മാപ്പിളകലാ അക്കാദമിയുടെ ഈദ് മെഹ്ഫില്‍ നവ്യാനുഭവമായി

കുവൈത്ത് സിറ്റി: മാപ്പിളകലാ അക്കാദമി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച ഈദ് മെഹ്ഫില്‍ ശ്രദ്ധേയമായി. വിരഹ ദുഃഖങ്ങളും ചുടുകാറ്റും ഏകാന്തത സൃഷ്ടിക്കുന്ന പ്രവാസ ജീവിതത്തിനിടയില്‍ ചെറിയപെരുന്നാള്‍ രാവിനെ കലയുടെ ഉത്സവമാക്കി ‘ഈദ് മെഹ്ഫില്‍’. കബദിലെ ഫാം ഹൗസില്‍ തിങ്ങിനിറഞ്ഞ കുടുംബ സദസ്സിനെ സാക്ഷിയാക്കി ‘പെരിയവനെ ജന്നാത്തില്‍’ എന്ന് തുടങ്ങുന്ന ഗാനത്തോടെ ഹുസ്ന അനീസാണ് ഈദ് മെഹ്ഫിലിന് തുടക്കം കുറിച്ചത്.
കേരളത്തില്‍ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ടി.വി റിയാലിറ്റി ഷോകളിലും മികവ് പുലര്‍ത്തിയ ഹുസ്നയുടെ ഇമ്പമാര്‍ന്ന ശബ്ദം അക്ഷരാര്‍ഥത്തില്‍ സദസ്സിനെ കോരിത്തരിപ്പിച്ചു. കുവൈത്ത് കിഷോര്‍ കുമാര്‍ എന്നറിയപ്പെടുന്ന കുവൈത്തി ഗായകന്‍ മുബാറക്ക് ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഒരു കാലഘട്ടത്തിന്‍െറ സ്പന്ദനങ്ങളായിരുന്ന ഹിന്ദി ഗാനങ്ങളുടെ മാസ്മര പ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ സദസ്സില്‍ കലാ സ്വാദനത്തിന്‍െറ നവ്യാനുഭൂതി വിടര്‍ന്നു. കേരളത്തിലെ പ്രശസ്തമായ ഒട്ടുമിക്ക ഗാനമേള സമിതികളിലെയും സജീവ സാന്നിധ്യമായിരുന്ന അന്‍വര്‍ സാരംഗിയുടെ മനോഹരമായ പാട്ടുകള്‍ കരഘോഷത്തോടയാണ് സദസ്സ് സ്വീകരിച്ചത്. കുവൈത്തിലെ കലാസന്ധ്യകളിലെ നിറസാന്നിധ്യമായ റാഫി കല്ലായിയുടെയും റാഫി കാലിക്കറ്റിന്‍െറയും വിന്നേഴ്സ് ഫൈസലിന്‍െറയും ശബ്ദങ്ങള്‍ മണലാരണ്യത്തിലെ കുളിര്‍ കാറ്റായി കുടുംബ സദസ്സിലേക്ക് പെയ്തിറങ്ങി. മാപ്പിളപ്പാട്ടിന്‍െറ ഇമ്പമാര്‍ന്ന ഈരടികള്‍ തനത് ശൈലിയിലും ഭാവത്തിലും പാടി ആസ്വാദക മനസ്സുകളില്‍ ഇശലിന്‍െറ തേന്മഴ വര്‍ഷിപ്പിച്ച് കുവൈത്തിലെ യുവ ഗായിക ഫഹ്മിത ഫൈസല്‍ സദസ്സിന് മാറ്റുകൂട്ടി. ഹബീബുല്ല മുറ്റിച്ചൂരിന്‍െറയും ഫൈസല്‍ ഹംസയുടെയും നൗഫലിന്‍െറയും ഹൃദ്യമായ ശബ്ദം കേള്‍വിക്കാരുടെ കണ്ണും കാതും കവര്‍ന്നു. പെരുന്നാള്‍ സായം സന്ധ്യയെ അതിമനോഹരമാക്കി ബൈജു പത്തനംതിട്ട അവതരിപ്പിച്ച ഹാസ്യ പരിപാടി സദസ്സിനെ ആഹ്ളാദത്തിലാക്കി. വി.എസ് നജീബ്, ശബലാ റസല്‍, ഷബീര്‍ മുണ്ടോളി, ബിജു തിക്കോടി എന്നിവരും സദസ്സിന് മിഴിവേകി.
ഈദ് മെഹ്ഫില്‍ സിദ്ദിക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഹബീബ് മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. അനീസ് ഫാറൂഖി പെരുന്നാള്‍ സന്ദേശം നല്‍കി. ലയ അഷ്റഫിന്‍െറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി റാഫി കല്ലായി സ്വാഗതം പറഞ്ഞു. അഷ്റഫ് കാളത്തോട് സംഘടനയെ പരിചയപ്പെടുത്തി . പരിപാടികളുടെ വിശദ വിവരങ്ങള്‍ പ്രോഗ്രാം കണ്‍വീനര്‍ ഹമീദ് മാത്തൂര്‍ സദസ്യരോട് പങ്കുവെച്ചു. നയീം (ഹോണസ്റ്റ് ഹൈപ്പര്‍), അയ്യൂബ് (ഗ്രാന്‍ഡ് ഹൈപ്പര്‍), എ.എം ഹസ്സന്‍, സത്താര്‍ കുന്നില്‍, റഹീം, സുരേഷ് മാത്തൂര്‍, ആബിദ് ഐ ബ്ളാക്ക്, ഇക്ബാല്‍ കുട്ടമംഗലം, പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ സലാം, നൗഫല്‍ വടകര, സലിം കോട്ടയില്‍, ഇക്ബാല്‍ മുറ്റിച്ചൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ നൗഫല്‍ കീച്ചേരി നന്ദി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus