നാടാകെ ഈദാഘോഷം തുടരുന്നു

നാടാകെ ഈദാഘോഷം തുടരുന്നു
പെരുന്നാള്‍ ദിവസത്തില്‍ ദുബൈ ക്രീക്കില്‍ നടന്ന കരിമരുന്ന് പ്രയോഗം

ദുബൈ: ചെറിയ പെരുന്നാളിന്റെ വലിയ ആഹ്ലാദത്തില്‍ നാടെങ്ങും ആഘോഷപ്പൂത്തിരി കത്തി. കൊടുംചൂടില്‍ ദൈവത്തിനു സമര്‍പ്പിച്ച വ്രതത്തിന്റെ വിശുദ്ധിയില്‍ ആബാലവൃദ്ധം ഈദുല്‍ ഫിത്വര്‍ ദിനത്തെ പൊലിമയോടെ വരവേറ്റു. ബുധനാഴ്ച നോമ്പുതുറയുടെ പിന്നാലെ മാസപ്പിറവി വാര്‍ത്ത എത്തിയതുമുതല്‍ ആരംഭിച്ച ആരവം ഇനിയും നിലച്ചിട്ടില്ല.
അതിരാവിലെ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഈദാംശകള്‍ കൈമാറിയ വിശ്വാസികള്‍ പിന്നീട് വീട്ടകങ്ങളിലേക്ക് പിന്‍വാങ്ങി. കുറച്ചുസമയം അവധിയുടെ ആലസ്യത്തിലേക്ക് വീണ തെരുവുകളെല്ലാം ഉച്ചയായതോടെ സജീവമായി. പെരുന്നാള്‍ പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയ നാട്ടിലേക്കും തിരിച്ചുമുള്ള ഫോണ്‍വിളികളും ഇന്റര്‍നെറ്റ് ചാറ്റും 'സ്കൈപ്' സംഭാഷണവും പ്രവഹിക്കുന്നത് തുടരുകയാണ്.യു.എ.ഇയുടെ പലഭാഗത്തുള്ള ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ചേരാനുള്ള യാത്രകളായിരുന്നു പിന്നീട്. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരിടത്ത് ഒന്നിച്ചുകൂടി ഉച്ചഭക്ഷണം തയ്യാറാക്കിയും കഴിച്ചും സൗഹൃദം പുതുക്കിയും അവര്‍ മറ്റൊരു പ്രവാസപെരുന്നാള്‍ കൂടി ആഘോഷിച്ചു. ജാതി മതഭേദമില്ലാതെ സാഹോദര്യവും സൗഹൃദവും ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു പ്രവാസി മലയാളികളുടെ ഈദാഘോഷം. രാജ്യത്തിന്റെ പല ഭാഗത്തും പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ഈദ് സംഗമങ്ങളും കലാപരിപാടികളും അരങ്ങേറി. ഈ കുടുംബസംഗമങ്ങളില്‍ അവര്‍ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങള്‍ പങ്കുവെച്ചു.
വൈകിട്ടോടെ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും ജനമൊഴുകി.
വിവിധ പാര്‍ക്കുകളിലും ബീച്ചിലും പ്രവാസികളടക്കം കുടുംബസമേതം നിറഞ്ഞു. ആകാശത്ത് വര്‍ണം വിതറി ദുബൈ ക്രീക്കില്‍ കരിമരുന്ന്പ്രയോഗം നടന്നു. തെരുവുകളിലും വാഹനങ്ങളിലുമെല്ലാം ജനത്തിരക്കായിരുന്നു.
പൊതു ഗതാഗത സംവിധാനം അധികൃതര്‍ കാര്യക്ഷമമാക്കിയിരുന്നെങ്കിലും എല്ലാ കണക്കൂകൂട്ടലുകളും തെറ്റിക്കും വിധമായിരുന്നു തിരക്ക്.രാത്രി രണ്ടു മണിവരെ സര്‍വീസ് നടത്തിയ ദുബൈ മെട്രോ ട്രെയിനില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ലായിരുന്നു. ബസുകളും കൂടുതല്‍ സര്‍വീസ് നടത്തിയെങ്കിലും അകത്തുകയറാന്‍ ജനം ക്യൂ നിന്നു. ദുബൈയില്‍ മാത്രം എണ്ണായിരത്തോളം ടാക്സികളും നിറുത്താതെ ഓടി. അതുകൊണ്ടുതന്നെ രാത്രി വൈകിയും പ്രധാന പാര്‍ക്കുകളിലും തെരുവുകളിലുമെല്ലാം ജനത്തിരക്കായിരുന്നു. മറ്റു എമിറേറ്റുകളില്‍ നിന്നും ദുബൈയിലെ വര്‍ണാഭമായ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ നിരവധിയായിരുന്നു. കച്ചവടകേന്ദ്രങ്ങളിലെല്ലാം ഈദ് ദിനത്തിലും പിറ്റേന്നും പൂരത്തിനുള്ള ആളായിരുന്നു. എന്നാല്‍ ഈ ആഘോഷത്തിനൊന്നും നില്‍ക്കാതെ ഉറക്കത്തിന്റെ പതിവ് 'ചിട്ട'യില്‍ അഭയം തേടിയവരും ഏറെ.
ഷാര്‍ജയിലെ പ്രധാന ബസ് സ്റ്റേഷനുകളായ അല്‍ ജുബൈല്‍, റോള എന്നിവിടങ്ങളില്‍ നിന്ന് തിരിയാന്‍ ഇടമില്ലായിരുന്നു. വിവിധ എമിറേറ്റുകളിലേക്ക് പോകാന്‍ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ക്ക് മുന്നിലെ വരികള്‍ മീറ്ററുകള്‍ നീണ്ടു. പൊതു വാഹനങ്ങള്‍ക്ക് പുറമേ മറ്റ് വാഹനങ്ങളും ഉള്‍പെടുത്തിയാണ് ബന്ധപെട്ടവര്‍ യാത്ര കേ്ളശം പരിഹരിച്ചത്.
പ്രധാന പട്ടണങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ തലേന്ന് തുടങ്ങിയ തിരക്ക് പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നു. ഭക്ഷണ ശാലകളും തിരക്കില്‍ വീര്‍പ്പുമൂട്ടി. പാര്‍ക്കുകളിലും മറ്റിടങ്ങളിലും സൊറ പറഞ്ഞിരിക്കുന്നവര്‍ പഴയ പെരുന്നാള്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു. പെരുന്നാള്‍ കണക്കിലെടുത്ത് നിരവധി യാചകരാണ് വിവിധ കേന്ദ്രങ്ങളിലുണ്ടായിരുന്നത്. പോലീസ് വാഹനം കാണുമ്പോള്‍ മാറി നിന്ന് ഇവര്‍ നല്ല 'കലക്ഷനു'മായാണ് തിരിച്ചുപോയത്. ചിലരെല്ലാം പൊലീസ് പിടിയിലാവുകയുംചെയ്തു. നാടകുത്തും മുച്ചീട്ടുകളിയും നിരത്തുകളില്‍ കാണപെട്ടു. റോള ബസ് സ്റ്റേഷന്‍ പരിസരത്ത് നാടകുത്തില്‍ ഏര്‍പെട്ട ബംഗ്ളാദേശ് സ്വദേശികളെ പൊലീസ് പിടികൂടി. ചില ഭാഗങ്ങളില്‍ നാടകുത്തുകാരും പണം നഷ്ടപെട്ടവരും തമ്മില്‍ വാക്കു തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തി.
റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ,ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലും ജനം ആഹ്ലാാദപൂര്‍വം ഈദ് ആഘോഷിച്ചു. പള്ളികളിലും ഈദുഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus