ഇസ്ലാമിക ലോകത്തെ ദുരിതങ്ങളെ ഓര്‍മിപ്പിച്ച് ഖതീബുമാര്‍

ഇസ്ലാമിക ലോകത്തെ ദുരിതങ്ങളെ ഓര്‍മിപ്പിച്ച് ഖതീബുമാര്‍
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അല്‍ വജ്ബ പ്രാര്‍ഥനാ മൈതാനത്ത് നമസ്കാരത്തിനെത്തിയപ്പോള്‍

ദോഹ: ഈദ് ദിന ആഘോഷങ്ങള്‍ക്കിടയില്‍ ഇസ്ലാമിക ലോകത്ത് ദുരിതമുനുഭവിക്കുന്ന ജനങ്ങളെ മറക്കരുതെന്ന് രാജ്യത്ത് പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇമാമുമാര്‍ ആഹ്വാനം ചെയ്തു.
റമദാന്‍ മാസത്തില്‍ നേടിയ പരിശീലനം ഇനിയാണ് പ്രായോഗിക ജിവിതത്തില്‍ കണ്ടുതുടങ്ങേണ്ടതെന്ന് ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ജുമുഅ പ്രഭാഷണം നടത്തിയ ശൈഖ് അബ്ദുല്ല ഇബ്രാഹിം അല്‍ സാദ പറഞ്ഞു. സിറിയയിലും മറ്റു മുസ്ലിം നാടുകളിലും ദുരിതംപേറി ജീവിക്കുന്ന സ്ത്രീകളേയും കുട്ടികളേയും ഈ സമയത്ത് ഓര്‍ക്കണം. പ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിച്ച് സാധാരണ ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.
ഫലസ്തീന്‍ പ്രശ്നം, ഗസയിലെ തടവുകാര്‍, സിറിയ, മ്യാന്‍മര്‍ എന്നിവിടങ്ങിലെ പീഡിതരായ മുസ്ലിം സഹോദരങ്ങള്‍ എന്നിവരെ ഓര്‍ക്കാതെ പെരുന്നാള്‍ ആഘോഷിക്കാനാവില്ലെന്ന് ഫരീക് കുലൈബിലെ സയ്യിദ ആയിഷ ബിന്‍ത് അബൂബക്കര്‍ മസ്ജിദില്‍ പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്യുദ്ധീന്‍ ഖുറദാഗി പറഞ്ഞു. നോമ്പ് നോറ്റും നമസ്കരിച്ചും ഇസ്ലാമിക ലോകം നടത്തിയ പ്രാര്‍ത്ഥനകള്‍ വഴി പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പീഡിത സമൂഹങ്ങളെ അല്ലാഹു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിറിയന്‍ ജനതയെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയെന്നത് മുസ്ലിം ലോകത്തിന്റെ ഒന്നാമത്തെ കടമയാണ്. മ്യാന്‍മറിലെ പീഡിത മുസ്ലിം ന്യൂനപക്ഷത്തെയും പെരുന്നാളിന് നാം ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സിറിയന്‍ ജനതയോടുള്ള കടമകള്‍ നിര്‍വഹിക്കാന്‍ ഹിലാലിലെ അലി ബിന്‍ അലി ഈദ് ഗാഹില്‍ ഖുതുബ നടത്തിയ ശൈഖ് മുസ്തഫ മുഹമ്മദ് അല്‍ സൈറഫി ഓര്‍മപ്പെടുത്തി. യുവതയാണ് ഇസ്ലാമിന്റെ ശക്തിയെന്നും ഇസ്ലാം യുവാക്കളെ ഏറെ പ്രധാന്യതോടെ കണ്ടിട്ടുണ്ടെന്നും യുവാക്കള്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ച കാലത്തൊക്കെ ഇസ്ലാമിന് വിജയമുണ്ടായിട്ടുണ്ടെന്നും ശൈഖ് മുവാഫി മുഹമ്മദ് അസ്ബ് പെരുന്നാള്‍ ഖുതുബയില്‍ പറഞ്ഞു. റമദാനും പെരുന്നാളുമൊക്കെ അനുഗ്രഹങ്ങളാണെന്നും നാം ആസ്വദിക്കുന്ന ധാരാളം അനുഗ്രഹങ്ങള്‍ക്കും നമ്മള്‍ നന്ദി ചെയ്യണമെന്നും അസ്ഗുവ ഈദ് ഗാഹില്‍ ഖുതുബ നടത്തിയ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ ജാബിര്‍ പറഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങളില്‍ മിതത്വം പുലര്‍ത്തണമെന്നും ശാമിലെയും ഈജിപ്തിലെയും മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഓര്‍ക്കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഇമാം മുഹമദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ഖത്തര്‍ ഔഖാഫ് മന്ത്രി ഡോ. ഗൈസ് അല്‍ കുവാരി, ഇറാഖ് വൈസ് പ്രസിഡന്റ് താരിക് അല്‍ ഹാഷ്മി, പൗരപ്രമുഖര്‍, സ്വദേശികള്‍, വിദേശികള്‍, അയല്‍നാടുകളില്‍ നിന്നെത്തിയ സന്ദര്‍ശകര്‍ എന്നിങ്ങനെ ആയിരങ്ങള്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus