മടിച്ച് മടിച്ച് കമ്പനികള്‍; കാലക്കേട് മാറാതെ പ്രാഥമിക വിപണി

മടിച്ച്  മടിച്ച് കമ്പനികള്‍;  കാലക്കേട് മാറാതെ പ്രാഥമിക വിപണി

ഇന്ത്യന്‍ പ്രാഥമിക വിപണിക്ക് കാലക്കേട് ഇനിയും മാറിയില്ല. മൂലധന സ്വരൂപണത്തിന് തയാറായി വന്ന കമ്പനികള്‍ പോലും പിന്നോട്ട് മാറിയ സ്ഥിതി വിശേഷത്തില്‍ നിന്ന് നേരിയ പുരോഗതി പ്രകടമാണെങ്കിലും അപകട സാധ്യത ഏറ്റെടുക്കാന്‍ കമ്പനികള്‍ ഇപ്പോഴും മടിക്കുന്നു.
2013 തുടങ്ങിയ ശേഷം ഇതുവരെ 19 കമ്പനികളാണ് ഐ.പി.ഒക്ക് (പ്രാഥമിക ഓഹരി വില്‍പനക്ക്) അനുമതി നേടിയശേഷം പദ്ധതി മാറ്റിവെച്ച് മടിച്ചുനില്‍ക്കുന്നത്. 5,200 കോടി രൂപയാണ് ഇതുവഴി മൂലധന വിപണിയിലെത്താതെ പോകുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് മാസങ്ങളിലായി ചില കമ്പനികള്‍ കൂടി ഐ.പി.ഒക്ക് അനുമതി തേടിയത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഐ.പി.ഒ വഴിയും ഫോളോ ഓണ്‍ പബ്ളിക് ഓഫര്‍ വഴിയും മൂലധന സമാഹരണത്തിന് അനുമതി തേടി എട്ട്് കമ്പനികളാണ് രണ്ട് മാസത്തിനിടെ സെബിയുടെ അനുമതി തേടിയത്. 1700 കോടി രൂപയുടേതാണ് ഈ പദ്ധതികള്‍. ഇനോക്സ് വിന്‍ഡ്, ഷെമാരൂ എന്‍റര്‍ടെയ്ന്‍മെന്‍റ്, ട്രൈമാക്സ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, എന്‍ജിനീയേഴ്സ് ഇന്ത്യ എന്നിവയാണ് ജൂലൈയില്‍ അനുമതി തേടിയത്. ഇന്‍റാസ് ഫാര്‍മസ്യൂട്ടിക്കല്‍, എ.സി.ബി ഇന്ത്യാ, എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സുന്ദരം-ക്ളേടണ്‍ എന്നിവയാണ് ഐ.പി.ഒക്ക് ജൂണില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതിനുപുറമേ മേയില്‍ വണ്ടര്‍ലാ ഹോളിഡേയ്സ് കൂടി മാത്രമാണ് നടപ്പുസാമ്പത്തിക വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. വിവിധ മേഖലകളില്‍നിന്നായി കുറഞ്ഞത് അഞ്ച് കമ്പനികളെങ്കിലും ഒരുമാസം വിഭവ സമാഹരണത്തിന് തയാറായില്ലെങ്കില്‍ പ്രാഥമിക വിപണി ഉണര്‍വിലെത്തിയെന്ന് പറയാനാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതില്‍ എന്‍ജിനീയേഴ്സ് ഇന്ത്യയുടേതാണ് എഫ്.പി.ഒ. എന്നാല്‍ ഇവയില്‍ എത്രയെണ്ണം യാഥാര്‍ഥ്യമാകുമെന്നത് കണ്ടുതന്നെയറിയണമെന്ന് വിപണി വിദഗ്ദര്‍ പറയുന്നു.
2013 തുടങ്ങിയ ശേഷം ആദ്യ ആറുമാസത്തിനിടെ മൂന്ന് ഐ. പി.ഒകള്‍ മാത്രമാണ് നടന്നത്. ജസ്റ്റ് ഡയലിന്‍െറ 950 കോടിയുടേതായിരുന്നു ഇതില്‍ വലുത്. റെപ്കോ ഹോം ഫിനാന്‍സിന്‍െറ 270 കോടിയുടേയും ചില്ലറ വ്യാപാര ശൃംഖലയായ വി മാര്‍ട്ടിന്‍െറ 95 കോടിയുടേയുമായിരുന്നു മറ്റ് രണ്ടെണ്ണം. വിപണിയില്‍ നിന്നുള്ള തണുത്ത പ്രതികരണത്തെ തുടര്‍ന്ന് രണ്ട് കമ്പനികള്‍ക്ക് പിന്മാറേണ്ടിയും വന്നിരുന്നു. 228 കോടി സമാഹരിക്കാനെത്തിയ സായി സില്‍ക്സും സ്കോട്ട് ഗാര്‍മെന്‍റ്സുമാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ വിയര്‍ത്ത് മടങ്ങിയത്.
രാജ്യത്തെ ദുര്‍ബല സാമ്പത്തിക സാഹചര്യങ്ങളും ഓഹരി വിപണിക്ക് വേണ്ടത്ര കരുത്തില്ലാത്തതും രൂപയുടെ ദുര്‍ബലാവസ്ഥയും ഉള്‍പ്പെടെ കാരണങ്ങള്‍ നിക്ഷേപകരെ പിറകോട്ട് വലിക്കുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ഐ.പി.ഒക്ക് മടിക്കുന്നതെന്ന് മര്‍ച്ചന്‍റ് ബാങ്കുകള്‍ പറയുന്നു. പുതിയ ഐ.പി.ഒകള്‍ വിജയിപ്പിക്കുക ശ്രമകരമായിരിക്കുമെന്നും വില നിര്‍ണയം നിര്‍ണായക ഘടകമായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഓഹരി വില ആറുമാസത്തിനുള്ളില്‍ ഇഷ്യൂ വിലയേക്കാള്‍ താഴെപോയാല്‍ ചില്ലറ നിക്ഷേപകരില്‍നിന്ന് പ്രമോട്ടര്‍മാര്‍ ഓഹരി തിരികെ വാങ്ങണമെന്ന നിബന്ധനയും പല കമ്പനികളെയും പിന്തിരിപ്പിക്കുന്നുണ്ട്. വലിയ കമ്പനികളുടെ പോലും ഓഹരിവിലയിലുണ്ടാകുന്ന തിരിച്ചടികളും പുനര്‍ വിചിന്തനത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്.
2010ല്‍ 245 രൂപക്ക് ഐ.പി.ഒ വഴി വാങ്ങിയ കോള്‍ ഇന്ത്യ ഓഹരിക്ക് കഴിഞ്ഞ തിങ്കളാഴ്ച 248 രൂപ മാത്രമായിരുന്നു വില.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus