12:30:26
06 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

ഇടതു സമരത്തെ നേരിടുന്ന രീതിക്കെതിരെ യു.ഡി.എഫിലെ ചെറുകക്ഷികള്‍

കൊച്ചി: സര്‍ക്കാര്‍ ഇടതു സമരത്തെ നേരിടുന്ന രീതിക്കെതിരെ യു.ഡി.എഫിലെ ചെറുകക്ഷികള്‍. എല്‍.ഡി.എഫിന്‍െറ സെക്രട്ടേറിയറ്റ് ഉപരോധം ഇത്ര വലിയ സംഭവമാക്കിയത് ആഭ്യന്തര വകുപ്പാണെന്ന് യു.ഡി.എഫിലെ ചെറുകക്ഷികളായ കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള, ജെ.എസ്.എസ്, സി.എം.പി എന്നിവര്‍ അഭിപ്രായപ്പെടുന്നു. ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള, ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. രാജന്‍ബാബു, സി.എം.പി സംസ്ഥാന സെക്രട്ടറി എ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശമാണ് യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ഇവര്‍ ഉന്നയിച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം സ്വാഭാവിക ചരമഗീതം പാടി അവസാനിക്കുമായിരുന്നു. എന്നാല്‍, കേന്ദ്രസേനയെയും മറ്റും വരുത്തി അനാവശ്യ സന്നാഹങ്ങളൊരുക്കി അതിനെ പര്‍വതീകരിച്ചതിന് മുഖ്യ ഉത്തരവാദി ആഭ്യന്തര വകുപ്പാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
യു.ഡി.എഫിന്‍െറ ഗുണഭോക്താക്കളാരും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ രംഗത്തില്ലെന്നും അവര്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ഉപരോധം അന്യായ സമരമാണ്. സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കുന്നത് ശരിയല്ല. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ ചെയ്ത കാര്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരവാദിയല്ല. തങ്ങള്‍ യോഗം ചേര്‍ന്നത് കൂറുമുന്നണി ഉണ്ടാക്കാനല്ലെന്നും നേതാക്കള്‍ പറഞ്ഞു.
ശരിയായ ദിശയില്‍ കെട്ടുറപ്പോടെ മുന്നണിയെ മുന്നോട്ട് കൊണ്ടുപോകലാണ് ലക്ഷ്യം. മുന്നണിയില്‍ എന്താണ് നടക്കുന്നതെന്ന് കണ്‍വീനര്‍ക്കുപോലും അറിയില്ല. രണ്ട് മാസമായി മുന്നണി യോഗം വിളിച്ചിട്ട്. സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയില്ലാത്ത അവസ്ഥയാണ്. മുന്നണിയില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകില്ലായിരുന്നു. കൂടിയാലോചനകളില്ലാതെ ഇനിയും മുന്നോട്ടുപോകാനാവില്ല. മുന്നണി വിട്ടുപോയവരെയും അകന്നു നില്‍ക്കുന്നവരെയും ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകണം. ജനങ്ങളോട് ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് നാലു പാര്‍ട്ടികളും യോഗം ചേര്‍ന്നതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഓരോരുത്തരായി ഇടപെട്ടുകൊണ്ടിരിക്കുന്നതാണ് യു.ഡി.എഫിലെ കുഴപ്പമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ‘എന്‍െറ പാര്‍ട്ടിയുടെ കാര്യത്തിലും അതു സംഭവിക്കുന്നുണ്ട്. ഇതാണ് മുന്നണിക്ക് പറ്റിയ മൂല്യച്യുതി. കോണ്‍ഗ്രസിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് തങ്ങളാണെന്ന് പറഞ്ഞ് മുന്നണിയില്‍ വേറേ ചില കക്ഷികള്‍ നടക്കുന്നുണ്ട്. ഞങ്ങളുടെ ജോലി അതല്ല’ -ബാലകൃഷ്ണപിള്ള വ്യക്തമാക്കി. സാമൂഹിക സംഘടനകളുടെയും മതസംഘടനകളുടെയും പിന്തുണയില്ലാതെ ഒരു കാലത്തും യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടില്ല.
അത്തരം ആളുകള്‍ അകന്നിട്ടുണ്ടെങ്കില്‍ അവരെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുവരണം. കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ കാലത്ത് ചെയ്യാത്ത കാര്യങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നടപടികളുടെ പേരില്‍ അകന്നുപോയവരെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുവരണമെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com