ഫര്‍വാനിയയിലെ ബഖാലയില്‍ മലയാളിയെ കുത്തി പരിക്കേല്‍പിച്ച് കവര്‍ച്ച

ഫര്‍വാനിയ: ഫര്‍വാനിയയില്‍ നാദാപുരം സ്വദേശികള്‍ നടത്തുന്ന ബഖാലയില്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പിച്ച് കവര്‍ച്ച. ബിദൂനികളെന്ന് തോന്നിക്കുന്ന രണ്ടുപേരാണ് കവര്‍ച്ച നടത്തിയത്. പണവും മൊബൈല്‍ ഫോണുകളും നഷ്ടമായിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ശംസു എന്ന ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഹബീബ് മുനവര്‍ സ്ട്രീറ്റില്‍ അഹ്ലി ബാങ്കിന് പുറകിലുള്ള മദീന ബഖാലയിലാണ് കവര്‍ച്ച നടന്നത്. വാഹനം ദൂരെ നിര്‍ത്തി നടന്ന് കടയിലെത്തിയ ബിദൂനികളെന്ന് തോന്നിക്കുന്ന രണ്ടുപേര്‍ കൗണ്ടറിലിരുന്ന ശംസുവിനെ പ്രകോപനമൊന്നുമില്ലാതെ കത്തിയെടുത്ത് കുത്തുകയായിരുന്നുവത്രെ. മഗ്രിബ് നമസ്കാരത്തിന്‍െറ സമയമായതിനാല്‍ പരിസരത്ത് ആളുകള്‍ കുറവായിരുന്നു. അക്രമത്തിന് ശേഷം ഇവര്‍ കൗണ്ടറില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കൈക്കലാക്കി ഓടി രക്ഷപ്പെട്ടു. ദൂരെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കയറി സ്ഥലം വിടുകയും ചെയ്തു.
ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ആംബുലന്‍സില്‍ ശംസുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് ഇവരുടെ മറ്റൊരു ബഖാലയില്‍ വ്യാജ പൊലീസ് ചമഞ്ഞെത്തി സിവില്‍ ഐഡി കവര്‍ന്നിരുന്നു. രണ്ട് ജീവനക്കാരുടെ സിവില്‍ ഐഡിയാണ് നഷ്ടപ്പെട്ടത്. ഈ സിവില്‍ ഐഡികള്‍ ഉപയോഗിച്ച് മൂന്ന് വില കൂടിയ ഫോണുകള്‍ വാങ്ങിയിരുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മോഷ്ടിച്ച സിവില്‍ ഐഡി ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയതെന്ന് കമ്പനിയെ അറിയിച്ചിരുന്നുവെങ്കിലും അനുകൂലമായല്ല പ്രതികരിച്ചതെന്ന് ബഖാല ഉടമകള്‍ പറഞ്ഞു.
രാജ്യത്ത് അടുത്തിടെ വ്യാപകമായ അക്രമങ്ങളും വ്യാജ പൊലീസ് ചമഞ്ഞുള്ള കവര്‍ച്ചകളും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. പൊലീസില്‍ പരാതി നല്‍കിയാലും ഫലമില്ലാത്ത അവസ്ഥയാണ് പലപ്പോഴും. പരാതി സ്വീകരിക്കുമെന്നല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം പ്രവാസികള്‍ക്കിടയില്‍ വ്യാപകമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus