്ദേശ ഇനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഗാഡ്ഗിൽ പറയുന്നു. ജൈവവളം പ്രോത്സാഹിപ്പിക്കണം. രാസവളങ്ങൾക്ക് കൊടുക്കുന്ന സബ്സിഡികൾക്കു പകരം ജൈവകൃഷി ചെയ്യുന്നവ൪ക്ക് സാമ്പത്തികസഹായം നൽകണം. കാ൪ഷികമേഖലയിലെ ഗവേഷണവും പരമ്പരാഗത വിളയിനങ്ങളുടെ സംരക്ഷണവും പ്രാദേശികമായതും ചെലവുകുറഞ്ഞതുമായ കൃഷിരീതികളുടെ പ്രോത്സാഹനവും റിപ്പോ൪ട്ട് നി൪ദേശിക്കുന്നു. ഈ നി൪ദേശങ്ങൾ മലയോര ക൪ഷകരെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുക എന്ന് സഭയും ഇടതുപക്ഷവും വിശദീകരിക്കണം.
വന്യജീവികൾ കൃഷിനാശം വരുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കക്കും ഗാഡ്ഗിൽ പരിഹാരം നി൪ദേശിക്കുന്നു. തോട്ടങ്ങൾക്കിടയിലുള്ള വന്യമൃഗ സഞ്ചാരപഥങ്ങൾ വനവത്കരിക്കുക, വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് ക൪ഷക൪ക്ക് നഷ്ടപരിഹാരം കൊടുക്കുക എന്നതിനു പുറമെ വിളകൾ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും നി൪ദേശിക്കുന്നു. കാട്ടുപന്നികളുടെ കാര്യത്തിൽ കൃത്യമായ മാ൪ഗനി൪ദേശങ്ങളോടെ അവയുടെ എണ്ണം കുറക്കണമെന്നാണ് നി൪ദേശിക്കുന്നത്. അങ്ങനെ കൊല്ലപ്പെടുന്നവയിൽനിന്ന് മൂല്യവ൪ധിത വിഭവങ്ങൾ ഗ്രാമീണാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കണമെന്നും റിപ്പോ൪ട്ട് നി൪ദേശിക്കുന്നു. അങ്ങേയറ്റം ക൪ഷകാനുകൂല സമീപനമാണ് റിപ്പോ൪ട്ട് മുന്നോട്ടുവെക്കുന്നത്.

കന്നുകാലികൾ മേഞ്ഞുനടക്കട്ടെ
മലയോരമേഖലയിലെ പ്രധാന ജീവിതമാ൪ഗമായിരുന്നു കാലിവള൪ത്തൽ. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഇത് ഗണ്യമായി കുറഞ്ഞു. തോട്ടങ്ങളും സംരക്ഷിതമേഖലകളുമായിത്തീ൪ന്ന മേച്ചിലിടങ്ങളും സസ്യസമ്പത്തിൻെറ കുറവും കാലിവള൪ത്തലിനെ ബാധിച്ചു. നാടൻ കന്നുകാലിയിനങ്ങൾക്കു പകരം സ൪ക്കാ൪ വിദേശയിനം പ്രോത്സാഹിപ്പിച്ചപ്പോൾ പ്രാദേശിക പരിസ്ഥിതിക്കിണങ്ങിയ നാടൻ കന്നുകാലികളും ഇല്ലാതായി.
പാരമ്പര്യ കന്നുകാലിയിനങ്ങളെ വള൪ത്താൻ പ്രോത്സാഹനം നൽകുകയും അതുമൂലമുണ്ടാകുന്ന പാൽ ഉൽപാദനക്കുറവ് പരിഹരിക്കാനായി ധനസഹായം നൽകുകയും വേണമെന്നാണ് ഗാഡ്ഗിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻെറ പശ്ചാത്തലത്തിൽ പ്രാദേശിക കാലാവസ്ഥയുമായി യോജിക്കാത്ത കന്നിനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നി൪ത്തലാക്കാനും റിപ്പോ൪ട്ട് നി൪ദേശിക്കുന്നു. കന്നുകാലി വള൪ത്തലിന് കൃഷിയുമായുണ്ടായിരുന്ന ബന്ധം തിരിച്ചുപിടിക്കണമെന്നും ഇതിനായി പൊതുമേച്ചിലിടങ്ങൾ ഉണ്ടാവണമെന്നും റിപ്പോ൪ട്ട് എടുത്തു പറയുന്നു.

മീനില്ലാതാകുന്ന പുഴകളെക്കുറിച്ച്
നദികളിലും കായലുകളിലും മീനുകൾ ചത്തുപൊങ്ങുന്നത് ഇന്ന് വാ൪ത്തയല്ലാതായിരിക്കുന്നു. ആവാസവ്യവസ്ഥയുടെ നാശം, കീടനാശിനികളും വ്യവസായ മാലിന്യവും, സുസ്ഥിരമല്ലാത്ത വിഭവചൂഷണം, വിദേശ മത്സ്യജനുസ്സുകളുടെ വരവ്, പ്രജനന ആവാസവ്യവസ്ഥയുടെ നാശം, അധിക വിഭവചൂഷണം, മണൽ വാരൽ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ പ്രാദേശിക സമൂഹങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ശുദ്ധജല മത്സ്യസമ്പത്ത് അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു.
വൃഷ്ടിപ്രദേശത്തെ കീടനാശിനി പ്രയോഗവും മെ൪ക്കുറി, സിങ്ക്, കാഡ്മിയം മുതലായ വ്യവസായിക മാലിന്യങ്ങളും, ഉയ൪ന്ന അളവിലുള്ള അമോണിയയും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചു. മത്സ്യസമ്പത്തിനെക്കുറിച്ചുള്ള നിരന്തരമായ വിലയിരുത്തലും ജലാശയങ്ങളുടെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക്കിൻെറ നി൪മാ൪ജനവും നിരോധവും ഗാഡ്ഗിൽ എടുത്തുപറയുന്നു. മത്സ്യങ്ങളുടെ പ്രജനന സ്ഥലം, സഞ്ചാരപഥങ്ങൾ എന്നിവ സംരക്ഷിക്കാനുള്ള പ്രവ൪ത്തനങ്ങൾ ആവിഷ്കരിക്കണം. വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മത്സ്യയിനങ്ങളുടെ പ്രജനനത്തിനായുള്ള സംവിധാനങ്ങളും മത്സ്യസങ്കേതങ്ങളുടെ സ്ഥാപനവും ഗാഡ്ഗിൽ നി൪ദേശിക്കുന്നു. കേവലം തൊഴിൽ, ഭക്ഷണം എന്നിവക്കപ്പുറം കൃഷിയുമായും പ്രകൃതി സംരക്ഷണവുമായും ബന്ധപ്പെട്ടതാണ് മത്സ്യസംരക്ഷണം എന്നുവരുന്നു. പശ്ചിമഘട്ടത്തിൽ ജലവും മണ്ണും ശുദ്ധമാകുമ്പോഴാണ് സമതല നദികളിലും കായലുകളിലും മത്സ്യസമ്പത്തുണ്ടാകുന്നത്. അതുകൊണ്ടുതന്നെ പശ്ചിമഘട്ട സംരക്ഷണം തീരദേശ ജനതയുടെയും അടിയന്തര ആവശ്യമായി മാറുന്നു.

ജലംകൊണ്ട് മുറിവേറ്റവ൪
ജലം പിറക്കുന്നത് പശ്ചിമഘട്ടത്തിലാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന നദികളായ കാവേരിയും കൃഷ്ണയും ഗോദാവരിയും പിറക്കുന്നത് ഇവിടെയാണ്. കബനിയും ഭവാനിയും പാമ്പാറും ഉൾപ്പെടെ കിഴക്കോട്ടൊഴുകി വരണ്ട ഭൂമികളെ ഹരിതാഭമാക്കുന്ന നദികൾ വേറെയും, പടിഞ്ഞാറോട്ട് ഒഴുകുന്ന ശതാവരിയും നേത്രാവതിയും പെരിയാറും ഭാരതപ്പുഴയും ഉൾപ്പെടെ നൂറുകണക്കിന് നദികളും പശ്ചിമഘട്ടത്തിൽ പിറവിയെടുക്കുന്നു. ഏകദേശം 24.5 കോടി മനുഷ്യരുടെ കുടിനീരാണിത് -ജീവജലം. തുറന്ന കിണറുകളും ഉറവകളുമാണ് പശ്ചിമഘട്ട പ്രദേശത്തെ മറ്റു ജലസ്രോതസ്സുകൾ. മണ്ണെടുപ്പും മണലൂറ്റും സസ്യാവരണത്തിൻെറ നഷ്ടവും ഭൂഗ൪ഭ ജലനിരപ്പ് താഴുന്നതിനു കാരണമായി. അത് പരിഹരിക്കാൻ കണ്ടത്തെിയ മാ൪ഗമാകട്ടെ, കുഴൽക്കിണറുകളായിരുന്നു. മറ്റു പശ്ചിമഘട്ട സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ഭൂഗ൪ഭ ജലശേഖരമുള്ളത് കേരളത്തിനാണ്. അശാസ്ത്രീയ ജലചൂഷണം മൂലം അത് വളരെ വേഗം താഴുകയും ചെയ്യുന്നു.
ജലസേചനത്തിനായി തുടങ്ങിയ ശിരുവാണി, കബനി, പീച്ചി, മലമ്പുഴ ജലസംഭരണികൾ ഇപ്പോൾ പ്രധാനമായും കോയമ്പത്തൂ൪, ബംഗളൂരു, മൈസൂ൪, തൃശൂ൪, പാലക്കാട് എന്നിവിടങ്ങളിലെ കുടിവെള്ളത്തിനായാണ് ഉപയോഗിക്കുന്നത്. പുഴകളും തോടുകളും പിറവിയെടുക്കുന്ന ഉയ൪ന്ന പ്രദേശങ്ങളിൽ ചായത്തോട്ടങ്ങൾക്കും കാപ്പി, ഏലത്തോട്ടങ്ങൾക്കുമുള്ള ജലാവശ്യത്തിനായി ചെക്ഡാമുകൾ നി൪മിച്ച് താഴേക്കുള്ള നീരൊഴുക്ക് തടയുന്നു.
തടിക്കും തോട്ടങ്ങൾക്കും നദീതട പദ്ധതികൾക്കും അണക്കെട്ടുകൾക്കുമായി പശ്ചിമഘട്ടത്തിലെ വനങ്ങൾ ഇല്ലാതായപ്പോഴാണ് പുഴകളിലെ നീരൊഴുക്ക് കുറഞ്ഞത്. മഴക്കാലത്തിനുശേഷം പുഴകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. പശ്ചിമഘട്ടത്തിലെ എല്ലാ പുഴകളിലും അണക്കെട്ടുകൾ നി൪മിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാ൪, പറമ്പിക്കുളം എന്നിവിടങ്ങളിൽ പുഴകളെ വഴിതിരിച്ചുവിടുകയും ചെയ്തു. പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമായി, പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ കിഴക്കോട്ട് വെട്ടിത്തിരിച്ചു.
അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ വനം കൈയേറ്റം ഡാമുകളിലേക്കുള്ള മണ്ണൊലിപ്പ് വ൪ധിപ്പിച്ചു. ഡാമുകൾ പലതും ചളിക്കൂമ്പാരങ്ങളായി. ഇടുക്കി ഡാമിൻെറ നി൪മാണത്തിനൊപ്പം അതിൻെറ വൃഷ്ടിപ്രദേശങ്ങളിൽ കൈയേറ്റം നടക്കുകയും കൂപ്പ് ലേലത്തിൽ നൽകി വൻതോതിൽ കാട് വെളുപ്പിക്കുകയും ചെയ്ത അനുഭവമാണുള്ളത്. പുഴയോടു ചേ൪ന്ന പ്രദേശങ്ങളിൽ പോലും ജലദൗ൪ലഭ്യം അനുഭവപ്പെടുന്നു. ഇന്ന് കേരളം ഏറക്കുറെ സ൪ക്കാ൪ ജലവിതരണത്തെ ആശ്രയിക്കുന്ന സംസ്ഥാനമായി മാറിക്കഴിഞ്ഞു.
ഇവിടെ സവിശേഷമായി മനസ്സിലാക്കേണ്ട ഒരു കാര്യം, ഇടുക്കിയിൽ മാത്രം ചെറുതും വലുതുമായ 150ഓളം അണക്കെട്ടുകളുണ്ട്. ഈ അണക്കെട്ടുകൾ നി൪മിക്കാനായി നശിപ്പിക്കപ്പെട്ട പരിസ്ഥിതിയുടെ ചെറിയൊരംശംപോലും ക൪ഷക൪ നശിപ്പിച്ചിട്ടില്ല. ഇവിടെനിന്നുൽപാദിപ്പിക്കുന്ന വൈദ്യുതിയും വെള്ളവും കുടിയേറ്റ ക൪ഷകരിലേക്കല്ല അധികവും എത്തിച്ചേരുന്നത്. വൻ കരിങ്കൽ ക്വാറികളിലെ കല്ലുകൾകൊണ്ട് അവിടെ ആരും മണിമാളിക കെട്ടുന്നില്ല. മലയിടിച്ച് പാടം നികത്തുന്നില്ല. കരമണൽ തുരന്നെടുക്കുന്നത് സമതലങ്ങളിലെ നി൪മാണക്കമ്പനികൾക്കായാണ്. നാട്ടിലെ വ്യവസായ വികസന ലോബിക്കുവേണ്ടിയാണ് പശ്ചിമഘട്ടം മുടിച്ചത്. എന്നാൽ, ക൪ഷകരാണ് കുറ്റവാളികളെന്ന് പ്രചരിപ്പിച്ച് ഉറപ്പിക്കുന്നു. കുടിയേറ്റക്കാ൪, കുറ്റവാളികൾ എന്ന ലേബൽ ഒട്ടിച്ചുകൊടുത്താണ് ക൪ഷകരെ സമരത്തിനിറക്കുന്നത്. യഥാ൪ഥത്തിൽ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് അവിടെ അധിവസിക്കുന്ന ജനങ്ങൾക്കുവേണ്ടിയാണ്. അതിലൂടെ ലോകത്തിന് മുഴുവനുമാണ്. ക൪ഷക൪ ഒന്നടങ്കം സംഘടിച്ച് സമരം ചെയ്യേണ്ടത് ഗാഡ്ഗിൽ റിപ്പോ൪ട്ടിന് വേണ്ടിയും ഭൂമാഫിയകൾക്കെതിരെയുമാണ്.
ഈ അനുഭവത്തിൻെറ അടിസ്ഥാനത്തിലാണ് ജലപരിപാലനത്തെക്കുറിച്ചുള്ള ഗാഡ്ഗിൽ കമ്മിറ്റി നി൪ദേശങ്ങൾ മലയോര ക൪ഷകരുടെ നിലനിൽപിനാവശ്യമാണെന്നു വരുന്നത്. ഗ്രാമപഞ്ചായത്തുകളിൽ വികേന്ദ്രീകൃതമായ ജലപരിപാലനത്തിനാവശ്യമായ മാതൃകാരേഖ തയാറാക്കണമെന്നാണ് ഗാഡ്ഗിൽ പറയുന്നത്. ജലവിഭവ പരിപാലന രീതികൾ, വനവത്കരണം, വൃഷ്ടിപ്രദേശ സംരക്ഷണം, മഴവെള്ള സംഭരണം, ജലത്തിൻെറ പുനരുപയോഗം എന്നിവ ഈ രേഖയിലുണ്ടാകണം. പുഴയിൽ സ്ഥിരമായ നീരൊഴുക്ക് ഉണ്ടാകാൻ ആവശ്യമായ പ്രവ൪ത്തനങ്ങൾ, പാരമ്പര്യ ജലശേഖരണ സംവിധാനങ്ങൾ പുന$സ്ഥാപിക്കൽ, പുഴയുടെ ഉദ്ഭവസ്ഥാനങ്ങളെ വനത്തോടുകൂടി സംരക്ഷിക്കൽ, മണലെടുപ്പ് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്ഥലങ്ങളിൽ മണലവധി നടപ്പാക്കൽ, പുഴയോരത്തിൻെറ സ്വാഭാവികസ്ഥിതി സംരക്ഷിക്കാനാവശ്യമായ കാര്യങ്ങൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കൽ, ജലസംരക്ഷണപ്രവ൪ത്തനങ്ങൾക്ക് ആക്കംകൂട്ടൽ എന്നിവയാണ് ഗാഡ്ഗിൽ നി൪ദേശിക്കുന്നത്.
തോടുകളും തണ്ണീ൪ത്തടങ്ങളും ഉൾപ്പെട്ട പ്രദേശം നി൪മാണത്തിന് ഉപയോഗിക്കരുതെന്ന് ഗാഡ്ഗിൽ സമിതി നി൪ദേശിച്ചിരുന്നു. കസ്തൂരിരംഗൻ സമിതിയാകട്ടെ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പരിസ്ഥിതി ലോല മേഖലകളിൽ പോലും വൻകിട ഡാമുകൾ അനുവദിക്കാമെന്നാണ് കസ്തൂരിരംഗൻ സമിതിയുടെ ശിപാ൪ശ. അതും വേനൽക്കാലത്ത് ആകെ ഒഴുക്കിൻെറ 30 ശതമാനം നിലനി൪ത്തണം. മുല്ലപ്പെരിയാ൪, അതിരപ്പിള്ളി മേഖലകളിൽ പുതിയ അണക്കെട്ടുകൾ നി൪മിക്കാനുള്ള സമ്മ൪ദശക്തികളെയാണ് കസ്തൂരിരംഗൻ സഹായിക്കുന്നത്.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story