12:30:26
30 Aug 2015
Sunday
Facebook
Google Plus
Twitter
Rssfeed

ഈജിപ്ഷ്യന്‍ മീഡിയ: നുണകളുടെ മഹോത്സവം

ഈജിപ്ഷ്യന്‍ മീഡിയ: നുണകളുടെ മഹോത്സവം

പ്രസിഡന്‍റ് മുര്‍സിക്കുവേണ്ടി സമാധാനപരമായി ധര്‍ണ നടത്തുന്നവര്‍ക്കെതിരെ സുരക്ഷാ സേനയും ഗുണ്ടാസംഘവും ഭീകര നരമേധം നടത്തിയ ‘കറുത്ത ദിന’ത്തെ ഈജിപ്ഷ്യന്‍ ചാനലുകള്‍ അപ്പാടെ തമസ്കരിക്കുകയായിരുന്നു.
പ്രതിപക്ഷ ചാനലുകള്‍ അടച്ചുപൂട്ടിയതില്‍പിന്നെ അവശേഷിച്ച ചാനലുകളൊക്കെ ഒരക്ഷരം ഇതിനെതിരെ ഉരിയാടുകയുണ്ടായില്ല. അതേസമയം, പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ആഹ്വാനപ്രകാരം തലേന്നാള്‍ നടന്ന പ്രകടനമാകട്ടെ റമദാന്‍ പരിപാടികളൊക്കെ നിര്‍ത്തിവെച്ചാണ് സംപ്രേഷണം ചെയ്തത്. എല്ലാ ചാനലുകളും ‘തീവ്രവാദത്തിനും ഭീകരതക്കുമെതിരെയുള്ള യുദ്ധ’ത്തിനായി മുഴുസമയവും നീക്കിവെക്കുകയായിരുന്നു. അട്ടിമറിക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തലായിരുന്നു ഇതിന്‍െറ പിന്നിലെ ലക്ഷ്യം എന്ന് വ്യക്തം. ‘റാബിഅതുല്‍ അദവിയ്യ’ കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് സൈന്യത്തിനുവേണ്ടിയുള്ള ഈ വിടുവേല നടക്കുന്നത്. ജനാധിപത്യ വാദികളും സെക്കുലറിസ്റ്റുകളും ലിബറലുകളും എന്ന് അവകാശപ്പെടുന്ന കക്ഷികളില്‍ മിക്കതും ഈ ജുഗുപ്സമായ നടപടികളില്‍ പങ്കാളികളാവുകയുണ്ടായി.
70 പേരുടെ മരണത്തിനും നാലായിരം ആളുകള്‍ക്ക് പരിക്കേല്‍ക്കാനുമിടയായ സൈന്യത്തിന്‍െറ നരനായാട്ട് ഈജിപ്ഷ്യന്‍ ചാനലുകള്‍ക്ക് വാര്‍ത്തയേ ആയില്ല. അട്ടിമറിയെ അനുകൂലിച്ചവരെ ലക്ഷ്യം വെച്ച് നടന്നതായി അവകാശപ്പെടുന്ന സംഭവങ്ങളുടെ ക്ളിപ്പിങ്ങുകള്‍ക്ക് സംപ്രേഷണത്തില്‍ സമൃദ്ധമായി ഇടം ലഭിക്കുകയും ചെയ്തു. ഈ വീഡിയോ ക്ളിപ്പിങ്ങുകള്‍ മിക്കതും കൃത്രിമ സൃഷ്ടികളാണെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. നിയമാനുസൃത വ്യവസ്ഥയുടെ പുന$സ്ഥാപനം ആവശ്യപ്പെടുന്നവരുടെ പൈശാചികവത്കരണമായിരുന്നു പ്രസ്തുത വീഡിയോ ചിത്രങ്ങളുടെ ഗൂഢോദ്ദേശ്യം.
പെരുംനുണകളുടെ ഒരു മഹോത്സവത്തിന് മുന്നിലാണ് യഥാര്‍ഥത്തില്‍ നമ്മളിപ്പോള്‍. ഈജിപ്ഷ്യന്‍ മീഡിയയുടെ ധാര്‍മിക പതനത്തെയും അവിടെ മീഡിയയെ നിയന്ത്രിക്കുന്ന സമഗ്രാധിപത്യ പ്രവണതയെയുമാണ് ഇത് അനാവരണം ചെയ്യുന്നത്. സുരക്ഷാ സൈനിക വിഭാഗത്തിന്‍െറ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഈജിപ്തില്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം. സൈന്യം ഊഹാപോഹങ്ങള്‍ സൃഷ്ടിച്ച് അവ പ്രചരിപ്പിക്കാന്‍ വാര്‍ത്താ മാധ്യമങ്ങളെ ഏല്‍പിക്കുകയാണ്. ഇതിനിടയില്‍ രസകരമായ പല സംപ്രേഷണങ്ങളും സംഭവിച്ചുപോകുന്നുണ്ട്.
വന്‍കിട ബിസിനസുകാരനായ നജീബ് സാവിര്‍സിന്‍െറ സ്വകാര്യ ചാനല്‍ ഒരു പ്രകടനം തത്സമയ സംപ്രേഷണം നടത്തുകയുണ്ടായി. അവതാരകനും അതിഥിയും നല്ല ആവേശത്തിലായിരുന്നു. സുസംഘടിതവും അച്ചടക്കപൂര്‍ണവുമായ ആ ജനാവലിയുടെ ദൃശ്യം ഇരുവരുടെയും കണ്‍കുളിര്‍പ്പിച്ചു. അതിനിടെയാണ് ആ പ്രകടനം മുര്‍സി അനുകൂലികളുടേതാണെന്ന വാചകം കണ്‍ട്രോള്‍ റൂമില്‍നിന്ന് ആരോ വിളിച്ചുപറഞ്ഞത് അറിയാതെ പ്രേക്ഷകരുടെ ചെവിയിലത്തെിയത്.
നുണകളുടെ മഹോത്സവം മീഡിയയില്‍ മാത്രം പരിമിതമല്ല. അട്ടിമറി, ഭരണകൂടത്തിന്‍െറയും അതിന്‍െറ പിന്നാമ്പുറ ശക്തികളുടെയും ആസൂത്രിത രീതിയുടെ ഒരുഭാഗം തന്നെയാണ്. ആഭ്യന്തരമന്ത്രി സ്വന്തം ശിങ്കിടികളായ ഒരുകൂട്ടം പത്രപ്രവര്‍ത്തകരോട് റാബിഅതുല്‍ അദവിയ്യ കൂട്ടക്കുരുതിയെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി.
അത്യന്തം പരിഹാസ്യമായ ഭാഷ്യമാണ് മന്ത്രി സംഭവത്തിന് നല്‍കാന്‍ ശ്രമിച്ചത്. പൊലീസ് ധര്‍ണ നടത്തിയവര്‍ക്കെതിരെ വെടിവെച്ചതായ സംഭവം ആഭ്യന്തരമന്ത്രി അപ്പാടെ നിഷേധിക്കുകയുണ്ടായി. ധര്‍ണ നടത്തുന്നവരും നാട്ടുകാരും തമ്മില്‍ വെടിവെപ്പ് നടന്നപ്പോള്‍ സംഘട്ടനം ഒഴിവാക്കാന്‍ പൊലീസ് ഇടപെടുകയാണത്രെ ഉണ്ടായത്. അപ്പോള്‍ റാബിഅതുല്‍ അദവിയ്യയിലെയും അന്നഹ്ദയിലെയും ധര്‍ണകള്‍ ബലപ്രയോഗത്തിലൂടെ അടിയന്തരമായി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില പത്രപ്രതിനിധികള്‍ മന്ത്രിയേക്കാള്‍ അമിതാവേശഭരിതരാവുകയുണ്ടായി. അതിന് താമസമുണ്ടാകില്ളെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. മറ്റൊരു പുതിയ കൂട്ടക്കൊലകൂടി അരങ്ങേറാന്‍ പോകുന്നുവെന്നര്‍ഥം!
ആഭ്യന്തര മന്ത്രാലയവും മാധ്യമങ്ങളും ധര്‍ണക്കെതിരെയുള്ള ഹിംസയെ ന്യായീകരിക്കാന്‍ ഉന്നയിക്കുന്ന മറ്റൊരു കള്ള പ്രചാരണമാണ് ധര്‍ണമൂലം പരിസരവാസികള്‍ പൊറുതിമുട്ടിയിരിക്കയാണെന്നും അവരുടെ ഭാഗത്തുനിന്ന് ധാരാളം പരാതികള്‍ കിട്ടിയിട്ടുണ്ടെന്നുമുള്ളത്. ഈ കള്ളക്കഥകള്‍ മെനഞ്ഞെടുക്കുന്നത് നാണംകെട്ട രീതിയിലാണ്.
ഖനാ ഗവര്‍ണറേറ്റിലെ ചില ടാക്സി ഡ്രൈവര്‍മാര്‍ ഈ വ്യാജ പ്രചാരണത്തിന്‍െറ കള്ളി പൊളിച്ചിട്ടുണ്ട്. തങ്ങളുടെ ടാക്സി വണ്ടികള്‍ നിര്‍ത്തി ട്രാഫിക് പൊലീസ് മുന്‍കൂട്ടി തയാറാക്കിയ പരാതിയില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് അവര്‍ വെളിപ്പെടുത്തുകയുണ്ടായി.
ക്ളോക് മൈതാനിയിലെ ധര്‍ണ തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയില്‍ ഒപ്പുവെക്കാനാണ് ട്രാഫിക് പൊലീസ് അവരോട് ആവശ്യപ്പെടുന്നത്. വിസമ്മതിച്ചാല്‍ ലൈസന്‍സ് പിന്‍വലിക്കുമെന്നാണ് ഭീഷണി. ഇതേ ആവശ്യം പറഞ്ഞ് മറ്റൊരു വിഭാഗം പൊലീസുകാര്‍ പരിസരത്തെ താമസക്കാരില്‍നിന്ന് ഒപ്പുശേഖരിക്കാന്‍ ശ്രമിച്ചുവരുകയാണ്. ഇങ്ങനെ ബലാല്‍ക്കാരം ഒപ്പിടുവിച്ച് ശേഖരിക്കുന്ന പരാതികള്‍ പ്രോസിക്യൂഷന് നല്‍കി ധര്‍ണ നടത്തുന്ന പ്രക്ഷോഭകാരികളെ കടന്നാക്രമിക്കാനാണ് പരിപാടി.
പട്ടാള അട്ടിമറിക്ക് ജനകീയാവരണം നല്‍കാന്‍ ജൂണ്‍ 30ന് നടന്ന 33 മില്യന്‍ ആളുകളുടെ പ്രകടനത്തിന്‍െറ കള്ളി പൊളിഞ്ഞശേഷവും കണക്കുകളുടെ കളി അവസാനിച്ചിട്ടില്ല. ചിത്രങ്ങളും വസ്തുതകളും നിരത്തി ചില സ്ഥാപനങ്ങളും പഠനകേന്ദ്രങ്ങളും ‘33 മില്യന്‍’ ഏതാനും ലക്ഷങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചുകഴിഞ്ഞതാണ്. ജൂലൈ 26ന് നടന്ന സീസി അനുകൂല പ്രകടനത്തെക്കുറിച്ച റിപ്പോര്‍ട്ടിലും ഇതേ കള്ളം ആവര്‍ത്തിക്കുകയുണ്ടായി.
പ്രകടനം 40 മില്യന്‍ കവച്ചുവെച്ചു എന്നായിരുന്നു മീഡിയാ പ്രചാരണം. എന്നാല്‍, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ ഏതാനും ലക്ഷങ്ങള്‍ മാത്രമായിരുന്നു പ്രകടനക്കാരുടെ എണ്ണം. പട്ടാളഭരണകൂടവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ഒരു മാസം പിന്നിട്ടിട്ടും ഇച്ഛാശക്തി തളരാതെ പ്രതിഷേധ ധര്‍ണ നടത്തിക്കൊണ്ടിരിക്കുന്ന മുര്‍സി അനുകൂലികള്‍ അതേദിവസം നടത്തിയ കൂറ്റന്‍ പ്രകടനത്തെ അവഗണിക്കുകയും തമസ്കരിക്കുകയുമാണുണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ മുര്‍സി അനുകൂലികള്‍ പ്രതിഷേധം അവസാനിപ്പിച്ച് യാഥാര്‍ഥ്യം അംഗീകരിച്ചുകൊള്ളും എന്ന കണക്കുകൂട്ടലിലായിരുന്നു സീസിയും പ്രഭൃതികളും. അതിനുശേഷം വിമോചക നേതാവായി കിരീടധാരണം നടത്താമെന്നായിരുന്നു സീസി കരുതിയിരുന്നത്.
സീസിയെ നാസിറിനോട് സാദൃശ്യപ്പെടുത്തിയുള്ള പ്രചാരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തെരുവുതോറും സീസിയുടെ പടങ്ങളാല്‍ നിര്‍ഭരമാണ്. ‘സിംഹഹൃദയന്‍’ എന്ന വിശേഷണത്തോടെ വീരനായകന്‍െറ പരിവേഷത്തിലാണ് സീസി പടങ്ങളുടെ വിഹാരം. അതേസമയം, മുര്‍സി പ്രസിഡന്‍റായിരുന്നപ്പോള്‍ മന്ത്രാലയങ്ങളില്‍പോലും അദ്ദേഹത്തിന്‍െറ പടങ്ങള്‍ തൂക്കിയിട്ടിരുന്നില്ല.
പട്ടാളം താഴെയിറക്കിയപ്പോഴാണ് അദ്ദേഹത്തിന്‍െറ പടങ്ങള്‍ ഈജിപ്തിലെങ്ങും വ്യാപകമാകുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് അതില്‍ വലിയ സൂചനകളുണ്ട്.
ഭരണഘടനാധിഷ്ഠിത വാഴ്ച പുന$സ്ഥാപിക്കാന്‍ രംഗത്തിറങ്ങിയവര്‍ മുഴുവന്‍ ബ്രദര്‍ഹുഡ്കാരല്ളെന്ന വസ്തുതയും ശ്രദ്ധേയമാണ്. സാല്‍വേഷന്‍ ഫ്രന്‍ഡും ‘തമര്‍റുദ്’ പ്രസ്ഥാനവും പഴയ ഭരണകൂടാവശിഷ്ടങ്ങളും പൊലീസും സൈന്യവും ഗുണ്ടാസംഘവും രഹസ്യാന്വേഷണ വകുപ്പും മീഡിയയുമെല്ലാം സീസിക്കുപിന്നില്‍ ഒത്തൊരുമിച്ചിട്ടും പട്ടാളഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്‍െറ കരുത്തിനെ തളര്‍ത്താനായിട്ടില്ല.
കൂട്ടക്കുരുതിയിലൂടെ ഈജിപ്തില്‍ സീസി പ്രഭൃതികള്‍ ചെയ്ത മഹാപാതകം ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും. (അല്‍-റായ, ഖത്തര്‍)

(ജോര്‍ഡനിയന്‍ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus