12:30:26
04 Oct 2015
Sunday
Facebook
Google Plus
Twitter
Rssfeed

മുഖ്യമന്ത്രിയുടെ 13 ചോദ്യവും വി.എസിന്റെ മറുപടിയും

മുഖ്യമന്ത്രിയുടെ 13 ചോദ്യവും വി.എസിന്റെ മറുപടിയും

ചോദ്യം 1: പിടിച്ചെടുക്കല്‍ സമരത്തിലൂടെ മൂന്നേകാല്‍ കോടി ജനങ്ങളുടെ ജീവിതപ്രശ്നം കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാറിനെ അട്ടിമറിക്കുകയല്ലേ പ്രതിപക്ഷത്തിന്റെ ലക്ഷ്യം?
ഉത്തരം: ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണിത്. സര്‍ക്കാറിനെ അട്ടിമറിക്കല്‍ ഞങ്ങളുടെ പരിപാടിയല്ല. നിങ്ങളുടെ ഘടക കക്ഷികള്‍ പാളയത്തിനകത്ത് ആരംഭിച്ചിട്ടുള്ള ആ പരിപാടി വരും ദിനങ്ങളില്‍ എന്തായി തീരും എന്ന് പ്രവചിക്കാന്‍ ഈ ഘട്ടത്തില്‍ ഞങ്ങള്‍ മുതിരുന്നില്ല. എന്നാല്‍, ഒരു വന്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നു പറയുന്നത് എങ്ങിനെയാണ് അന്യായമാകുന്നത്?

ചോദ്യം 2: സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിന് സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ലേ പ്രതിപക്ഷം ശ്രമിക്കുന്നത്?
ഉത്തരം: അതേ... സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്തളങ്ങള്‍ സരിതമാരും ബിജു രാധാകൃഷ്ണന്‍മാരും ചേര്‍ന്ന് തട്ടിപ്പിന്റെകേന്ദ്രമാക്കി മാറ്റിയപ്പോള്‍ ഇക്കാര്യം എന്തേ മുഖ്യമന്ത്രിക്ക് തോന്നിയില്ല? സരിതയെ അറിയില്ല, ബിജു രാധാകൃഷ്ണനെ അറിയില്ല, ഞാന്‍ കത്ത് കൊടുത്തിട്ടില്ല എന്നെല്ലാം ആരോപണ വിധേയനായ മുഖ്യമന്ത്രി തന്നെ സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ അത് തെളിയിക്കാന്‍ എന്തെങ്കിലും അന്വേഷണം നടത്തുകയുണ്ടായോ? എല്ലാം കഴിഞ്ഞ് കാല വര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം, ഓണത്തിന് സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ ക്കുറിച്ചെല്ലാം ഇപ്പോള്‍ വിലപിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ?

ചോദ്യം 3: കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ദല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമല്ലേ?
ഉത്തരം: ഒരു വന്‍ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെത്തിയാല്‍ കേരളത്തിലെ പ്രതിപക്ഷം പോലും അപഹാസ്യമാകും എന്ന തിരിച്ചറിവാണ് സര്‍വകക്ഷി സംഘത്തില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചത്. കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സോളാര്‍ തട്ടിപ്പ് മൂടിവെക്കാനായിരുന്നല്ലൊ നിങ്ങള്‍ കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത്. ജനകീയ പ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമല്ലേ നിങ്ങള്‍ പിന്തുടരുന്നത്?

ചോദ്യം 4: സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ലെന്ന് പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ലേ?
ഉത്തരം: കേരളത്തിന്റെ സമര ചരിത്രത്തില്‍ ഇതാദ്യമായല്ല സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നത്. ആന്‍്റണിയും കരുണാകരനുമെല്ലാം മുഖ്യമന്ത്രിമാരായിരുന്ന കാലത്തും ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രിമാര്‍ക്ക് ജനങ്ങളെ ഇത്രയും പേടിയില്ലാത്തതു കാരണം പട്ടാളത്തെ ഇറക്കിയില്ല എന്നേയുള്ളൂ. എനിക്കെതിരെയുള്ള ആരോപണം ഞാന്‍ തന്നെ അന്വേഷിക്കും എന്ന് പ്രഖ്യപിക്കുന്നതാണ് ജനങ്ങളോടും ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളി.

ചോദ്യം 5: കുടുംബശ്രീ സമരം, രാപകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ലേ, സര്‍ക്കാറിനെ ലക്ഷം പേരെവെച്ച്വളഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്നത്? തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും ഭരണഘടനയുമെല്ലാം അതോടെ അപ്രസക്തമാകില്ലേ?
ഉത്തരം: ഇടതുപക്ഷത്തിന്റെ സമരങ്ങളെല്ലാം പരാജയപ്പെട്ടു എന്ന കണ്ടുപിടുത്തം നടത്തിയ മുഖ്യമന്ത്രി എന്തിനാണ് ഈ സമരത്തിനെതിരെ യുദ്ധ സമാനമായ മുന്നൊരുക്കള്‍ നടത്തുന്നത്? ഇടതുപക്ഷം നടത്തിയ കുടുംബശ്രീ സമരം, രാപ്പകല്‍ സമരം, ഭൂ സമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയൊന്നും പരാജയപ്പെട്ട സമരങ്ങളല്ല. മുഖ്യമന്ത്രിക്കിത് മനസ്സിലാവില്ല. തെരഞ്ഞെടുപ്പില്‍ ലഭിച്ച നേരിയ ഭൂരിപക്ഷത്തില്‍ വിള്ളല്‍ വീഴുന്നതും ഉമ്മന്‍ചാണ്ടി കാണുന്നുണ്ടാവില്ല. ജനാധിപത്യവും ഭരണഘടനയുമെല്ലാം അപ്രസക്തമാക്കിക്കൊണ്ടല്ലേ നിങ്ങള്‍ സോളാര്‍ കേസ് അട്ടിമറിക്കുന്നത്?

ചോദ്യം 6: ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ലേ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്?
ഉത്തരം: ഏകാധിപതികളെയും പട്ടാള മേധാവികളെയും നിഷ്കാസനം ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നതു പോലുള്ള സമരമുറ പ്രയോഗിച്ചാല്‍ മാത്രമേ താന്‍ മാറി നില്‍ക്കൂ എന്നാണ് മുഖ്യമന്ത്രി പറയാതെ പറയുന്നത്. ഞങ്ങളുടെ സമരം ആ രീതിയിലല്ല. ഉത്തര്‍പ്രദേശിലെ ജാട്ട് കര്‍ഷകന്‍ മഹേന്ദ്ര സിങ് ടികായത്ത് 1988ല്‍ ദല്‍ഹിയിലെ ബോട്ട് ക്ളബ് മൈതാനത്തേക്ക് അഞ്ച് ലക്ഷം ഗ്രാമീണ കര്‍ഷകരെയും നയിച്ച് സമരം നടത്തിയ ആ ദിനങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? കരിമ്പിന് ന്യായവില ആവശ്യപ്പെട്ട് അന്ന് രാജീവ് ഗാന്ധിയുടെ മൂക്കിനു താഴെ ആ പാവം കര്‍ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ദല്‍ഹി വളഞ്ഞു. അന്നും ഭരണകൂടം പട്ടാളത്തെ നിയോഗിച്ചു. സമരക്കാര്‍ക്ക് ഹോട്ടലുകള്‍ നിഷേധിക്കപ്പെട്ടു. പൊതുകക്കൂസുകള്‍ അടച്ചുപൂട്ടി. സമരംപൊളിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. ഒടുവില്‍ എന്താണ് സംഭവിച്ചത് എന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്ന്. കരിമ്പിന് ന്യായവില ഉള്‍പ്പെടെ സമരക്കാരുന്നയിച്ച 35 ആവശ്യങ്ങളും രാജീവ് ഗാന്ധിക്ക് അംഗീകരിക്കേണ്ടി വന്നു. ജനകീയ സമരങ്ങളെ പട്ടാളത്തിന്റെ ഗ്രനേഡുകൊണ്ട് നേരിടാമെന്നാണ് മുഖ്യമന്ത്രി കണക്കുകൂട്ടുന്നതെങ്കില്‍ നിങ്ങള്‍ സ്വപ്നലോകത്തിലാണെന്നേ കേരളത്തിലെ ജനങ്ങള്‍ പറയൂ.

ചോദ്യം 7: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ? ഒരു രൂപപോലും സര്‍ക്കാറിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ലാവലിന്‍ കേസില്‍ 374 കോടി സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്നു സി.ബി.ഐ കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസമാണ്?
ഉത്തരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷ കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഇതേ ചോദ്യം തന്നെ സരിതക്കും ചോദിക്കാവുന്നതാണല്ലോ. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത്. തെളിയിച്ചതിനു ശേഷം അറസ്റ്റും ചോദ്യം ചെയ്യലും എന്നതാണ് രീതിയെങ്കില്‍ പിന്നെന്തിനാണ് അന്വേഷണം? എന്റെ പക്കല്‍ തെളിവുകളുണ്ട് എന്ന് ഏഴ് സന്ദര്‍ഭങ്ങളിലെങ്കിലും ചീഫ് വിപ്പ് പരസ്യമായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയും പൊലീസും അറിഞ്ഞിട്ടില്ല.

ചോദ്യം 8: 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ സംഭവം ഉണ്ടായ ഉടനേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ട് സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരക്കുന്നതല്ലേ?
ഉത്തരം: 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പു കേസില്‍ ഇടതുഭരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നു പറയുന്ന മുഖ്യമന്ത്രി ആ കേസിലെ പ്രതികളുമായി എന്തിന് ഗൂഢാലോചന നടത്തി എന്നുകൂടി വ്യക്തമാക്കണം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ജയിലിലടക്കപ്പെട്ട സരിതക്ക് കിട്ടിയ പരിഗണനയും ഇപ്പോള്‍ കിട്ടുന്ന പരിഗണനയും ഒന്നാണോ? എന്നാല്‍ സോളാര്‍ സംഭവം പുറത്തുവന്ന ഉടനെ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത് എന്താണ്? മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ തെളിവുകള്‍ നശിപ്പിച്ച് അന്വേഷണ പ്രഹസനം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് തട്ടിപ്പുകാരോട് രണ്ടു സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരക്കുന്നതുതന്നെയാണ്.

ചോദ്യം 9: ആഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സംസ്ഥാനതല പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. സമരംമൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ശോഭകെട്ടാല്‍ നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?
ഉത്തരം: സെക്രട്ടേറിയറ്റും അകത്തളങ്ങളും തട്ടിപ്പിന്റെ കേന്ദ്രമാക്കി മാറ്റിയ മുഖ്യമന്ത്രിയാണ് അതിനകത്തിരിക്കുന്നത് എന്ന വസ്തുത ജനം തിരിച്ചറിയുന്നത് നമ്മുടെ നാടിന് നാണക്കേടു തന്നെയാണ്. ആ നാണക്കേട് മാറ്റണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

ചോദ്യം 10: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്ന് സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ലേ പ്രാകൃതമായ ഈ സമരം അരങ്ങേറുന്നത്?
ഉത്തരം: ബംഗാളിലെ രാഷ്ട്രീയ പ്രശ്നം പരിഹരിക്കാന്‍ കേരളത്തില്‍ സമരം നടത്തേണ്ട ആവശ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കില്ല. ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നടിയുമെന്ന് വ്യക്തമായ സൂചന പ്രഖ്യാപിച്ചത് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും മറ്റു യു.ഡി.എഫ് ഘടകകക്ഷികളുമാണ്. ഈ പ്രസ്താവനകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനല്ളേ ഈ സമരത്തെ പ്രാകൃതമാണെന്ന് വിശേഷിപ്പിക്കാനും പട്ടാളത്തെ ഇറക്കാനുമെല്ലാം മുതിരുന്നത്?

ചോദ്യം 11: പത്തുകോടി തട്ടിച്ച സോളാര്‍ സംഭവത്തിനെതിരേ നടത്തുന്ന സമരത്തിന് ഒരു ലക്ഷം പേരെ തിരുവനന്തപുരത്ത് വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി ചെലവുവേണ്ടിവരുമെന്ന് സി.പി.എം വെളിപ്പെടുത്തുമോ?
ഉത്തരം: സോളാര്‍ സംഭവത്തില്‍ പത്തു കോടി രൂപയാണ് തട്ടിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശ വാദം. പക്ഷേ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലാത്തതിനാല്‍ അത് പ്രശ്നമാക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ പതിനായിരത്തില്‍ പരം കോടി രൂപയുടെ തട്ടിപ്പാണ് ആസുത്രണം ചെയ്യപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പുറത്തുവിട്ട വിവരം. അതിന് കൂട്ടുനിന്നവരെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നു. അതിനായി പണം ചെലവാക്കാന്‍ തയാറാവുന്നു. അതിന്റെ പിന്നാലെ വികാരം നിങ്ങള്‍ക്ക് മനസ്സിലാവില്ല. എന്നല്‍ ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ജനങ്ങളുടെ പണം വിനിയോഗിക്കുന്നത് അധികാരപ്രമത്തതയല്ലേ?

ചോദ്യം 12: ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ലെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?
ഉത്തരം: ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ലെന്ന് വ്യക്തമായി എന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയോ? ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഈ മറുപടിയില്‍ ഇനിയും ലിസ്റ്റ് ചെയ്യേണ്ടതുണ്ടോ?

ചോദ്യം 13: ഒരാളെപ്പോലും സെക്രട്ടേറിയറ്റില്‍ കയറ്റില്ലെന്നും മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലേ? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല്‍ അത് വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്കുപോയി ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടും ഇടപെട്ടില്ലെങ്കില്‍ വലിയ വീഴ്ചയായി ജനം കാണില്ലേ?
ഉത്തരം: നിയമവാഴ്ച ഉറപ്പു വരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതിനാണ് കേരളത്തിലെ പൊലീസ് സേന. അല്ലാതെ ചീഫ് വിപ്പ് പത്രസമ്മേളനം നടത്തി പറഞ്ഞതു പോലെ ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യന്നതുപോലെ പട്ടാളത്തെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ തല്ലിക്കെടുത്താമെന്ന് കരുതുന്നത് വ്യാമോഹമല്ലേ? മുഖ്യമന്ത്രി പറയുന്ന ജനം ഏതാണ്? ലീഗും കേരളാ കോണ്്ഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗവും മുഖ്യമന്ത്രി പറയുന്ന ജനങ്ങളില്‍ പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com