ഇശലുകളില്‍ മുങ്ങി അബൂദബി

അബൂദബി: മാപ്പിളപ്പാട്ടും ഒപ്പനയും സംഘഗാനവും എല്ലാം നിറഞ്ഞുനിന്ന സംഗീത മഴയില്‍ മുങ്ങി അബൂദബിയില്‍ മലയാളി സമൂഹം ഈദ് ആഘോഷിച്ചു. ഒത്തുചേരലുകള്‍ക്കൊപ്പം സംഘടിപ്പിച്ച സംഗീത സദസ്സുകളായിരുന്നു ഏറെ ശ്രദ്ധേയം. നാട്ടില്‍ നിന്ന് പെരുന്നാള്‍ പരിപാടികള്‍ക്കായി എത്തിയ പ്രമുഖര്‍ക്കൊപ്പം അബൂദബിയുടെ സ്വന്തം മലയാളി പാട്ടുകാരും സാന്നിധ്യം അറിയിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ കൂട്ടായ്മകള്‍ കൂടുതല്‍ സജീവമാക്കി.
രാവിലെ പെരുന്നാള്‍ നമസ്കാരത്തിന് ശേഷം ആഘോഷങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു മലയാളികള്‍. പരിചയക്കാരെയും ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടിയുള്ള ഒത്തുചേരലുകളും നടന്നു. ഉച്ചക്ക് ശേഷം പലരും ദുബൈയിലെയും ഷാര്‍ജയിലെയും ബന്ധുക്കളെ കാണുന്നതിനും മറ്റും യാത്രയാകുകയും ചെയ്തു. അബൂദബി കോര്‍ണിഷില്‍ പെരുന്നാള്‍ സായാഹ്നം ആഘോഷിക്കാന്‍ നൂറുകണക്കിന് പേരെത്തി.
അല്‍ഐനിലെ മനോഹര ഭൂപ്രകൃതിയിലേക്കും സാദിയത്ത്, യാസ് ഐലന്റുകളിലേക്കും പോയവരും നിരവധിയാണ്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ രണ്ടാം പെരുന്നാളിന് വിനോദയാത്രകളും സംഘടിപ്പിച്ചു.
വ്യാഴാഴ്ച രാത്രി മാപ്പിളപ്പാട്ട് ഗായകന്‍ മൂസ എരഞ്ഞോളിയുടെയും സംഘത്തിന്റെയും ശബ്ദമായിരുന്നു അബൂദബിയില്‍ ആഘോഷമായതെങ്കില്‍ വെള്ളിയാഴ്ച മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പിന്നണി ഗായിക സിതാര, ഗായകരായ നജീം അര്‍ഷാദ്, ഒ.യു.ബഷീര്‍, സീന രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നാണ് മലയാളി ആകര്‍ഷിച്ചത്.
യുവ അബൂദബിയുടെയും ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അബൂദബി നാഷനല്‍ തിയറ്ററില്‍ നടന്ന രണ്ട് പരിപാടികള്‍ക്കും ആയിരക്കണക്കിന് പേരാണ് എത്തിയത്. വിരഹത്തിന്റെയും സന്തോഷത്തിന്റെയും പാട്ടുകളിലൂടെ ഗായകര്‍ ജനത്തെ കൈയിലെടുത്തു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിവസം 'ഈദ് സംഗമം' സംഘടിപ്പിച്ചു. സെന്റര്‍ കള്‍ച്ചര്‍ വിഭാഗവും ബാലവേദിയും സംയുക്തമായി മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. സെന്റര്‍ ആക്ടിങ് പ്രസിഡന്റ് മൊയ്തുഹാജി കുന്നപള്ളി അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് ഹുദവി ഈദ് സന്ദേശം നല്‍കി. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അബ്ബാസ് മൗലവി, സുന്നി സെന്റര്‍ പ്രസിഡന്റ് പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ പൊവ്വല്‍ സ്വാഗതവും അബ്ദുറഹ്മാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
ഐ.സി.സിയും യൂത്ത് ഇന്ത്യയും 'ഈദിയ്യ 2013, എന്ന പേരില്‍ സംഘടിപ്പിച്ച പെരുന്നാള്‍ ആഘോഷത്തില്‍ യുവ ഗായകരുടെ ഗാനങ്ങള്‍ ഏറെ ആകര്‍ഷകമായി. ഐ.സി.സി ആക്ടിങ് പ്രസിഡന്റ് എം.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ ഏരിയ പ്രസിഡന്റ് അബ്ദുന്നാസര്‍ മങ്കട ഈദ് സന്ദേശം നല്‍കി. ഹാഫിസ് ഉമര്‍ മുഖ്താര്‍ ഖിറാഅത്ത് നടത്തി. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് റിയാസ് കൂറ്റമ്പാറ സ്വാഗതം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus