12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

ഇന്ത്യപാക് ബന്ധങ്ങളില്‍ വീണ്ടും വിള്ളലുകള്‍

ഇന്ത്യപാക് ബന്ധങ്ങളില്‍ വീണ്ടും വിള്ളലുകള്‍

ആറര പതിറ്റാണ്ടായി ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കാനും ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനും എപ്പോഴൊക്കെ ശ്രമങ്ങള്‍ നടന്നുവോ അപ്പോഴൊക്കെ അത് അട്ടിമറിക്കാനും പരസ്പരവൈരം ആളിപ്പടര്‍ത്താനും ആസൂത്രിത നീക്കങ്ങളുണ്ടായിട്ടുണ്ട് എന്ന തിക്തസത്യത്തിന് അടിവരയിടുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങള്‍. അയല്‍രാജ്യത്ത് അതിന്‍െറ ചരിത്രത്തിലാദ്യമായി എന്നുപറയാം ഒരു സിവിലിയന്‍ ഭരണകൂടം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ മറ്റൊരു സര്‍ക്കാര്‍ അധികാരത്തിലേറാന്‍ അവസരമുണ്ടായത് ശുഭോദര്‍ക്കമായാണ് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തിയത്. മിതവാദിയും സമാധാനപ്രിയനുമായ നവാസ് ശരീഫ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പും പിമ്പും ഇന്ത്യയുമായി സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണവും ക്രിയാത്മകമായിരുന്നു. അങ്ങനെയാണ് ഈ മാസാവസാനം ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ പുനരാരംഭിക്കാനും അടുത്തമാസം യു.എന്‍ ജനറല്‍ അസംബ്ളിയുടെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ന്യൂയോര്‍ക്കിലത്തെുന്ന ഇന്ത്യപാക് പ്രധാനമന്ത്രിമാര്‍ നേരില്‍ കാണാനും ധാരണയായത്. അപ്പോഴേക്കുമതാ ജമ്മുകശ്മീരിലെ പൂഞ്ചില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിക്കുകയും പാര്‍ലമെന്‍റിനെ പിടിച്ചുകുലുക്കുകയും ചെയ്യുകയായി. പാകിസ്താന് ചുട്ടമറുപടി നല്‍കണമെന്നും നിര്‍ദിഷ്ട സംഭാഷണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളെയും സ്തംഭിപ്പിച്ചു. പാക് സൈനികരുടെ വേഷം ധരിച്ച ഭീകരരാണ് നമ്മുടെ ജവാന്മാരുടെ നേരെ വെടിയുണ്ടകള്‍ ഉതിര്‍ത്തതെന്ന പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുകയാണുണ്ടായത്. രണ്ടുദിവസത്തെ സഭാ സ്തംഭനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ആന്‍റണി പാര്‍ലമെന്‍റില്‍ നടത്തിയ തിരുത്തല്‍ പ്രസ്താവനയില്‍, ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്‍െറ പിന്നില്‍ പാക് സൈന്യത്തിന്‍െറ പങ്കാളിത്തമുണ്ടെന്നാണ് കരസൈന്യാധിപന്‍ ജനറല്‍ ബിക്രം സിങ്ങിന്‍െറ റിപ്പോര്‍ട്ടിലുള്ളതെന്ന് വിശദീകരിച്ചതോടെ ഒച്ചപ്പാടിന് പരിഹാരമായി. ഇത്തരം പ്രകോപനങ്ങള്‍ പാകിസ്താനുമായുള്ള ബന്ധത്തെയും നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പ്രതികരണത്തെയും ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകകൂടി ചെയ്തപ്പോഴാണ് ബി.ജെ.പി ബെഞ്ചുകള്‍ക്ക് സന്തോഷമായത്. ഇത്തരമൊരു ആക്രമണം നടന്നതായി തങ്ങള്‍ക്ക് ഒരറിവും ഇല്ളെന്ന് ആദ്യം പ്രതികരിച്ച പാകിസ്താനില്‍, തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രധാന പ്രതിയോഗികളായ ബി.ജെ.പിയേക്കാള്‍ ദേശസ്നേഹികള്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് കളിച്ച നാടകമായാണ് ചിലര്‍ സംഭവത്തെ വിലയിരുത്തിയത്. വേറെ ചിലര്‍ 2014ല്‍ നാറ്റോ സൈന്യം അഫ്ഗാനിസ്താന്‍ വിടുന്നതോടെ സംജാതമാവുന്ന സ്ഥിതിവിശേഷത്തില്‍നിന്ന് മുതലെടുക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്‍െറ ഭാഗമായി ഈ പ്രചാരണത്തെ കണ്ടു. എന്നാല്‍, അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിലും അത് ഇന്ത്യപാക് ബന്ധത്തില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതിലും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഖേദം പ്രകടിപ്പിച്ചതില്‍നിന്ന് നടേ പറഞ്ഞ വ്യാഖ്യാനങ്ങളൊന്നും പാകിസ്താന്‍െറ ഒൗദ്യോഗിക പ്രതികരണമല്ല എന്ന് മനസ്സിലാക്കാം.
അതേസമയം, സിവിലിയന്‍ സര്‍ക്കാറിനെ നിയന്ത്രിക്കാനും സ്വന്തം സ്വാധീനത്തില്‍ തളച്ചിടാനും എന്നും താല്‍പര്യമെടുത്തിട്ടുള്ള പാക് പട്ടാളം, നവാസ് ശരീഫിന്‍െറ സമാധാന നീക്കങ്ങളെ അട്ടിമറിക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് പൂഞ്ചിലെ ആക്രമണം എന്ന കാഴ്ചപ്പാടാണ് അതിര്‍ത്തിക്കപ്പുറത്ത് പ്രബലമായിട്ടുള്ളത്. വിശിഷ്യാ അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫിനെ നോക്കുകുത്തിയാക്കി കാര്‍ഗില്‍ ആക്രമണത്തിന് ചുക്കാന്‍പിടിച്ച മുന്‍ കരസേനാ മേധാവി പര്‍വേസ് മുശര്‍റഫിനോട് കൂറുള്ളവര്‍ ഇപ്പോഴും പാക് സൈന്യത്തില്‍ ഉണ്ടെന്നിരിക്കെ ഇത്തരമൊരു സാധ്യത നിരാകരിക്കാനാവില്ല. നവാസ് ശരീഫിന്‍െറ ഖേദപ്രകടനവും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍.
പട്ടാളത്തെയും ഐ.എസ്.ഐയെയും നിലക്കുനിര്‍ത്താന്‍ പാകിസ്താന്‍ സര്‍ക്കാറിന് പൂര്‍ണമായി കഴിയാത്തേടത്തോളം കാലം ആ രാജ്യവുമായുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള നീക്കങ്ങള്‍ വിജയിച്ചുകൊള്ളണമെന്നില്ല. പുറമെ, ഇന്ത്യയുടെയും പാകിസ്താന്‍െറയും മേല്‍ ഒരുപോലെ സ്വാധീനമുറപ്പിച്ച അമേരിക്ക എന്താഗ്രഹിക്കുന്നുവെന്നതും പ്രധാനമാണ്. ആയുധനിര്‍മാണ കമ്പനികളുടെ ചൊല്‍പടിയിലായ അമേരിക്ക ഈ മേഖലയില്‍ സംഘര്‍ഷമുക്തമായ അന്തരീക്ഷമല്ല ആഗ്രഹിക്കുന്നതെങ്കില്‍ സമാധാന സ്ഥാപന ശ്രമങ്ങള്‍ ലക്ഷ്യം കാണുക എളുപ്പമല്ല. ഇനി ഏതായാലും 2014ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ പാകിസ്താനോടുള്ള നമ്മുടെ ബന്ധങ്ങളില്‍ കാര്യമായ മഞ്ഞുരുക്കം പ്രതീക്ഷിക്കേണ്ടതുള്ളൂ. യു.പി.എ സര്‍ക്കാറിന്‍െറ സമാധാന ശ്രമങ്ങളെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനും പാകിസ്താനോടുള്ള വിരോധം ആളിക്കത്തിച്ച് ദേശഭക്തിയുടെ പാരമ്യത തെളിയിക്കാനുമായിരിക്കും പാര്‍ട്ടിയുടെമേല്‍ ആര്‍.എസ്.എസിന്‍െറ പിടി മുമ്പെന്നത്തേക്കാളും മുറുകിയ ഈ ഘട്ടത്തില്‍ ബി.ജെ.പി ശ്രമിക്കുക. അതിനെ നേരിടാന്‍ കൂടുതല്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുകയേ ഗതിയുള്ളൂവെന്ന് കോണ്‍ഗ്രസും ചിന്തിക്കും. ഇപ്പോള്‍തന്നെ അതിന്‍െറ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഇരുരാജ്യങ്ങളും ആണവശക്തിയായി കഴിഞ്ഞിരിക്കെ ഒരു സമ്പൂര്‍ണ യുദ്ധത്തിനിനി സാധ്യത കുറവാണെന്ന ആശ്വാസമേ ഇപ്പോള്‍ വെച്ചുപുലര്‍ത്തേണ്ടതുള്ളൂ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus