12:30:26
31 Aug 2015
Monday
Facebook
Google Plus
Twitter
Rssfeed

ദുര്‍ഗ, വാദ്ര, ആദര്‍ശ മുദ്ര

ദുര്‍ഗ, വാദ്ര,  ആദര്‍ശ മുദ്ര

മണല്‍മാഫിയക്കെതിരെ പോരാട്ടം നടത്തിയ ദുര്‍ഗാശക്തിയെന്ന ഐ.എ.എസുകാരിയെ സസ്പെന്‍ഡ് ചെയ്ത യു.പി സര്‍ക്കാറിന്‍െറ നടപടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അമര്‍ഷം പൂണ്ടുനില്‍ക്കുന്നു. അതുകൊണ്ട്, ഹരിയാനയില്‍ റോബര്‍ട്ട് വാദ്രയുടെ അനധികൃത ഭൂമി ഇടപാടു റദ്ദാക്കിയതിന്‍െറ പേരില്‍ തുടര്‍ച്ചയായി സ്ഥലംമാറ്റപ്പെട്ട അശോക് ഖേംകയെന്ന ഐ.എ.എസുകാരന്‍െറ കഥകൂടി നാം ഓര്‍ത്തെടുത്തേ മതിയാവൂ. ആദര്‍ശവും അഴിമതിക്കെതിരായ നിലപാടും അവസരോചിതം പുറത്തെടുക്കേണ്ടവയാണെന്ന് മനസ്സില്‍ ഉറപ്പിച്ചേ മതിയാവൂ.
പത്രത്താളുകള്‍ക്കും ടി.വി സ്ക്രീനുകള്‍ക്കും മുന്‍പരിചയമുള്ള മുഖമാണ് അശോക് ഖേംകയുടേത്. 21 വര്‍ഷത്തെ സര്‍വീസിനിടയില്‍ 44 വട്ടം സ്ഥലംമാറ്റപ്പെട്ട മുതിര്‍ന്ന ഐ.എ.എസ് ഓഫിസര്‍. ഈ സ്ഥലംമാറ്റങ്ങളെല്ലാം ഖേംകക്ക് അനുഭവിക്കേണ്ടിവന്നത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍െറ കെടുതി എന്ന നിലയിലാണ്. ആ പോരാട്ടം പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ അവിഹിത ഇടപാടുകള്‍ക്ക് എതിരെയും നടന്നുവെങ്കില്‍, ഹരിയാന ഭരിക്കുന്ന കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡക്ക് അത്തരക്കാരനെ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഖേംക. ഗൊരഖ്പൂര്‍ ഐ.ഐ.ടിയില്‍നിന്ന് ’88ല്‍ ബിരുദമെടുത്തു. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്.ഡി, പിന്നെ എം.ബി.എ ഡിഗ്രി. ഇതെല്ലാം കഴിഞ്ഞാണ് ’91ല്‍ ഹരിയാന കേഡര്‍ ഐ.എ.എസുകാരനായത്. പല തസ്തികകളില്‍ ചെന്നിരുന്ന്, മൂടുറപ്പിക്കുന്നതിനു മുമ്പേ അടുത്ത സ്ഥലത്തേക്ക് പോകേണ്ടിവന്ന അശോക് ഖേംക ഏറ്റവുമൊടുവില്‍ ഇരിക്കുന്നത് ആര്‍ക്കും വേണ്ടാത്ത ഹരിയാന ആര്‍കൈവ്സ് എന്ന അപ്രധാന സ്ഥാപനത്തിന്‍െറ സെക്രട്ടറി തസ്തികയിലാണ്. അതിന് മുമ്പൊരിക്കല്‍ ഹരിയാനയിലെ ഭൂരേഖാ വിഭാഗം ഡയറക്ടര്‍ ജനറലും രജിസ്ട്രേഷന്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറലുമായി അദ്ദേഹത്തെ നിയമിച്ചതാണ് ഹരിയാന സര്‍ക്കാറും വാദ്രയും ഫ്ളാറ്റ് നിര്‍മാതാക്കളായ ഡി.എല്‍.എഫും ചേര്‍ന്ന അച്ചുതണ്ടിനെ പുലിവാല് പിടിപ്പിച്ചത്.
രജിസ്ട്രേഷന്‍ വകുപ്പില്‍ ഇരുന്നപ്പോള്‍ ഹരിയാനയിലെ വഴിവിട്ട ഭൂമി ഇടപാടുകളിലേക്ക് ഖേംക കണ്ണോടിച്ചു. ദല്‍ഹിയോട് ചേര്‍ന്ന ഗുഡ്ഗാവിലെ ശിഖോപൂര്‍ ഗ്രാമത്തില്‍ വാദ്ര നടത്തിയ ഭൂമിയിടപാട് നിയമവിരുദ്ധവും ചുളുവില്‍ കോടികള്‍ അടിച്ചുമാറ്റുന്നതുമാണെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഓങ്കാരേശ്വര്‍ പ്രോപര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്‍െറ പക്കലായിരുന്ന ഭൂമി സെയില്‍ ഡീഡ് ഉണ്ടാക്കിയും വ്യാജ ചെക്ക് എഴുതിയും കൃത്രിമ മറിച്ചുവില്‍പന നടത്തി കോടികള്‍ കൊയ്തു എന്നതാണ് ഖേംക കണ്ടത്തെിയ അനധികൃത ഇടപാടിന്‍െറ രത്നച്ചുരുക്കം. വാദ്ര തട്ടിക്കൂട്ടിയ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഈ ഭൂമി നല്‍കിയതായി രേഖയുണ്ടാക്കി. അവിടെ വന്‍കിട ഫ്ളാറ്റ് പണിയാനുള്ള കമേഴ്സ്യല്‍ ലൈസന്‍സ് ടൗണ്‍ പ്ളാനിങ് വിഭാഗം അനുവദിച്ചുകൊടുത്തു. വാദ്രക്കു മുന്നില്‍ നിയമവ്യവസ്ഥകള്‍ തലകുനിച്ചു നിന്നു. ഹൂഡ സര്‍ക്കാര്‍ കൈയയച്ചു സഹായിച്ചു. മൂന്നര ഏക്കര്‍ ഭൂമി; 58 കോടി രൂപയുടെ ഇടപാട്.
വാദ്രയുടെ ഭൂമി ഇടപാട് ഖേംക റദ്ദാക്കി. ഹൂഡ സര്‍ക്കാര്‍ മറുവഴി കണ്ടുപിടിച്ചു. ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന മൂന്ന് ഐ.എ.എസുകാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. ഒരു ഖേംക വഴങ്ങിയില്ളെങ്കില്‍, മുട്ടിലിഴയാന്‍ മൂന്നുപേരെ വേറെ കിട്ടുമെന്ന് മലയാളം. ഖേംകക്ക് ഈ സമിതി മുമ്പാകെ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ അവസരമുണ്ടായില്ല. സൗമനസ്യമെന്ന നിലയില്‍, പരാതി എഴുതി നല്‍കാന്‍ അവസരം ലഭിച്ചു. ഒപ്പം അടുത്ത സ്ഥലംമാറ്റത്തിന്‍െറ ഉത്തരവും വന്നു. രജിസ്ട്രേഷന്‍ വകുപ്പില്‍ 80 ദിവസം മാത്രമാണ് ഖേംകക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. സമിതി മുമ്പാകെ ഖേംക നല്‍കിയ വിശദീകരണം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് പുതിയ വിവാദമായി കത്തിപ്പടരുന്നത് ദുര്‍ഗാശക്തി നാഗ്പാല്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിനൊപ്പം തന്നെയാണെന്നത് ആകസ്മികം.
ദുര്‍ഗാശക്തി നാഗ്പാല്‍ എന്ന 28കാരി അഴിമതിവിരുദ്ധ പോരാട്ടത്തില്‍ പുതുമുഖമാണ്. ഛത്തിസ്ഗഢ് സ്വദേശിനി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്. 2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 20ാമത്തെ റാങ്ക്. 2011 ജൂണില്‍ പഞ്ചാബിലെ മൊഹാലിയില്‍ സര്‍വീസിന് തുടക്കം കുറിച്ചു. ഐ.എ.എസുകാരനായ അഭിഷേക്സിങ്ങിനെ വിവാഹം കഴിച്ച് സ്ഥലംമാറ്റം വാങ്ങി യു.പിയിലത്തെി. ദിവസങ്ങള്‍ക്ക് മുമ്പുവരെ ദല്‍ഹിക്കടുത്ത ഗ്രേറ്റര്‍ നോയ്ഡയിലെ ഗൗതംബുദ്ധ് നഗര്‍ സബ്ഡിവിഷനല്‍ മജിസ്ട്രേറ്റായിരുന്നു. യമുനയില്‍നിന്നും ഹിന്‍ഡണില്‍നിന്നും അനധികൃതമായി മണല്‍വാരി കൊള്ളലാഭമെടുക്കുന്ന വന്‍കിട മാഫിയക്കെതിരെ വധഭീഷണി അവഗണിച്ചും ദുര്‍ഗ പോരാടി.
പരിസ്ഥിതി മറന്നുള്ള മണല്‍ വാരലാണ് ഈ മേഖലയില്‍ കാലങ്ങളായി നടക്കുന്നത്. അതുകൊണ്ട് ദുര്‍ഗാശക്തിയുടെ നീക്കങ്ങള്‍ക്ക് മാധ്യമങ്ങളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും നല്ല പിന്തുണ ലഭിച്ചു. മുന്നൂറും നാനൂറും ലോഡ് മണലാണ് പ്രതിദിനം ഈ മേഖലയില്‍നിന്ന് കയറ്റിപ്പോവുന്നത്. ലളിതമായി പറഞ്ഞാല്‍ പ്രതിവര്‍ഷം ശരാശരി 400 കോടി വിലവരുന്ന മണല്‍. അത് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് നിര്‍ദേശിച്ചത്. ദുര്‍ഗാശക്തി അതൊരു അവസരമാക്കിയെടുക്കുകയും ചെയ്തു. രണ്ട് ഡസന്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്നൂറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരവധി പേര്‍ അറസ്റ്റിലായി. രണ്ടുകോടി രൂപ പിഴയിട്ടു. ഇതെല്ലാമായപ്പോള്‍ മണല്‍ മാഫിയയില്‍നിന്ന് വധഭീഷണി ഉണ്ടായി. സര്‍ക്കാറില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായി. ഇതിനിടയില്‍ ഇക്കഴിഞ്ഞ ജൂലൈ 28ന്് ദുര്‍ഗയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
മണല്‍-റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി രാഷ്ട്രീയക്കാര്‍ക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെ സസ്പെന്‍ഷന്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്തുവന്നു. സോഷ്യല്‍ മീഡിയയിലും ദേശീയ ചാനലുകളിലും വലിയ ചര്‍ച്ചയായി. ദല്‍ഹി പൊലീസ് മുന്‍ കമീഷണര്‍ കിരണ്‍ ബേദി, മുന്‍സി.എ.ജി വിനോദ് റായ്, മുന്‍ സി.വി.സി എന്‍. വിത്തല്‍, മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവരൊക്കെ ദുര്‍ഗാശക്തിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കളത്തിലിറങ്ങി. ഈ ഐ.എ.എസ് ഉദ്യോഗസ്ഥയോട് മാന്യമായ പെരുമാറ്റം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു.
മണല്‍മാഫിയക്കെതിരായ ദുര്‍ഗയുടെ പോരാട്ടത്തിനിടയിലെ ഈ സസ്പെന്‍ഷന്‍ പക്ഷേ, മറ്റൊരു സംഭവവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. കാദല്‍പൂര്‍ ഗ്രാമത്തില്‍ പുതുതായി നിര്‍മിക്കുന്ന ഒരു മുസ്ലിം പള്ളിയുടെ ഭിത്തി രായ്ക്കുരാമാനം പൊലീസിനെക്കൊണ്ട് ദുര്‍ഗ പൊളിപ്പിച്ചു. പള്ളി പൊതുഭൂമിയിലാണ് നിര്‍മിച്ചുവന്നത്. സര്‍ക്കാര്‍ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ അനധികൃതമായി ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ പാടില്ളെന്ന് സുപ്രീംകോടതി വിധിയുണ്ട്. അത് കാര്‍ക്കശ്യത്തോടെ നടപ്പാക്കുകയാണ് ദുര്‍ഗ ചെയ്തത്. പള്ളി നിര്‍മാണം മുന്നോട്ടു കൊണ്ടുപോകുന്നതിന് അനുമതി തേടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവസരം കൊടുത്തില്ല.
നിയമവ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സാമൂഹിക സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. സാമുദായിക സംഘര്‍ഷം ഉടലെടുത്താല്‍ ഉത്തരവാദിത്തം പറയേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. പള്ളിയുടെ ഭിത്തി പൊളിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഈ സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി അഖിലേഷ്യാദവും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ്ങും പറയുന്നു. ഉദ്യോഗസ്ഥ സസ്പെന്‍ഷനിലായതോടെ ഒരു സംഘര്‍ഷാവസ്ഥ ഒഴിവായെന്നതും നേര്. അതുകൊണ്ടുതന്നെ കാദല്‍പൂര്‍ ഗ്രാമവാസികള്‍ ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി ന്യായയുക്തമാണെന്ന് വാദിക്കുന്നു.
ഒരു വെടിക്ക് രണ്ടുപക്ഷി എന്ന കണക്കിന് മുലായം സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് അനുമാനിക്കാം. സോഷ്യല്‍ മീഡിയകളിലും ചാനലുകളിലും പ്രതിഷേധം തിളക്കുന്നതു കണ്ടാണ്, സോണിയ ഗാന്ധിയും കോണ്‍ഗ്രസും യു.പി രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിച്ചത്. യു.പിയിലെ വോട്ടുസാഹചര്യങ്ങള്‍ വ്യക്തമായി ബോധ്യമുള്ള സമാജ്വാദി പാര്‍ട്ടി അതു വകവെച്ചതു തന്നെയില്ല. ആദര്‍ശത്തിന്‍െറ ഇരട്ടത്താപ്പില്‍ കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാറും തോറ്റുപോവുകയും ചെയ്തിരിക്കുന്നു. അശോക് ഖേംക നേരിടുന്ന ദുരന്തങ്ങള്‍ അറിയുന്നവര്‍, അഴിമതിക്കെതിരായ യഥാര്‍ഥ പോരാട്ടങ്ങളില്‍ ആവേശം കൊള്ളുന്നവര്‍, കോണ്‍ഗ്രസിന്‍െറ ആദര്‍ശം ഓട്ടക്കലമായി കണ്ടുപോയെന്നിരിക്കും.
ദുര്‍ഗയുടെ അഴിമതിവിരുദ്ധ പോരാട്ടത്തോട് സ്നേഹം വഴിയുന്ന കേന്ദ്ര ഭരണക്കാരെ ഇങ്ങനെ കൂടി വായിക്കണം: 2ജി ക്രമക്കേട് പുറത്തുകൊണ്ടുവന്ന സി.എ.ജി വിനോദ് റായിയെ കൂകി, നീട്ടിത്തുപ്പിയാണ് കസേരയില്‍നിന്ന് ഇറക്കിവിട്ടത്. വഴിവിട്ടു നല്‍കിയ 2ജി ലൈസന്‍സുകള്‍ റദ്ദാക്കി സുപ്രധാന വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ. ഗാംഗുലിക്ക് റിട്ടയര്‍മെന്‍റിനുശേഷം പതിവുള്ള സുഖലാവണങ്ങളൊന്നും കിട്ടിയില്ല; അദ്ദേഹം അതിനു കാത്തുനിന്നതുമില്ല. പാമോയില്‍ അഴിമതിക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിട്ടും പി.ജെ. തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണറായതു മുതല്‍ ബന്ധുക്കളുടെ വഴിവിട്ട സ്വത്തുസമ്പാദന ആരോപണങ്ങള്‍ക്കു നടുവില്‍ നിന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍െറ കസേരയിലേക്ക് ആനയിച്ചതു വരെയുള്ള അനുബന്ധവും കൂടി ഇതിനൊപ്പം വായിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus