മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപങ്ങളും

മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപങ്ങളും
ലക്ഷ്മി അയ്യര്‍

അസാധാരണമാം വിധം കുഴഞ്ഞു മറിഞ്ഞ സാമ്പത്തിക കാലാവസ്ഥയില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമ്പത്തും കെട്ടിപ്പടുക്കുക ഏറെ ശ്രമകരമാണ്. രണ്ട് കാര്യങ്ങളാണ് ഇതിന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്-പരമാവധി സമ്പാദ്യവും ബുദ്ധിപൂര്‍വ നിക്ഷേപങ്ങളും. പരമ്പരാഗതമായി ഇന്ത്യയില്‍ സാമ്പാദ്യമെന്നാല്‍ ധനകാര്യേതര ആസ്തികളായ സ്വര്‍ണവും റിയല്‍ എസ്റ്റേറ്റുമാണ്. ധനകാര്യ നിക്ഷേപങ്ങള്‍ തെരഞ്ഞെടുത്താല്‍ തന്നെ ചായ്വ് സ്ഥിരനിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, കറന്‍സികള്‍, പെന്‍ഷന്‍, പ്രോവിഡന്‍റ് ഫണ്ട് തുടങ്ങിയ നിക്ഷേപ പദ്ധതികളിലേക്കാണ്. അമേരിക്കയിലെയോ ഇന്ത്യയുമായി താരതമ്യം ചെയ്യാവുന്ന ചൈനയിലെയോ പോലും നിക്ഷേപകര്‍ പിന്തുടരുന്ന മാര്‍ഗങ്ങളില്‍നിന്ന് ഇത് ഏറെ വ്യത്യസ്തമാണ്. അവിടങ്ങളിലെ നിക്ഷേപകരുടെ ചായ്വ് ഓഹരികളിലേക്കും മ്യൂച്വല്‍ ഫണ്ടുകളിലേക്കും കടപ്പത്രങ്ങളിലേക്കുമാണ്.
ഇന്ത്യയിലെ ചെറുകിട നിക്ഷേപങ്ങളില്‍ നല്ലൊരു പങ്കും തോന്നിയ പോലെയും ആവശ്യമായ ഗവേഷണങ്ങള്‍ നടത്താതെയുമാണ്. ഇവര്‍ക്ക് കൃത്യമായ നിക്ഷേപ ലക്ഷ്യങ്ങളുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ നിക്ഷേപകരും ധനകാര്യ വിദഗ്ധരും ഒരുപോലെ നിക്ഷേപങ്ങളിലെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത് അനിവാര്യമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഏറ്റവും ചുരുങ്ങിയ അധ്വാനത്തില്‍ ന്യായമായ വരുമാനമോ വളര്‍ച്ചയോ ലഭ്യമാക്കുന്ന ഒരു നിക്ഷേപ മാര്‍ഗത്തില്‍ വിനിയോഗിക്കുകയെന്നതാണ് ഫലപ്രദമായ നിക്ഷേപത്തിന്‍െറ അടിസ്ഥാനതത്ത്വം. നിക്ഷേപകര്‍ക്ക് താങ്ങാവുന്ന അപകടങ്ങള്‍ കൂടി മുന്നില്‍ കണ്ടായിരിക്കണം ഈ നിക്ഷേപങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ നിക്ഷേപകര്‍ക്ക് നേടിക്കൊടുക്കുന്നതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.
നിക്ഷേപങ്ങളുടെ നഷ്ടസാധ്യതകള്‍ കൂടി ഉള്‍ക്കൊണ്ടുള്ള നേട്ടം, ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നിക്ഷേപങ്ങള്‍, വൈദഗ്ധ്യത്തോടെയുള്ള നിക്ഷേപ മാനേജ്മെന്‍റ് സേവനം, അമിതമല്ലാത്ത നിക്ഷേപ ചെലവ്, ഒപ്പം ആദായ നികുതി ഇളവുകളും ഇവയെല്ലാമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ഗുണങ്ങളില്‍ ചിലത്. ഓഹരികള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, കമ്പനി കടപ്പത്രങ്ങള്‍, പണ വിപണിയിലെ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍, സ്വര്‍ണം, വിദേശ രാജ്യങ്ങളിലെ ഓഹരികള്‍ തുടങ്ങി വിഭിന്നങ്ങളായ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്താന്‍ കഴിയുമെന്നതാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രത്യേകത. ഈ നിക്ഷേപ മാര്‍ഗങ്ങളുടെയെല്ലാം അപകട സാധ്യതക്കും ലാഭ സാധ്യതക്കും അനുസരിച്ച് വ്യത്യസ്ത അളവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിക്കാം.
ഒരു പ്രത്യേക സമയത്ത് അപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായാവും വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങള്‍ പ്രവര്‍ത്തിക്കുക. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍. ഇത്തരം നിക്ഷേപ രീതി നിക്ഷേപകരുടെ നഷ്ട സാധ്യത പരമാവധി കുറയ്ക്കും എന്നു മാത്രമല്ല ലാഭം പരമാവധി വര്‍ധിപ്പിക്കുകയും ചെയ്യും.
ഇത് എങ്ങനെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്നതിന് സമീപകാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ മികച്ച ഉദാഹരണമാണ്. 2013ലെ ആദ്യ മൂന്നു മാസക്കാലത്തിനിടെ കടപ്പത്ര വിപണിയിലെ സാഹചര്യങ്ങളില്‍ വന്‍ മാറ്റമാണുണ്ടായത്. 2012 പകുതി മുതല്‍ പണപ്പെരുപ്പം കാര്യമായി കുറഞ്ഞതോടെ പണവിപണിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാമ്പത്തിക വളര്‍ച്ചക്ക് റിസര്‍വ് ബാങ്ക് പിന്തുണ നല്‍കാനുള്ള സാധ്യത തെളിഞ്ഞു. 2013 ജനുവരിക്ക് ശേഷം റിപോ നിരക്കില്‍ ആര്‍.ബി.ഐ 0.75 ശതമാനം കുറവ് വരുത്തുകയും ചെയ്തു. ഇതോടെ പലിശ നിരക്കുകള്‍ വൈകാതെ കുറഞ്ഞു തുടങ്ങാന്‍ സാഹചര്യവും ഒരുങ്ങി. എന്നാല്‍ യു.എസ് സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ സൂചനകള്‍ നല്‍കിത്തുടങ്ങിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും പ്രശ്ന ചുഴിയിലേക്ക് വീണു. അമേരിക്ക സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കുമെന്ന സൂചന ശക്തമായതോടെ ഡോളറിനെതിരെ രൂപ കുത്തനെ ഇടിഞ്ഞു. ഇതിന് ചുവടു പിടിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വ്യാപകമായി വിറ്റഴിച്ചതോടെ രൂപ കൂടുതല്‍ ദുര്‍ബലമായി. ഇത് കടപ്പത്രങ്ങളില്‍നിന്നുള്ള ലാഭം വര്‍ധിപ്പിക്കുകയും ചെയ്തു. കൂടാതെ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ പണവിപണിയില്‍ റിസര്‍വ് ബാങ്ക് വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടം വീണ്ടും ഉയര്‍ന്നു.
ഇതൊക്കെയാണെങ്കിലും വ്യാവസായിക ഉല്‍പ്പാദനവും സാമ്പത്തിക വളര്‍ച്ചയും കുത്തനെ താഴ്ന്നത് പലിശ നിരക്കുകള്‍ വൈകാതെ കുറച്ചു കൊണ്ടുവരാനുള്ള നടപടികള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ കടപ്പത്രങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ഒരു വര്‍ഷത്തെ നിക്ഷേപ ലക്ഷ്യമുള്ള നിക്ഷേപകര്‍ ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ടു വഴിയുള്ള കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളെ ആശ്രയിക്കുകയാവും ഉത്തമം. പണവിപണിയിലെ ഉയര്‍ന്ന ലാഭ സാധ്യത ഹ്രസ്വകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകളാണ് ഒരുക്കുന്നതും.

(കൊട്ടാക്ക് മ്യൂച്വല്‍ ഫണ്ടിന്‍െറ സ്ഥിര വരുമാന വിഭാഗം മേധാവിയാണ് ലേഖിക)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus