സലാല ടൂറിസം ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം

സലാല ടൂറിസം ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം
സലാല ടൂടിസം ഫെസ്റ്റിവലിലെ ഹെറിറ്റേജ് വില്ലേജിന്‍െറ കവാടം

സലാല: സുഗന്ധ നഗരിയായ സലാലയില്‍ ടൂറിസം ഫെസ്റ്റിവലിന് ഗംഭീര തുടക്കം. ഈദുല്‍ ഫിത്വ്റിന്‍െറ ആഘോഷവും ഖരീഫ് സീസണിന്‍െറ ശീതളിമയും ഒന്നിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിലേക്ക് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി സഞ്ചാരികളാണ് എത്തിയത്. ഇനിയുള്ള 25 ദിവസം ഈ ടൂറിസം കേന്ദ്രം സഞ്ചാരികളെ വിരുന്നൂട്ടും.
ഫെസ്റ്റിവലിന്‍െറ ഉദ്ഘാടന ദിവസമായ ശനിയാഴ്ച രാത്രി നടന്ന കരിമരുന്ന് പ്രയോഗം സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നായി. ഫെസ്റ്റിവല്‍ നഗരിക്കു മുകളില്‍ വര്‍ണക്കുടകള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗം ഏറെ പേരെ ആകര്‍ഷിച്ചു.
ഫെസ്റ്റിവലിലേക്ക് 1.8 ദശലക്ഷം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിപാടികളും ചടങ്ങുകളും ഈ വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്. മത-സാംസ്കാരിക-ശാസ്ത്ര പ്രഭാഷണങ്ങള്‍ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ഫെസ്റ്റിവലിന്‍െറ ഭാഗമായി തയാറാക്കുന്ന കള്‍ച്ചറല്‍ വില്ലേജില്‍ വിലായത്തുകള്‍ക്കായി മത്സരം നടത്തും. ഒമാനി വിമന്‍സ് അസോസിയേഷന്‍െറയും ദോഫാറിലെ അല്‍ വഫ സോഷ്യല്‍ സെന്‍ററിന്‍െറയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറുന്നുണ്ട്. ഒമാനിലെയും മറ്റു ജി.സി.സി രാഷ്ട്രങ്ങളിലെയും പരമ്പരാഗത കലാപ്രകടനങ്ങളും മുഖ്യ ആകര്‍ഷണമാണ്. കലാപ്രകടനങ്ങള്‍ക്ക് പുറമെ കായിക ഇനങ്ങളും സഞ്ചാരികളെ വിസ്മയിപ്പിക്കും.
ഫെസ്റ്റിവലില്‍ കരകൗശല വസ്തുക്കളുമായി 1100ഓളം പേരാണ് എത്തിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള വൈദ്യുതി നഗരി ഏറെ പേരെ ആകര്‍ഷിക്കുന്നുണ്ട്. സ്വകാര്യ-പൊതു സ്ഥാപനങ്ങളുടെ 30 സ്റ്റാളുകള്‍ ഫെസ്റ്റിവല്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിനെത്തിയവര്‍ക്ക് സുരക്ഷാ ബോധവത്കരണം നല്‍കാന്‍ റോയല്‍ ഒമാന്‍ പൊലീസ് കൈപുസ്തകം വിതരണം ചെയ്തിട്ടുണ്ട്. ഉത്സവ സീസണില്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളാണ് കൈപുസ്തകം ഉള്‍ക്കൊള്ളുന്നത്. സലാലയില്‍ മഴയുണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍, ജീവന്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള മാര്‍ഗങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍, ഗതാഗത നിയമങ്ങള്‍, വേഗതാപരിധി, മൃഗങ്ങളും കന്നുകാലികളും കൂട്ടമായി റോഡിലിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, രാത്രി കാലങ്ങളില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, പ്രഥമ ശുശ്രൂഷ സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈപുസ്തകത്തിലുണ്ട്. വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയിരിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും റോയല്‍ ഒമാന്‍ പൊലീസിന്‍െറ അശ്വസേനയും രംഗത്തുണ്ട്.
ഫെസ്റ്റിവലിനെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഏഴ് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ തുറന്നിട്ടുണ്ട്. ആദം, ഹൈമ എന്നീ പ്രവിശ്യകളിലെ ഷെല്‍ പെട്രോള്‍ ഫില്ലിങ് സ്റ്റേഷന്‍, ട്രാവലേഴ്സ് ഒയാസിസ്, ഫെസ്റ്റിവല്‍ സ്ക്വയര്‍, സലാല വിമാനത്താവളം, സലാല ഗാര്‍ഡന്‍സ് മാള്‍, അല്‍ മുഖ്സൈല്‍ ബീച്ച് എന്നിവിടങ്ങളിലാണ് ടൂറിസം മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ തുറന്നത്. ബ്രോഷറുകള്‍, ദോഫാര്‍ ഗവര്‍ണറേറ്റിന്‍െറ ഭൂപടം തുടങ്ങിയവ സഞ്ചാരികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളില്‍ ലഭിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus