വ്രതശുദ്ധി കൈവിടാതെ സൂക്ഷിക്കാന്‍ ആഹ്വാനം

ദുബൈ: ഈദ്ദിനത്തില്‍ അതിരാവിലെ തന്നെ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പുതുവസ്ത്രമണിഞ്ഞ് നന്മയുടെ പ്രകാശംപരത്തി വിശ്വാസികള്‍ ഒഴുകി. 29 ദിവസം നീണ്ട ദൈവിക ഉപാസനയില്‍ കൈവരിച്ച പവിത്രതയും വരും ജീവിതത്തിലും തുടരാനും പ്രാര്‍ഥനയുടെ മാര്‍ഗത്തില്‍ വഴിതെറ്റാതെ മുന്നോട്ടുപോകാനും ഇമാമുമാര്‍ പെരുന്നാള്‍ ഖുതുബയില്‍ ആഹ്വാനം ചെയ്തു. എല്ലാ പള്ളികളൂം നിറഞ്ഞുകവിഞ്ഞു. ഈദ് ഗാഹുകളിലും നല്ല തിരക്കായിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പെരുന്നാള്‍ ദിനത്തില്‍ സബീല്‍ പാലസില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് ഈദാശംസകള്‍ കൈമാറി. അബൂദബി കിരീടാവകാശിയുടെ ബഹുമാനാര്‍ഥം വൈകിട്ട് പ്രത്യേക വിരുന്നും നടത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ സംബന്ധിച്ചു.
രാവിലെ സബീല്‍ മോസ്കിലാണ് ശൈഖ് മുഹമ്മദും മറ്റു വിശിഷ്ട വ്യക്തികളും ഈദ് നമസ്കാരം നിര്‍വഹിച്ചത്. ഇമാം ശൈഖ് ഉമര്‍ അല്‍ ഖത്തീബ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സബീല്‍ പാലസില്‍ ശൈഖ് മുഹമ്മദ് അഭ്യൂദയകാംക്ഷികളെ സ്വീകരിച്ചു. ശൈഖ് മുഹമ്മദിന് ഈദാംശസ നേരാന്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നായി ധാരാളം പേര്‍ എത്തിയിരുന്നു.
മലയാളികള്‍ക്ക് വേണ്ടി മാത്രമായി ദുബൈ മതവകുപ്പ് അല്‍ഖൂസില്‍ ഒരുക്കിയ അല്‍മനാര്‍ ഈദ്ഗാഹില്‍ നടന്ന നമസ്കാരത്തിന് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കി.സമൂഹത്തിന്റെ നന്‍മക്ക് വേണ്ടി പരിശ്രമിക്കാന്‍ പെരുന്നാള്‍ പ്രചോദനമാകണമെന്ന് അദ്ദേഹം ഖുതുബയില്‍ ആഹ്വാനം ചെയ്തു.
വ്യക്തി വിശുദ്ധിയാണ് റമദാനിന്റെ ചൈതന്യം. സകല മേഖലകളിലും നഷ്ട്പെട്ടുകൊണ്ടിരിക്കുന്ന ഈ ആന്തരിക വിശുദ്ധിക്ക് മാത്രമേ മനുഷ്യനെ വിമലീകരിക്കാനാവൂ. സ്വപ്നം കണ്ടുറങ്ങാതെ എഴുന്നേറ്റ് പ്രവര്‍ത്തന വീഥിയിലേക്ക് ഇറങ്ങിയില്ലെങ്കില്‍ ധാര്‍മികതയുടെ തകര്‍ച്ച കണ്ട് നാം ഹ്യദയം പൊട്ടി മരിക്കേണ്ടി വരുമെന്ന് അബ്ദുസ്സലാം മോങ്ങം ഉണര്‍ത്തി. ഷാര്‍ജ, അജ്മാന്‍, അബൂദാബി തുടങ്ങിയ എമിറേറ്റുകളില്‍ നിന്നും ഈദ്ഗാഹിലേക്ക് ആളുകള്‍ എത്തിയിരുന്നു. വിവിധ സംഘടനാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
ദുബൈ ദേര മസ്ജിദ് ധല്‍മൂക്കില്‍ പെരുന്നാള്‍ നമസ്കാരത്തിന് ഇമാം എം.എ.മുഹമ്മദ് മുസ്ലിയാര്‍ ബായാറും അല്‍ ശിന്ദഗയില്‍ നടന്ന ഈദ്ഗാഹിന് ഇമാം കായക്കൊടി ഇബ്രാഹിം മുസ്ലിയാരും നേതൃത്വം നല്‍കി.
ഷാര്‍ജ: യൂ.എ.ഇ സുപ്രീം കൗണ്‍സിലംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമത് അല്‍ ഖാസിമി ഷാര്‍ജയിലെ ബിദിയ ഈദ് ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരത്തില്‍ പങ്കെടുത്തു. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമത് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലിം അല്‍ ഖാസിമി, സിവില്‍ എവിയേഷന്‍ വിഭാഗം ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമത് അല്‍ താനി, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമത് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഷാര്‍ജ മത കാര്യ വകുപ്പ് മലയാളികള്‍ക്കായി ഷാര്‍ജ ഫുട്ബാള്‍ ക്ളബ് മൈതാനത്ത് സംഘടിപ്പിച്ച ഈദ് ഗാഹിന് പ്രമുഖ പണ്ഡിതനും ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖത്തീബുമായ ഹുസൈന്‍ സലഫി നേതൃത്വം നല്‍കി. റമദാന്‍ മാത്രമേ വിട പറയുന്നുള്ളൂവെന്നും നാം നേടിയെടുക്കാന്‍ ശ്രമിച്ച ജീവിത വിശുദ്ധിയോട് വിട പറയരുതെന്നും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു . അച്ചടക്കത്തോടെ, സഹനത്തോടെ, വിവിധ സല്‍കര്‍മങ്ങളിലൂടെ ഒരു മാസക്കാലമായി നാം നിര്‍മിച്ചെടുത്ത 'വിശുദ്ധിയുടെ സൗധം ' നൈമിഷിക വികാരങ്ങള്‍ക്ക് അടിമപ്പെട്ട് തകര്‍ക്കരുത്. അശരണരുടെ ദുഖമകറ്റല്‍ പള്ളിയിലെ ഭജനമിരുപ്പിനെക്കാളും പ്രതിഫലാര്‍ഹമാണെന്ന പ്രവാചക അധ്യാപനം വിസ്മരിക്കരുത്. മനസ്സുകള്‍ അകന്നു ഭിന്നതയിലകപ്പെട്ട മുഴുവനാളുകളും ദൈവിക പാശം മുറുകെ പിടിച്ച് പ്രമാണങ്ങളിലേക്ക് മടങ്ങി ഐക്യത്തിനായ യത്നിക്കേണ്ടതുണ്ടെന്നും ഹുസൈന്‍ സലഫി പറഞ്ഞു.
യു.എ. ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മലയാളികര്‍ കുടുംബ സമേതം ഷാര്‍ജ ഈദ്ഗാഹില്‍ ഒത്തു ചേര്‍ന്നു.
അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്റ് മോസ്കില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ്യാന്‍, ശൈഖ് സൈഫ് ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍, ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍, ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് സഹീദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് സുറൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് ആല്‍നഹ്യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് ദിയാബ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് ഹാമിദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് ഉമര്‍ ബിന്‍ സായിദ് ആല്‍നഹ്യാന്‍, ശൈഖ് ഖാലിദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് ആല്‍നഹ്യാന്‍, ശൈഖ് അഹമ്മദ് ബിന്‍ സൈഫ് ആല്‍നഹ്യാന്‍, സൈനിക ഉദ്യേഗസ്ഥര്‍ എന്നിവരും മറ്റു പ്രമുഖരും നമസ്കാരത്തില്‍ പങ്കെടുത്തു.
നമസ്കാരത്തിനു ശേഷം മുശരിഫ് പാലസില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയ അതിഥികളെ സ്വീകരിച്ചു.
അബൂദബിയുടെ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് മലയാളികള്‍ അടക്കം ആയിരങ്ങള്‍ എത്തിയിരുന്നു.
റാസല്‍ഖൈമയില്‍ sൈഖ് സായിദ് ജുമാ മസ്ജിദിനു സമീപം നടന്ന ഈദ് ഗാഹില്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗതും പങ്കെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പു മേധാവികളും ഉദ്യോഗസ്ഥരും ഇവിടെ സംബന്ധിച്ചു.മലയാളം ഖുതുബ നടക്കുന്ന നഖീല്‍ മസ്ജിദുബിനു അലിഇബിനു അബീതാലിബു മസ്ജിദില്‍ ഈദ് നമസ്കാരത്തിന് മൗലവി കുഞ്ഞുമുഹമമദ്് കോക്കൂര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus