12:30:26
03 Sep 2015
Thursday
Facebook
Google Plus
Twitter
Rssfeed

രാജ്യരക്ഷകന്‍

രാജ്യരക്ഷകന്‍

മയത്തില്‍ ഒരു കാര്യംപറയാന്‍ അറയ്ക്കാപ്പറമ്പില്‍ കുര്യന്‍ ആന്‍റണിയെ കഴിഞ്ഞിട്ടേ ആളുള്ളൂ. നയകോവിദനാണ് പണ്ടു മുതലേ. മയത്തില്‍ പറഞ്ഞ് ആളെ മയക്കുന്ന പരിപാടി കേരളത്തിലും പയറ്റിയതാണ്. വിചാരിച്ച മയം പറഞ്ഞ കാര്യത്തിന് ഇല്ലാതെ പോയി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കസേര തന്നെ വേണ്ടെന്നു വെച്ചയാളാണ്. സൗമ്യനായും സാത്വികനായും പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ നയകോവിദന്‍ പല അടവും പ്രയോഗിക്കും. അത് വ്യക്തിപരമായ നയതന്ത്രജ്ഞതയുടെ കാര്യം. ദക്ഷിണേഷ്യയിലെ വലിയ ഒരു രാജ്യത്തിന്‍െറ രക്ഷകനായിരിക്കുന്ന അവസരത്തില്‍ പക്ഷേ, മയം ആവശ്യത്തിനില്ളെങ്കില്‍ കാര്യങ്ങള്‍ കുഴയും. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തേണ്ട പണി പ്രതിരോധമന്ത്രിക്കാണ്. വന്‍തോതില്‍ ആയുധവുമായി എത്തിയ ഇരുപത് ഭീകരരും പാകിസ്താന്‍ സേനയുടെ യൂനിഫോമിട്ടവരുമാണ് ആക്രമണം നടത്തിയത് എന്നാണ് ആന്‍റണി പറഞ്ഞത്. പാകിസ്താന്‍ സേനയുടെ യൂനിഫോമിട്ടു എന്നതുകൊണ്ടു മാത്രം അവര്‍ പാകിസ്താന്‍കാരാവണമെന്നില്ല എന്ന സൂചന കൂടിയുണ്ട് പ്രസ്താവനയില്‍. സംഭവം ഭീകരാക്രമണമാണ് എന്ന നിഗമനവും അതിലുണ്ട്. അതിന്‍െറ പേരില്‍ ബി.ജെ.പിയുടെ അവകാശലംഘന നോട്ടീസും കിട്ടി. മയത്തില്‍ സംസാരിച്ച് ആരെയും പാട്ടിലാക്കുന്ന ഒരാള്‍ ആദ്യമായി നേരിട്ട പ്രതിപക്ഷരോഷം. സ്വന്തം വാക്കുകള്‍ വിഴുങ്ങി എന്‍െറ പിഴ, എന്‍െറ പിഴ, എന്‍െറ വലിയ പിഴ എന്ന് തിരുത്തിയിട്ടുണ്ട് ഇപ്പോള്‍.
എഴുതിക്കിട്ടിയ പ്രസ്താവന അതേപടി വായിക്കുകയായിരുന്നു. ഇന്ത്യന്‍ ഡിപ്ളോമസി സെന്‍സര്‍ ചെയ്തുകൊടുത്ത പ്രസ്താവന. രാജ്യരക്ഷാമന്ത്രാലയവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ചേര്‍ന്ന് തയാറാക്കിയതാണ് പ്രസ്താവന. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രക്രിയയെ തകിടം മറിക്കരുതെന്ന് കരുതിയാണത്രെ ഈ മയപ്പെടുത്തല്‍ നടന്നത്. അടുത്ത മാസം ആദ്യം ന്യൂയോര്‍ക്കില്‍ മന്‍മോഹന്‍ സിങ്ങും നവാസ് ശരീഫും കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. അപ്പോള്‍ അത് മയപ്പെടുത്തല്‍ തല്‍പരനായ കുര്യന്‍ ആന്‍റണിയുടെ മാത്രം കരവിരുതല്ല. സമാധാനം നല്ലതു തന്നെ. അത് വേണ്ടതുമാണ്. അതിര്‍ത്തിയില്‍ ഇപ്പോള്‍ നടന്നത് ആക്രമണമാണ്. യുദ്ധം നടക്കുമ്പോള്‍ അതു കണ്ടില്ളെന്ന് നടിച്ച് സമാധാനം പുലരട്ടെ എന്ന് ആഗ്രഹിക്കുന്നതിന്‍െറ യുക്തി പലര്‍ക്കും ബോധ്യമാവാതെ പോയി.
‘മിസ്റ്റര്‍ ക്ളീന്‍’ ഇമേജ് തലക്കു പിടിച്ചതിന്‍െറ പ്രശ്നങ്ങള്‍ പലപ്പോഴും കാണിച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ ഒരിക്കല്‍പോലും പ്രതിപക്ഷരോഷം നേരിടാത്ത മന്ത്രി എന്ന പ്രതിച്ഛായ കാത്തുസൂക്ഷിക്കാനുള്ള ശ്രമവും കാണും ഇതിനു പിന്നില്‍. പ്രതിച്ഛായയുടെ തടവുകാരനായിരുന്നു എന്നും. സ്വന്തം പ്രതിബിംബത്തിന്‍െറ കെണിയില്‍ പെട്ടുപോയ ഒരാള്‍. ഇന്ത്യന്‍ പ്രതിരോധമന്ത്രിക്ക് കുറേക്കൂടി ഉറച്ച ശബ്ദവും ശക്തമായ നിലപാടും വേണമെന്ന അഭിപ്രായക്കാരാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ലോകത്തെ ഇന്ത്യന്‍ യുവത. ആന്‍റണിയുടെ ലാളിത്യത്തിലൂന്നിയ ശരീരഭാഷ ആക്രമണോത്സുകമായ രാജ്യസ്നേഹത്തിനും തീവ്രദേശീയതക്കും നിരക്കുന്നതല്ല. യുദ്ധകാഹളം മുഴക്കുന്ന, മറ്റു രാജ്യങ്ങളെ പേടിപ്പിച്ചുനിര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന പ്രതിരോധമന്ത്രിയെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പാക്വിരുദ്ധവികാരത്തെ ഇന്ത്യന്‍മനസ്സില്‍ ആളിക്കത്തിക്കുന്ന വിധത്തില്‍ പെരുമാറുകയും അതുവഴി പാകിസ്താനിലെ ഭൂരിപക്ഷമായ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുകയും ചെയ്യുന്ന ഒരാളെ. അതുകൊണ്ടുതന്നെ തീവ്രദേശീയതയുടെ വക്താക്കള്‍ക്ക് ആന്‍റണിയുടേതുപോലുള്ള സംയമനപൂര്‍ണമായ സമീപനങ്ങള്‍ ദഹിക്കില്ല. ആന്‍റണി മുണ്ടുടുക്കുന്നതുപോലും ഉള്‍ക്കൊള്ളാനാവാത്തവരുണ്ട് അക്കൂട്ടത്തില്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും നാള്‍ ഈ കസേരയിലിരുന്ന വേറൊരാളില്ല. ഏഴുകൊല്ലമായി ഈ പദവിയില്‍. അതിനിടയില്‍ വിവാദങ്ങള്‍ കൊഴുത്തിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ കേട്ടാല്‍ പോലും പിണങ്ങി രാജിവെച്ചുപോവുന്ന ശീലമുണ്ടായിരുന്നു പണ്ട്. പിടിച്ച പുളിങ്കൊമ്പില്‍നിന്നു പിടിവിടില്ളെന്ന് ഉറച്ചിട്ടുണ്ട് ഇപ്പോള്‍. അതുകൊണ്ടാണ് ഹെലികോപ്ടര്‍ കുംഭകോണം പുറത്തുവന്നപ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് ഒഴിയാതിരുന്നത്. പ്രതിരോധ ഇടപാടുകളില്‍ അഴിമതി പതിവാണ്. അത് താനായിട്ട് വിചാരിച്ചാല്‍ തടയാനാവുന്ന ഒന്നല്ളെന്ന് കരുതി തുടരുകയായിരുന്നു അധികാരത്തില്‍. സായുധസേനയും സിവിലിയന്‍ ബ്യൂറോക്രസിയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വിഷലിപ്തമായി തുടരുകയാണ്. ഇടക്കിടെയുള്ള ചളിവാരിയേറിലേക്ക് അത് ചെന്നത്തെും. വി.കെ. സിങ്ങിന്‍െറ പ്രായപ്രശ്നത്തില്‍ നാമത് കണ്ടതാണ്. അത്തരം സാഹചര്യങ്ങളില്‍ തന്‍െറ മന്ത്രാലയത്തില്‍ വരുന്ന വീഴ്ചകള്‍ കണ്ട് സംവിധാനങ്ങള്‍ പരിഷ്കരിക്കാനൊന്നും ആന്‍റണി മെനക്കെട്ടിട്ടില്ല. സന്ദേഹം, സങ്കോചം, തീരുമാനമില്ലായ്മ ഇത്യാദിയായ കാര്യങ്ങള്‍ എപ്പോഴും അലട്ടുന്നുണ്ട്. പ്രതിരോധരംഗത്തെ പരിഷ്കാരത്തിനായുള്ള നരേഷ് ചന്ദ്ര സമിതിയുടെ നിര്‍ദേശങ്ങള്‍ ബ്യൂറോക്രസിക്ക് ഒപ്പം നിന്ന് തടയുകയായിരുന്നു ആന്‍റണി.
സന്യാസിയോ മൗനിയായിരുന്ന് പാപം ചെയ്യുന്ന ആളോ എന്ന ചോദ്യം പലയിടങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ മൗനി എന്നാണ് വിളിക്കാറ്. തന്‍െറ മന്ത്രിസഭയിലെ പലരും പാപം ചെയ്യുന്നതും രാജ്യത്തിന്‍െറ ഖജനാവു കട്ടുമുടിക്കുന്നതും കണ്ടിട്ടും മന്‍മോഹന്‍ മൗനം ഭഞ്ജിച്ചില്ല. പ്രധാനമന്ത്രിപദം കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള പദവിയാണ് പ്രതിരോധമന്ത്രിയുടേത്. പ്രതിച്ഛായയുടെ പേരില്‍ സല്‍കീര്‍ത്തിയുണ്ടെങ്കിലും ആശയവിനിമയശേഷിയുടെ കാര്യത്തില്‍ പിന്നിലാണ്. രണ്ടുപേരും ഒരുപോലെ ഇന്ദിര കുടുംബത്തിന്‍െറ വിനീത വിധേയര്‍, വിശ്വസ്തസേവകര്‍. സോണിയയുടെ വിമര്‍ശകരില്‍നിന്ന് സുരക്ഷിതമായ അകലം സൂക്ഷിക്കുന്നയാളാണ് ആന്‍റണിയെന്ന് എം.ഡി നാലപ്പാട്ട് എഴുതിയിട്ടുണ്ട്. തന്‍െറ മാതാവ് കമല സുരയ്യ പുണെയിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ താന്‍ ഇളയസഹോദരനായി കണ്ടിരുന്ന ആന്‍റണിയെ കാണണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, സുരയ്യ സോണിയ ഗാന്ധിയുടെ വിമര്‍ശകയാണ് എന്ന് ആന്‍റണിക്ക് അറിയാമായിരുന്നു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയാല്‍ സോണിയ തന്നോടു വിശദീകരണം ചോദിക്കുമോ എന്നുപേടിച്ച് ആന്‍റണി വന്നില്ളെന്ന് നാലപ്പാട്ട് എഴുതിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യരക്ഷാ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പണവും പെണ്ണും മദ്യവും ഒഴുക്കി ആയുധമിടപാടുകാര്‍ തഴച്ചുവളര്‍ന്നു. ഇന്ത്യന്‍ രൂപയുടെ വിലയിടിച്ചിലിനു വരെ ഇതിടയാക്കി. വിദേശബാങ്കുകളില്‍ രഹസ്യ അക്കൗണ്ടുള്ളവര്‍ക്ക് കുശാലായി. അനധികൃത ചാനലുകളിലൂടെ വിദേശത്തേക്ക് അയക്കുന്ന ഓരോ യൂറോക്കും ഡോളറിനും കൂടുതല്‍ ഇന്ത്യന്‍ രൂപ അവര്‍ക്കു കിട്ടി. പ്രതിരോധ മന്ത്രാലയത്തിലെ ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും ഒരു അന്വേഷണം നടത്താന്‍ ആന്‍റണി തയാറായിരുന്നെങ്കില്‍ അത് രാജ്യത്തിന് നല്‍കുന്ന സേവനമാവുമായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus