12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

കശ്മീരില്‍ കൂടുതല്‍ ജില്ലകളില്‍ കര്‍ഫ്യൂ; ജെയ്റ്റ്ലിയെ തടഞ്ഞു

കശ്മീരില്‍ കൂടുതല്‍ ജില്ലകളില്‍  കര്‍ഫ്യൂ; ജെയ്റ്റ്ലിയെ തടഞ്ഞു
ജമ്മുവിലെ കിശ്തറില്‍ കര്‍ഫ്യൂ ബാധിത പ്രദേശത്ത് പട്രോളിങ്ങ് നടത്തുന്ന സൈന്യവും പൊലീസും

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കിശ്തറില്‍ പെരുന്നാള്‍ ദിനത്തിലുണ്ടായ വര്‍ഗീയ സംഘട്ടനത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മൂന്നു ജില്ലകളില്‍ കൂടി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഉധംപൂര്‍, സംബ, കതുവ എന്നിവിടങ്ങളിലാണ് പുതുതായി നിശാനിയമം നിലവില്‍ വന്നത്. സംഘര്‍ഷം നേരിടാനായി വിന്യസിച്ച സൈന്യം ഞായറാഴ്ച റജൗറി, സംബ, കതുവ, ഉധംപൂര്‍, റീസി ഉള്‍പ്പെടെ ജമ്മുവിലുടനീളം ഫ്ളാഗ് മാര്‍ച്ചുകള്‍ നടത്തി. പുതിയ സംഘട്ടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ളെങ്കിലും കിശ്തറില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടത്തെിയതായി വാര്‍ത്തയുണ്ട്. സംഭവം അന്വേഷിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അറിയിച്ചു.
അതിനിടെ, വര്‍ഗീയ സംഘട്ടനം നടന്ന കിശ്തര്‍ സന്ദര്‍ശിക്കാനത്തെിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയെ അധികൃതര്‍ തടഞ്ഞു. ന്യൂദല്‍ഹിയില്‍ നിന്ന് ജമ്മു വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ അല്‍പസമയം അകത്തു തടഞ്ഞുവെച്ച ശേഷം മടക്കി അയക്കുകയായിരുന്നു. ജെയ്റ്റ്ലിയെ അനുഗമിക്കേണ്ടിയിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ജുഗല്‍ കിഷോര്‍, റായ് ഖന്ന എം.പി എന്നിവരെയും തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനഗറിലെ വീട്ടില്‍ നിന്ന് തന്നെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ളെന്ന് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മഹ്ബൂബ മുഫ്തിയും ആരോപിച്ചു.
ജെയ്റ്റ്ലിയെ തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധമെന്ന് ബി.ജെ.പി വിമര്‍ശിച്ചപ്പോള്‍ ചില രാഷ്ട്രീയ കക്ഷികള്‍ അവസരം മുതലെടുക്കാനിറങ്ങിയിരിക്കുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ പ്രദേശത്ത് ഒരു രാഷ്ട്രീയ നേതാവിന്‍െറയും സന്ദര്‍ശനം അനുവദിക്കില്ളെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 2008ലെ അമര്‍നാഥ് സംഘര്‍ഷത്തിനു സമാനമായി പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കാനാണ് ചില കോണുകളില്‍ നിന്നുള്ള ശ്രമം.
സംസ്ഥാനത്ത് ഇതിലേറെ വലിയ സംഘട്ടനങ്ങളുണ്ടായപ്പോള്‍ എത്താത്തവരാണ് ഇപ്പോള്‍ സന്ദര്‍ശനത്തിനിറങ്ങിയിരിക്കുന്നത്. പ്രദേശത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉമര്‍ അബ്ദുല്ല മുന്നറിയിപ്പ് നല്‍കി. കിശ്തര്‍ സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇത് പൊതുജനത്തിനു ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്നങ്ങള്‍ വഷളായ സാഹചര്യത്തില്‍ കിംവദന്തികള്‍ തടയാന്‍ ജമ്മുവില്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തേക്ക് എത്തിപ്പെടാവുന്ന ഏക പാതയായ പത്താന്‍കോട്ട്-ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഞായറാഴ്ചയും ഗതാഗതം സുഗമമായിരുന്നു. റോഡില്‍ കനത്ത സൈനിക സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
പെരുന്നാള്‍ ദിനത്തില്‍ കിശ്തറില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് ജമ്മു വീണ്ടും സംഘര്‍ഷഭരിതമായത്. കലാപം എളുപ്പത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നതോടെ നാലു ജില്ലകളില്‍ തുടക്കത്തിലും മൂന്ന് ജില്ലകളില്‍ ഞായറാഴ്ചയും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജമ്മു മേഖലയില്‍ കര്‍ഫ്യൂ നിലവിലില്ലാത്ത മേഖലകളിലും സംഘം ചേരുന്നതിനുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus