12:30:26
04 Oct 2015
Sunday
Facebook
Google Plus
Twitter
Rssfeed

യു.ഡി.എഫില്‍ പടലപ്പിണക്കം; എന്തിനും തയാറായി എല്‍.ഡി.എഫ്

യു.ഡി.എഫില്‍ പടലപ്പിണക്കം; എന്തിനും  തയാറായി എല്‍.ഡി.എഫ്

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ മുള്‍മുനയിലാക്കി ഇടതുമുന്നണി തിങ്കളാഴ്ച ആരംഭിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധസമരം നേരിടാന്‍ സര്‍ക്കാര്‍ കച്ചമുറുക്കി ഇറങ്ങുമ്പോഴും യു.ഡി.എഫ് നേതൃത്വം അനൈക്യത്തില്‍പെട്ട് ഇരുട്ടില്‍തപ്പുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ബഹുജനസമരം സെക്രട്ടേറിയറ്റ് പടിക്കലെത്തിയിട്ടും യു.ഡി.എഫ് യോഗം വിളിക്കാന്‍ പോലും തീരുമാനമായിട്ടില്ല. പകരം ഇന്ന് കെ.പി.സി.സി നേതൃയോഗം മാത്രമാണ് തലസ്ഥാനത്ത് ചേരുന്നത്.
അതേസമയം, ഒരു ലക്ഷം സന്നദ്ധ ഭടന്മാരെ അണിനിരത്തിയുള്ള സമരത്തിന്‍െറ അവസാന ഒരുക്കങ്ങള്‍ സമരക്രേന്ദമായ തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്നലെ എ.കെ.ജി സെന്‍ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. യു.ഡി.എഫിലെ പടലപ്പിണക്കം വ്യക്തമാക്കി പ്രതിപക്ഷസമരത്തിന് പരോക്ഷപിന്തുണ നല്‍കി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രംഗത്ത് വന്നപ്പോള്‍ യു.ഡി.എഫിലെ അതൃപ്തരായ ചെറുകക്ഷികള്‍ കുറുമുന്നണി യോഗം ചേര്‍ന്നാണ് അനൈക്യം പരസ്യപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് ‘പിടിച്ചെടുക്കല്‍’ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പരസ്യപ്രസ്താവന നടത്തിയ ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തിനോട് ഉന്നയിച്ച 13 ചോദ്യങ്ങള്‍ ഒഴികെ സമരരംഗത്ത് സര്‍ക്കാര്‍ ഏതാണ്ട് ഒറ്റക്കായി.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച യുദ്ധസമാനമായ മുന്‍കരുതല്‍ നടപടികള്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്ന വിലയിരുത്തലിലാണ് ഇടത് നേതൃത്വം. ഇടത് മതേതര ദേശീയ നേതൃത്വത്തെ തന്നെ ഉദ്ഘാടനത്തിന് അണിനിരത്തുന്നതിലൂടെ സമരത്തിന് കൈവന്ന ദേശീയശ്രദ്ധ സര്‍ക്കാറിന്‍െറ എടുത്തുചാട്ടത്തോടെ തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായെന്നും എല്‍.ഡി.എഫ് കണക്ക്കൂട്ടുന്നു. സ്വാതന്ത്ര്യദിനത്തിന് സെക്രട്ടേറിയറ്റിന് സമീപത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രിയെ തടയേണ്ടന്നുമാണ് മുന്നണി തീരുമാനം.
യു.ഡി.ഫിലെ ചില പോഷക സംഘടനാ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുമെന്നറിയിച്ചതും ഇടതുമുന്നണിയെ ആവേശഭരിതരാക്കുന്നു. എല്‍.ഡി.എഫില്‍ നിന്ന് അകന്നുനിന്ന ഐ. എന്‍.എല്ലും സമരത്തില്‍ പങ്കെടുക്കും. ആഗസ്റ്റ് 12 മുതല്‍ 18 വരെയാണ് സമരത്തിന്‍െറ ആദ്യഘട്ടം. സി.പി.എമ്മിന്‍െറ 75,000 ത്തോളം പ്രവര്‍ത്തകരും സി.പി.ഐയുടെ 27,000 ത്തോളം പേരും ആര്‍.എസ്.പിയുടെ 5,000 സമരഭടന്മാരുമാണ് ഉപരോധത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരത്തുനിന്ന് സി.പി.എമ്മിന്‍െറ 15,000 പേരും കൊല്ലത്തുനിന്ന് സി.പി.ഐയുടെ 10,000 പ്രവര്‍ത്തകരുമാണ് ചേരുന്നത്. ഇവര്‍ക്ക് ആഹാരത്തിന് 15 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിക്കഴിഞ്ഞു.
സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങിയതോടെ മലബാര്‍ മേഖലയില്‍ നിന്ന് സമരത്തില്‍ പങ്കെടുക്കാന്‍ കടുത്ത ആവേശമാണ് സി.പി.എമ്മിലുണ്ടാകുന്നത്. കണ്ണൂരിലടക്കം ആഗസ്റ്റ് 18 മുതല്‍ സമരത്തിനെത്താന്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തിലേക്ക് മാറിയിട്ടുണ്ട്. സ്ത്രീകളുടെ പങ്കാളിത്തത്തില്‍ നിര്‍ബന്ധം പുലര്‍ത്തേണ്ടെന്നാണ് തീരുമാനമെങ്കിലും ഏറെ ദമ്പതികള്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. പുറമേ തലസ്ഥാന ജില്ലയില്‍ നിന്ന് 10,000 സ്ത്രീകള്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് പങ്കുചേരും.
സമരത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകരെ തിരുവനന്തപുരം നഗരാതിര്‍ത്തിയിലോ മറ്റുജില്ലകളിലോ വെച്ച് തടയുകയാണെങ്കില്‍ എത് നിലക്കും സമരകേന്ദ്രത്തിലെത്താന്‍ ശ്രമിക്കണമെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ പൊലീസ് തടഞ്ഞാല്‍ അതാതിടത്ത് എല്‍.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധമാവും ഉയര്‍ത്തുക. പൊലീസും ഇടത് മുന്നണി പ്രവര്‍ത്തകരുമായി ഇത്തരത്തിലുണ്ടാവുന്ന ക്രമസമാധാനപ്രശ്നം ഫലത്തില്‍ സമരത്തെ സംസ്ഥാനടിസ്ഥാനത്തില്‍ തന്നെ വ്യാപിപ്പിക്കാന്‍ സഹായകമാവുമെന്നും നേതൃത്വം കരുതുന്നു.
ഭക്ഷണ ക്യാമ്പുകള്‍ പൊലീസിനെ ഉപയോഗിച്ച് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിരോധം പ്രകടിപ്പിച്ചുകഴിഞ്ഞു. നിയമം കൈയിലെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അതിന്‍െറ ഫലം അനുഭവിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ് സി.പി.എമ്മും എല്‍.ഡി.എഫും സമരത്തെ എങ്ങനെ സമീപിക്കുന്നുവെന്നതിന്‍െറ തെളിവാണ്.
യു.ഡി.എഫിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ എന്നും പ്രശ്നപരിഹാരകരായി എത്തുന്ന മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ് -മാണിഗ്രൂപ്പും പുലര്‍ത്തുന്ന നിസ്സംഗത ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാഠിന്യമേറ്റുന്നു. കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ വിവാദപ്രസംഗത്തിന്മേല്‍ തങ്ങള്‍ക്കുള്ള പരാതിയില്‍ ഹൈകമാന്‍ഡ് ഇടപെടാത്തതാണ് ലീഗിനെ ചൊടിപ്പിച്ചതെങ്കില്‍ മകനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാത്തതാണ് മാണിയെ അകറ്റിയത്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സമരവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടും നേരിടാനുള്ള മറുതന്ത്രങ്ങള്‍ ആലോചിക്കാന്‍ പോലും ഭരണമുന്നണിക്ക് കഴിയുന്നില്ല. മുന്നണിക്കുള്ളിലെ പടലപ്പിണക്കമാണ് യു.ഡി.എഫ് യോഗം ചേരുന്നതിന് തടസ്സമായിരിക്കുന്നത്. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പലവഴിക്ക് നീങ്ങുന്നതും പ്രതിപക്ഷത്തിന് രാഷ്ട്രീയമായി കരുത്തുപകരുന്നു. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഘടകകക്ഷികളെല്ലാം കോണ്‍ഗ്രസിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. മന്ത്രിസഭാ പുന$സംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലും ഗ്രൂപ്പുതര്‍ക്കം പുകയുകയാണ്.
ഇതിനിടെ,സുരക്ഷക്ക് അമിത പ്രാധാന്യം നല്‍കിയ ആഭ്യന്തരവകുപ്പിന്‍െറ നടപടി ഭരണമുന്നണിയിലും എതിര്‍പ്പിന് കാരണമായിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus